ADVERTISEMENT

രണ്ടാം ലോക മഹായുദ്ധകാലത്ത് എനിഗ്മാ കോഡ് തകര്‍ക്കാനായി ശ്രമിച്ച അലന്‍ ട്യൂറിങ്ങിന്റെ കഥ 'ദി ഇമിറ്റേഷന്‍ ഗെയിം' എന്ന സിനിമയില്‍ പ്രതിപാദിച്ചിട്ടുണ്ട്. യുദ്ധ സമയത്തു നടക്കുന്ന തരത്തിലുള്ള ചടുലമായ ചില നീക്കങ്ങളാണ് തങ്ങള്‍ കൊറോണാ വൈറസിനെതിരെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് ഒരു പറ്റം ശാസ്ത്രജ്ഞര്‍ പറയുന്നത്. കോവിഡ്-19നെതിരെയുള്ള വാക്‌സിന്‍ പുറത്തെത്താന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ പോലും എടുത്തേക്കാം. എന്നാല്‍, വൈറസിന്റെ ഉള്ളുകളളികളും നീക്കങ്ങളും അടുത്തറിഞ്ഞ് നിലവിലുള്ള മരുന്നുകള്‍കൊണ്ട് അതിനെ എങ്ങനെ കീഴടക്കാം എന്നാണ് താനും യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയിലെ സഹപ്രവര്‍ത്തകരും നടത്തുന്നതെന്നാണ് മോളിക്യുലാര്‍ ബയോളജിസ്റ്റായ നെവന്‍ ക്രോഗന്‍ പറയുന്നത്.

സാര്‍സ്-കോവ്-2 എന്നറിയപ്പെടുന്ന വൈറസ് പരിപൂര്‍ണ്ണമായും പുതിയ ഒരു വൈറസാണെന്നതും അത് പുതിയ രീതിയിലാണ് മനുഷ്യരുടെ കോശങ്ങളെ ആക്രമിക്കുന്നതെന്നതുമാണ് ശാസ്ത്രജ്ഞരെ കുഴക്കുന്നത്. ഓരോ വൈറസും വ്യത്യസ്തമാണ്. അവയ്ക്കുള്ള മരുന്നുകളും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ്, ഏതാനും മാസം മുൻപ് മാത്രം ആക്രമണം തുടങ്ങിയ കൊറോണാ വൈറസിനെതിരെ മനുഷ്യരുടെ കൈയ്യില്‍ മരുന്നൊന്നും ഇല്ലാതെ വന്നതെന്നും അദ്ദേഹം പറയുന്നു. കോശങ്ങളെ എങ്ങനെയാണ് വൈറസുകള്‍ ബാധിക്കുന്നത് എന്ന പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന തനിക്ക് വൈറസിനെ അടുത്തറിയുന്ന കാര്യത്തില്‍ അപാരമായ താത്പര്യമാണ് ഉള്ളതെന്ന് അദ്ദേഹം പറയുന്നു. ലോകമൊട്ടാകെ ലോക്ഡൗണിലേക്കു പോയിരിക്കുകയായതിനാല്‍ വ്യാധിക്കെതിരെ അതിവേഗം മരുന്നു കണ്ടെത്തിയെ മതിയാകൂ എന്നും അദ്ദേഹം പറയുന്നു.

തനിക്കും സഹപ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ഒരു ജന്മത്ത് ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരവും വെല്ലുവിളിയുമാണ്. പ്രശ്‌നപരിഹാരത്തിനായി ക്വോണ്ടിറ്റേറ്റീവ് ബയോസയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ക്യൂബിഐ) തങ്ങള്‍ ഒരു ടീമായി പ്രവര്‍ത്തിക്കുകയാണ്. വൈറസ് എങ്ങനെയാണ് കോശങ്ങളെ ആക്രമിക്കുന്നത് എന്നതാണ് തങ്ങള്‍ പഠനവിധേയമാക്കുന്നത്. അതില്‍ നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് പുതിയ മരുന്നു കണ്ടെത്താനല്ല ശ്രമിക്കുന്നത് മറിച്ച്, വൈറസിന്റെ ജൈത്രയാത്ര തടയാന്‍ നിലവിലുള്ള ഏതെങ്കിലും മരുന്നുകൊണ്ടു സാധിക്കുമോ എന്ന അന്വേഷണത്തിലാണ്. എഫ്ഡിഎ അംഗീകരിച്ച 27 മരുന്നുകള്‍ തങ്ങള്‍ ഇപ്പോള്‍ കണ്ടുവച്ചിട്ടുണ്ടെന്നും ഇവയുടെ എണ്ണം കൂടുതല്‍ ഗവേഷണത്തിലൂടെ കുറയ്ക്കാനാണ് ശ്രമമെന്നും അദ്ദേഹം പറയുന്നു. തങ്ങളുടെ ടീം ആഴ്ചയില്‍ 7 ദിവസവും മാറിമാറി ജോലിയെടുക്കുന്നു, എനിഗ്മ കോഡ് അനാവരണം ചെയ്തതു പോലെ വൈറസിന്റെ പ്രവര്‍ത്തന രീതി മനസ്സിലാക്കി അതിനെ പരാജയപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചയദാര്‍ഢ്യമുള്ള എതിരാളി

മനുഷ്യശരീരത്തിലെ കോശങ്ങളെ പോലെയല്ലാതെ വൈറസുകല്‍ വളരെ ചെറുതാണെന്നത് കൂടാതെ അവയ്ക്ക് തനിയേ പ്രത്യുത്പാദന ശേഷിയും ഇല്ല. കൊറോണാ വൈറസിന് ഏകദേശം 30 പ്രോട്ടീനുകളാണ് ഉള്ളത്. അതേസമയം, നമ്മുടെ കോശത്തിന് 20,000ലേറെ പ്രോട്ടീനുകളുണ്ട്. ഈ പ്രശ്‌നം വൈറസ് തന്ത്രം കൊണ്ടാണ് നേരിടുന്നത്. ശരീരത്തെ അതിനെതിരെ തന്നെ തിരിക്കുക എന്നതാണ് അതു ചെയ്യുന്നത്. തങ്ങളുടെ ശേഷിക്കുറവ് പരിഹരിക്കാനായി വൈറസ് മനുഷ്യ ശരീരത്തെ അതിനെതിരെ തന്നെ തിരിക്കുന്നു. മനുഷ്യ ശരീരത്തിലേക്കുള്ള പ്രവേശനകവാടം സാധാരണഗതിയില്‍ അക്രമികള്‍ക്കു മുന്നില്‍ പൂട്ടപ്പെട്ട നിലയിലാണ്. എന്നാല്‍, കൊറോണാവൈറസുകള്‍ സ്വന്തം താക്കോലുകളായ പ്രോട്ടീനുകള്‍ ഉപയോഗിച്ച് പൂട്ടു തുറന്ന് കോശങ്ങള്‍ക്കുള്ളില്‍ കടന്നുകൂടുന്നു.

ഒരിക്കല്‍ അകത്തു കടന്നന്നുകഴിഞ്ഞാല്‍, കോശങ്ങള്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രോട്ടീനുകളോട് പറ്റിച്ചേരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, കോശങ്ങളെ ഹൈജാക്ക് ചെയ്ത് അവയെ കൊറോണാവൈറസ് ഫാക്ടറികളാക്കി മാറ്റി പണി തുടങ്ങുന്നു. രോഗബാധിതമായ കോശങ്ങളുടെ മുതല്‍ക്കൂട്ടുകളെയും, 'യന്ത്രശാസ്ത്രത്തെയും', മാറ്റിമറിച്ച്, ആയിരക്കണക്കിനു വൈറസുകളെ സൃഷ്ടിച്ചെടുക്കുന്നു. കോശങ്ങളാകട്ടെ മരിക്കുകയും ചെയ്യുന്നു. ശ്വാസകോശത്തിന്റെ കോശങ്ങളാണ് ഏറ്റവുമധികം ഭേദ്യം. കാരണം അവ തങ്ങളുടെ 'ലോക്' പ്രോട്ടീനുകള്‍ ധാരാളമായി ഉപയോഗിക്കുന്നു. ഒരാളുടെ ശ്വാസകോശത്തിലെ കോശങ്ങള്‍ ധാരാളമായി മരിക്കുന്നതാണ് കോവിഡ്-19തുമായി ബന്ധപ്പെട്ട് ശ്വാസ തടസമെന്ന രോഗലക്ഷണമെന്നും നെവന്‍ പറയുന്നു.

