sections
MORE

ഭീകരവൈറസ് പുറത്തുവന്നത്: ചൈനയിൽ സംഭവിച്ചതെന്ത്? തീക്കളിയെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകിയിരുന്നു

wuhan-lab
SHARE

കൊറോണാവൈറസ് എങ്ങനെ ഉണ്ടായതാണെന്ന അറിവ് അതിനെതിരെയുള്ള യുദ്ധത്തിനു ഒരു മുതല്‍ക്കൂട്ടാകാം. ചൈനയാണിതിനു പിന്നിലെന്ന് ചില അമേരിക്കന്‍ കേന്ദ്രങ്ങളും, അതല്ല അമേരിക്കയാണിതെന്ന് ചില ചൈനീസ് പ്രമുഖരും വാദിച്ചു വരികയായിരുന്നു. എങ്കിലും ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് ഉണ്ടായതാണെന്ന ഔദ്യോഗിക വിശദീകരണമായിരുന്നു ഇതുവരെ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നത്. എന്നാല്‍, വുഹാനിലെ വിവാദ വൈറോളജി ലാബില്‍ നിന്ന് യാദൃശ്ചികമായി പുറത്തുപോയതാകാമെന്ന വാദവും ഇപ്പോള്‍ അമേരിക്കന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഒരു സാധ്യതയായി അംഗീകരിച്ചിരിക്കുകയാണ്. അവര്‍ മാര്‍ച്ച് 27ന് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് വൈറസ് വ്യാപിച്ചത് സ്വാഭാവിക രീതിയിലാണ് എന്നായിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവിട്ട പുതുക്കിയ റിപ്പോര്‍ട്ടില്‍ വേണ്ടത്ര സുരക്ഷ ഇല്ലാത്തതിനാല്‍ വുഹാനിലെ ലാബില്‍ നിന്ന് ചാടിപ്പോന്നതായിരിക്കാമെന്ന വാദവും ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ജൈവായുധം അല്ല, ജനിതക മാറ്റം വരുത്തിയിട്ടില്ല

അമേരിക്കന്‍ ഡിഫന്‍സ് ഇന്റലിജന്‍സിന്റെ പുതിയ റിപ്പോര്‍ട്ട് (China: Origins of COVID-19 Outbreak Remain Unknown) പ്രകാരം കൊറോണാവൈറസ് ജനിതക മാറ്റം വരുത്തിയ ഒന്നാണെന്നും, അതൊരു ജൈവായുധമായിരിക്കാമെന്നുമുള്ള വാദങ്ങള്‍ പരിപൂര്‍ണ്ണമായി തള്ളിക്കളയുകയും ചെയ്യുന്നു. അത്തരത്തിലൊരു തെളിവും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേപ്പറ്റി അന്വേഷിച്ച ന്യൂസ്‌വീക്കിന്റെ സംഘത്തോടു സംസാരിച്ച ശാസ്ത്രജ്ഞരും അത്തരം സാധ്യത തള്ളിക്കളയുന്നു. 'ചൈനീസ് സർക്കാരോ ഗവേഷകരോ മനപ്പൂര്‍വ്വം ഇത്രയും അപകടകാരിയായ ഒരു വൈറസിനെ, പ്രത്യേകിച്ചും അതിനുള്ള വാക്‌സിന്‍ ഇല്ലെന്നിരിക്കെ ചൈനയ്ക്കുള്ളില്‍ തന്നെ തുറന്നു വിടാനുള്ള യാതൊരു സാധ്യതയും ഇല്ല' എന്നാണ് തങ്ങള്‍ ഇന്റര്‍വ്യൂ ചെയ്ത എല്ലാ ശാസ്ത്രജ്ഞരും പറഞ്ഞതെന്ന് ന്യൂസ്‌വീക്ക് പറയുന്നു. വൈറസ് മനപ്പൂര്‍വ്വം തുറന്നുവിട്ടതാണെന്ന വാദം എല്ലാ ശാസ്ത്രജ്ഞരും നിസ്സന്ദേഹത്തോടെ തള്ളക്കളഞ്ഞതായി റിപ്പോര്‍ട്ട് എടുത്തു പറയുന്നു.

