ADVERTISEMENT

കൊറോണാവൈറസിനെ അതിജീവിച്ചവര്‍ക്ക് ഹീറോ ആകാന്‍ സാധിക്കുന്ന തരം നീക്കമാണ് സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. വൈറസ് ബാധയില്‍ നിന്നു രക്ഷപെട്ടവരുടെ പ്ലാസ്മ (രക്തരസം) എടുത്തു രോഗികള്‍ക്കു നല്‍കുന്ന ചികിത്സാ സംവിധാനം ഇപ്പോള്‍ നിലവിലുണ്ടല്ലോ. എന്നാല്‍, രോഗമുക്തമായ എല്ലാവരുടെയും പ്ലാസ്മ ഇത്തരത്തില്‍ എടുക്കാനാവില്ല. ഇതിനാല്‍, രക്ഷപെട്ട രോഗികളില്‍ ആരുടെ പ്ലാസ്മയാണ് എടുക്കാനാകുക എന്നു കണ്ടെത്താനുള്ള ഒരു സോഫ്റ്റ്‌വെയറാണ് മൈക്രോസോഫ്റ്റിന്റെ പ്ലാസ്മാബോട്ട്. ('CoVIg-19 Plasma Bot എന്നാണ് മുഴുവന്‍ പേര്.) ഇതിനായി ഒരുക്കിയിരിക്കുന്ന സംവിധാനത്തില്‍ എങ്ങനെയാണ് പ്ലാസ്മ ദാനം ചെയ്യുന്നത്, ഒരാളുടെ അടുത്ത് ദാനം സ്വീകരിക്കുന്ന സ്ഥലങ്ങളുണ്ടോ എന്നതൊക്കെ മനസ്സിലാക്കിത്തരും.

രക്ഷപെട്ട രോഗികളുടെ രക്തത്തിലെ പ്ലാസ്മയില്‍, അവരുടെ പ്രതിരോധ സിസ്റ്റം സൃഷ്ടിച്ച ആന്റിബോഡികള്‍ (പ്രതിദ്രവ്യങ്ങള്‍) കണ്ടേക്കാം. ഇത് രോഗികളില്‍ കുത്തിവച്ചാല്‍ അവര്‍ക്കും രക്ഷപെടാനായേക്കുമെന്നാണ് മഹാവ്യാധിയെ ചെറുക്കാന്‍ ശ്രമിക്കുന്ന ആരോഗ്യവിദഗ്ധര്‍ കരുതുന്നത്. ലോകത്തെ പ്രധാനപ്പെട്ട ചില പ്ലാസ്മ കമ്പനികളുമായി ചേര്‍ന്നാണ് ഈ ചാറ്റ്‌ബോട്ടിനെ മൈക്രോസോഫ്റ്റ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ചാറ്റ്‌ബോട്ടുമായി ഇടപെടുമ്പോള്‍ തന്റെ പ്ലാസ്മ രോഗികള്‍ക്ക് നല്‍കാനാകുമോ എന്ന് കൊറോണാവൈറസില്‍ നിന്നു രക്ഷപെട്ടവര്‍ക്ക് മനസ്സിലാക്കാനാകും. ദാതാവാകാന്‍ ആഗ്രഹിക്കുന്നവര്‍ നല്‍കുന്ന ഉത്തരങ്ങളില്‍ നിന്ന് പ്ലാസ്മ നല്‍കാനാകുമോ എന്ന് ചാറ്റ്‌ബോട്ട് നിര്‍ണയിക്കും.

പ്ലാസ്മ ചികിത്സയില്‍ പ്രതീക്ഷ

രക്തത്തിലെ ഒരു ഘടകമായ പ്ലാസ്മ പല രീതികളിലും മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്നുണ്ട്. ടെറ്റനസ് ബാധയ്ക്കു മുതല്‍ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ വരെ ഒരുപിടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്ലാസ്മ ചികിത്സയ്ക്ക് ആകും. ആയിരക്കണക്കിന് പ്രോട്ടീനുകളും പ്ലാസ്മയില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍, രോഗമുക്തി കിട്ടിയവരുടെ രക്തത്തില്‍ കലര്‍ന്നിരിക്കാവുന്ന ആന്റിബോഡിയാണ് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഉപകരിക്കുമെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നത്.

