ADVERTISEMENT

വൈറ്റമിന്‍ ഡി അപര്യാപ്തതയുള്ളവരില്‍ കോവിഡ് 19 കൂടുതല്‍ അപകടകരമായേക്കുമെന്ന് പഠനം. യൂറോപിലെ 20 രാജ്യങ്ങളിലെ വൈറ്റമിന്‍ ഡി അളവും കോവിഡ് മരണനിരക്കും താരതമ്യം ചെയ്താണ് പഠനം. ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിലേയും ഈസ്റ്റ് ആംഗളിയ സര്‍വകലാശാലയിലേയും ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 

 

വൈറ്റമിന്‍ ഡിക്ക് കോവിഡ് രോഗം രൂക്ഷമാകുന്നത് തടയാനുള്ള ശേഷിയുണ്ടെന്നാണ് വിദഗ്ധ വിശകലനത്തിനായി സമര്‍പ്പിച്ചിരിക്കുന്ന പഠനം പറയുന്നത്. വൈറ്റമിന്‍ ഡി കൂടുതലുള്ളവര്‍ക്ക് കോവിഡില്‍ നിന്നും വേഗത്തില്‍ രോഗമുക്തി ലഭിക്കുന്നുവെന്ന മറ്റൊരു പഠനത്തെ സാധൂകരിക്കുന്നുമുണ്ട് ഈ ഗവേഷണഫലം. പത്ത് ആഴ്ച്ചകള്‍ക്ക് മുൻപ് ഗ്രാനഡ സര്‍വകലാശാലയിലെ ട്രിനിറ്റി കോളജ് ഡുബ്ലിന്‍ നടത്തിയ പഠനത്തിലായിരുന്നു വൈറ്റമിന്‍ ഡി കഴിച്ചവരില്‍ നെഞ്ചിലെ അണുബാധ പകുതിയായി കുറഞ്ഞെന്ന് പറഞ്ഞിരുന്നത്.

 

യൂറോപിലേയും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേയും വൈറ്റമിന്‍ ഡിയുടെ അളവിനെക്കുറിച്ച് 2019ല്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങളാണ് പുതിയ ഗവേഷണത്തിന്റെ അടിസ്ഥാനം. യൂറോപിലെ 20 രാജ്യങ്ങളിലെ ജനങ്ങളുടെ വൈറ്റമിന്‍ ഡിയുടെ അളവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി വൈറ്റമിന്‍ ഡിയുടെ അളവ് 56 നാനോമോളാണ്. ഇത് 30 നാനോമോളില്‍ കുറയുമ്പോഴാണ് വൈറ്റമിന്‍ ഡി അപര്യാപ്തതയായി കരുതപ്പെടുന്നത്.

 

കോവിഡ് രൂക്ഷമായ സ്‌പെയിന്‍ (26 നാനോമോള്‍/ലിറ്റര്‍), ഇറ്റലി(28 നാനോമോള്‍/ലിറ്റര്‍) എന്നീ രാജ്യങ്ങളിലെ വയോധികരില്‍ വൈറ്റമിന്‍ ഡി അപര്യാപ്തത കണ്ടെത്തിയിരുന്നു. ഇറ്റലിയില്‍ 70 വയസില്‍ കൂടുതലുള്ള സ്ത്രീകളില്‍ 76 ശതമാനത്തിനും വൈറ്റമിന്‍ ഡിയുടെ അപര്യാപ്തതയുണ്ട്. വൈറ്റമിന്‍ ഡിയുടെ അപര്യാപ്തതയും കോവിഡ് മരണങ്ങളും താരതമ്യം ചെയ്താണ് ഇവര്‍ ഇതു രണ്ടും തമ്മില്‍ ബന്ധമുണ്ടെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്.

 

അതേസയം കോവിഡ് 19നെ പ്രതിരോധിക്കുന്ന എന്താണ് വൈറ്റമിന്‍ ഡിയിലുള്ളതെന്ന് കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ വൈറ്റമിന്‍ ഡി ആവശ്യത്തിന് ശരീരത്തിലുള്ളവര്‍ക്ക് ടിബി, ഇന്‍ഫഌവന്‍സ, കുട്ടിക്കാലത്തെ ആസ്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കുറവാണെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com