sections
MORE

നിർമിക്കുന്നത് 200 കോടി ഡോസ്, വാക്‌സിന്‍ സെപ്റ്റംബറില്‍ എത്തും? സിറം ഇന്ത്യയും കൂടെ ചേരും

covid-vaccine
SHARE

കൊറോണ വൈറസിനെതിരെ പ്രശ്‌നമില്ലാത്ത വാക്‌സിന്‍ വികസിപ്പിച്ചാല്‍ മാത്രം പോരാ അത് ലോകമെമ്പാടുമുളള ആളുകളിലേക്ക് എത്തിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും വേണമെന്ന വന്‍ വെല്ലുവിളിയാണ് ഇപ്പോള്‍ ലോകം നേരിടുന്നത്. ഈ പശ്ചാത്തലത്തിലാണ് ബ്രട്ടിഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനെക്കാ തങ്ങളുടെ വാക്‌സിന്‍ നിർമിച്ചെടുക്കല്‍ ശേഷി ഇരട്ടിയാക്കി എന്ന അറിയിപ്പ് ആഹ്ലാദായകമാകുന്നത്. ഇതിനായി അവര്‍ ബില്‍ ആന്‍ഡ് മെലിഡ ഗെയ്റ്റ്‌സ് ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന രണ്ടു കമ്പനികള്‍ അടക്കം നിരവധി കമ്പനികളുടെ സഹായം സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ഈ ഫാര്‍സ്യൂട്ടിക്കല്‍ ഭീമന്‍ പറഞ്ഞത് തങ്ങള്‍ക്ക് 100 കോടി ഡോസ് ഉണ്ടാക്കിയെടുക്കാനാകും എന്നായിരുന്നു. ഇതിനായി തങ്ങള്‍ക്ക് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ പിന്തുണയുണ്ടെന്നും അസ്ട്രാസെനെക്കാ അറിയിച്ചിരുന്നു.

കമ്പനി പുതിയതായി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം അവര്‍ ഇന്ത്യന്‍ മരുന്നുല്‍പ്പാദന കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി നൂറു കോടി ഡോസ് ഉണ്ടാക്കിയെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു കഴിഞ്ഞു. വാക്‌സിന്‍ വികസനവും വിതരണവും ചെലവേറിയ കാര്യങ്ങളാണ്. കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ട കാലത്ത് ഒരു അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അറിയിച്ചത് ആദ്യകാലത്ത് തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്‍ അമേരിക്കയിലെ സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിലയ്ക്കുള്ളതാകണമെന്നില്ല എന്നാണ്.

പക്ഷേ, പ്രസ്താവന വിവാദമായപ്പോള്‍ അവര്‍ പറഞ്ഞത് സർക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലാത്തരം സാമ്പത്തിക നിലയുള്ളവര്‍ക്കും എത്തിച്ചുകൊടുക്കാന്‍ സാധിച്ചേക്കുമെന്നാണ്. സിറം കമ്പനി ഉണ്ടാക്കിയെടുക്കുന്ന വാക്‌സിന്‍ ഡോസുകള്‍ കാശുകുറഞ്ഞ, അല്ലെങ്കില്‍ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ വിതരണത്തിനെത്തുമെന്നാണ് പറയുന്നത്. 2020 തീരുന്നതിനു മുൻപ് 40 കോടി ഡോസ് വാക്‌സിന്‍ ഉണ്ടാക്കിയെടുക്കുമെന്നും അവര്‍ പറയുന്നു.

മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗെയ്റ്റ്‌സും ഭാര്യ മെലിന്‍ഡ ഗെയ്റ്റ്‌സും പിന്തുണയ്ക്കുന്ന രണ്ടു സ്ഥാപനങ്ങളുമായും അസ്ട്രാസെനെക്കാ 75 കോടി ഡോളറിനുള്ള കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. കോഅലിഷന്‍ ഫോർ എപ്പിഡെമിക് പ്രിപെയർഡനെസ് ഇനവേഷന്‍സ് (സിഇപിഐ), ഗവിവാക്‌സിന്‍ അലയന്‍സ് എന്നീ കമ്പനികളാണ് അവ. ഈ കരാര്‍ പ്രകാരം 30 കോടി ഡോസ് വാക്‌സിന്‍ നിര്‍മിച്ച് വേണ്ടിടത്ത് എത്തിക്കാന്‍ അസ്ട്രാസെനെക്കയ്ക്ക് സാധിക്കും. ഈ ഇടപാടുകള്‍ വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ വാക്‌സിന്‍ ആദ്യകാലത്തു തന്നെ കുറച്ചെങ്കിലും എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കുമെന്നു കരുതുന്നു. ഇതിനര്‍ഥം ഏതെങ്കിലും വാക്‌സിന്‍ കോവിഡ്-19 നെതിരെ കണ്ടെത്തിക്കഴിഞ്ഞു എന്നല്ല. പക്ഷേ, ഇക്കാലത്തു പോലും വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ ചില കമ്പനികളുടെ ഭാഗ്യവും തെളിയുകയായിരുന്നു. കഴിഞ്ഞ മാസം ബ്രിട്ടനിലെ ഏറ്റവും വലിയ കമ്പനിയായി അസ്ട്രാസെനെക്കാ മാറിയിരുന്നു. റോയല്‍ ഡച്ച് ഷെല്‍ കമ്പനിയെ മറികടന്നാണ് അവര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. എന്നാല്‍, തങ്ങളുണ്ടാക്കുന്ന വാക്‌സിന്‍ ഒരു ലാഭവും എടുക്കാതെ ഉണ്ടാക്കി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അമേരിക്കയ്ക്ക് 30 കോടി ഡോസുകളും ബ്രിട്ടന് 10 കോടി ഡോസുകളും നല്‍കാമെന്ന് അവര്‍ ഇപ്പോള്‍ തന്നെ സമ്മതിച്ചു കഴിഞ്ഞിരിക്കുകയുമാണ്. വാക്‌സിന്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടാല്‍ ഈ വർഷം സെപ്റ്റംബറില്‍ തന്നെ ആദ്യ ഡോസ് എത്തുമെന്നാണ് കരുതുന്നത്.

ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍

ഒരു രാജ്യത്തിനും കിട്ടാതെ പോകരുത് എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിനായി തങ്ങള്‍ കഠിന പ്രയത്‌നത്തിലാണെന്നും അസ്ട്രാസെനക്കയുടെ ചീഫ് എക്‌സിക്യൂട്ടീവ് പാസ്‌കല്‍ സോറിയോട്ട് പറയുന്നു. സിഇപിഐയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയ റിച്ചഡ് ഹാച്ചെറ്റ് പറയുന്നത് ലോകാരോഗ്യ സംഘനയായിരിക്കും വിതരണ പദ്ധതി ആസൂത്രണം ചെയ്യുന്നത് എന്നാണ്. പുതിയ സഖ്യങ്ങള്‍ വിതരണത്തിനായും മറ്റും ഉണ്ടാകും. എന്നാല്‍, വാക്‌സിന്‍ ഏറ്റവുമധികം അര്‍ഹിക്കുന്ന ആളുകള്‍ക്ക് ആദ്യം കിട്ടുന്നുവെന്ന് ഉറപ്പുവരുത്തുക എന്നതായിരിക്കും ലോകാരോഗ്യ സംഘടനയുടെ ചുമതല എന്നാണ് അദ്ദേഹം പറയുന്നത്. ആദ്യം ലഭിക്കുന്നവരുടെ കൂട്ടത്തില്‍ ആരോഗ്യപരിപാലന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍, രോഗം മൂര്‍ച്ഛിച്ചവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെന്ന് ഉറപ്പുവരുത്താനാണ് ശ്രമം. പ്രമേഹം പോലെയുള്ള അസുഖങ്ങളുള്ളവര്‍ക്കും ആദ്യം നല്‍കാന്‍ ശ്രമമുണ്ടായേക്കും. ഇതിനായി സുതാര്യമായ രീതികള്‍ അനുവര്‍ത്തിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടലുണ്ടാകുക.

സെപ്റ്റംബറില്‍ വാക്‌സിന്‍ വരും?

മറ്റു കമ്പനികളുമായി ചേര്‍ന്ന് 30 കോടി അധിക ഡോസുകള്‍ ഉണ്ടാക്കിയെടുക്കാനും അസ്ട്രാസെനക്കയ്ക്ക് ഉദ്ദേശമുണ്ട്. ഇവര്‍ ഉണ്ടാക്കിയെടുക്കാന്‍ ഉദ്ദേശിക്കുന്ന വാക്‌സിന്‍ അറിയപ്പെടുന്നത് എസെഡ്ഡി1222 (AZD1222) എന്നാണ്. ഇതിപ്പോള്‍ 10,000 മുതിര്‍ന്ന സന്നദ്ധപ്രവര്‍ത്തകരില്‍ പരീക്ഷിക്കപ്പെട്ടുവരികയാണ്. ഇതിന്റെ ഫലം ഓഗസ്‌റ്റോടെ അറിയാമെന്നാണ് സോറിയോട്ട് പറയുന്നത്. എല്ലാം ശരിയാകുകയാണെങ്കില്‍ സെപ്റ്റംബര്‍ ആദ്യം തന്നെ വാക്‌സിന്‍ വിതരണം ചെയ്യപ്പെടും. കോവിഡ്-19 ന് പ്രതിവിധി കണ്ടെത്തുക എന്നതാണ് ലോകം അടുത്തകാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിവെന്ന് ഹോച്ചെറ്റ് പറഞ്ഞു. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന വാക്‌സിന്‍ പരീക്ഷണം വിജയിക്കുമെന്നു കണ്ടാണ് തങ്ങള്‍ ഇപ്പോള്‍ സാഹസികമായി ഇതിനു വേണ്ടി പണമിറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിജയകരമല്ലെങ്കില്‍ കമ്പനിക്കു പണം നഷ്ടമാകാം. വാക്‌സിന് ഉദ്ദേശിച്ച ഫലം കിട്ടാതിരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

ഇനി അങ്ങനെ സംഭവിച്ചാല്‍ പോലും സമാന രീതിയിലുള്ള വാക്‌സിന്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്ന ഗവേഷകര്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഗുണകരമായേക്കുമെന്നും വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ കരുതുന്നു. എന്നാല്‍, ഇപ്പോള്‍ നടന്നുവരുന്ന വാക്‌സിന്‍ പരീക്ഷണം ആശാവഹമാണെന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വിലയിരുത്തുന്നത്. എന്നാല്‍, സമൂഹങ്ങള്‍ തങ്ങളുടെ വാക്‌സിന്‍ മാത്രം പ്രതീക്ഷിച്ചു നില്‍ക്കുന്നത് നന്നായിരിക്കില്ല. രണ്ടോ മൂന്നോ മറ്റു കമ്പനികളെ കൂടെ സഹകരിപ്പിച്ചു മുന്നേറുന്നതായിരിക്കും കൂടുതല്‍ ഗുണകരമെന്നാണ് ഇവര്‍ പറയുന്നത്.

English Summary: Coronavirus: AstraZeneca to begin making potential vaccine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA