ADVERTISEMENT

കൊറോണ വൈറസ് ബാധിച്ച് ആഫ്രിക്കയില്‍ മൂന്ന് ലക്ഷം മുതല്‍ 33 ലക്ഷം വരെ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന് യുഎന്‍ എക്കണോമിക് കമ്മീഷന്‍ ഫോര്‍ ആഫ്രിക്കയുടെ മുന്നറിയിപ്പ്. കോവിഡ് പകരുന്നത് നിയന്ത്രിച്ചില്ലെങ്കില്‍ 120 കോടി ആഫ്രിക്കക്കാരിലേക്ക് വരെ ഈ രോഗം പടരാം. സമ്പര്‍ക്ക വിലക്കും ലോക്ഡൗണും അടക്കമുള്ള മുന്‍കരുതലുകളെടുത്താല്‍ ഇത് 12.2 കോടിയിലേക്ക് കുറക്കാനാകുമെന്നും യുഎന്‍ഇസിഎ പറയുന്നു.

ലണ്ടനിലെ ഇംപീരിയല്‍ കോളജിന്റെ അടക്കമുള്ള കണക്കുകൂട്ടല്‍ മാതൃകകളും ലഭ്യമായ വിവരങ്ങളും ചേര്‍ത്തുവെച്ചാണ് ഇവര്‍ ആഫ്രിക്കയുടെ കോവിഡ് ഭാവി പ്രവചിക്കുന്നത്. ആഫ്രിക്കയിലെ ഗവേഷകര്‍ നടത്തിയ മറ്റൊരു പഠനത്തില്‍ ജൂണ്‍ അവസാനമാകുമ്പോഴേക്കും ഭൂഖണ്ഡത്തിലെ കോവിഡ് രോഗികളുടെ എണ്ണം 1.6 കോടിയാകുമെന്നാണ് മുന്നറിയിപ്പ്. അടുത്ത പത്ത് ആഴ്ചക്കുള്ളില്‍ 20,000 ആഫ്രിക്കക്കാര്‍ക്ക് ജീവഹാനി സംഭവിക്കാനുള്ള സാധ്യത തള്ളി കളയാനാകില്ലെന്നു ഇവര്‍ പറയുന്നു.

കോവിഡ് പടര്‍ന്നുപിടിക്കുന്നതിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുമുണ്ടെന്നും ജൂണ്‍ ആകുമ്പോഴേക്കും കുറഞ്ഞത് 27 ലക്ഷം പേരിലും കൂടിയത് 9.8 കോടി പേരിലും രോഗം സ്ഥിരീകരിക്കാമെന്നാണ് യുഎന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഏതു രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നതിനനുസരിച്ചിരിക്കും രോഗവ്യാപനം. 3,500 മുതല്‍ 1.26 ലക്ഷം പേര്‍ വരെ ജൂണ്‍ 30 ആകുമ്പോഴേക്കും കോവിഡ് ബാധിച്ച് മരിക്കാമെന്നാണ് മുന്നറിയിപ്പ്.

കോവിഡിന്റെ ലോകത്തെ അടുത്ത കേന്ദ്രം ആഫ്രിക്കയാകാമെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞിരുന്നു. ആഫ്രിക്കയില്‍ 1000 പേര്‍ക്ക് 1.8 ആശുപത്രി കിടക്കകളാണുള്ളത്. ഫ്രാന്‍സില്‍ ഇത് 1000 പേര്‍ക്ക് 5.98 ആണ്. 36 ശതമാനം ആഫ്രിക്കക്കാര്‍ക്കും വീടുകളില്‍ തുണി അലക്കാനുള്ള സൗകര്യം പോലുമില്ല. ഇത്തരം അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളും ആഫ്രിക്കയുടെ നില കൂടുതല്‍ ഗുരുതരമാക്കും.

അടുത്ത രണ്ട് മാസങ്ങളില്‍ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെയാകും കോവിഡ് ഗുരുതരമായി ബാധിക്കുകയെന്നും കരുതപ്പെടുന്നു. ആഫ്രിക്കയിലെ ജനസാന്ദ്രത ഏറിയ രാജ്യമായ ജിബൂട്ടിയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് പടരാന്‍ സാധ്യതയെന്നും സൂചനകളുണ്ട്. കിഴക്കന്‍ ആഫ്രിക്കയില്‍ 1000 പേരില്‍ 32.8 പേര്‍ക്കും കോവിഡ് വരാന്‍ സാധ്യതയുണ്ട്. ടുണീഷ്യ, മൊറാക്കോ, അള്‍ജീരിയ, ദക്ഷിണാഫ്രിക്ക, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ അതിവേഗത്തിലാകും രോഗം പകരുക. അള്‍ജീരിയ, മൊറാക്കോ, ദക്ഷിണാഫ്രിക്ക, കോംഗോ, ടുണീഷ്യ എന്നീ അഫ്രിക്കന്‍ രാജ്യങ്ങളിലാകും കൂടുതല്‍ പേര്‍ കോവിഡ് ബാധ മരണമുണ്ടാകാൻ സാധ്യതയെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com