ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. അമേരിക്ക ഉൾപ്പടെയുളള രാജ്യങ്ങളിൽ ദിവസവും ആയിരക്കണക്കിന് പേരാണ് മരിക്കുന്നത്. അമേരിക്കയിൽ ഒരു ദിവസം മാത്രം 2000 പേരാണ് മരിച്ചത്. ഇവിടത്തെ കൊറോണാവൈറസ് ടെസ്റ്റിങ് പൂര്‍ണ്ണ സജ്ജമായിട്ടില്ലാത്തിതിനാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഒഴിവാക്കാനാവില്ലെന്നാണ് അധികൃതർ അറിയിച്ചത്. അമേരിക്കയില്‍ രോഗമെത്തി രണ്ടര മാസം കഴിഞ്ഞിട്ടും സംശയമുള്ളവരെ മുഴുവന്‍ ടെസ്റ്റു ചെയ്യാനോ, ഇവരുടെ നീക്കങ്ങള്‍ പിന്തുടരാനോ ആയിട്ടില്ല. ഇതു നടപ്പില്‍ വരുത്തിയാല്‍ മാത്രമായിരിക്കും സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഓഴിവാക്കാനാകുക എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിന് ആദ്യം ചെയ്യേണ്ടത് സംശയമുള്ളവരെ മുഴുവന്‍ ടെസ്റ്റ് ചെയ്യുക എന്നതാണ്.

 

അമേരിക്കക്കാര്‍ മുഴുവന്‍ വീട്ടിലിരുന്നാല്‍ സമ്പദ്‌വ്യവസ്ഥ തകരുമെന്നതാണ് ഇവരുടെ ഭീതി. അമേരിക്കിയിലെ ഇടതു താത്പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസും (സിഎപി), വലതുപക്ഷ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സംഘടനയായ അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടും (എഇഐ) ഇപ്പോള്‍ സർക്കാരിനോട് ആവശ്യപ്പെടുന്നത് ടെസ്റ്റുകള്‍ കൂടുതല്‍ വ്യാപകമാക്കാനാണ്. ഇതിലൂടെ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് രോഗികളെ കണ്ടെത്താനും, പിന്നീട് അവരെ പിന്തുടര്‍ന്ന് രോഗം അവരിൽ നിന്ന് മറ്റുള്ളവര്‍ക്ക് പകരുന്നില്ലെന്ന് ഉറപ്പാക്കാനുമാണ്. അങ്ങനെ ചെയ്യാനായാല്‍, സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ എന്ന ആശയത്തിലേക്ക് പോകേണ്ടിവരില്ല എന്നാണ് അവരുടെ വാദം.

 

ഇപ്പോൾ പിടിച്ചിരിക്കുന്ന ‘കൊറോണ തീ’ കണ്ടെത്തി അണച്ചു തുടങ്ങണമെന്നും അല്ലെങ്കില്‍ അത് കാട്ടുതീ പോല പടരാമെന്നുമാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ജെഫ്രി മാര്‍ട്ടിന്‍ പറയുന്നത്. അമേരിക്കയില്‍ ഈ അടുത്ത ദിവസങ്ങളില്‍ ടെസ്റ്റിങ് കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്. പതിനായിരക്കണക്കിന് പേരെ അവരിപ്പോള്‍ ടെസ്റ്റിങിനു വിധേയരാക്കുന്നു. എന്നാല്‍, അതും പോരെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാദം. ദക്ഷിണ കൊറിയ നടത്തിയ ടെസ്റ്റിങ്ങിന്റെ നിരക്കു വച്ചു നോക്കിയാല്‍, അമേരിക്ക ഏകദേശം 74 ശതമാനം ടെസ്റ്റിങ് മാത്രമാണ് നടത്തിയിരിക്കുന്നത്. ടെസ്റ്റിങ്ങിന്റെ കാര്യത്തില്‍ ജര്‍മ്മനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളെക്കാളും പിന്നിലാണ് അമേരിക്ക.

 

സാര്‍സ്-കോവ്-2 കൊറോണാവൈറസ് മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ തുടക്കത്തില്‍ പരിശോധിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഒരാള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടാല്‍ അയാളുടെ ടെസ്റ്റിങ് നടന്നേക്കാം. എന്നാല്‍, ഒരാള്‍ ഔട്ട് പേഷ്യന്റാണെങ്കില്‍ ടെസ്റ്റ് നടത്താനുള്ള സാധ്യത താരതമ്യേന കുറവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇനി ടെസ്റ്റ് നടന്നാല്‍ പോലും അതിന്റെ റിസള്‍ട്ട് കിട്ടാന്‍ കാലതമാമസമെടുക്കുന്നു എന്നതും മറ്റൊരു പ്രധാന പ്രശ്‌നമാണെന്നു പറയുന്നു. ഈ പ്രശ്‌നങ്ങള്‍ തുടർന്നാൽ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ തുറക്കാന്‍ കാലതാമസമെടുക്കും.

