ADVERTISEMENT

ഒരുകോടിയിലേറെ ജനസംഖ്യയുള്ള വുഹാനിലെ മൂന്ന് ശതമാനത്തിലേറെ ജനങ്ങളില്‍ കോവിഡ് 19 രോഗം കരുതിയതിലും നേരത്തെയുണ്ടെന്ന് വെളിപ്പെടുത്തുന്ന പഠനങ്ങള്‍ പുറത്ത്. മേഖലയിലെ ജനങ്ങളില്‍ നടത്തിയ ആന്റിബോഡി പരിശോധനാ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ഈ അദൃശ്യ കോവിഡ് രോഗികളില്‍ വലിയൊരു പങ്കും വളരെ കുറച്ചു ലക്ഷണങ്ങളോ തീരെ ലക്ഷണങ്ങള്‍ ഇല്ലാത്തവരോ ആയിരുന്നുവെന്നതാണ് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത്.

 

കഴിഞ്ഞ ഡിസംബറില്‍ ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട വുഹാനിലെ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരിലാണ് ഒരു സംഘം ഗവേഷകര്‍ പരിശോധന നടത്തിയത്. കോവിഡ് 19 രോഗാണു ശരീരത്തിലെത്തിയാല്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളേയും ജനിതകഘടകങ്ങളേയും തിരിച്ചറിയുന്നതിന് വേണ്ടി നടത്തുന്ന ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റാണ് നടത്തിയത്. ഈ പരിശോധന വഴി കോവിഡ് 19 ശരീരത്തിലെത്തിയിട്ടും പ്രത്യേകിച്ച് ലക്ഷണങ്ങള്‍ കാണിക്കാത്തവരേയും ചെറിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരേയും വരെ കണ്ടെത്താനാകും. 

 

വുഹാനില്‍ പരിശോധന നടത്തിയ വിവിധ വിഭാഗക്കാരില്‍ 3.2 ശതമാനം മുതല്‍ 3.8 ശതമാനം വരെയുള്ളവരില്‍ കോവിഡ് 19 രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞെന്നാണ് നേച്ചുര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഗുവാങ്‌ഷോ, ചെങ്ക്വിങ്, സിചുവാന്‍, ഹോങ്കോങ് തുടങ്ങി വിവിധ ചൈനീസ് നഗരങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 

ഇവര്‍ പരിശോധിച്ച 714 ആരോഗ്യപ്രവര്‍ത്തകരില്‍ 3.8 ശതമാനത്തിനും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കോവിഡ് രോഗികളെ താമസിപ്പിച്ചിരുന്ന ഹോട്ടലുകളിലെ 346 ജീവനക്കാരില്‍ നടത്തിയ പരിശോധനയിലും 3.8 ശതമാനത്തിന് കോവിഡ് ഉണ്ടെന്ന് കണ്ടെത്തി. ആരോഗ്യപ്രവര്‍ത്തകരുടെ 219 കുടുംബാംഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 3.2 ശതമാനം പേര്‍ക്കും കോവിഡുണ്ടായിരുന്നു. റാന്‍ഡം സാംപിളുകള്‍ പരിശോധിച്ചില്ലെന്നത് പഠനത്തിന്റെ ന്യൂനതയായി ഗവേഷകര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

 

ഹോങ്കോങ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ദ ലാന്‍സെറ്റ് മൈക്രോബില്‍ ജൂണ്‍ മൂന്നിന് പ്രസിദ്ധീകരിച്ച പഠനവും വുഹാനിലെ അദൃശ്യ രോഗികള്‍ വലിയ തോതിലുണ്ടെന്ന സൂചന നല്‍കുന്നുണ്ട്. കോവിഡ് രോഗത്തെ തുടര്‍ന്ന് വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയില്‍ നിന്നും ഹോങ്കോങിലെത്തിച്ച 452 പേരില്‍ നാല് ശതമാനം പേരില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് നാലിനും അഞ്ചിനുമായി നാല് വിമാനങ്ങളിലാണ് ഇവരെ ഹോങ്കോങ്ങിലെത്തിച്ചത്. ഇതില്‍ 364 പേര്‍ വുഹാനില്‍ നിന്നുള്ളവരായിരുന്നു. ഈ രണ്ട് പഠനവും പറയുന്നത് പരിശോധന നടത്തിയില്ലെങ്കില്‍ ശ്രദ്ധിക്കാതെ പോവുമായിരുന്ന ലക്ഷണങ്ങളെ തീരെയില്ലാത്തവരിലോ നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവരിലോ ആണ് രോഗം കണ്ടെത്തിയതെന്നാണ്.

 

വുഹാനില്‍ യഥാര്‍ഥത്തിലുള്ള കോവിഡ് വൈറസ് രോഗികളുടെ ചെറിയൊരു ശതമാനത്തിന്റെ കണക്ക് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളൂ എന്നാണ് ഇതില്‍ നിന്നും ഗവേഷകരുടെ അനുമാനം. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഹുബെയ് പ്രവിശ്യയിലാകെ 22 ലക്ഷം പേരിലും വുഹാനില്‍ അഞ്ച് ലക്ഷം പേരിലും കോവിഡ് 19 രോഗമുണ്ടെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.

English Summary: Over 3 per cent of people in Wuhan may have had Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com