ADVERTISEMENT

കോവിഡിന്റെ ആഘാതമേറ്റ ഫ്രാൻസിൽ നിന്ന് അതിജീവനത്തിന്റെ സന്ദേശമുയർത്തി അവരുടെ നാഷണൽ ഓർക്കസ്ട്രയിലെ 51 - ഗായകർ മൗറിസ് റാവേലിന്റെ ബൊലീറോ അവരുടെ വീടുകളിൽ ഇരുന്ന് പാടുന്നു. ലോകം കേൾക്കുന്നു. റോട്ടർഡാമിലെഫിൽ ഹാർമോണിക് ഓർക്കസ്ട്രയിലെ 18 ഗായകർ പാടിയ സൗഖ്യ ഗാനം ലോകം ചെവിയോർക്കുന്നു. ഇതാ ഈ കൊച്ചു കേരളത്തിൽ നിന്ന് കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ 22 ചലച്ചിത്ര പിന്നണി ഗായകർ ' ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ' എന്നു പാടുന്നു. ലക്ഷങ്ങൾ ഭാഷാ ഭേദമില്ലാതെ കാതോർക്കുന്നു. അപരന്റെ സംഗീതം നമുക്കിത്രമാത്രം സുപരിചിതമാകുന്നതെങ്ങനെ? ശാസ്ത്രം പറയട്ടെ...

മാനവരാശിയുടെ സാർവ്വജനീനമായ ഭാഷയാണ് സംഗീതമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. ലോകം മുഴുവൻ പല ഭാഷകളിലും വൈവിധ്യമാർന്ന വംശങ്ങളിലും പാടി നടക്കുന്ന പാട്ടുകളെല്ലാം മനുഷ്യന്റെ  പൊതുവായ പെരുമാറ്റക്രമങ്ങളെയാണ് പ്രദർശിപ്പിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടു നടന്ന ലോകത്തെ ആദ്യത്തെതെന്നു വിശേഷിപ്പിക്കാവുന്ന പഠനം വെളിപ്പെടുത്തുന്നു. മാത്രമല്ല ലോകത്തെവിടെയായാലും പൊതുവായ സ്വഭാവ, മാനസിക ഘടകങ്ങളാലാണ് മനുഷ്യസംസ്ക്കാരം  നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്നും പ്രസ്തുത പഠനം പറയുന്നുണ്ട്. പ്രസിദ്ധമായ സയൻസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്.

ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള വ്യത്യസ്തമായ വംശീയതകളിൽ സൃഷ്ടിക്കപ്പെട്ട പലതരം സംഗീത രൂപങ്ങൾ തമ്മിലുള്ള അടുപ്പവും അകലവും പഠിക്കാൻ ശ്രമിച്ച ആദ്യത്തെ സമഗ്ര ശാസ്ത്രീയ അപഗ്രഥനമാണ് ഈ പഠനത്തിലുള്ളത്.

അമേരിക്കയിലെ ഹാർവഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ്  ഗവേഷണത്തിന്റെ അമരക്കാരായി പ്രവർത്തിച്ചത്. ലോകമെമ്പാടുമുള്ള മുന്നൂറിലധികം സമൂഹങ്ങളളുടെ വംശീയ സംഗീതപഠനത്തിനായി ഏകദേശം ഒരു നൂറ്റാണ്ടിലധികം കാലമായി നടന്ന ഗവേഷണങ്ങൾ പരിശോധിക്കപ്പെട്ടു. ഓരോ സമൂഹത്തിന്റെയും തനതായ സംഗീതത്തിന്റെ ചരിത്ര, സംസ്ക്കാര പശ്ചാത്തലങ്ങൾ വിശകലനം ചെയ്യപ്പെട്ടു. ഇതിനായി ലൈബ്രറികളിലെ നൂറു കണക്കിന് സംഗീത ശബ്ദലേഖനങ്ങളും സ്വകാര്യ സംഗീത ശേഖരങ്ങളും ശേഖരിക്കുവാൻ പഠിതാക്കൾ ശ്രമിച്ചു. തൽഫലമായി ഭൂഗോളത്തിലെ 30 വ്യതിരിക്തമായ ഭൂമിശാസ്ത്രമേഖലകളിൽ നിന്നുള്ള അറുപതോളം സംസ്ക്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 5000 ത്തിലധികം ഗാനശകലങ്ങൾ സൂക്ഷ്മമപരിശോധയ്ക്ക് വിധേയമാക്കാൻ അവർക്ക് കഴിഞ്ഞു. ഇങ്ങനെ ലഭിച്ച പാട്ടുകളുടെ വിവരണത്തെ നാലു വ്യത്യസ്ത വഴികളിലൂടെ അവർ വിശകലനം ചെയ്യുകയാണുണ്ടായത്.

