ADVERTISEMENT

കോവിഡ്-19 അതിവേഗം പടരുകയാണ്. രോഗം തങ്ങള്‍ക്കു പകര്‍ന്നു കിട്ടാതിരിക്കാനുള്ള പ്രതിരോധം ചമയ്ക്കാനുള്ള ശ്രമത്തിലാണ് ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും. ഇന്നു നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന് മാസ്‌കുകളുടെയും മറ്റും ദൗര്‍ലഭ്യമാണ്. ചില സർക്കാരുകള്‍ മാസ്‌കുകള്‍ നേരിട്ട് ഏറ്റെടുക്കുക പോലും ചെയ്യുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം പൊതുജനത്തിന് നല്‍കുകയാണ് അവര്‍ ചെയ്യുന്നത്.

 

പൊതുജനങ്ങള്‍ പലരും വീടുകളില്‍ തന്നെ ലോക്ഡൗണ്‍ സമയത്ത് കഴിഞ്ഞുകൂടാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, ചിലര്‍ക്കൊക്കെ വീട്ടിലേക്കു വേണ്ട സാധനങ്ങള്‍ വാങ്ങാനും മരുന്ന് വാങ്ങാനുമൊക്കെ പുറത്തുപോകാതിരിക്കാനും വയ്യ. ഈ സമയത്ത് മലീമസമായ വായു ശ്വസിക്കേണ്ടിവന്നേക്കാം. ഇതിനെതിരെ മാസ്‌കുകള്‍ ഉപയോഗിക്കുന്നു. പല മാസ്‌കുകളും നിരവധി തവണ ഉപയോഗിക്കാനാവില്ല. ഇപ്പോള്‍ത്തന്നെ ആഗോള തലത്തില്‍ മാസ്‌കുകളുടെ ലഭ്യത കുറയുകയും ചെയ്തിരിക്കുന്നു. ചിലരെല്ലാം കൈയ്യിലുള്ള മാസ്‌കുകള്‍ കഴുകി ശുദ്ധിചെയ്ത് ഉപയോഗിക്കുന്നു. എന്നാല്‍, ഇങ്ങനെ ചെയ്യുമ്പോള്‍ അവയുടെ പ്രതിരോധശേഷി കുറയുന്നുവെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

 

എന്നാല്‍, സ്റ്റാന്‍ഫെഡ് അനസ്തീഷ്യ ഇന്‍ഫോമാറ്റിക്‌സ് ആന്‍ഡ് മീഡിയ ലാബ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം എന്‍95 മാസ്‌കുകള്‍ അണുമുക്തമാക്കുകയും വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ല എന്നു പറയുന്നു. എന്നാല്‍, ഇതു സുരക്ഷിതമായി ചെയ്യണമെങ്കില്‍ ശ്രദ്ധിക്കുകയും ചെയ്യണം. ബ്ലീച്, എതിലീന്‍ ഓക്‌സൈഡ് തുടങ്ങിയ രാസവസ്തുക്കള്‍, മൈക്രോവേവ് അവന്‍ ഇറേഡിയേഷന്‍, അള്‍ട്രാവൈലറ്റ് ജേര്‍മിസൈഡല്‍ ഇറേഡിയേഷന്‍, വേപ്പറൈസ്ഡ് അല്ലെങ്കില്‍ ദ്രാവകരൂപത്തിലുള്ള ഹൈഡ്രജന്‍ പെറോക്‌സൈഡ് തുടങ്ങിയവ ഉപയോഗിച്ചാല്‍ എന്തു സംഭവിക്കുമെന്നാണ് പഠിക്കാന്‍ ശ്രമിച്ചത്.

 

വൃത്തിയാക്കിയ ശേഷം അവയുടെ പ്രതിരോധ ശേഷി കുറയാതിരിക്കുകയും, ശ്വാസോച്ഛ്വാസം സുഗമമായി നടക്കുകയും ചെയ്യുന്ന രീതികളെയാണ് കണ്ടെത്താന്‍ ശ്രമിച്ചിരിക്കുന്നത്. ബ്ലീച് ചെയ്താല്‍ മാസ്‌കിന്റെ ഗുണം പോകുമെന്നാണ് മനസ്സിലായതെന്ന് ഗവേഷകര്‍ പറയുന്നു. മാസ്‌കില്‍ ഗ്യാസ് കെട്ടിനില്‍ക്കുകയും ചൊറിച്ചില്‍വരുത്തുകയും ചെയ്യുന്നുവെന്ന് പഠനം നടത്തിയവര്‍ പറയുന്നു.

 

എന്നാല്‍, എതിലീന്‍ ഓക്‌സൈഡ്, അള്‍ട്രാവയലറ്റ് ജേര്‍മിസൈഡല്‍ ഇറേഡിയേഷന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് ഡീ കണ്ടാമിനേഷന്‍ തുടങ്ങിയവ ഫലപ്രദമാണെന്നു കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. എന്നാല്‍, ആവര്‍ത്തിച്ചുപയോഗിക്കുമ്പോള്‍, മാസ്‌കുകളുടെ വായു ഫില്‍റ്റര്‍ ചെയ്യാനുള്ള കഴിവു കുറയുന്നുണ്ടോ എന്ന് പറയാനാവില്ലെന്നും പറയുന്നു. അതുപോലെ, ഫില്‍റ്റര്‍ ഉണ്ടാക്കിയിരിക്കുന്ന പദാര്‍ഥത്തിന്റെ ഗുണനിലവാരം കുറയുന്നുണ്ടോ, ശ്വാസമെുടുക്കുകയും പുറത്തുവിടുകയും ചെയ്യുമ്പോള്‍ വായു ആദ്യത്തേതു പോലെ പുറത്തേക്കു പോകുകയും വരികയും ചെയ്യുന്നുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അവര്‍ പറയുന്നു.

 

അപ്പോള്‍ എന്താണ് ഏറ്റവും നല്ല മാര്‍ഗ്ഗം?

 

ലളിതമായ ഒരു ശുദ്ധീകരണ രീതിയാണ് ഏറ്റവും ഗുണപ്രദം എന്നാണ് സ്റ്റാന്‍ഫെഡ് ഗവേഷകര്‍ കണ്ടെത്തിയത്. മാസ്‌കുകള്‍ മൈക്രോവേവ് അവനില്‍ 70 ഡിഗ്രി സെല്‍ഷ്യസില്‍ അല്ലെങ്കില്‍ 158 ഡിഗ്രി ഫാരന്‍ഹൈറ്റില്‍ 30 മിനിറ്റു നേരത്തേക്ക് ചൂടാക്കിയാല്‍ അവ പുത്തന്‍ പോലെ പ്രവര്‍ത്തിക്കുമെന്നാണ് എന്‍95 മാസ്‌കുകളുടെ ഫില്‍റ്റര്‍ ഉണ്ടാക്കുന്ന കമ്പനിയായ 4സി എയര്‍ പറയുന്നത്. ഇനി വീട്ടില്‍ അവന്‍ ഇല്ലെങ്കിലും കുഴപ്പമില്ല. വെളളം തിളയ്ക്കുന്നതിനു മുകളില്‍ മാസ്‌ക് 10 മിനിറ്റു നേരത്തേക്കു പിടിച്ചാലും മികച്ച പ്രകടനം ലഭിക്കുമെന്നാണ് അവകാശവാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com