ADVERTISEMENT

ഇന്ന് എല്ലാവർക്കും ആദ്യം അറിയേണ്ടത് കൊറോണ വൈറസിനെതിരെയുള്ള മരുന്നുകളുടെ നിര്‍മിതിയും വാകിസിന്‍ വികസിപ്പിക്കലും എവിടെ എത്തി എന്നാണ്. പുതിയ സാഹചര്യത്തില്‍ ഓരോ ദിവസം കഴിയുന്തോറും മറ്റു പലതിനും പ്രസക്തിയോ പ്രാധാന്യമോ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കൊറോണാവൈറസിനെതിരെയുള്ള യുദ്ധത്തില്‍ ശാസ്ത്ര ലോകം എന്തുമാത്രം പുരോഗതിയാണ് ഇന്നുവരെ കൈവരിച്ചിരിക്കുന്നത്? അടുത്തിടെ പുറത്തുവന്ന പല റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വ്യാധിക്കെതിരെ ഒരു വാക്‌സിന്‍ ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിൽ പോലും അത് തങ്ങളെ അദ്ഭുതപ്പെടുത്തില്ലെന്നു പറയുന്ന ശാസ്ത്രജ്ഞരുടെ എണ്ണം കൂടിക്കൂടി വരുന്നുവെന്നും കാണാം.

ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ വാര്‍ത്തകളിലൊന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സഫഡ് വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ കുത്തിവച്ച് പരീക്ഷണം ആരംഭിച്ചുവെന്ന വാര്‍ത്ത തന്നെയാണ്. ആന്റിബോഡികള്‍ ഉപയോഗിച്ചുള്ള ചികിത്സയില്‍ തങ്ങള്‍ ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു എന്ന് ഇസ്രായേല്‍ ഗവേഷകരുടെ അവകാശവാദവും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. എന്നാല്‍, അദ്ഭുത മരുന്നാകുമെന്നു പറഞ്ഞുവന്ന റെംഡെസിവിറിന്റെ മികവിനേക്കുറിച്ച് സംശയം കൂടിവരികയും ചെയ്യുന്നു. വിവിധ സാധ്യതകള്‍ പരിശോധിക്കാം.

എങ്ങനെയാണ് വാക്‌സിന്‍ പ്രവര്‍ത്തിക്കുക?

വാക്‌സിനുകള്‍ ജൈവികമായ ഉല്‍പ്പന്നങ്ങളാണ്. ഇവയെ ഒരാളുടെ ശരീരത്തില്‍ കുത്തിവയ്ക്കുമ്പോള്‍ അവ അയാളുടെ രോഗപ്രതിരോധ വ്യൂഹത്തെ, പകര്‍ച്ച രോഗാണുവിനെക്കുറിച്ച് (pathogen) ബോധമുള്ളതാക്കുന്നു. ഇതിനെതിരെ ഏറ്റവും നന്നായി എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നത് പ്രതിരോധവ്യൂഹത്തിന്റെ 'ഓര്‍മയിലേക്കു' പ്രവേശിപ്പിക്കുന്നു. ചില വാക്‌സിനുകള്‍ ജീവനുള്ള പകര്‍ച്ച രോഗാണുക്കള്‍ തന്നെയാകാം. എന്നാല്‍, ഇവയുടെ ഉപദ്രവമുണ്ടാക്കാനുള്ള ശേഷി നിര്‍വീര്യമാക്കിയിട്ടുണ്ടാകും. ഇവയെ ശരീരത്തിനു തിരിച്ചറിയാന്‍ വേണ്ട എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടും ഉണ്ടാകും. ഉദാഹരണത്തിന് പിത്തജ്വരത്തിന് എതിരെയുള്ള വാക്‌സിന്‍ അതിന്റെ തന്നെ ജീവനുള്ള വൈറസിന്റെ ശക്തി കുറച്ച് കുത്തിവയ്ക്കുന്നതാണ്. ബിസിജി വാക്‌സിനെയും ഈ ഗണത്തില്‍ പെടുത്താം. പോളിയോ വാക്‌സിനില്‍ കൊന്ന വൈറസിനെ ഉപയോഗിക്കുന്നു. മറ്റു ചില വാക്‌സിനുകളാകട്ടെ, അപകടകാരികളായ വൈറസുകള്‍ പുറത്തുവിടുന്ന വിഷാംശത്തെ തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും ശരീരത്തെ പഠിപ്പിക്കുന്നു.

വാക്‌സിനുകളുടെ പ്രാധാന്യമെന്താണെന്നു ചോദിച്ചാല്‍, അവ രോഗം വരാതിരിക്കാന്‍ സഹായിക്കുന്നു എന്നതാണ്. രോഗം വന്നു കഴിഞ്ഞാല്‍ പിന്നെ അതിനു ടെസ്റ്റുകളും ചികിത്സയും എല്ലാം വേണ്ടിവരും. വസൂരിക്കെതിരെയാണ് വാക്‌സിന്‍ ഏറ്റവും വിലിയ വിജയമായത്. കോവിഡ്-19നും കുറഞ്ഞ വിലയ്ക്ക് വാക്‌സിന്‍ നിർമിച്ചെടുക്കാനായിരിക്കാം ഈ ഘട്ടത്തില്‍ ഏറ്റവും ഉചിതം. ചികിത്സിച്ചാല്‍ ഭേദമാകും എന്നുറപ്പുള്ള മരുന്നു കണ്ടെത്തിയ ശേഷമാണെങ്കില്‍ പിന്നെ വാക്‌സിന്‍ എടുത്തില്ലെങ്കിലും അത് കുഴപ്പമില്ലെന്നു വേണമെങ്കിലും പറയാം.

വാക്‌സിനില്ലെങ്കില്‍

കൊറോണാ വൈറസിനെതിരെ ലോകമെമ്പാടും മരുന്നുകള്‍ ഉണ്ടാക്കുന്നതു കൂടാതെ, തെറാപ്പികളുടെ സാധ്യതയും പരീക്ഷണവിധേയമാക്കുന്നുണ്ട്. ആഗോളതലത്തില്‍ പ്രതീക്ഷ ഉയര്‍ത്തിയ ഒരു മരുന്നാണ് റെംഡെസിവിര്‍. ഇന്ത്യ കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി പരീക്ഷിക്കുന്നു. ഇതിന് രോഗമുക്തി നേടിയ കോവിഡ്-19 ബാധിതരുടെ രക്തത്തിലുള്ള ആന്റിബോഡികള്‍ രോഗബാധിതര്‍ക്കു കുത്തിവയ്ക്കുന്ന രീതിയാണിത്. എന്നാല്‍, ഇതൊരു പരീക്ഷണം മാത്രമാണെന്നും അംഗീകരിക്കപ്പെട്ട ചികിത്സാരീതിയല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുമുണ്ട്. അതേസമയം, തങ്ങളൊരു നിര്‍ണായക കണ്ടുപിടുത്തം നടത്തിയതായാണ് ഇസ്രായേല്‍ അവകാശപ്പെട്ടിരിക്കുന്നത്. അവര്‍ പറയുന്നത് തങ്ങള്‍ കോവഡ്-19നെതിരെ മോണോക്ലാണല്‍ ആന്റിബോഡിസ് വികസിപ്പിച്ചെടുത്തു എന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. ഒറ്റ കോശത്തെ ക്ലോണ്‍ ചെയ്‌തെടുക്കുന്ന രീതിയാണിത്.