പ്രണയവും വിലാപവും നമ്മെ പാട്ടുകാരാക്കി

ലോകത്തെവിടെയും മനുഷ്യന്റെ കഥ ഒന്നുപോലെയാണെന്ന സിനിമാ ഡയലോഗു പോലെ, ഏതു സമൂഹത്തിലും സംഗീതമുണ്ടാകുന്നത് വ്യക്തിഗതമോ സാമൂഹ്യമോ ആയ ചില പെരുമാറ്റങ്ങൾ. സാഹചര്യങ്ങൾ, സംഭവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് എന്ന് പഠനത്തിൽ വ്യക്തമായി. കുഞ്ഞുങ്ങളുടെ സ്‌നേഹ പരിപാലനം, ശാരീരിക മാനസിക സൗഖ്യം അല്ലെകിൽ രോഗശമനം, നൃത്തം, പ്രണയം, വിലാപം, യുദ്ധം എന്നിങ്ങനെയുള്ള മാനസിക ശാരീരികാവസ്ഥകളാണ് സംഗീതസൃഷ്ടിയുടെ പ്രസവവേദനയൊരുക്കുന്നത്. ലോകത്തിലെ ഏതു ഭാഗത്തും ഏതു സംസ്ക്കാരത്തിലും വർഗത്തിലും ഇക്കാര്യത്തിൽ വലിയ വ്യത്യാസം കണ്ടെത്താൻ പ്രസ്തുത പഠനത്തിൽ കഴിഞ്ഞില്ല. താരാട്ടുപാട്ടുകളും, സൗഖ്യ ഗീതങ്ങളും, നൃത്ത സംഗീതവും  പ്രണയഗാനങ്ങളുമൊക്കെ പരിശോധിച്ചപ്പോഴും അവർ കണ്ടെത്തിയത് ഒരേ വികാരങ്ങൾ പങ്കുവെയ്ക്കുന്ന ഗാനങ്ങളുടെ പൊതുവായ സവിശേഷതകൾ ഉണ്ടെന്നു തന്നെയാണ്. താരാട്ടുപാട്ടുകളും നൃത്ത ഗാനങ്ങളും സർവവ്യാപിയായിരുന്നു, മാത്രമല്ല പലപ്പോഴും ഒരേ തരവുമായിരുന്നു. സ്ഥലകാല ഭേദമില്ലാത്ത മാനുഷിക വികാരങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന സംഗീതവും വ്യാകരണങ്ങൾ ഭേദിച്ച് ലോകമെമ്പാടും പാടി നടക്കപ്പെടുന്നതിന്റെ കാരണവും മനുഷ്യന്റെ പൊതു സ്വഭാവം കാരണമാണത്രേ.. മനുഷ്യന്റെ തലച്ചോറിലെ ശ്രാവ്യ കേന്ദ്രത്തിന് പ്രാപഞ്ചികമായി ഏകേദേശം ഒരേ വികാര രൂപമായതിനാൽ സംഗീതാസ്വാദന രീതികൾക്കും കാലദേശ സംസ്ക്കാരങ്ങൾ തമ്മിൽ സാമ്യമുണ്ടെന്ന് സമകാലികമായ മറ്റു പഠനങ്ങളും പറയുന്നുണ്ട്. മരുന്നുകൾക്കൊപ്പം ചികിൽസയെ സഹായിക്കാൻ ദേശഭാഷാഭേദമില്ലാതെ സംഗീതത്തെ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് മ്യൂസിക് തെറാപ്പിയിൽ നടക്കുന്ന ഗവേഷണങ്ങളും പറയുന്നത്

 

ആൾക്കുരങ്ങിന്റെ സംഗീതപാരമ്പര്യം?

 

സംഗീതത്തിന്റെ സാർവ്വലൗകികവും സാർവജനീനവുമായ പൊതുസ്വഭാവത്തിന് കാരണമെന്താണെന്ന ചോദ്യത്തിന് ഒരു തരത്തിലുള്ള ഉത്തരം മേൽപറഞ്ഞ പഠനം നൽകുന്നുണ്ട്. ലോകമെമ്പാടുമുള്ള സംഗീതം ഉപയോഗിക്കുന്ന അടിസ്ഥാന സ്വരസ്ഥാനങ്ങളും താളവും പോലും ഒന്നാണ്. പരിണാമത്തിന്റെ ഏതു വഴിവക്കിലാണ് സംഗീതം നമ്മളെ കാത്തിരുന്നത്? എവിടെ , എന്നാണ് സംഗീതം നമ്മിൽ ജനിച്ചു വീണത്? മനുഷ്യനും സംഗീതവുമായുള്ള ജൈവ ബന്ധത്തേക്കുറിച്ച് പഠിക്കുന്ന 'biomusicality' എന്ന പഠനശാഖ 1990-കൾ മുതൽ സജീവമാണ്. സംഗീതത്തിന്റെ പിറവി, സംഗീതത്തെ കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാഗങ്ങൾ, സംഗീതനിർമ്മിതിയുടെ ധർമ്മങ്ങൾ പ്രയോജനങ്ങൾ, മൂല്യം തുടങ്ങി ലോകത്തെ വിവിധ സംസ്ക്കാരങ്ങളിലെ സംഗീതത്തിലെ പൊതു ലക്ഷണങ്ങൾ എന്നിവയൊക്കെ ഈ മേഖല പഠനവിധേയമാക്കുന്നു. നമ്മുടെ പാരമ്പര്യ സഹോദരങ്ങളായി കരുതപ്പെടുന്ന ആൾക്കുരങ്ങുകളിൽ നിന്ന് കൈമാറിക്കിട്ടിയ സ്വഭാവത്താലാവണം മനുഷ്യൻ ശബ്ദത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ചരിത്രാതീതകാല മനുഷ്യർ കയ്യിൽ കിട്ടുന്ന അനുയോജ്യമായ ഏതു വസ്തുവും പെരുമ്പറയാക്കി മാറ്റി കൊട്ടുമായിരുന്നുവത്രേ. ചരിത്രാതീതകാലത്ത് ഉപയോഗിച്ചിരുന്നതായി കരുതുന്ന ഓടക്കുഴലിന്റെ രൂപമുള്ള ഒരു സംഗീതോപകരണമാണ് പുരാവസ്തു ഗവേഷകർ ആദ്യം കണ്ടെത്തിയത്. കരടിയുടെ പൊള്ളയായ എല്ലിൽ മൂന്നു സുഷിരങ്ങളോടെയുള്ള ഈ വാദ്യോപകരണം സ്ലോ വേനിയയിൽ നിന്നാണ് ലഭിച്ചത്. ചൈനയിലെ ജിയാഹു പ്രവിശ്യയിൽ നിന്ന് കണ്ടെത്തിയ, 7000 - 8000  വർഷം പ്രതിക്ഷിക്കുന്ന കുറച്ച് ഓടക്കുഴലുകളും പര്യവേഷകർക്ക് ലഭ്യമായി. ഒരു ഷെഹനായി പോലെ ലംബമായി പിടിച്ച് വായിച്ച ഗവേഷകർക്ക് നമ്മുടെ പരമ്പരാഗത സംഗീതരൂപങ്ങളെ ഓർമിപ്പിക്കുന്ന ശബ്ദങ്ങളാണത്രേ കേൾക്കാൻ കഴിഞ്ഞത്. സംഗീതം കാലം ഭേദിച്ചെത്തുമ്പോഴും  ലോകവ്യാപകമായ സമാനത പുലർത്തുന്നത് അദ്ഭുതം തോന്നിപ്പിക്കാം.

 

' ലൈഫ്  ഓഫ് പൈ' എന്ന ഇംഗ്ലിഷ് സിനിമയിലെ 'കണ്ണേ കൺമണിയേ' എന്ന താരാട്ടുപാട്ടോർക്കുക. ഇരയിമ്പൻ തമ്പിയുടെ 'ഓമനത്തിങ്കൾ കിടാവോ' എന്ന ഗാനത്തിന്റെ വിവർത്തനം പോലെയുള്ള സാമ്യമാണ് അതിനുള്ളത്. ആ വരികൾക്ക് താരാട്ടിന്റെ തമിഴ് വരികൾക്ക് ഈണം നൽകിയ മൈക്കൽ ദാന്ന എന്ന  കാനഡക്കാരൻ സംഗീതത്തിനുള്ള ഓസ്കർ പുരസ്ക്കാരം നേടി.

drsabingeorge10@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com