 

ടെസ്റ്റിങ്ങിലൂടെ മാത്രമാണ് അധികാരികള്‍ക്ക് രോഗബാധയേറ്റവരെ സമൂഹത്തില്‍ നിന്ന് അകറ്റാനാകൂ. അതിനു ശേഷം അവര്‍ സമ്പര്‍ക്കത്തില്‍ വന്നവരെയെല്ലാം കണ്ടെത്തി ക്വാറന്റീന്‍ ചെയ്യണം. ഇതു നടക്കാത്തിടത്തോളം കാലം സോഷ്യല്‍ ഡിസ്റ്റന്‍സിങ് തുടരേണ്ടിവരുമെന്നാണ് പറയുന്നത്. അങ്ങനെ വന്നാല്‍ അത് സമ്പദ്‌വ്യവസസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നതു കൂടാതെ, രോഗത്തിന്റെ വ്യാപനം വര്‍ധിച്ച് ദശലക്ഷക്കണക്കിനാളുകള്‍ മരിക്കുക പോലും ചെയ്‌തേക്കാം. സാഹചര്യത്തില്‍ എത്ര മാറ്റം വന്നുവെന്ന തോന്നലുണ്ടാക്കിയാലും അമേരിക്കയ്ക്ക് ഒരുപാടു കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട് എന്നാണ് ഉയരുന്ന വാദം.

 

സംശയമുള്ളവരെ മുഴുവന്‍ ടെസ്റ്റ് നടത്തിയ ശേഷം സമൂഹത്തിലേക്കു കടന്ന് സംശയമില്ലാത്തവരെ പോലും ടെസ്റ്റു ചെയതു തുടങ്ങണം. വീടുകളിലെത്തി മുഴുവന്‍ അംഗങ്ങളെയും ടെസ്റ്റു ചെയ്യണം. ഇതിലൂടെ പബ്ലിക് ഹെല്‍ത് വര്‍ക്കര്‍മാര്‍ക്ക് രോഗം പടരുന്ന വഴികള്‍ കണ്ടെത്തി തടയാനാകുമെന്നാണ് മറ്റൊരു വാദം. ഓരോ വ്യക്തിയേയും ടെസ്റ്റു ചെയ്യുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്ന്. വേണ്ടത്ര സജ്ജീകരണങ്ങള്‍ ഇല്ലാതിരിക്കുക വഴി, അമേരിക്ക ഒരു മാസം നഷ്ടപ്പെടുത്തുകയായിരുന്നു എന്ന് ആരോപിക്കുന്നവരും ഉണ്ട്. ഇത് സർക്കാരിന്റെ പരാജയമാണെന്നാണ് വാദം. ഇത് അമേരിക്ക ഒരു മഹാവ്യാധിയ്ക്കു വേണ്ടി ഒട്ടും ഒരുങ്ങിയിരുന്നില്ല എന്നും കാണിക്കുന്നു. എന്നാല്‍, അടുത്ത ദിവസങ്ങളില്‍ കഥ മാറിത്തുടങ്ങി. ഇപ്പോള്‍ അമേരിക്കയില്‍ ഏകദേശം 150,000 ടെസ്റ്റുകളാണ് നടത്തുന്നത്. മാര്‍ച്ചിന്റെ തുടക്കത്തില്‍ നൂറുകണക്കിനു ടെസ്റ്റുകള്‍ മാത്രമാണ് നടത്തിയിരുന്നതെന്നും കാണാം. എന്നാല്‍, കാര്യങ്ങള്‍ അതിവേഗം പുരോഗമിച്ചു. മാര്‍ച്ച് അവസാനമാകുമ്പോഴേക്ക് ദിവസം 130,000 ടെസ്റ്റുകള്‍ നടത്താനായി. എന്നാല്‍, ദിവസം 500,000 ടെസ്റ്റ് എന്ന രീതിയിലേക്ക് എത്താനാകണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മറ്റൊരു മാറ്റമുള്ള കാര്യം ടെസ്റ്റിന്റെ റിസള്‍ട്ട് വരാനുള്ള കാലതാമസവും കുറഞ്ഞിരിക്കുന്നു എന്നതാണ്.

 

ടെസ്റ്റിങ് വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിന്റെ തീവ്രത വര്‍ധിപ്പിക്കണം. അപ്പോള്‍ മാത്രമേ രോഗനിരക്കു കുറയൂ. ഘട്ടംഘട്ടമായി മാത്രമായിരിക്കണം സോഷ്യല്‍ ഡിസ്റ്റന്‍സിങ് എടുത്തു കളയേണ്ടത്. വാക്‌സിന്‍ എത്തുമ്പോള്‍ എല്ലാം പഴയനില പ്രാപിക്കും. എന്നാല്‍, ദക്ഷിണ കൊറിയ, തയ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൊറോണാവൈറസ് തിരിച്ചുവരുന്നു എന്നത് ഭീതിപരത്തുന്ന കാര്യമാണെന്നും വിലയിരുത്തലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com