എങ്ങനെ സംഭവിച്ചു എന്ന് അറയാന്‍ സാധിച്ചേക്കില്ല

ഈ രോഗം എങ്ങനെയാണ് തുടങ്ങിയതെന്ന കാര്യം ഒരിക്കലും വ്യക്തമായി അറിയാന്‍ സാധിച്ചേക്കില്ല എന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ലോകത്തുള്ള ഇന്റലിജന്‍സ് സമൂഹം ഒരു സിദ്ധാന്തത്തെയും അംഗീകരിച്ചിട്ടില്ല. 2002-2003ല്‍ പുറത്തുവന്ന സാര്‍സ് വൈറസ് യുനാന്‍ പ്രവിശ്യയിലെ ഒറ്റപ്പെട്ട ഗുഹകളില്‍ കാണപ്പെടുന്ന വവ്വാലുകളില്‍ നിന്നാണെന്നു കണ്ടെത്താന്‍ പത്തു വര്‍ഷമെടുത്തു. ഇതിനാല്‍, ഈ കൊറോണാവൈറസ് സ്വാഭാവികമായി ഉണ്ടായതാണോ, ലാബില്‍ നിന്നു യാദൃശ്ചികമായി പുറത്തുവന്നതാണോ എന്ന് ശാസ്ത്രീയമായി അറിയാന്‍ സാധ്യമായിരിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചൈനാ സർക്കാർ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹുവനാന്‍ സമുദ്രോത്പന്ന മാര്‍ക്കറ്റില്‍ നിന്നായിരിക്കാം സാര്‍സ്-കോവ്-2 എന്ന പുതിയ കൊറോണാവൈറസ് വന്നത് എന്നാണ് കണ്ടെത്തിയത്. എന്നാല്‍, ഈ രോഗം പടര്‍ന്നു തുടങ്ങിയപ്പോള്‍ അതിന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാധ്യത ഇല്ലെന്ന പ്രാദേശിക ഉദ്യോഗസ്ഥരുടെ നിലപാടാണ് ലോകത്തിനു വിനയായത് എന്നാണ് ഇപ്പോള്‍ പരക്കെ വിശ്വസിക്കപ്പെടുന്നത്. ഭയക്കേണ്ട പകര്‍ച്ചവ്യാധിയായിരിക്കാം ഇതെന്ന ചൈനയിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പു പോലും വകവയ്ക്കാതെ തങ്ങളുടെ നിലപാടാണ് ശരിയെന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു. അമേരിക്ക വൈറസിനെ മനപ്പൂര്‍വ്വം ചൈനയില്‍ വിട്ടാതാണെന്നാണെന്ന കഥയും ഈ സമയത്ത് ഇവിടെ പ്രചരിക്കാന്‍ തുടങ്ങിയെന്നും ന്യൂസ്‌വീക്ക് പറയുന്നു.

ലാബില്‍ നിന്നു പുറത്തുപോകാനുള്ള സാധ്യത

ലോകാരോഗ്യ സംഘടന നടത്തിയ പരിശോധനയില്‍ വുഹാന്‍ വൈറോളജി ലാബില്‍ നിന്നു പുറത്തുവന്നതായിരിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞുവെന്നാണ് ചൈനയുടെ വിദേശകാര്യ വകുപ്പ് ഏപ്രില്‍ 23ന് അറിയിച്ചത്. ചൈനയിലെ തന്നെ ശാസ്ത്രജ്ഞര്‍ അത്തരമൊരു സാധ്യത അസാധ്യമാണെന്നും, ഇത് കരുതികൂട്ടിയ ആരോപണമാണെന്നുമാണ് പറഞ്ഞത്. അമേരിക്കയിലെ ഗാല്‍വെസ്റ്റണ്‍ നാഷണല്‍ ല‍ബോട്ടറിയുടെ ഡയറക്ടര്‍ പറയുന്നത് യൂറോപ്പിലെയും അമേരിക്കയിലെയും ലാബുകളെ പോലെ ഉന്നത നിലവാരമുള്ളതാണ് തങ്ങളുടെ ലാബും എന്നാണെന്ന് വൂഹാന്‍ വൈറോളജി ലാബും പറഞ്ഞു. ഈ വാദം ഉയര്‍ത്തുന്നവരുടേത് യാതൊരു തെളിവും ഇല്ലാത്ത വെറും ഊഹാപോഹം മാത്രമാണെന്നും ലാബ് അധികാരികള്‍ അവകാശപ്പെട്ടു.

ശാസ്ത്രീയവും സാന്ദര്‍ഭികവുമായ തെളിവുകള്‍

എന്നാല്‍, ശാസ്ത്രീയവും സാന്ദര്‍ഭികവുമായ സാധ്യതകള്‍ തള്ളിക്കളയാന്‍ ഇപ്പോള്‍ ശാസ്ത്രലോകം തയാറല്ല. ചൈനയിലെ ഗുവാന്‍ഡോങ് പ്രവശ്യയില്‍ സാര്‍സ് വൈറസ് 2002ല്‍ തലപൊക്കിയപ്പോള്‍, അത് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ക്ക് ഒരു ഉണര്‍ത്തു വിളിയായി. അടുത്ത വര്‍ഷങ്ങളില്‍ അമേരിക്കയിലെയും ചൈനയിലേയും മറ്റു രാജ്യങ്ങളിലെയും ഗവേഷകര്‍ ധാരാളം പണമിറക്കി വന്യജീവികളില്‍ വസിക്കുന്ന ഇത്തരം വിചിത്ര പകര്‍ച്ചരോഗാണുക്കളെക്കുറിച്ച് (pathogen) പഠിക്കാന്‍ തീരുമാനിച്ചു. ഇവ മനുഷ്യര്‍ക്ക് ഭാവിയില്‍ ഭീഷണിയാകുമോ എന്നറിയാനായിരുന്നു ശാസ്ത്രജ്ഞരുടെ ശ്രമം. അതിലൂടെ അടുത്ത വിനാശകാരിയായ വൈറസ് പുറത്തുവരാതിരിക്കാനായിരുന്നു എല്ലാവരും യത്‌നിച്ചത്.

എന്നാല്‍, 2019 അവസാനം സാര്‍സ്-കോവ്-2, വുഹാന്‍ എന്ന ലോകനിലവാരമുള്ള നഗരത്തില്‍ നിന്ന് രംഗപ്രവേശനം ചെയ്യുകയായിരുന്നു. ആദ്യം രോഗത്തെ പിന്തുടര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു പറഞ്ഞത് മൃഗങ്ങളില്‍ നിന്നു മാത്രമേ ഇതു പടരൂ എന്നാണ്. അതായത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കു പകരില്ല. എന്നാല്‍, ആദ്യം രോഗം വന്ന ആളുകളില്‍ പലര്‍ക്കും വന്യമൃഗങ്ങളുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. ചുരുക്കി പറഞ്ഞാല്‍ വൈറസ് അപ്പോള്‍ത്തന്നെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നു തുടങ്ങിയിരുന്നു. ഈ സംശയം ബലപ്പെട്ടു വന്നുവെങ്കിലും ഇത് അംഗീകരിക്കപ്പെടുന്നതിനു മുൻപ് തന്നെ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു.

ഇതാണോ സംഭവിച്ചത്?

വൈറസ് ലോകമെമ്പാടും എത്തിത്തുടങ്ങിയ മാര്‍ച്ചില്‍ പോലും അത് വന്യമൃഗങ്ങളില്‍ നിന്നു പകര്‍ന്നതാണെന്നു തന്നെയാണ് വിദഗ്ധര്‍ വിശ്വസിച്ചു വന്നത്. കാരണം, നഗരത്തിലെ മാംസമാര്‍ക്കറ്റില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതിചെയ്തിരുന്ന വുഹാനിലെ വൈറോളജി ലാബില്‍ പരീക്ഷണാർഥം സൂക്ഷിച്ച, കൊറോണാവൈറസുകളുടെ ഏറ്റവും വലിയ ശേഖരം ഉണ്ടായിരുന്നു. ഇവ വന്യ ഇനത്തില്‍ പെടുന്ന വാവലുകളില്‍ നിന്ന് ശേഖരിച്ചവയായിരുന്നു. ഇവയില്‍ ഒന്നിനെങ്കിലും സാര്‍സ്-കോവ്-2വുമായി സാമ്യമുണ്ടായിരുന്നു! കൂടാതെ, വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഗെയ്ന്‍-ഓഫ്-ഫങ്ഷന്‍ (gain-of-function, GOF) എന്നറിയപ്പെടുന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. ഇവര്‍ വൈറസിന്റെ ചില സവിശേഷകതള്‍ക്ക് (property) മാറ്റം വരുത്തുകയും ചെയ്തിരുന്നുവത്രെ. ഭാവിയില്‍ മഹാമാരി വന്നാല്‍ എന്തു ചെയ്യണം എന്നറിയാനായി നടത്തിയ പരീക്ഷണങ്ങളാണിവ.

ഗെയ്ന്‍-ഓഫ്-ഫങ്ഷന്‍ സമ്പ്രദായം

ഗെയ്ന്‍-ഓഫ്-ഫങ്ഷന്‍ പരീക്ഷണങ്ങളില്‍ വൈറസുകളെ ആഗോള തലത്തില്‍ ആളുകളെ ബാധിക്കാവുന്ന ബാധിച്ചേക്കാവുന്ന രോഗാണുക്കളാക്കി മാറ്റുകയാണ് ചെയ്യുക. എന്നാല്‍, ഇത് പരമദുഷ്ടലാക്കോടെ സൈന്യത്തിന്റെ ഭൂഗര്‍ഭ അറയില്‍ നടത്തി വന്ന രഹസ്യ പദ്ധതിയൊന്നമല്ല. വുഹാന്‍ ലാബിന് അന്താരാഷ്ട്ര പ്രോഗ്രാമായ പ്രെഡിക്ട് (PREDICT) 20 കോടി ഡോളര്‍ നല്‍കിയിട്ടുണ്ട്. പ്രെഡിക്ടിന് ഫണ്ടു നല്‍കുന്നത് അമേരിക്കയുടെ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റും (U.S. Agency for International Development), മറ്റു രാജ്യങ്ങളും ഉള്‍പ്പെടും. ഇത്തരം ഗവേഷണങ്ങള്‍ അമേരിക്കന്‍ ദേശീയ ഏജന്‍സിയുടെ സഹായത്തോടെ ലോകത്ത് ഡസന്‍ കണക്കിനു ലാബുകളില്‍ നടക്കുന്നുണ്ട് എന്ന് ന്യൂസ്‌വീക്ക് പറയുന്നു. ഇത്തരം ചില പരീക്ഷണങ്ങളില്‍ വിനാശകാരികളായ വൈറസുകളെ അവരുടെ ശേഷി വര്‍ധിപ്പിച്ചു ഗവേഷണം നടത്തുന്നു. ഇവ അതിവേഗം മനുഷ്യരുടെ ഇടയില്‍ പ്രചരിച്ചാല്‍ എന്തു സംഭവിക്കും എന്നൊക്കെയാണ് പഠിക്കുന്നത്.

ഇതു തീക്കളിയാണെന്ന് മുന്നറിയിപ്പ്

എന്നാല്‍, ഇത്തരം പഠനങ്ങള്‍ അതുതെന്ന് നൂറു കണക്കിന് ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി മുന്നറിയിപ്പു നല്‍കി വരികയായിരുന്നു. ലോകത്തെ പല ലാബുകളിലായി നടത്തിവന്നിരുന്ന ഇത്തരം പരീക്ഷണങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നായിരുന്നു അവരുടെ വാദം. അവര്‍ ഭയപ്പെട്ടിരുന്നതു പോലെ, ലോകമെമ്പാടും നിന്നുളള ലാബുകളില്‍ നിന്ന് യാദൃശ്ചകമായ പുറത്തുപോയ നിരവധി അവസരങ്ങളുണ്ടെന്നും ന്യൂസ്‌വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറുകണക്കിന് ഇത്തരം സംഭവങ്ങള്‍ അമേരിക്കിയില്‍ തന്നെ നടന്നിട്ടുണ്ട്. അമേരിക്കയിലെ സർക്കാർ ലാബില്‍ നിന്ന് 2014ല്‍ ഇത്തരത്തില്‍ പുറത്തു ചാടിയ ആന്ത്രാക്‌സ് 84 പേരെ ബാധിക്കുകയും ചെയ്തിരുന്നു. ബെയ്ജിങ് ലാബില്‍ നിന്ന് സാര്‍സ് വൈറസ് 2004ല്‍ ചാടിപ്പോയിരുന്നു. നാലു പേരെ ഇതു ബാധിക്കുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്തിരുന്നു. യാദൃശ്ചികമായി ചാടിപ്പോകുക എന്നു  പറഞ്ഞാല്‍ അതില്‍ സങ്കീര്‍ണ്ണതയൊ ദുരുദ്ദേശമോ ആരോപിക്കേണ്ട കാര്യമൊന്നുമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ലാബിലെ ഒരു ജോലിക്കാരന് അസുഖം വരികയും അയാള്‍ മനപ്പൂര്‍വ്വമല്ലാതെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയുമായിരിക്കാം സംഭവിച്ചിരിക്കാനിട.

വുഹാന്‍ വൈറോളജി ഡിപ്പാർട്ട്മെന്റിന് കുപ്രസിദ്ധി തന്നെയുണ്ട്

ഇത്തരം കാര്യങ്ങളില്‍ വുഹാനിലെ വിവാദ വൈറോളജി ലാബനിനുള്ളത് കുപ്രസിദ്ധി തന്നെയാണെന്നു പറയുന്നു. വുഹാനിലെ ലാബില്‍ വേണ്ട പരിശീലനമില്ലാത്ത സാങ്കേതികവിദഗ്ധരുടെ അഭാവത്തെക്കുറിച്ച് ബെയ്ജിങ്ങിലെ അമേരിക്കന്‍ എംബസി 2018ല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത്തരം സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വേണ്ട കഴിവുള്ള ആളുകളുടെ കുറവ് ഈ ലാബിനുണ്ടെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.

തെളിവില്ല; അന്വേഷണം ആകാം

ഇതൊക്കെയാണെങ്കിലും, വുഹാന്‍ ലാബില്‍ നിന്നു പുറത്തു വന്നതാണ് കൊറോണാവൈറസ് എന്നതിന് വ്യക്തമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് മിക്കവാറും എല്ലാ നിഷ്പക്ഷരായ ശാസ്ത്രജ്ഞരും അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ്. എന്നാല്‍, അവരില്‍ പലരും അത്തരമൊരു സാധ്യത പരിപൂര്‍ണ്ണമായി തള്ളിക്കളയുന്നുമില്ല. ഈ ഘട്ടത്തില്‍ കൊറോണാവൈറസ് എങ്ങനെയാണ് യാത്ര പുറപ്പെട്ടതെന്ന് പറയാന്‍ പറ്റില്ലെന്ന നിലപാടാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസവും കൈക്കൊണ്ടത്. ലഭ്യമായ തെളിവുകള്‍ പ്രകാരം അത് മൃഗത്തില്‍ നിന്ന് ഉണ്ടായതു തന്നെയാണ്. സൃഷ്ടിച്ചതോ, മാറ്റം വരുത്തിയതോ അല്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, സാന്ദര്‍ഭികമായ തെളിവുകള്‍ വച്ച് ലാബില്‍ നടന്നു വന്നിരുന്ന പരീക്ഷണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതു നല്ലതായിരിക്കുമെന്നും വാദമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA