ADVERTISEMENT

കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും പടരുമെന്ന് കണ്ടെത്തി. രോഗം ബാധിച്ച ഉടമയിൽ നിന്ന് പൂച്ചയ്ക്ക് കൊറോണവൈറസ് ബാധിച്ചതായി ബെൽജിയത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലിജിയിലെ രോഗിയായ വളർത്തുമൃഗത്തിന് കോവിഡ്-19 ന്റെ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് പോസിറ്റീവ് ആണെന്ന് ടെസ്റ്റ് ചെയ്ത് കണ്ടെത്തിയത്.

 

ശ്വസിക്കാൻ ബുദ്ധിമുട്ട് ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പൂച്ചയിൽ കണ്ടിരുന്നു. ഉടമയ്ക്ക് രോഗം ബാധിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പൂച്ചയ്ക്കും രോഗം പിടിപ്പെട്ടത്. പൂച്ചയ്ക്ക് ഇത് ആദ്യമായാണ് കോവിഡ്–19 കണ്ടെത്തുന്നത്. ഹോങ്കോങ്ങിലെ രണ്ട് നായ്ക്കൾക്ക് നേരത്തെ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.

 

പൂച്ചയ്ക്ക് വയറിളക്കവും ഛർദ്ദിയും ശ്വാസതടസ്സവും ഉണ്ടായിരുന്നു. ഗവേഷകർ പൂച്ചയുടെ മലം പരിശോധിച്ചാണ് വൈറസ് കണ്ടെത്തിയതെന്ന് പ്രൊഫസർ സ്റ്റീവൻ വാൻ ഗുച്ച് പറഞ്ഞു. എന്നാൽ, പൂച്ചയുടെയോ ഉടമയുടെയോ നിലവിലെ അവസ്ഥയെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്ന് ബ്രസ്സൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

 

അതേസമയം, ഒരു നായയ്‌ക്കോ പൂച്ചയ്‌ക്കോ ഏതെങ്കിലും വളർത്തുമൃഗത്തിനോ കോവിഡ്-19 മനുഷ്യർക്ക് പകരാൻ കഴിയുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന തറപ്പിച്ചുപറയുന്നുണ്ട്. ഇതൊരു ഒറ്റപ്പെട്ട കേസാണെന്നാണ് ഗവേഷകർ പറഞ്ഞത്. അതേസമയം, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയും വളരെ ചെറുതാണ്.

 

വളർത്തു മൃഗങ്ങളിൽ നിന്ന് യാതൊരു ഭീഷണിയും ഇല്ലെന്ന് ബെൽജിയത്തിന്റെ നാഷണൽ കൗൺസിൽ ഫോർ അനിമൽ പ്രൊട്ടക്ഷൻ (സിഎൻ‌പി‌എ) പറഞ്ഞു. ബെൽജിയത്തിൽ 7,284 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്, 300 ഓളം പേർ മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com