sections
MORE

സൂര്യപ്രകാശം കൊറോണ വൈറസിനെ കൊല്ലുമെന്ന്, റിപ്പോര്‍ട്ട് പുറത്തുവിടാതെ യുഎസ് ഗവേഷകർ

covid19-image-r
SHARE

സൂര്യപ്രകാശവും ഈര്‍പ്പവും കൊറോണാവൈറസിനെ അതിവേഗം നശിപ്പിച്ചേക്കുമെന്ന് അമേരിക്കയുടെ ഹോംലാൻഡ് സുരക്ഷാ ഉദ്യോഗസ്ഥന്‍ വില്ല്യം ബ്രയന്‍. റിപ്പോര്‍ട്ട് ശരിയാണെങ്കിൽ കൊറോണ വൈറസിനെക്കുറിച്ച് നടത്തപ്പെട്ടതില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലാണിത് എന്നാണ് അവകാശവാദം. എന്നാല്‍, ഈ കാരണം പറഞ്ഞ് ആരും എടുത്തുചാടരുതെന്നും മുന്‍കരുതലുകള്‍ ലംഘിക്കരുതെന്നും പറയുന്നു. കാലാവസ്ഥയില്‍ വരുന്ന മാറ്റം അമേരിക്കക്കാര്‍ക്ക് പ്രത്യാശ പകരുമെങ്കില്‍ കേരളത്തിലെ മഴക്കാലം നമ്മളോട് കൂടുതല്‍ കരുതലോടെ ഇരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നു.

ദി ന്യൂ കൊറോണാവൈറസ് എന്നറിയപ്പെടുന്ന കീടാണുവിനുമേല്‍ അള്‍ട്രാവൈലറ്റ് രശ്മികള്‍ക്ക് കാര്യമായ ആഘാതമുണ്ടാക്കാന്‍ കഴിയുമെന്ന് സർക്കാരിനു കീഴിലുള്ള ശാസ്ത്രജ്ഞര്‍ കണ്ടെത്തിയെന്നാണ് അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാൻഡിന്റെ സെക്യൂരിറ്റി സെക്രട്ടറിയായ ബ്രയന്‍ വൈറ്റ് ഹൗസില്‍ വച്ചാണ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. ചുരുക്കി പറഞ്ഞാല്‍, വേനല്‍ക്കാലം എത്തുന്നതോടെ അമേരിക്കയ്ക്ക് രോഗവ്യാപനം കുറഞ്ഞേക്കാമെന്നാണ് ഉദ്യോഗസ്ഥന്റെ അഭിപ്രായം.

തങ്ങളുടെ ഇന്നേവരയുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍, സൂര്യ പ്രകാശം കൊറോണാവൈറസിനെ കൊല്ലുന്നുവെന്നതാണെന്ന് അദ്ദേഹം പറയുന്നു. പ്രതലങ്ങളിലും വായുവിലുമുള്ള അണുക്കളെ സൂര്യപ്രകാശം നശിപ്പിക്കുന്നു. ചൂടും ഈര്‍പ്പവും ഇതേ ആഘാതം വൈറസിനുമേല്‍ സൃഷ്ടിക്കുന്നുവെന്നും തങ്ങള്‍ നിരീക്ഷിച്ചതായി അദ്ദേഹം അറിയിച്ചു. എന്നാല്‍, ഈ കണ്ടെത്തലുകള്‍ അടങ്ങുന്ന പ്രബന്ധം ഇതുവരെ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിട്ടില്ല. അതു പുറത്തുവന്നാല്‍ മാത്രമേ സ്വതന്ത്ര ഗവേഷകര്‍ക്ക് ഈ ശാസ്ത്രജ്ഞര്‍ ഏതെല്ലാം മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് തങ്ങളുടെ കണ്ടെത്തലുകളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നു പരിശോധിച്ച് തങ്ങളുടെ യോജിപ്പോ വിയോജിപ്പോ അറിയിക്കാനാകൂ.

അള്‍ട്രാവൈലറ്റ് രശ്മികള്‍ അന്തകന്‍

അള്‍ട്രാവൈലറ്റ് രശ്മികള്‍ക്ക് വൈറസിനെ നിര്‍വീര്യമാക്കാനുള്ള കഴിവുണ്ടെന്ന കാര്യം കുറച്ചുകാലമായി വിശ്വസിക്കപ്പെട്ടുവരികയായിരുന്നു. റേഡിയേഷന്‍ വൈറസിന്റെ ജനിതക വസ്തുക്കളെ നശിപ്പിക്കുമെന്നും അതിന് സ്വന്തം പകര്‍പ്പുണ്ടാക്കാനുള്ള (replicate) ശേഷിയെ ഇല്ലായ്മ ചെയ്യുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു. എന്നാല്‍, അറിയേണ്ട കാര്യം ഇതിന് എത്ര ശക്തിയുള്ള അള്‍ട്രാവൈലറ്റ് രശ്മികളാണ് വേണ്ടതെന്നും അവയുടെ തരംഗദൈര്‍ഘ്യം എന്താണെന്നതുമാണ്. ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തില്‍ ഉപയോഗിച്ച അള്‍ട്രാവൈലറ്റ് രശ്മികള്‍ക്ക് വേനല്‍ക്കാലത്ത് സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കുന്ന തീക്ഷ്ണത മതിയാകുമോ എന്നതൊക്കെയാണ് അറിയേണ്ടത്.

കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കണം

ഇവര്‍ എങ്ങനെയാണ് ടെസ്റ്റ് നടത്തിയത് എന്നത് അറിയണം. കണ്ടെത്തലുകളില്‍ എത്തിച്ചേര്‍ന്ന വഴികളും പുറത്തുവിടണമെന്ന് ടെക്‌സസ് എആന്‍ഡ്എം യൂണിവേഴ്‌സിറ്റിയിലെ ബെഞ്ചമിന്‍ നൂയിമാന്‍ പറഞ്ഞു. അവരുടെ കണ്ടെത്തലുകളും അവയിലെത്തിച്ചേര്‍ന്ന മാര്‍ഗങ്ങള്‍ തെറ്റാണെന്നല്ല സൂചിപ്പിക്കുന്നത്. മറിച്ച് വൈറസുകളെ എണ്ണാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്. ഇത് ഏതു സ്വഭാവത്തെയാണ് പഠിക്കുന്നത് എന്നതെല്ലാം ഇക്കാര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

തങ്ങള്‍ നടത്തിയ പ്രധാനപ്പെട്ട കണ്ടെത്തലുകളെക്കുറിച്ചുള്ള ഒരു സ്ലൈഡ് ബ്രയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ കാണിച്ചു. അതിന്‍പ്രകാരം, ചൂട് 70-75 ഡിഗ്രി ഫാരന്‍ഹൈറ്റ് ആണെങ്കില്‍ വൈറസിന് പകുതി പ്രായമാകുന്നത് 18 മണിക്കൂര്‍ എടുത്താണെന്നു പറയുന്നു. ഈ സമയത്ത് ഈര്‍പ്പം 20 ശതമാനമായിരിക്കും. വൈറസ് ഇരിക്കുന്ന പ്രതലം ആഗീരണശേഷിയുള്ളതല്ലായിരിക്കണം. വാതില്‍പ്പിടികള്‍, സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ തുടങ്ങിയ പ്രതലങ്ങള്‍ ഇതില്‍പ്പെടും.

എന്നാല്‍, ഈര്‍പ്പം 80 ശതമാനമാകുമ്പോള്‍ വൈറസിന്റെ പകുതി ജീവിതം എത്തല്‍ 6 മണിക്കൂര്‍ കൊണ്ടു സംഭവിക്കുന്നു. എന്നാല്‍, ഈ സമയത്ത് സൂര്യപ്രകാശവും നേരിട്ട് അടിക്കുന്നുണ്ടെങ്കില്‍ വെറും രണ്ടു മിനിറ്റ് മാത്രമാണ് പകുതി പ്രായമാകാന്‍ വേണ്ടത് എന്നാണ്. 70-75 ഡിഗ്രി ചൂടും 20 ശതമാനം ഈര്‍പ്പവും ഉള്ള സമയത്ത് വൈറസ് വായുവില്‍ തങ്ങിനില്‍ക്കുകയാണെങ്കില്‍ (aerosolized), അതിന്റെ പകുതി ജീവിതം എത്താന്‍ ഒരു മണിക്കൂര്‍ എടുക്കും. എന്നാല്‍ സൂര്യപ്രകാശമുണ്ടെങ്കില്‍, ഇത് ഒന്നര മിനിറ്റു മാത്രമായിരിക്കും. അതിനാലാണ് ബ്രയന്‍ പറയുന്നത് വേനല്‍ക്കാലത്തും മറ്റും വൈറസിന്റെ വ്യാപനം കുറയുമെന്ന്. എന്നാല്‍, വ്യാപനം കുറയുന്നു എന്നതിന് വൈറസ് പരിപൂര്‍ണ്ണമായി ഇല്ലാതായി എന്ന അര്‍ഥമില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വേനല്‍ക്കാലത്തും അകലം പാലിക്കല്‍ പൂര്‍ണമായി എടുത്തുകളയാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.

വേനല്‍ വരുന്നതോടെ, വൈറസ് പരിപൂര്‍ണമായി നശിക്കുമെന്നും നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എടുത്തുകളയാമെന്നും ഞങ്ങള്‍ പറഞ്ഞാല്‍ അതു നിരുത്തരവാദിത്വപരമായ ഒരു പ്രസ്താവനയായിരിക്കുമെന്നും ബ്രയന്‍ പറഞ്ഞു. നേരത്തെ നടത്തിയ പരീക്ഷണങ്ങളിലും തണുപ്പുള്ളതും വരണ്ടതുമായി കാലാവസ്ഥയിലാണ് വൈറസ് കാര്യമായി വളരുന്നതെന്നു കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയ പോലെയുള്ള രാജ്യങ്ങളിലെ താരതമ്യേന കുറഞ്ഞ വ്യാപനത്തിന്റെ കാരണം ഇതായിരിക്കാം.

അതേസമയം, ഈ പഠനം ശരിയാണെങ്കില്‍, അടുത്തു വരുന്ന മഴക്കാലത്ത് കേരളം പോലെയുള്ള സ്ഥലങ്ങള്‍ അധിക മുന്‍കരുതല്‍ എടുക്കേണ്ടിവരുമോ എന്ന കാര്യം പഠനവിധേയമാക്കേണ്ടിവന്നേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA