ADVERTISEMENT

കൊറോണാവാറസ് പൊട്ടിപ്പുറപ്പെട്ട അന്നുമുതൽ ഇതേക്കുറിച്ചു നിരവധി ഗൂഢാലോചനാ വാദങ്ങൾ പ്രചരിക്കുന്നുണ്ട്. കൊറോണാവൈറസ് ജൈവായുധമാണെന്നും അത് ജനങ്ങളില്‍ ജനതികമാറ്റമുണ്ടാക്കാനുള്ളതാണെന്നും തുടങ്ങി നിരവധി വ്യാജ വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം വാദങ്ങള്‍ ഈ മഹാദുരന്തത്തിനു മറ്റു ചില അർഥതലങ്ങളും നല്‍കുന്നതായി കാണാം. ഗൂഢാലോചനാ വാദങ്ങളെപ്പോലെ തന്നെയാണ് ഈ രോഗത്തിന് രഹസ്യ ചികിത്സയുണ്ടെന്ന വാദവും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓഫ് ചെയ്യുക, ഏത്തപ്പഴം കഴിക്കുക തുടങ്ങിയവയൊക്കെയാണ് പ്രതിവിധിയായി പ്രചരിക്കുന്ന ചില കാര്യങ്ങള്‍. എന്നാല്‍, ഈ രോഗത്തില്‍നിന്ന് ലോക നേതാക്കന്മാര്‍ക്കു പോലും സ്വയം സംരക്ഷിക്കാനായേക്കില്ല എന്ന കാര്യം ഓര്‍ക്കേണ്ടതാണ്.

എന്തുകൊണ്ടാണ് ഇത്തരം അവകാശവാദങ്ങള്‍ പ്രചരിക്കുന്നത്. ലോകം തലകീഴായി മറിഞ്ഞാല്‍ പോലും തങ്ങളിലേക്ക് എന്തോ വിലക്കപ്പെട്ട അറിവുകള്‍ എത്തപ്പെട്ടുവെന്ന തോന്നല്‍ പലര്‍ക്കും ആശ്വാസം നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെയാണ് ചില സർക്കാരുകള്‍ തന്നെ പുറത്തുവിടുന്ന വ്യാജപ്രചരണങ്ങള്‍. ഇവയ്ക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ടത്രെ. തങ്ങളുടെ പരാജയങ്ങള്‍ മൂടിവയ്ക്കാനാണ് സർക്കാരുകള്‍ ഗൂഢാലോചനാ വാദങ്ങള്‍ പരത്തുന്നതെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. ചിലരെല്ലാം ഇതില്‍നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാനും ശ്രമിക്കുന്നു. അഭ്യൂഹം പരത്തുന്ന സാധാരണക്കാർ മുതല്‍ യാതൊരു ശാസ്ത്രീയ തെളിവുമില്ലെങ്കിലും ചില മരുന്നുകള്‍ കൊറോണാവൈറസിന് ഉതകുമെന്നു വാദിക്കുന്ന ഭരണാധികാരികൾ വരെ അമേരിക്കയിലുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചില രഹസ്യ കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കുന്നത് നമുക്ക് ബലം തരുമെന്ന തോന്നലാണ് ഗൂഢാലോചന സിദ്ധാന്തക്കാരെ നയിക്കുന്നത്. പലപ്പോഴും ഇത്തരം വാദങ്ങള്‍ അറിയുമ്പോള്‍ മിഥ്യാബോധമാണ് ആളുകള്‍ക്ക് ഉണ്ടാകുക. രഹസ്യമായി ലഭിക്കുന്ന അറിവുകള്‍ പ്രാവര്‍ത്തികമാക്കുന്നവരും ഉണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്നതിനു പകരം രഹസ്യ മരുന്നുകള്‍ കഴിച്ച് ജീവന്‍ പോകുന്നവരുടെ എണ്ണവും ഏറി വരികയാണ്. ചിലപ്പോഴൊക്കെ ഇത്തരം കാര്യങ്ങൾ സര്‍ക്കാരുകളും മറ്റും നടത്തുന്ന നല്ല നടപടികൾക്ക് വിലങ്ങുതടിയായി തീരുന്നുണ്ട്.

മനുഷ്യര്‍ ഇതിനുമുൻപും മഹാവ്യാധികളെ നേരിട്ടിട്ടുണ്ട്. എന്നാല്‍, ഇത്രയധികം കണക്ടഡ് ആയിട്ടുള്ള ലോകത്തില്‍ ഇതാദ്യമായാണ് ഇത്ര വലിയൊരു വ്യാധി പടരുന്നതെന്ന് അറ്റ്‌ലാന്റിക് കൗണ്‍സില്‍സ് ഡിജിറ്റല്‍ ഫോറന്‍സിക് റിസേര്‍ച് ലാബിന്റെ ഡയറക്ടറായ ഗ്രയാം ബ്രൂക്കി പറയുന്നു. ഇത്രയധികം വിവരം പ്രവഹിക്കുന്ന നാളുകള്‍ ഇതിനുമുൻപ് ഉണ്ടായിട്ടില്ല. ഇതിനാലാണ് ലോകാരോഗ്യ സംഘടന കൊറോണാ വൈറസ് കാലത്തെ ഇന്‍ഫോഡെമിക് (വിവരവ്യാധി) കൂടെയാണെന്ന് പറഞ്ഞത്. വേണ്ടതും വേണ്ടാത്തതുമായി വിവരങ്ങളാല്‍ മുഖരിതമാണ് നമ്മുടെ ലോകം. ഇത്രമേല്‍ ഉല്‍കണ്ഠ നിറഞ്ഞ മറ്റൊരു കാലം ഇല്ലായിരുന്നിരിക്കാമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

രഹസ്യ അറിവിനോടുള്ള താൽപര്യം

ചില മനഃശാസ്ത്രപരമായ പ്രേരണകളെ തൃപ്തിപ്പെടുത്തുന്നു എന്നതാണ് മനുഷ്യര്‍ രഹസ്യ അറിവുകള്‍ അന്വേഷിക്കാനുള്ള കാരണങ്ങളിലൊന്ന്. തങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് നിയന്ത്രണമുണ്ട് എന്നൊരു മിഥ്യാധാരണയാണ് ഇതിലൂടെ ലഭിക്കുക. യാഥാര്‍ഥ്യം നമ്മെ തൃപ്തിപ്പെടുത്തുന്നില്ലെങ്കില്‍ നമ്മള്‍ മറ്റു വ്യാഖ്യാനങ്ങള്‍ തേടും. ഇതെല്ലാം തെറ്റാണെന്ന് അറിയാമെങ്കില്‍ കൂടി നമ്മള്‍ ഇത്തരം സന്ദേശങ്ങള്‍ ശരിയാണെന്നു വിശ്വസിക്കാന്‍ ശ്രമിക്കും.

കൊറോണാ വൈറസിനെക്കുറിച്ചു പ്രചരിക്കുന്ന വ്യാജ വിവരങ്ങള്‍ തങ്ങളെ ഭയപ്പെടുത്തുകയാണെന്നാണ് സ്‌നോപ്‌സ് എന്ന ഫാക്ട് ചെക്കിങ് വെബ്‌സൈറ്റ് പറയുന്നു. എന്തെങ്കിലും തരം സാന്ത്വനം കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ് നമുക്കു ചുറ്റും. ബില്‍ ഗെയ്റ്റ്‌സിനെതിരെ പ്രചരിക്കുന്നതും അത്തരം ആരോപണങ്ങളാണ്. അമേരിക്കയിലെ അലബാമയില്‍ പ്രചരിച്ച ഒരു ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നത് ഇവിടേക്ക് കൊറോണാവൈറസ് രോഗികളെ ഹെലികോപ്റ്ററില്‍ എത്തിച്ചു എന്നാണ്. എച്‌ഐവി പരത്താനായാണ് കൊറോണാവൈറസ് വ്യാപിപ്പിക്കുന്നത് എന്നൊരു വ്യാജവാര്‍ത്തയാണ് ലാറ്റിന്‍ അമേരിക്കയില്‍ പ്രചരിച്ചത്. ഇറാനിലാകട്ടെ, പടിഞ്ഞാറന്‍ ശക്തികള്‍ ഉണ്ടാക്കിവിട്ടതാണ് ഈ വൈറസ് എന്ന വാര്‍ത്ത സർക്കാര്‍ തന്നെ പ്രചരിപ്പിക്കുന്നതായും ആരോപണമുണ്ട്.

ഇറ്റലിയില്‍ പ്രചരിച്ച ഒരു വിഡിയോയില്‍ ജപ്പാനില്‍ നിന്നുള്ള ഒരാള്‍ പറയുന്നത് കൊറോണാവൈറസ് ചികിത്സിച്ചു ഭേദമാക്കാം. എന്നാല്‍ ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ അതല്ല ചെയ്യുന്നത് എന്നാണ്. യുട്യൂബില്‍ പ്രചരിക്കുന്ന മറ്റൊരു വിഡിയോ പറയുന്നത് ജനസംഖ്യാ നിയന്ത്രണത്തിനാണ് ഈ വൈറസ് ശ്രമിക്കുന്നതെന്നാണ്. ഈ രോഗം യഥാര്‍ഥമാണ് എന്നാല്‍ അത് 5ജി നെറ്റ്‌വര്‍ക്കുകളാണ് വ്യാപിപ്പിക്കുന്നത് എന്ന വാര്‍ത്തയും പടര്‍ന്നിരുന്നു. 19 ലക്ഷം പേരാണ് ഈ വിഡിയോ യുട്യൂബില്‍ കണ്ടത്. ഇതേ തുടര്‍ന്ന് ചിലര്‍ 5ജി ടവറുകള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.

ഇത്തരം വാദങ്ങള്‍ പ്രചിരിപ്പിക്കുന്നതും ലഭിക്കുന്നതും ഒറ്റപ്പെട്ടു പോയമനുഷ്യര്‍ക്ക് തങ്ങള്‍ ഒറ്റയ്ക്കല്ലെന്ന തോന്നലുണ്ടാക്കുന്നതായും ഗവേഷകര്‍ പറയുന്നു. നമ്മള്‍, അവര്‍ എന്നീ വേര്‍തിരിവുകള്‍ വര്‍ധിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടത്രെ. വിദേശികളും ന്യൂനപക്ഷങ്ങളും ലോകമെമ്പാടും ഇതിന്റെ ഇരകളാകാനുള്ള സാധ്യതയും ഉണ്ടത്രെ. ഇത്തരം സ്വാസ്ഥ്യങ്ങള്‍ക്കൊക്കെ ചെറിയ സമയത്തെ ആശ്വാസം മാത്രമാണ് കൊണ്ടുവരാനാകുക എന്നും അഭിപ്രായമുണ്ട്. സമയം കഴിയും തോറും ഭീതിയും ആരും സഹായിക്കാനില്ലെന്ന തോന്നലും വര്‍ധിപ്പിക്കാനാകും ഇത്തരം നീക്കങ്ങള്‍ ഉതകുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com