ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരി ഇതിനകം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും വ്യാപിച്ചു കഴിഞ്ഞു. എന്നാൽ, ചൈനയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മൃഗങ്ങളെ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചൈനയിൽ കോവിഡ്–19 ചികിത്സയ്ക്ക് കരടിയുടെ പിത്തരസം ഉപയോഗിക്കുന്നുണ്ടെന്ന് നാഷണൽ ജ്യോഗ്രഫിക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യക്കും വൻ ഭീഷണിയാണ്. ഇത്തരമൊരു മരുന്ന് കരടിയിൽ നിന്ന് കണ്ടെത്തിയാൽ വിവിധ രാജ്യങ്ങളിലെ കരടികളെ കൊന്ന് മരുന്ന് ശേഖരിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങും.

വന്യമൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നതിനുള്ള കച്ചവടവും ഉപഭോഗവും ശാശ്വതമായി നിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെയാണ് ചൈനയിൽ നിന്ന് ഈ റിപ്പോർട്ടും വന്നത്. ഗുരുതരമായ കോവിഡ്-19 കേസുകൾക്ക് ചികിത്സ നൽകാൻ കരടി പിത്തരസം അടങ്ങിയ ടാൻ റീ ക്വിംഗ് എന്ന കുത്തിവയ്പ്പ് ഉപയോഗിക്കാൻ ചൈനീസ് സർക്കാർ ശുപാർശ ചെയ്തുവെന്നാണ് അറിയുന്നത്. ദേശീയ ആരോഗ്യ നയത്തിന്റെ ഉത്തരവാദിത്തമുള്ള സർക്കാർ സ്ഥാപനമായ ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ മാർച്ച് 4 ന് പ്രസിദ്ധീകരിച്ച ഒരു പട്ടികയിൽ പരമ്പരാഗതവും പാശ്ചാത്യവുമായ ശുപാർശ ചെയ്യപ്പെടുന്ന നിരവധി കൊറോണ വൈറസ് ചികിത്സകളിൽ ഒന്നാണിത്.

ചൈനയിൽ വന്യമൃഗങ്ങളോട് വൈരുദ്ധ്യമുള്ള സമീപനമാണിതെന്ന് വന്യജീവി സംരക്ഷക സംഘടനയ്ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകർ പറയുന്നു. ഒരു വശത്ത് ഭക്ഷണത്തിനായി മൃഗങ്ങളുടെ വ്യാപാരം നിർത്തുക, മറുവശത്ത് മരുന്നിനായി മൃഗങ്ങളെ കൊന്നൊടുക്കുക, ഇതാണ് ചൈനയിൽ നടക്കുന്നതെന്നും അവർ ആരോപിക്കുന്നു.

ഏഷ്യയിലെ കറുത്ത, തവിട്ടുനിറത്തിലുള്ള കരടികളിൽ നിന്നുള്ള പിത്തരസം പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ എട്ടാം നൂറ്റാണ്ട് മുതൽ ഉപയോഗിക്കുന്നു. കരൾ സ്രവിക്കുകയും പിത്തസഞ്ചിയിൽ സൂക്ഷിക്കുകയും ചെയ്യുന്നതാണിത്. ഈ ചികിത്സാ രീതി തന്നെയാണ് ഇപ്പോൾ കോവിഡ്–19 ന്റെ കാര്യത്തിലും ചൈന നടപ്പിലാക്കുന്നത്. ഇതിൽ ഉയർന്ന അളവിലുള്ള ഉർസോഡിയോക്സികോളിക് (ursodeoxycholic) ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉർസോഡിയോൽ എന്നും അറിയപ്പെടുന്നു. ഇത് കരൾ രോഗത്തെ ചികിത്സിക്കുന്നതിനു സഹായിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടും ഒരു സിന്തറ്റിക് മരുന്നായി ഉർസോഡിയോക്സികോളിക് ആസിഡ് പതിറ്റാണ്ടുകളായി ലഭ്യമാണ്.

കോവിഡ്-19 ന് ഒരു ചികിത്സയും നിലവിലില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതാണ്. എന്നാൽ, വേദന സംഹാരികൾ, ചുമ സിറപ്പ് പോലുള്ള ചില മരുന്നുകൾക്ക് രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ ചികിത്സിക്കാൻ കഴിയും. പരമ്പരാഗത ചൈനീസ് മെഡിസിൻ വിദഗ്ധൻ‌മാർ ബ്രോങ്കൈറ്റിസ്, അപ്പർ ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവ ചികിത്സിക്കാൻ ടാൻ റീ ക്വിംഗ് ഉപയോഗിക്കുന്നു. മിനിയാപൊളിസിലെ മിനസോട്ട സർവകലാശാലയിലെ പ്രൊഫസറായ ക്ലിഫോർഡ് സ്റ്റിയർ ഉർസോഡിയോക്സികോളിക് ആസിഡിന്റെ മെഡിക്കൽ ഗുണങ്ങളെക്കുറിച്ച് പഠിച്ചു റിപ്പോർട്ട് തയാറാക്കിയിരുന്നു. എന്നാൽ, കൊറോണ വൈറസിനുള്ള ഫലപ്രദമായ ചികിത്സയാണ് കരടി പിത്തരസം എന്നതിന് തെളിവുകളൊന്നും അദ്ദേഹത്തിന് കണ്ടെത്താനായില്ല. കോശങ്ങളെ സജീവമായി നിലനിർത്താനുള്ള കഴിവിൽ ഉർസോഡിയോക്സികോളിക് ആസിഡ് മറ്റ് പിത്തരസം ആസിഡുകളിൽ നിന്ന് വ്യത്യസ്തമാണെന്നും കോവിഡ്-19 ന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാമെന്നും അദ്ദേഹം പറയുന്നു.

1989-ൽ പ്രാബല്യത്തിൽ വന്ന ചൈനയുടെ വന്യജീവി സംരക്ഷണ നിയമം വന്യമൃഗങ്ങളെ മനുഷ്യരുടെ പ്രയോജനത്തിനായി ഉപയോഗിക്കുന്നതിനുള്ള ഒരു വിഭവമായി കാണുന്നു. പരമ്പരാഗത ചൈനീസ് മരുന്നിനായി മൃഗങ്ങളെ ഉപയോഗിക്കാമെന്ന് വ്യക്തമായി പറഞ്ഞ് 2016 ൽ വന്യജീവികളുടെ വാണിജ്യപരമായ ഉപയോഗം കൂടുതൽ നിയമാനുസൃതമാക്കുന്നതിനായി ഭേദഗതി വരുത്തി എന്നാണ് ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണലിന്റെ ചൈന പോളിസി സ്പെഷ്യലിസ്റ്റ് പീറ്റർ ലി അക്കാലത്ത് എഴുതിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com