sections
MORE

ചൈനയിൽ കുഴിച്ചെടുത്തത് പ്രണയിനികളുടെ ശവകുടീരം, കണ്ടെടുത്തത് ഗവേഷകർ

china-tomp
SHARE

ഓരോരോ ജന്മങ്ങളിലേക്ക് നീളുന്ന പ്രണയത്തെക്കുറിച്ച് എക്കാലത്തും കവികള്‍ വാചാലരായിട്ടുണ്ട്. ജന്മാന്തര പ്രണയമെന്ന കാവ്യഭാവനയോട് ചേര്‍ന്ന് നില്‍ക്കുന്നൊരു ശവകുടീരമാണ് ചൈനയില്‍ നിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിരിക്കുന്നത്. ജീവിതത്തില്‍ പങ്കാളികളായിരുന്ന ഇവരെ മരണാനന്തരവും തൊട്ടടുത്തായിരുന്നു അടക്കം ചെയ്തത്. ഈ ശവകുടീരങ്ങള്‍ക്കിടയില്‍ ഒരു കിളിവാതിലും കുടീരങ്ങളെ ബന്ധിപ്പിക്കുന്ന വളഞ്ഞ സുന്ദരമായൊരു ഇഷ്ടികപാലവും ഉണ്ടായിരുന്നു.

ചൈനയില്‍ നിന്നും കണ്ടെടുത്ത ഏതാണ്ട് ആയിരം വര്‍ഷം പഴക്കമുള്ള ഈ നിര്‍മിതി പഴക്കത്തേക്കാള്‍ നിര്‍മാണത്തിലെ പ്രത്യേകതകള്‍ കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇഷ്ടിക വിരിച്ച് സുന്ദരമാക്കിയ നിലത്താണ് ഭാര്യയേയും ഭര്‍ത്താവിനേയും അടക്കിയിരിക്കുന്നത്. തല ഇഷ്ടികകൊണ്ടുളള ഒരു ചെറു തലയിണയാല്‍ പൊക്കിവെച്ചിരിക്കുന്നു. ഇരു ശവകുടീരങ്ങള്‍ക്കുമിടയിലെ കിളിവാതില്‍ മരണാനന്തരവും അവര്‍ക്ക് ഒന്നിക്കാനാകുമെന്ന ചൈനീസ് പൗരാണിക വിശ്വാസത്തെ തുടര്‍ന്ന് നിര്‍മിച്ചതാണ്. അതേസമയം ശവകുടീരങ്ങളെ ബന്ധിപ്പിക്കുന്ന 'ചെറു പാലം' അപൂര്‍വ്വമാണെന്നാണ് ഉത്ഖനനത്തിന് നേതൃത്വം നല്‍കിയ യാങ് നിങ്‌ബോ പറയുന്നത്.

ചൈനയില്‍ 2022ല്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നിയാങ്‌സിയാഗ്- ഷവോഷന്‍ പാതക്കുവേണ്ടി മണ്ണെടുത്തപ്പോഴാണ് ഈ കുടീരങ്ങള്‍ കണ്ടെത്തിയത്. നിരവധി കളിമണ്‍ പാത്രങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് എഡി 960 മുതല്‍ എഡി 1127 വരെയുള്ള കാലത്തേതാണെന്നാണ് നിഗമനം. ശവകുടീരങ്ങളില്‍ നിന്നും എല്ലുകള്‍ അടക്കമുള്ള ഭൗതികാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നേരത്തെ പ്രധാന ഭാഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്നാണ് ചൈനീസ് ദേശീയ മാധ്യമങ്ങളായ ചൈന ഡെയ്‌ലിയും പീപ്പിള്‍സ് ഡെയ്‌ലിയും റിപ്പോര്‍ട്ടു ചെയ്യുന്നത്. 

ശവകുടീരത്തില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ വെച്ച് ഇവര്‍ സാധാരണക്കാരായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അന്നത്തെ കാലത്ത് തദ്ദേശീയമായി ഭക്ഷണം ഒരുക്കാനുള്ള പാത്രങ്ങളും മറ്റുമാണ് പ്രധാനമായും ലഭിച്ചത്. അതേസമയം, ഇഷ്ടികകൊണ്ടുള്ള ശവക്കല്ലറയില്‍ നിന്നും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു ഇവരുടെ ജീവിതമെന്നാണ് ഗവേഷകരുടെ അനുമാനം. 

എഡി 960ല്‍ ചൈനീസ് രാജാവായ തെയ്‌സുവാണ് നോര്‍ത്തേണ്‍ സോങ് രാജവംശം സ്ഥാപിക്കുന്നത്. വേഗത്തില്‍ വിളവെടുക്കാവുന്ന നെല്ലിന്റെ കണ്ടെത്തലും അയല്‍ രാജ്യങ്ങളുമായുള്ള മികച്ച കച്ചവട ബന്ധവും മൂലം ഈ രാജവംശം മധ്യ ചൈനയിലേക്കു വരെ വളര്‍ന്നിരുന്നു. ഏതാണ്ട് 200 വര്‍ഷം മാത്രം നീണ്ടു നിന്ന ഈ രാജവംശത്തിന്റെ ഭരണത്തിനിടെയാണ് കൊണ്ടുപോകാവുന്ന അച്ചടിയന്ത്രങ്ങളും വീര്യമേറിയ വെടിമരുന്നും കണ്ടെത്തുന്നത്. 1266 എഡിയില്‍ ഇറ്റാലിയന്‍ സഞ്ചാരി മാര്‍കോ പോളോ ബെയ്ജിങിലെത്തി പത്തു വര്‍ഷത്തിനകം ഈ രാജവംശം നിലം പൊത്തി. മംഗോളിയന്‍ രാജവംശത്തിന്റെ തുടര്‍ച്ചയായുള്ള ആക്രമണങ്ങളായിരുന്നു പ്രധാന കാരണമായത്.

English Summary: Archaeologists unearth a rare 1,000-year-old tomb in China of a couple buried together

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA