ADVERTISEMENT

കൂടിയ തോതില്‍ അന്തരീക്ഷമലിനീകരണമുള്ള പ്രദേശങ്ങളില്‍ കോവിഡ് മരണ നിരക്കും കൂടുതലാണെന്ന് പഠനം. ഹാര്‍വാഡ് സര്‍വ്വകലാശാലയിലേയും ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലേയും ഗവേഷകര്‍ അമേരിക്കയിലെ 3080 കൗണ്ടികളിലായി നടത്തിയ പഠനമാണ് ഈ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. വായുമലിനീകരണം രൂക്ഷമായ ഇന്ത്യയിലെ ഡല്‍ഹി അടക്കമുള്ള പ്രദേശങ്ങള്‍ക്ക് മുന്നറിയിപ്പ് കൂടിയാണ് ഈ പഠനഫലം. എന്നാൽ കേരളത്തിലെ അന്തരീക്ഷം ഏറെ ശുദ്ധവുമാണ്.

 

വായുമലിനീകരണത്തിന്റെ തോത് കണക്കാക്കാന്‍ ഉഫയോഗിക്കുന്ന പിഎം 2.5 (പര്‍ട്ടിക്കുലേറ്റ് മാസ്റ്റേഴ്‌സ് 2.5) ആണ് പ്രധാന വില്ലന്‍. മുടിനാരിന്റെ വ്യാസത്തിന്റെ മൂന്നു ശതമാനം മാത്രം വലുപ്പമുള്ള ഈ സൂഷ്മ പൊടിപടലങ്ങള്‍ മനുഷ്യരില്‍ വ്യാപകമായി ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

 

ദീര്‍ഘകാലം മലിനീകരണമുള്ള വായു ശ്വസിച്ചവരിലാണ് കോവിഡ് 19 കൂടുതല്‍ ഗുരുതരമാകുന്നത്. മലിനമായ വായു ശ്വസിച്ചവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് 15 ശതമാനം മരണ നിരക്ക് കൂടുതലായിട്ടാണ് പഠനം കണ്ടെത്തിയത്. ശ്വാസകോശ അണുബാധ ഇവരില്‍ കൂടുതല്‍ രൂക്ഷമാകുന്നതാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നത്. വാഹനപ്പെരുപ്പം, നിര്‍മ്മാണ പ്രവര്‍ത്തികള്‍, മാലിന്യം കത്തിക്കല്‍, വ്യവസായശാലകളിലെ പുക എന്നിവയാണ് പ്രധാനമായും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത്. 

 

വായുമലിനീകരണം രൂക്ഷമായ ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ കോവിഡ് ദുരന്തമാകുമോ എന്ന ആശങ്കയാണ് മാധ്യമപ്രവര്‍ത്തകയും 'Choked: Life and Breath in the Age of Air Pollution' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ബെത്ത് ഗാര്‍ഡിനര്‍ പങ്കുവെക്കുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത് കുറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. 

 

കേരളത്തിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മാര്‍ച്ച് എട്ടിനെ അപേക്ഷിച്ച് ഏപ്രില്‍ എട്ടിന് 35 മുതല്‍ 40 ശതമാനം വരെ വര്‍ധിച്ചെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചത്. ബോര്‍ഡ് നിരീക്ഷണം നടത്തുന്ന കേരളത്തിലെ എട്ട് പ്രധാനകേന്ദ്രങ്ങളിലും മലികരണം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ എട്ടിന്റെ വായു ഗുണനിലവാര സൂചികയില്‍ കൊച്ചിയും കോഴിക്കോടും മികച്ചനിലവാരത്തിൽ എത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം കൊച്ചി ഇടത്തരം നിലവാരത്തിലായിരുന്നു. കോഴിക്കോട് തൃപ്തികരവും. ഏലൂരും എറണാകുളവും തിരുവനന്തപുരവും കൊല്ലവും മാര്‍ച്ച് എട്ടിനും ഏപ്രില്‍ എട്ടിനും തൃപ്തികരമായി തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com