തെറാപ്പി കൂടാതെ, പോളിക്ലോണല്‍ ഹൈപ്പര്‍ ഇമ്യൂണ്‍ ഗ്ലോബ്യുലിന്‍ അഥവാ എച്-എല്‍ജി (polyclonal hyperimmune globulin, H-Ig) എന്ന പുതിയതരം ചികിത്സയും ഇതിലൂടെ ഉരുത്തിരിഞ്ഞുവരാമെന്നും ഗവേഷകര്‍ കരുതുന്നു. ഇതിനായി പലരില്‍ നിന്നു സ്വീകരിച്ച പ്ലാസ്മ ഒരുമിച്ചുകൂട്ടി, അവയില്‍ ഒരു നിശ്ചിത അളവ് ആന്റിബോഡി ഉണ്ടെന്ന് ഉറപ്പാക്കും. എച്-എല്‍ജി രീതി അനുവര്‍ത്തിച്ചാല്‍ ദാതാവില്‍ നിന്ന് രോഗിയിലേക്ക് രോഗം പകരാനുള്ള സാധ്യത കുറയ്ക്കാമെന്നും പറയുന്നു. കോണ്‍ലാസന്റ് പ്ലാസ്മ ചികിത്സാരീതി 1918 ലെ സ്പാനിഷ് ഫ്ലൂവിനു പോലും ഉപയോഗിച്ചിട്ടുണ്ട്. സാര്‍സ് രോഗത്തിനെതിരെയും ഇത് ഉപയോഗിച്ചിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

കോവിഡ്-19നെതിരെ പ്ലാസ്മാ ചികിത്സ ഗുണകരമായി കാണുന്നു എന്നതിനുള്ള ക്ലിനിക്കല്‍ തെളിവുകള്‍ വര്‍ധിച്ചുവരുന്നതായി മൈക്രോസോഫ്റ്റ് പറയുന്നു. തങ്ങള്‍ അവതരിപ്പിച്ച ചാറ്റ്‌ബോട്ട് ഉപയോഗിച്ച് രോഗമുക്തി നേടിയവര്‍ക്ക് തങ്ങള്‍ക്ക് ഒരു പ്ലാസ്മാ ദാദാവാകാന്‍ സാധിക്കുമോ എന്നു കണ്ടെത്താനാകും. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റിനു വേണ്ടി ജോലിയെടുക്കുന്ന വിദഗ്ധരെ കൂടാതെ മറ്റു നിരവധി വിദഗ്ധരുടെ സഹായവും തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന് കമ്പനി വെളിപ്പെടുത്തി.

പ്ലാസ്മാ ചികിത്സയ്ക്കു പിന്നിലുള്ള ശാസ്ത്രവും ഈ ചികിത്സയ്ക്ക് കൊറോണാവൈറസിനെതിരെ എന്തു ചെയ്യാനാകും എന്നതും മനസ്സിലാക്കിയാണ് തങ്ങള്‍ പുതിയ ടൂള്‍ അവതരിപ്പിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ചികിത്സയ്ക്ക് ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള കഴിവുണ്ടെന്ന കാര്യം തങ്ങള്‍ക്ക് ഉറപ്പായി കഴിഞ്ഞാതായും കമ്പനി പറയുന്നു. അമേരിക്കയില്‍ 70,000 ലേറെ ആളുകള്‍ കോവിഡ്-19ല്‍ നിന്നു രക്ഷപെട്ടിട്ടുണ്ട്. ഇവരോട് പ്ലാസ്മ നല്‍കാന്‍ മുന്നോട്ടുവരാനാണ് അവശ്യമുയരുന്നത്.

ഒരാള്‍ക്ക് പ്ലാസ്മ നല്‍കാന്‍ യോഗ്യതയുണ്ടെന്നു കണ്ടെത്തിക്കഴിഞ്ഞാല്‍ പ്ലാസ്മ നല്‍കല്‍ പ്രക്രിയിയ്ക്ക് കേവലം 1 മണിക്കൂര്‍ മാത്രമാണ് എടുക്കുക എന്നും ശാസ്ത്രരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com