sections
MORE

കൊറോണയ്ക്ക് ശേഷം വരുന്നത് ഡിജിറ്റല്‍ ഇരട്ട നഗരങ്ങൾ; മനുഷ്യർക്ക് ആരോഗ്യ സുരക്ഷ!

twin-city
SHARE

കൊറോണാവൈറസ് എന്തുമാകട്ടെ, അതിന്റെ വരവിനു ശേഷം നടക്കുന്ന കാര്യങ്ങള്‍ ലോകം മുൻപ് കണ്ടിട്ടില്ലാത്ത രീതിയില്‍ മനുഷ്യരാശിയുടേ മേലുള്ള ടെക്‌നോളജിയുടെ ബലാല്‍ക്കാരമായ കടന്നുകയറ്റമാണ്. പഴയ ലോകം തിരിച്ചുവരുമെന്ന പ്രതീക്ഷ പാടെ അപ്രത്യക്ഷമായേക്കുമെന്നു തോന്നിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാണുന്ന ചില നീക്കങ്ങള്‍. നല്ലതിനെന്നോ ചീത്തയ്‌ക്കെന്നോ ഇപ്പോള്‍ പറയാനാവില്ലെങ്കിലും കോവിഡ്-19 പടര്‍ന്നതിനു ശേഷം ലോകമെമ്പാടും റോബോട്ടുകളുടെയും ഡ്രോണുകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും കടന്നുകയറ്റവും നടന്നുകഴിഞ്ഞു. ഈ സാങ്കേതികവിദ്യകള്‍ അണിയറയില്‍ ഒരുങ്ങുന്ന കാര്യം കുറച്ചു വര്‍ഷങ്ങളായി നമുക്ക് അറിയാമായിരുന്നു. എന്നാല്‍, ഇവ എങ്ങനെ അവതരിപ്പിക്കപ്പെടും എന്ന കാര്യത്തില്‍ പല വിധ സംശയങ്ങളും ഉണ്ടായിരുന്നു. കൊറോണാവൈറസ് അവയ്ക്ക് സമൂഹങ്ങളുടെ മേല്‍ ആധിപത്യമറപ്പിക്കാനുള്ള പശ്ചാത്തലം ഒരുക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രത്യക്ഷത്തില്‍ വൈറസിന്റൈ വ്യാപനത്തിനു തടയിടുക എന്നതും വരുംകാലത്ത് കൂടതല്‍ സുരക്ഷിതത്വം ഉറപ്പാക്കാുക എന്നതുമാണ് സാങ്കേതികവിദ്യയുടെ ലക്ഷ്യം. വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നഗരങ്ങള്‍ തന്നെ പുനഃസൃഷ്ടിക്കപ്പെടുകയാണ്. ഇവ ഭാവിയില്‍ ഗുണകരമായേക്കാമെന്നാണ് വിശ്വാസം.

ഡിജിറ്റല്‍ ഇരട്ട നഗരങ്ങള്‍

ഇന്നുവരെ കാര്യമായി ചര്‍ച്ച ചെയ്യപ്പെടാത്ത ഒന്നാണ് ഡിജിറ്റല്‍ ഇരട്ട നഗരം (digital twin city) എന്ന സങ്കല്‍പ്പം. ഒരോ നഗരത്തിന്റെയും ത്രിമാനതയുള്ള പകര്‍പ്പ് വെര്‍ച്വലായി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഭാവിയില്‍ ആരോഗ്യ ഭീഷണി ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് സിറ്റിസെനിത് എന്ന ടെക്‌നോളജി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയ മൈക്കള്‍ ജാന്‍സണ്‍ പറയുന്നു. വൈറസ് പോലെയൊരു വ്യാധി പരക്കുന്നത് തത്സമയം പിന്തുടര്‍ന്നുകൊണ്ടിരിക്കാമെന്നതാണ് ഇതിന്റെ ഗുണം. വളരെ പെട്ടെന്ന്, വിവരം ശേഖരിക്കാനും അത് വേണ്ടപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനും ഇതുകൊണ്ട് സാധിക്കുമെന്നാണ് വാദം. സാമ്പത്തികമായി തകര്‍ന്ന സ്ഥലങ്ങളുടെ വീണ്ടെടുപ്പിനും ഇത് ഉപകരിക്കുമെന്നു കരുതുന്നു. നഗരങ്ങള്‍ക്കാണ് ഇത് ഇപ്പോള്‍ നടപ്പാക്കപ്പെടുന്നത്.

