ADVERTISEMENT

കോവിഡ്-19 വൈറസ് ജീവനുള്ള കോശത്തെ ആക്രമിക്കുന്ന നിമിഷം സീരിസ് ചിത്രങ്ങളായി പിടിച്ചെടുത്തിരിക്കുകയാണ് ഒരു സംഘം ബ്രസിലിയന്‍ ഗവേഷകര്‍. ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ആണ് അവര്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഓസ്‌വാള്‍ഡോ ക്രൂസ് ഫൗണ്ടേഷനിലെ വിദഗ്ധരാണ് ഈ ആശ്ചര്യജനകമായ ചിത്രങ്ങള്‍ പിടിച്ചെടുത്തത്. കൊറോണാവൈറസ് എങ്ങനെയാണ് അതിന്റെ തന്നെ പകര്‍പ്പുണ്ടാക്കുന്നതെന്നും (replicate), പടരുന്നതെന്നും പഠിക്കുന്നതിനിടയിലാണ് അവര്‍ ഈ ചിത്രങ്ങള്‍ എടുത്തത്.

ചിത്രങ്ങളുടെ ഈ ശ്രേണിയില്‍, മരണകാരിയായ വൈറസിന്റെ ഒന്നിലേറെ കണങ്ങള്‍ ഒരു കോശത്തിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതും അകത്തെത്തുന്നതും കാണാം. ഈ രംഗം ചിത്രീകരിക്കാനായി ഗവേഷകര്‍ ഉപയോഗിച്ചത് ഒരു വസ്തുവിനെ 2 ദശലക്ഷം മടങ്ങ് വലുപ്പത്തില്‍ കാണിക്കുന്ന ഉപകരണമാണ്. അങ്ങനെയാണ് അവര്‍ കോശത്തിനകത്ത് നടക്കുന്ന കാര്യങ്ങള്‍ പോലും പകര്‍ത്തിയത്. ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കോവിഡ്–19 ന്റെ കൃത്യമായ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഈ ചിത്രത്തില്‍ കൊറോണാവൈറസ് (ബ്ലോക് ഡോട്ടുകള്‍) കോശത്തിന്റെ ചര്‍മപാളിയിലേക്ക് (membrane) കടക്കാനെത്തുന്നതു കാണാം. ഇതാണ് രോഗബാധയുടെ ആദ്യ ഘട്ടം. ആദ്യ ചിത്രത്തെക്കാള്‍ കൂടുതല്‍ സൂം ചെയ്ത് എടുത്ത രണ്ടാമത്തെ ചിത്രത്തില്‍ വൈറസ് കോശത്തന്റെ ന്യൂക്ലിയസിലേക്ക് പ്രവേശിക്കുന്നതും കാണാം. ഇവിടെയാണ് കോശത്തിന്റെ ജനതിക പദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

