ADVERTISEMENT

കൊറോണ വൈറസ് സെപ്റ്റംബര്‍ മുതല്‍ തന്നെ മനുഷ്യരിലെത്തി വ്യാപിച്ചിരിക്കാമെന്ന് ഗവേഷകര്‍. കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തിന് തെക്ക് ഭാഗത്ത് എവിടെയോ നിന്നായിരിക്കാം കൊറോണ വൈറസ് മനുഷ്യരിലേക്ക് ആദ്യം പകര്‍ന്നതെന്നാണ് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകരുടെ നിഗമനം. സെപ്റ്റംബര്‍ 13 മുതല്‍ ഡിസംബര്‍ ഏഴ് വരെയുള്ള കാലയളവില്‍ വൈറസ് മനുഷ്യരിലെത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ആദ്യം കോവിഡ്–19 ബാധിച്ച വ്യക്തിയെ ഗവേഷകര്‍ അന്വേഷിക്കുന്നുണ്ട്. 

 

മനുഷ്യരിലേക്ക് പകരുന്ന രൂപത്തിലേക്ക് വിചാരിച്ചതിനേക്കാളും നേരത്തെ വൈറസ് എത്തിയിരുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം. വവ്വാലിലോ മറ്റു മൃഗങ്ങളിലോ മനുഷ്യരില്‍ തന്നെയോ ഈ വൈറസ് മാസങ്ങളോളം കഴിഞ്ഞിരിക്കാം. നിരവധി ജനിതക മാറ്റങ്ങള്‍ക്കൊടുവില്‍ സെപ്തംബര്‍ 13നും ഡിസംബര്‍ ഏഴിനും ഇടക്കുള്ള ഏതോ ദിവസങ്ങളില്‍ ഇവ മനുഷ്യരിലേക്ക് പകര്‍ന്നു തുടങ്ങിയിരിക്കാമെന്നാണ് പ്രൊസീഡിംങ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 

 

വൈറസുകളുടെ ലോകമെങ്ങുമുള്ള വ്യാപനം കണക്കുകൂട്ടാന്‍ ഉപയോഗിക്കുന്ന ഫൈലോജെനറ്റിക് നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചാണ് കോവിഡ് വൈറസിന്റെ വ്യത്യസ്ഥ ജനിതക കൈവഴികളെക്കുറിച്ച് പഠനം നടത്തിയത്. ഇതുപയോഗിച്ച് ആദ്യത്തെ കോവിഡ് രോഗിയെ കണ്ടെത്താനായിരുന്നു ഗവേഷകരുടെ ശ്രമം. ഇപ്പോഴും ആദ്യ കോവിഡ് രോഗിയെ കണ്ടെത്തുന്നതില്‍ ഗവേഷകര്‍ വിജയിച്ചിട്ടില്ല. ഡിസംബറില്‍ ആദ്യം കോവിഡ് വൈറസ് റിപ്പോര്‍ട്ടുചെയ്യപ്പെട്ട വുഹാനില്‍ നിന്നും തെക്കുമാറി വൈറസിന്റെ വ്യാപനം നടന്നിട്ടുണ്ടെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. 

 

ഇതേ ഗവേഷണസംഘം ഈമാസമാദ്യം പ്രസിദ്ധീകരിച്ചിരുന്ന മറ്റൊരു പഠന ഫലം വിവാദമായിരുന്നു. അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും ശേഖരിച്ച കോവിഡ് വൈറസുകള്‍ കിഴക്കന്‍ ഏഷ്യയിലെ കോവിഡ് വൈറസിനേക്കാള്‍ ജനിതകപരമായി കൂടുതല്‍ വവ്വാലുകളോട് ചേര്‍ച്ചയുള്ളതാണെന്നായിരുന്നു കണ്ടെത്തല്‍. കോവിഡ് രോഗം പരത്തുന്ന സാർസ്-CoV-2 വൈറസുകള്‍ക്ക് വവ്വാലുകളില്‍ കണ്ടുവരുന്ന കൊറോണ വൈറസുകളോട് 96 ശതമാനം ജനിതക സാമ്യമുണ്ട്. വവ്വാലുകളില്‍ കണ്ടുവരുന്ന വൈറസും മനുഷ്യരിലെ കോവിഡ് വൈറസും തമ്മില്‍ നൂറുകണക്കിന് ജനിതക വ്യത്യാസങ്ങളുടെ അകലമുണ്ട്.

സാധാരണ കൊറോണ വൈറസുകള്‍ക്ക് മാസത്തില്‍ ഒരുതവണയെങ്കിലും ജനിതകപരമായ മാറ്റം സംഭവിക്കും. വവ്വാലില്‍ നിന്നും മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ മുൻപ് മറ്റേതെങ്കിലും മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ കൊറോണ വൈറസ് പകര്‍ന്നുവെന്നാണ് കരുതപ്പെടുന്നത്. പിന്നീട് അനുകൂലമായ സാഹചര്യത്തില്‍ കോവിഡ് വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നു തുടങ്ങിയെന്നുമാണ് കരുതപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com