രണ്ടു തരത്തിലാണ് ഇതിനെതിരെ പൊരുതാനാകുക. ഒന്നാമതായി മരുന്നുകള്‍ ഉപയോഗിച്ച് വൈറസിന്റെ പ്രോട്ടീനുകളെ ആക്രമിക്കുക. അതിലൂടെ, കോശത്തിനുള്ളില്‍ അവ പ്രവേശിക്കുന്നതു തടയുകയും കോശങ്ങളുടെ ജനിതക സാമഗ്രി കോപ്പി ചെയ്‌തെടുക്കുന്നതു തടയുകയും ചെയ്യുക. ഇതാണ് കോവിഡ്-19ന് എതിരെ ഇപ്പോള്‍ പരീക്ഷണത്തിലിരിക്കുന്ന റെംഡെസിവിര്‍ (remdesivir) എന്ന മരുന്ന് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഈ സമീപനത്തിനുള്ള ഒരു പ്രശ്‌നമെന്താണെന്നു ചോദിച്ചാല്‍ വൈറസുകള്‍ക്ക് കുറച്ചു സമയം കഴിയുമ്പോള്‍ ഉള്‍പ്പരിവര്‍ത്തനം വരാമെന്നതാണ്. ഭാവിയില്‍ റെംഡെസിവിര്‍ പോലെയുള്ള മരുന്നുകള്‍ കൊണ്ട് ഒരു പ്രയോജനവുമില്ലാത്ത രീതിയിലുള്ള മാറ്റം കൊറോണാവൈറസിനു വരാം. വൈറസുകളും മരുന്നും തമ്മിലുള്ള കിടമത്സരം നടക്കുന്നതിനാലാണ് ആളുകള്‍ക്ക് എല്ലാവര്‍ഷവും ഫ്‌ളൂവിനെതിരെ വേറെ മരുന്നു വേണ്ടിവരുന്നത്.

അതിനു പകരമായി, വൈറസിന്റെ പ്രോട്ടീന്‍ മനുഷ്യ ശരീരത്തിലെ പ്രോട്ടീനുമായി ഇടപെടുന്നതു തടയുന്ന മരുന്ന് ഉപയോഗിക്കാം. ഈ നീക്കം ആതിഥേയ സാമഗ്രിയെ സംരക്ഷിച്ചു നിർത്തുകയും ചെയ്യാം. വൈറസിന്റെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ നല്ലതാണ് മനുഷ്യന്റെ കോശങ്ങള്‍ക്ക് അതിവേഗം മാറ്റം വരുന്നില്ല എന്നത്. അത്തരത്തിലൊരു മരുന്നു കണ്ടെത്താനായാല്‍ അത് പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കും. ഈ സമീപനമാണ് തങ്ങളുടെ ടീം എടുത്തിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ശത്രുവിന്റെ ഉദ്ദേശമെന്താണെന്ന് അറിയുക