മൂന്നാമത്തെ ചിത്രത്തില്‍ വൈറല്‍ കണങ്ങള്‍ (ബ്ലോക് സ്‌പോട്ട്) കോശത്തിന്റെ സൈറ്റോപ്ലാസത്തെ (cytoplasm) ബാധിച്ചിരിക്കുന്നതു കാണാം. ഈ സമയത്ത് കൊറോണാവൈറസ് കോശത്തിലുള്ളിലാകുകയും കോശത്തെ ബാധിക്കുകയും ചെയ്തിരിക്കുകയാണ്. ബ്രസിലിയന്‍ ഗവേഷണ സ്ഥാപനമായ ഫിയോക്രുസ് (Fiocruz) പറയുന്നത് ഈ പഠനത്തിനായി ഉപയോഗിച്ച കോശങ്ങള്‍ മനുഷ്യരില്‍ നിന്ന് എടുത്തതല്ല, മറിച്ച് ആഫ്രിക്കന്‍ ഗ്രീന്‍ മങ്കിയില്‍ നിന്ന് എടുത്തതാണ് എന്നാണ്. സുഡാനിലും എത്യോപ്യയിലും കാണപ്പെടുന്ന ആള്‍ക്കുരങ്ങാണിത് (primate). പല ലാബ് പഠനങ്ങളിലും ഇവയെ ഉപയോഗിക്കാറുണ്ടെന്ന് ഫിയോക്രുസ് വെളിപ്പെടുത്തി. ഇവര്‍ ചിത്രീകരിച്ച പടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോവിഡ്-19 കോശത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന സമയത്തേതാണെന്നു പറയുന്നു. മറ്റൊരു ചിത്രത്തില്‍ വൈറസിന്റെ ഒന്നിലേറെ കണികകള്‍ കോശത്തിന്റെ സൈറ്റോപ്ലാസത്തെ ദുഷിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. മറ്റോരു ചിത്രത്തില്‍ കോശത്തില്‍ വൈറസ് എത്തിയ സ്ഥിതി കാണിക്കുന്നു. ഇതാണ് ഒരു മനുഷ്യന്റെ കോശത്തിന് കോറോണാവൈറസ് ബാധിക്കുന്ന സമയത്ത് സംഭവിക്കുന്നത്.

ഒരു കൊറോണാവൈറസ് രോഗിയുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും വേര്‍തിരിച്ചെടുത്ത വൈറസ് ഉപയോഗിച്ചാണ് ഈ ടെസ്റ്റ് നടത്തിയതെന്ന് ഗവേഷകര്‍ പറഞ്ഞു. രോഗം ബാധിച്ച കോശങ്ങള്‍ ഒരു ലാബില്‍ എത്തിച്ച് ഒരു ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിന്റെ കീഴില്‍ വച്ചു പരിശോധിക്കുകയായിരുന്നു. ഇവിടെ വച്ചാണ് കോവിഡ്-19 ബാധിക്കുന്ന നിമിഷം ചിത്രീകരിക്കുന്നത്. ചിത്രങ്ങളിലെ കറുത്ത കലകളാണ് സാര്‍സ്-കോവ്-2 വൈറസ്. ലോകമെമ്പാടുമുള്ള ഗവേഷകര്‍ ഈ വൈറസിനെക്കുറിച്ച് സൂക്ഷ്മമായ കാര്യങ്ങള്‍ പോലും മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. അതിലൂടെ മാത്രമേ, വൈറസിനെ കീഴടക്കാനും ഇല്ലായ്മ ചെയ്യാനും സാധിക്കൂ.

നിലവില്‍ ഇതിന് മരുന്നോ, വാക്‌സിനോ ഇല്ല. ഈ വൈറസ് ചൈനയിലെ വുഹാനില്‍ നിന്നാണ് മനുഷ്യരില്‍ പ്രവേശിച്ചതെന്നാണ് കരുതുന്നത്. പരിപൂര്‍ണ്ണമായും പുതിയ വൈറസ് ആയതിനാല്‍ ഇതിനെക്കുറിച്ച് ലഭിക്കാവുന്ന എല്ലാ വിവരവും ശേഖരിക്കുക എന്നതിനാണ് ശാസ്ത്രജ്ഞര്‍ പ്രാധാന്യം നല്‍കുന്നത്. ഇതെല്ലാം വാക്‌സിന്‍ നിര്‍മ്മാണത്തില്‍ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.

ഈ മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിനു മുൻപ് ഒരിക്കല്‍ പോലും മനുഷ്യരുടെ ശ്രദ്ധയില്‍ വരാത്ത ഒരു വൈറസാണിത്. ഇതിന് സാര്‍സ്-കോവ്-2 എന്ന പേരാണ് ഇന്റര്‍നാഷണല്‍ കമ്മറ്റി ഓണ്‍ ടാക്‌സോണോമി ഓഫ് വൈറസസ് നല്‍കിയിരിക്കുന്നത്. മുഴുവന്‍ പേര് 'സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രം കൊറോണാവൈറസ് 2' എന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com