ADVERTISEMENT

നിലവാരമില്ലാത്ത ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും കയറ്റി അയച്ച രണ്ട് കമ്പനികള്‍ക്ക് ചൈനീസ് സര്‍ക്കാരിന്റെ നിരോധനം. ഷെന്‍സെന്‍ ആസ്ഥാനമായുള്ള ഐബോഡ ടെക്‌നോളജിക്കും ബെയ്ജിങ് ആസ്ഥാനമായുള്ള ടസ് ഡാറ്റ അസ്റ്റിനുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവാരമില്ലാത്ത വസ്തുക്കള്‍ കയറ്റി അയച്ച് രാജ്യത്തിന്റെ സല്‍പേരിന് കളങ്കം വരുത്തിയെന്ന കുറ്റത്തിനാണ് നടപടി.

 

പല ലോകരാജ്യങ്ങളും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മാസ്‌കുകളും കോവിഡ് പരിശോധനാ കിറ്റുകളും അടക്കമുള്ള ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ക്ക് നിലവാരമില്ലെന്ന് കാണിച്ച് തിരിച്ചയച്ചിരുന്നു. ലോകവിപണിയില്‍ ചൈനയുടെ മോശം പ്രതിച്ഛായ മാറ്റുകയെന്ന ലക്ഷ്യത്തിലാണ് നടപടി. കോവിഡ് വിപണി ലക്ഷ്യം വെച്ച് ആഴ്ച്ചകള്‍ക്ക് മുൻപ് മാത്രം മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേക്ക് മാറിയ ചെറുകിട കമ്പനികള്‍ക്കാണ് നിരോധനം വന്നിരിക്കുന്നത്. 

 

15 പേര്‍ മാത്രമാണ് ഐബോഡ കമ്പനിയില്‍ തൊഴിലെടുക്കുന്നത്. നേരത്തെ ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, ലൗഡ് സ്പീക്കര്‍ എന്നീ ഇലക്ട്രോണിക് സാധനങ്ങളാണ് കമ്പനി നിര്‍മ്മിച്ചിരുന്നത്. ഫെബ്രുവരിയിലാണ് മാസ്‌ക്, അണുനാശിനികള്‍, സുരക്ഷാ കവചങ്ങള്‍, ഗ്ലൗസ്, തെര്‍മോ മീറ്റര്‍ തുടങ്ങിയവയുടെ നിര്‍മ്മാണം ഐബോഡ ആരംഭിച്ചത്. അതേസമയം തങ്ങള്‍ മാസ്‌ക് മാത്രമാണ് വിറ്റിരുന്നതെന്നാണ് കമ്പനിയുടെ വക്താവ് പ്രതികരിച്ചത്. ഈ കമ്പനികളുടെ ഏതെല്ലാം ഉൽപ്പന്നങ്ങളാണ് നിലവാരമില്ലാത്തതിന്റെ പേരില്‍ നടപടി നേരിടുന്നതെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുമില്ല. 

 

ചൈനയില്‍ നൂറ് കണക്കിന് കമ്പനികളാണ് കോവിഡ് വ്യാപനം ശക്തമായതോടെ ഒറ്റരാത്രിയില്‍ മെഡിക്കല്‍ ഉപകരണങ്ങളും സുരക്ഷാ വസ്തുക്കളും നിര്‍മ്മിക്കുന്ന രംഗത്തേക്ക് മാറിയത്. നികുതി ഇളവുകളും, സബ്‌സിഡിയും, പലിശയില്ലാ വായ്പയുമായി ചൈനീസ് സര്‍ക്കാരും ഈ മാറ്റത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. കോവിഡ് തുടങ്ങുന്നതിന് മുൻപ് 20 ദശലക്ഷം മാസ്‌കുകളാണ് ചൈനയില്‍ ഒരു ദിവസം നിര്‍മ്മിച്ചിരുന്നതെങ്കില്‍ ഫെബ്രുവരിയില്‍ 116 ദശലക്ഷം മാസ്‌കുകളാണ് പ്രതിദിനം നിര്‍മ്മിച്ചത്. 

നിരോധനം നേരിട്ട രണ്ടാമത്തെ കമ്പനിയായ ടസ് ഡാറ്റ അസറ്റ് സര്‍ക്കാര്‍ പിന്തുണയുള്ള ടസ് ഷെയര്‍ഹോള്‍ഡിംങ്‌സിന് കീഴില്‍വരുന്ന കമ്പനിയാണ്. മാര്‍ച്ച് 23ന് മാത്രമാണ് ഇവര്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേക്ക് കടന്നത്. ഈ കമ്പനിയുടെപ്രതിനിധികള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 

 

മാര്‍ച്ചില്‍ ഡച്ച് സര്‍ക്കാര്‍ ആറ് ലക്ഷത്തോളം മാസ്‌കുകളാണ് നിലവാരമില്ലെന്ന് കണ്ട് തിരിച്ചയച്ചത്. കോവിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് കൃത്യതയില്ലെന്ന് പറഞ്ഞ് സ്‌പെയിന്‍ ചൈനീസ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധന നിര്‍ത്തിയിരുന്നു. തുര്‍ക്കിയും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കോവിഡ് പരിശോധനാ കിറ്റുകള്‍ കാര്യക്ഷമമല്ലെന്ന് പരാതി പറഞ്ഞിരുന്നു. മൂന്ന് ലക്ഷത്തോളം കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്ത ചെക് റിപ്പബ്ലിക്കും 80 ശതമാനം കിറ്റുകളും ശരിക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ചിരുന്നു. എട്ട് ലക്ഷത്തോളം മാസ്‌കുകള്‍ ഇറക്കുമതി ചെയ്ത ഓസ്‌ട്രേലിയയും ചൈനയോട് നിലവാരത്തെക്കുറിച്ച് പരാതി പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com