ADVERTISEMENT

ഏതെങ്കിലും പ്രത്യേകം രക്ത ഗ്രൂപ്പുള്ളവര്‍ക്ക് കോവിഡ് വരാന്‍ സാധ്യത കുറയുമോ? കുറയുമെന്നാണ് ജനറ്റിക് ടെസ്റ്റിങ് കമ്പനിയായ 23ആൻഡ്മിയുടെ ഗവേഷകരുടെ കണ്ടെത്തല്‍. ഒ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കോവിഡ് വരാന്‍ 18 ശതമാനം കുറവു സാധ്യതയേ ഉള്ളൂവെന്നാണ് കണ്ടെത്തല്‍. കൂടാതെ കോവിഡ് വൈറസുമായി നിരന്തര സമ്പര്‍ക്കത്തിലുള്ള ഒ ഗ്രൂപ്പുകാര്‍ക്ക് രോഗം പിടിപെടാന്‍ മറ്റുള്ളവരെ അപേക്ഷിച്ച് 26 ശതമാനം സാധ്യത കുറവാണെന്നും പഠനം പറയുന്നു. 

 

ഏതാണ്ട് 7.50 ലക്ഷം പേരില്‍ നടത്തിയ വിപുലമായ പഠനമാണ് ഗവേഷകരെ ഈ നിഗമനത്തിലെത്തിച്ചത്. പഠനത്തിനായി വിവരശേഖരണം നടത്തിയവരില്‍ പതിനായിരത്തോളം പേര്‍ കോവിഡ് ബാധിതരായിരുന്നു. ആകെ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായവരില്‍ ഒ ഗ്രൂപ്പുകാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഒമ്പത് മുതല്‍ 18 ശതമാനം വരെ കുറവായിരുന്നു. ആകെ പരിശോധിച്ചവരില്‍ 1.3 ശതമാനം ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാരിലാണ് കോവിഡ് 19 രോഗമുള്ളതായി തെളിഞ്ഞത്. ഇത് എ ഗ്രൂപ്പുകാരില്‍ 1.4 ശതമാനവും ബി ഗ്രൂപ്പുകാരിലും എ.ബി ഗ്രൂപ്പുകാരിലും ഇത് 1.5 ശതമാനവുമായിരുന്നു. 

 

കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരെ പോലുള്ളവര്‍ക്കിടയിലെ ഒ രക്തഗ്രൂപ്പുകാര്‍ക്ക് മറ്റു ഗ്രൂപ്പുകാരെ അപേക്ഷിച്ച് 13 മുതല്‍ 26 ശതമാനം വരെ കുറവാണ് കോവിഡ് പോസിറ്റീവാകാന്‍ സാധ്യത. നിരന്തരം കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരില്‍ 3.2 ശതമാനം ഒ ഗ്രൂപ്പുകാരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. എ ഗ്രൂപ്പില്‍ ഇത് 3.9 ശതമാനവും ബി ഗ്രൂപ്പില്‍ നാല് ശതമാനവും എ,ബി ഗ്രൂപ്പില്‍ ഇത് 4.1 ശതമാനവുമായിരുന്നു. 

 

നേരത്തെയും ഒ ഗ്രൂപ്പുകാര്‍ക്ക് കോവിഡ് പിടിപെടാന്‍ മറ്റു രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച് സാധ്യത കുറവാണെന്ന പഠനങ്ങള്‍ പുറത്തുവന്നിരുന്നു. ചൈനയില്‍ മാര്‍ച്ചില്‍ പുറത്തുവന്ന ഒരു ഗവേഷണത്തില്‍ എ ഗ്രൂപ്പുകാര്‍ക്ക് ഇതര ഗ്രൂപ്പുകാരെ അപേക്ഷിച്ച് കോവിഡ് വരാന്‍ സാധ്യതകൂടുതലാണെന്ന് വ്യക്തമാക്കിയിരുന്നു. ഇറ്റാലിയന്‍ സ്പാനിഷ് ഗവേഷകരുടെ സംയുക്ത പഠനവും സമാനമായ ഫലം പുറത്തുവിട്ടിരുന്നു. 

 

കൊളംബിയ സര്‍വ്വകലാശാലയിലെ ഇര്‍വിങ് മെഡിക്കല്‍ സെന്ററിന്റെ പഠനത്തില്‍ എ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കോവിഡ് വരാന്‍ 33 ശതമാനം സാധ്യത കൂടുതലാണെന്നാണ് പറഞ്ഞിരുന്നു. മറ്റുഗ്രൂപ്പുകാരെ അപേക്ഷിച്ച്  ഒ ഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കുറവാണെന്നും കൊളംബിയ സര്‍വ്വകലാശാലയുടെ പഠനത്തിലുണ്ടായിരുന്നു.

English Summary: Could your blood type help protect you from coronavirus?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com