ഹേര്‍ഡ് ഇമ്യൂണിറ്റി

ഒന്നും പറ്റിയില്ലെങ്കില്‍, കോവിഡ്-19ന്റെ കാര്യത്തിലും സമൂഹ ഉന്മുക്തി എന്ന ആശയത്തില്‍ മനുഷ്യരാശിക്കു പ്രതീക്ഷ വയ്ക്കാനായേക്കും. എന്നാല്‍, ഇത് സമൂഹത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതായരിക്കില്ല. സമൂഹത്തിലെ വലിയൊരു ശതമാനം ആളുകളെയും, ചിലര്‍ പറയുന്നത് 50 ശതമാനത്തിലേറെ പേരെയെങ്കിലും ഒരു രോഗം ബാധിക്കുകയാണെങ്കില്‍ ആ രോഗത്തിനെതിരെ ഹേര്‍ഡ് ഇമ്യൂണിറ്റി കൈവരിക്കാനായേക്കുമെന്നാണ്. ഇതു സംഭവിച്ചാല്‍ മരിക്കുന്നവരുടെ എണ്ണത്തിനും കൈയ്യും കണക്കുമുണ്ടാവില്ല. എന്നാലും കുറച്ചു പേരെങ്കിലും രക്ഷപെടും എന്നതും അവര്‍ക്ക് രോഗപ്രതിരോധ ശേഷി കൈവരും എന്നതുമാണ് ഇതിന്റെ സാധ്യത. ആരും മരിച്ചു പോയേക്കാം. കൊറോണാവൈറസിന്റെ കാര്യത്തല്‍ അത് ഇപ്പോഴും അതിവിദൂര സാധ്യത മാത്രമാണ്. അമേരിക്കയില്‍ പോലും ഏറ്റവുമധികം പടര്‍ന്ന പ്രദേശങ്ങളിള്‍ ഇതുവരെ ഏകദേശം 4.5 ശതമാനം പേര്‍ക്കു മാത്രമാണ് രോഗംബാധിച്ചത് എന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡ്

എന്തുകൊണ്ടാണ് യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡിന് തങ്ങളുടെ വാക്‌സിന്‍ പെട്ടെന്ന് ആളുകളില്‍ കുത്തിവയ്ക്കാനായത്? ഇതിന്റെ സുരക്ഷ നേരത്തെ തന്നെ തെളിയിക്കപ്പെട്ടതായിരുന്നു. ഈ വാക്‌സിന്‍ മറ്റൊരു കൊറോണാവൈറസായ മേര്‍സ് (MERS) ന് എതിരെ വികസിപ്പിച്ചു വന്നതായിരുന്നു എന്നതാണ്അവര്‍ക്കു കിട്ടിയ നേട്ടം.

എത്ര വാക്‌സിനുകള്‍ ഇപ്പോള്‍ വികസിപ്പിക്കുന്നു?

പ്രതീക്ഷ വയ്ക്കാവുന്ന ഏകദേശം 40 വാക്‌സിനുകള്‍ വികസിപ്പിക്കപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഇതില്‍ ഓക്‌സക്ഫഡിന്റെ പരീക്ഷണമാണ് മുന്നില്‍ എന്നു വേണമെങ്കില്‍ പറയാമത്രെ. അവര്‍ രംഗത്തെത്തുന്നതിനു മുൻപ് ബയോടെക്‌നോളജി കമ്പനിയായ മോഡേണ വികസിപ്പിച്ചുവന്ന വാക്‌സിനായിരുന്നു പ്രാധാന്യം. അവരിപ്പോള്‍ രണ്ടാം ഘട്ട ടെസ്റ്റിങ്ങിലാണ്. സെറം ഇന്ത്യ കമ്പനി ഓക്‌സഫഡിന്റെ വാക്‌സിനായിരിക്കും നിര്‍മിക്കുക. മോഡേണയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടും പറയുന്നത് ഈ വാക്‌സിന്‍ ഒരു 12-18 മാസം കഴിയാതെ വാണിജ്യപരമായി ഉത്പാദിപ്പിക്കാനായേക്കില്ല എന്നാണ്. എന്നാല്‍, ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കായി മോഡേണയുടെ വാക്‌സിന്‍ 2020 അവസാനം എത്താനും വഴിയുണ്ട്.

കാന്‍സിനോ ബയളോജിക്‌സ്

മറ്റൊരു പ്രാധാന്യമര്‍ഹിക്കുന്ന വാക്‌സിന്‍ ഹോങ്കോങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാന്‍സിനോ ബയളോജിക്‌സിന്റേതാണ്. തങ്ങളുടെ ഒന്നാം ഘട്ട പരീക്ഷണം വിജയകരമായിരുന്നുവെന്നും, രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണെന്നുമാണ് അവര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇവരുടെ ഒന്നാം ഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റു വിദഗ്ധര്‍ക്കു പരിശോധിക്കാനായി പുറത്തുവിട്ടിട്ടില്ല. ഓക്‌സഫഡിന്റേതു പോലെ തന്നെ, ഇതുമൊരു അഡെനോവൈറസ്-കേന്ദ്രീകൃത വാക്‌സിന്‍ ആണ്.

English Summary : It’s going to go away without vaccine: Covid-19 pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com