വെര്‍ച്വല്‍ സിംഗപ്പൂരാണ് ആദ്യം ഉയര്‍ന്നുവന്നിരിക്കുന്ന ഇരട്ട നഗരങ്ങളിലൊന്ന്. ഇവിടെ വരാവുന്ന കാലാവസ്ഥാ വ്യതിയാനം, അടിസ്ഥാനസൗകര്യ വികസനം, പൊതുജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ തുടങ്ങിയവ നടത്തിവച്ചു കഴിഞ്ഞാല്‍ ഇവിടെ ഭാവിയില്‍ പല തരത്തിലുമുള്ള പ്രതിസന്ധികള്‍ ഉടലെടുക്കുമ്പോള്‍ എളുപ്പത്തില്‍ പരിഹാരം കാണാമെന്നാണ് സിംഗപ്പൂരിന്റെ സർക്കാർ ടെക്‌നോളജി ഏജന്‍സിയുടെ വക്താവ് പറയുന്നത്. നഗരവീധികളുടെ ചട്ടക്കൂടുകള്‍, ഗതാഗത സംവിധാനം, കെട്ടിടങ്ങള്‍, പൊതുജനം എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ച് സൃഷ്ടിക്കുന്ന വെര്‍ച്വല്‍നഗരം പരിശോധിച്ചാല്‍, ഇവിടെ വരുത്തുന്ന മാറ്റങ്ങള്‍ എങ്ങനെയാണ് ഒരോ പ്രദേശത്തെയും ആളുകളെയും ബാധിക്കുക എന്ന് കണ്ടെത്താനാകും.

നഗരങ്ങള്‍ സങ്കീര്‍ണ്ണമാണ്. എന്നാല്‍, അവയിലെ കാലാവസ്ഥ, വായുവിന്റെ ഗുണനിലവാരം, വാഹന ഗതാഗതം, ആളുകളുടെ നീക്കം, തുടങ്ങിയവ ഡിജിറ്റലായി പുനഃസൃഷ്ടിക്കപ്പെട്ടാല്‍ കൂടുതല്‍ കാര്യക്ഷമതയോടെ അവിടെ പലതും നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് ഹൈ-പെര്‍ഫോമന്‍സ് കംപ്യൂട്ടിങ് സെന്റര്‍ സ്റ്റുട്ഗാര്‍ട്ടിലെ ഗവേഷകനായ ഫാബിയന്‍ ഡെംബ്‌സ്‌കി പറയുന്നത്.

ടെക്‌നോളജിക്ക് മനുഷ്യവികാരം മനസിലാകുമോ?

എന്നാല്‍ ഇത്തരം കൃത്രിമ സജ്ജീകരണങ്ങള്‍ക്ക് ഒരു നഗരവാസിയുടെ വികാരമുള്‍ക്കൊള്ളാനാകുമോ എന്നാണ് ഉയരുന്ന ചോദ്യം. ഇക്കാലം വരെ നഗരങ്ങള്‍ കെട്ടിപ്പെടുക്കുന്നതിലും അവയെ നിയന്ത്രിക്കുന്നതിലും മുന്നിലുണ്ടായിരുന്നത് മനുഷ്യന്റെ വികാരങ്ങളായിരുന്നു. ഡെംബ്‌സ്‌കിയും മറ്റുഗവേഷകരും ചേര്‍ന്ന് ജര്‍മനിയിലെ സ്റ്റുട്ഗാര്‍ട്ടിനടുത്തുള്ള, ചെറു പട്ടണമായ ