ADVERTISEMENT

അടുത്തിടെ നടന്ന ഒരു പഠനത്തില്‍ സ്ത്രീകളെ അപേക്ഷിച്ച് കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത പുരുഷന്മാരില്‍ ഇരട്ടിയാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ പുരുഷ ഹോര്‍മോണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറവുള്ളവരിലാണ് കോവിഡ് മരണ സാധ്യത കൂടുതലെന്ന് കണ്ടെത്തിയിരിക്കുന്നു. ജര്‍മ്മനിയിലെ ഒരു ആശുപത്രിയില്‍ 45 കോവിഡ് രോഗികളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് പിന്നില്‍. 

 

ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ കൂടിയാണ് ടെസ്‌റ്റോസ്റ്റിറോണ്‍. ഈ ഹോര്‍മോണ്‍ കുറവുള്ള പുരുഷന്മാരിലെ പ്രതിരോധ സംവിധാനം തുര്‍ച്ചയായ പരിശോധനകള്‍ നടത്തുന്നതിലും അവസരത്തിനനുസരിച്ച് പ്രതിരോധം തീര്‍ക്കുന്നതിലും പരാജയപ്പെടുകയാണ്. ഇത് പ്രതിരോധ സംവിധാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട സൈറ്റോകിന്‍ സ്‌റ്റോം എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. 

 

കോവിഡ് 19 സ്ഥിരീകരിച്ച 45 രോഗികളെയാണ് ജര്‍മനിയിലെ ഗവേഷകര്‍ പഠനത്തിന് വിധേയരാക്കിയത്. യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ ഹാംബര്‍ഗ് എപ്പെന്‍ഡോര്‍ഫിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടവരായിരുന്നു ഇവരെല്ലാം. ഇതില്‍ 35 പേര്‍ പുരുഷന്മാരും 10 പേര്‍ സ്ത്രീകളുമായിരുന്നു. ഏഴ് പേര്‍ക്ക് ഓക്‌സിജന്‍ നല്‍കേണ്ടി വന്നു. 33 പേര്‍ക്ക് വെന്റിലേഷന്‍ സൗകര്യം ഉപയോഗപ്പെടുത്തേണ്ടിയും വന്നു. ഒമ്പത് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരണത്തിന് കീഴടങ്ങിയത്. 

 

തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ആദ്യ ദിവസം തന്നെ ഓരോ രോഗികളുടേയും ഹോര്‍മോണ്‍ നിലകള്‍ പരിശോധിച്ചിരുന്നു. ടെസ്‌റ്റോസ്റ്റിറോണും ഡിഹൈഡ്രോടെസ്‌റ്റോസ്റ്റിറോണും അടക്കം 12 ഹോര്‍മോണുകളുടെ അളവാണ് പരിശോധനക്ക് വിധേയമാക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്ന മൂന്നില്‍ രണ്ട് (68.6 ശതമാനം) പുരുഷന്മാര്‍ക്കും കുറഞ്ഞ ടെസ്റ്റോസ്റ്റിറോണാണ് രേഖപ്പെടുത്തപ്പെട്ടത്. 

 

SARS CoV2 വൈറസ് ശരീരത്തിലെത്തുന്നതോടെ ഉയര്‍ന്ന അളവില്‍ സൈറ്റോകെയ്‌നുകളെ ശരീരം ഉത്പാദിപ്പിക്കുന്നു. ശരീരത്തിന് പുറത്തുനിന്നെത്തിയ വൈറസിനെ നശിപ്പിക്കാന്‍ വേണ്ടിയാണിത്. ഇത് രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ പ്രധാനവുമാണ്. എന്നാല്‍ വളരെ ഉയര്‍ന്നതോതില്‍ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നതാണ് കോവിഡ് 19 രോഗികളില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. 

 

ഇത്തരത്തില്‍ പ്രതിരോധ സംവിധാനം നിയന്ത്രണാതീതമാകുന്ന അവസ്ഥയെയാണ് സൈറ്റോകെയ്ന്‍ സ്‌റ്റോം എന്ന് വിളിക്കുന്നത്. ഇത് ശ്വാസകോശത്തിലെ അണുബാധക്കും പഴുപ്പിനും വീക്കത്തിനനും കാരണമാവുകയും അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (ARDS) എന്ന ഗുരുതരമായ അവസ്ഥയിലേക്ക് രോഗി എത്തുകയും മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. എആര്‍ഡിഎസ് എന്ന നിലയിലെത്തിയാല്‍ രോഗികള്‍ക്ക് വെന്റിലേറ്റര്‍ അത്യാവശ്യമാണ്.  സാധാരണനിലയില്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവുള്ള പുരുഷന്മാരില്‍ സാധാരണ സൈറ്റോകെയ്ന്‍ സ്‌റ്റോം ഉണ്ടാവാറില്ലെന്നതും അവര്‍ക്ക് അനുകൂല ഘടകമാകുന്നു.

English Summary: Male coronavirus patients with low testosterone levels are more likely to die from COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com