കോശങ്ങളിലൂടെ ഏതെല്ലാം ഭാഗം ഉപയോഗിച്ചാണ് വൈറസ് പ്രത്യുത്പാദനം നടത്തുന്നത് എന്നു കണ്ടുപിടിക്കുകയാണ് ആദ്യം വേണ്ടത്. ഏതു പ്രോട്ടീനുകളെയാണ് വൈറസ് ഹൈജാക്കു ചെയ്യുന്നത് എന്നതും അറിയേണ്ടിയിരുന്നു. ഇതിനായി തങ്ങളുടെ ടീമിലുള്ള ചിലര്‍, കോശങ്ങള്‍ക്കുള്ളില്‍ ഒരു 'മോളിക്യൂലാര്‍ മീന്‍പിടുത്ത ദൗത്യത്തില്‍' ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ചൂണ്ടയില്‍ ഇരകോര്‍ത്തിടുന്നതിനു പകരം, വൈറല്‍ പ്രോട്ടീനുകളെ ചെറിയ രാസനാടകളോടു പിടിപ്പിച്ച് 'ഇര'യായി ഇടുകയായിരുന്നു. ലാബില്‍ വളര്‍ത്തിയെടുത്ത മനുഷ്യ കോശങ്ങളിലാണ് ഈ ചൂണ്ടയിടല്‍ നടത്തിയത്. അങ്ങനെ 'ചൂണ്ടയില്‍' കൊളുത്തിക്കിട്ടിയതെല്ലാം രോഗ ബാധയേല്‍ക്കുമ്പോള്‍ വൈറസ് ഹൈജാക്ക് ചെയ്യുന്ന മനുഷ്യ പ്രോട്ടീനുകളാണെന്നും അദ്ദേഹം പറയുന്നു. മാര്‍ച്ച് രണ്ടാം തിയതിയോടെ തങ്ങള്‍ക്ക് മനുഷ്യ ശരീരത്തിലെ ഏതെല്ലാം പ്രോട്ടീനുകള്‍ ഉപയോഗിച്ചാണ് വൈറസ് തിമിര്‍ക്കുന്നത് എന്നതിനെപ്പറ്റിയുള്ള ഭാഗികമായ ലിസ്റ്റ് കിട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് ആദ്യ സൂചനകള്‍. ആദ്യ തവണ മൂന്ന് 'ഇരകള്‍' മാത്രമാണ് ഉപയോഗിച്ചത്. അടുത്തതായി അഞ്ച് ഇരകള്‍ ഉപയോഗിക്കാനായിരുന്നു തീരുമാനം.

പ്രത്യാക്രമണം

ഏതെല്ലാം മോളിക്യുലര്‍ ടാര്‍ഗറ്റുകള്‍ ഉപയോഗിച്ചാണ് വൈറസ് അതിജീവനം നടത്തുന്നത് എന്ന ലിസ്റ്റ് തയാറാക്കിയ ശേഷം, തങ്ങളുടെ ടീം ഇതിനെതിരെ ഇപ്പോള്‍ അറിയാവുന്ന ഏതെല്ലാം സങ്കീര്‍ണ്ണവസ്തു (compound) ഉപയോഗിച്ച് മോളിക്യുലര്‍ ടാര്‍ഗറ്റുകളെ വൈറസിന്റെ ആക്രമണമേല്‍ക്കാതെ സംരക്ഷിച്ചു നിർത്താമെന്നതിനെക്കുറിച്ചു പഠിച്ചു. ഏതെങ്കിലും കോമ്പൗണ്ടിന് വൈറസ് കോശത്തിലേക്ക് പറ്റിക്കൂടുന്നത് തടയാനാകുമെങ്കില്‍ അത് ബാധ തടയുക തന്നെ ചെയ്യും. എന്നാല്‍, വെറുതെ കയറി കോശങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടങ്കോലിട്ടാല്‍ അത് ശരീരത്തിന് ഹാനികരമാകും. തങ്ങള്‍ ഉപയോഗിക്കുന്ന കോമ്പൗണ്ടുകള്‍ സുരക്ഷിതവും വിഷരഹിതവുമാണെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

പരമ്പരാഗത രീതിയില്‍ ഇതു ചെയ്യണമെങ്കില്‍ വര്‍ഷങ്ങള്‍ എടുക്കും. ദശലക്ഷക്കണക്കിനു ഡോളറുകളും വേണ്ടിവരും. എന്നാല്‍, അതിവേഗം നടത്താവുന്നതും കാശുമുടക്കില്ലാത്തതുമായ ഒരു മാര്‍ഗ്ഗവും ഉണ്ട്. എഫ്ഡിഎ സുരക്ഷിതമെന്ന് അംഗീകരിച്ച 2000ത്തോളം വരുന്ന മരുന്നുകളില്‍ ഏതെല്ലാം ഉപയോഗപ്പെടുത്താം എന്ന് അന്വേഷിക്കുകയാണ് ചെയ്യേണ്ടത്. ഇവയ്ക്കുള്ളില്‍ കൊറോണാവൈറസിനെ അകറ്റി നിർത്താവുന്ന ഒരു മരുന്നു കണ്ടേക്കാമെന്നതാണ് ഗവേഷകരെ ഉത്സാഹഭരിതരാക്കുന്നത്.

