ADVERTISEMENT

അമേരിക്കയുടെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും (സിഡിസി) ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് കൊറോണാവൈറസ് ഉണ്ടോ എന്ന് വ്യക്തികള്‍ക്ക് സ്വയം പരിശോധിക്കാന്‍ സാധിക്കുന്ന ഒരു ചാറ്റ്‌ബോട്ടിനെ സൃഷ്ടിച്ചിരിക്കുകയാണ്. അസുഖം തോന്നുന്നവര്‍ക്ക് ചാറ്റ്‌ബോട്ടിനോട് സംസാരിച്ച് തനിക്ക് ആശുപത്രിയില്‍ പോയി ചികിത്സ തേടാന്‍ മാത്രമുള്ള അസുഖമുണ്ടോ എന്ന് തീര്‍ച്ചപ്പെടുത്താം.

 

മൈക്രോസോഫ്റ്റിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെടുത്തിയാണ് ഈ ടൂള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ ഹെല്‍ത് കെയര്‍ ബോട്ട് സര്‍വീസ്, അതുമായി ഇടപെടുന്നയാളോട് അയാളുടെ ലൊക്കേഷന്‍, പ്രായം, രോഗലക്ഷണങ്ങള്‍ തുടങ്ങിയവയെല്ലാം ചോദിച്ചു മനസ്സിലാക്കിയ ശേഷമായിരിക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുക. വേഗം ആശുപത്രിയിലെത്തണമെങ്കില്‍ അതും പറയും. ഈ ടൂള്‍ ഇപ്പോള്‍ അമേരിക്കയില്‍ ഉള്ളവര്‍ക്കു മാത്രമാണ് ഉപയോഗിക്കാനാകുക. അത് രോഗനിര്‍ണ്ണയം നടത്തുകയല്ല ചെയ്യുന്നത്.

 

ഒരാള്‍ കോവിഡ്-19 രോഗിയുമായി സമ്പര്‍ക്കത്തില്‍ വരികയും, ഇതേ തുടര്‍ന്ന് ചില രോഗലക്ഷണങ്ങള്‍ - ഉദാഹരണത്തിന് ചുമ, ശ്വാസതടസം തുടങ്ങിയവ കാണിക്കുകയും ചെയ്‌തെങ്കില്‍ അയാള്‍ തന്റെ ഡോക്ടറെ സമീപിക്കണമെന്നാണ് സിഡിസിയുടെ വെബ്‌സൈറ്റ് പറയുന്നത്. പനി, വരണ്ട ചുമ, ശ്വാസതടസം എന്നീ മൂന്നു ലക്ഷണങ്ങളാണ് പൊതുവെ കൊറോണാവൈറസ് രോഗികള്‍ പറഞ്ഞു കേള്‍ക്കുന്നത്. മിക്ക കേസുകളും രൂക്ഷമല്ല. പക്ഷേ, ഏകദേശം 20 ശതമാനം രോഗികള്‍ക്ക് കടുത്ത ലക്ഷണങ്ങളും കാണിക്കാറുണ്ട്. ചിലര്‍ ഗുരുതരാവസ്ഥയിലും ആകും. പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് കൂടുതല്‍ പ്രശ്‌നം.

 

നിങ്ങള്‍ക്കോ, നിങ്ങള്‍ക്കു ബന്ധമുള്ള ആര്‍ക്കെങ്കിലുമോ ഇത്തരം രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും വേഗം നിങ്ങളുടെ ഡോക്ടറെ കാണണമെന്നാണ് സിഡിസി നല്‍കുന്ന ഉപദേശം. ഫോണ്‍ കോള്‍ നടത്തിയിട്ടുവേണം ഡോക്ടറെ കാണാനിറങ്ങാന്‍. അല്ലെങ്കില്‍ നിങ്ങള്‍ക്ക് രോഗമുണ്ടെങ്കില്‍ അത് കൂടുതല്‍ പേര്‍ക്ക് രോഗം പകര്‍ന്നേക്കാമെന്ന് സിഡിസി മുന്നറിയിപ്പു നല്‍കുന്നു.

 

അമേരിക്കയിലാകെ രോഗം വ്യാപിക്കുകയാണ്. ഇത് രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇതേക്കുറിച്ച് ഇറക്കിയ ഒരു മാപ് പ്രകാരം രോഗികള്‍ അധികമായാല്‍ അമേരിക്കയില്‍ ഒരു സ്ഥലത്തും കിടത്തി ചികിത്സിക്കാന്‍ ആശുപത്രികളില്‍ വേണ്ടത്ര ബെഡുകള്‍ ഉണ്ടാവില്ല എന്നാണ്. ഇതു മൂലമാണ് പല നഗരങ്ങളിലും ലോക്ഡൗണ്‍ പരീക്ഷിക്കാന്‍ അമേരിക്ക തയാറായിരിക്കുന്നത്. അത്തരത്തില്‍ ഇത് വ്യാപകമാകുന്നതു തടയുക എന്നതാണ് ലക്ഷ്യം. അല്ലെങ്കില്‍ അത് ആരോഗ്യമേഖലയ്ക്ക് കൈകാര്യം ചെയ്യാനാകാത്ത തരത്തില്‍ പിടിവിട്ടു പോകും. അതു തന്നെയാണ് ഇന്ത്യയും ലോക്ഡൗണുകളിലൂടെ ശ്രമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com