തങ്ങളുടെ കെമിസ്റ്റുകള്‍ ഈ വമ്പന്‍ ഡേറ്റാബെയ്‌സ് മുഴുവന്‍ അരിച്ചുപെറുക്കി അംഗീകരിക്കപ്പെട്ട മരുന്നുകളും അവയ്ക്ക് ഏതെല്ലാം പ്രോട്ടീനുകളുമായി ആണ് സമ്പര്‍ക്കം പുലര്‍ത്താനാകുക എന്നതും പരിശോധിച്ചു. ഇത് തങ്ങള്‍ ചൂണ്ടയിട്ടു പിടിച്ച പ്രോട്ടീനുകളുമായി തട്ടിച്ചു നോക്കി, പത്തു മരുന്നുകള്‍ കഴിഞ്ഞയാഴ്ച കണ്ടെത്തിയെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഇതിലൊന്ന് ക്യാന്‍സറിനുള്ള മരുന്നായ ജെക്യൂ1 (JQ1) ആയിരുന്നു. എന്നാല്‍, ഈ മരുന്ന് രോഗികള്‍ക്ക് സഹായകമാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍, ഇതിന് എന്തെങ്കിലു ചെയ്യാനായേക്കും. ധാരാളം ടെസ്റ്റുകളിലൂടെ മാത്രമെ ഇത് ഗുണകരമാകുമോ എന്നു പറയാനാകൂ, അദ്ദേഹം പറയുന്നു.

ലോകത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് തങ്ങള്‍, ഈ 10 മരുന്നുകള്‍ ജീവനുള്ള കൊറോണാവൈറസ് സാംപിളുകളുള്ള, ലോകത്തെ 3 ലാബുകളിലെത്തിച്ചു. മാര്‍ച്ച് 13ന് ടെസ്റ്റുകള്‍ ആരംഭിച്ചു. ഇതിന്റെ റിസള്‍ട്ടുകള്‍ ഉടനെ പുറത്തുവരുമെന്ന് നെവന്‍ പറയുന്നു. അതേസമയം, തന്റെ ടീമംഗങ്ങള്‍ അവരുടെ ചൂണ്ടയിടല്‍ തുടരുകയാണ് എന്നും അദ്ദേഹം പറയുന്നു. ഇതുവരെ 332 മനുഷ്യ പ്രോട്ടീനുകളുമായി കൊറോണാവൈറസിന് സഹവര്‍ത്തിത്തില്‍ കഴിയാനാകുമെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറയുന്നു. ഇവയില്‍ 66 എണ്ണവുമായി ഇന്ററാക്ടു ചെയ്യാന്‍ കഴിയുന്ന മരുന്നുകളുമുണ്ടെന്നും അദ്ദേഹം പറയുന്നു. തങ്ങളുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും നെവന്‍ പറഞ്ഞു.

ഇതില്‍ നിന്നു പുറത്തുവരുന്ന സന്തോഷവാര്‍ത്ത എന്താണെന്നു ചോദിച്ചാല്‍ നിലവിലുള്ള 69 മരുന്നുകള്‍ക്ക് തങ്ങള്‍ കണ്ടെത്തിയ മനുഷ്യ പ്രോട്ടീനകളുമൊത്തു പ്രവര്‍ത്തിക്കാനാകുമെന്നതാണത്രെ. ഇവയില്‍ 27 മരുന്നുകള്‍ക്ക് എഫ്ഡിയെയുടെ അംഗീകരവും ഉണ്ട്. ഇവയില്‍ 42 എണ്ണം ക്ലിനിക്കല്‍ അല്ലെങ്കില്‍ പ്രീക്ലിനിക്കല്‍ ട്രയലുകളിലാണ്. ഇത്ര വലിയ സംഖ്യ, കൊറോണാവൈറസിന്റെ ചികിത്സയില്‍ പ്രതീക്ഷതരുന്ന ഒന്നാണത്രെ. അംഗീകരിച്ച മരുന്നുകള്‍ക്കിടയില്‍ ഒന്നിന് രോഗത്തിന്റെ മുന്നേറ്റം മന്ദീഭവിപ്പിക്കാനാകുമെങ്കില്‍ പോലും അത് നിരവധി ജീവനുകള്‍ രക്ഷിക്കുമെന്ന് അദ്ദേഹം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com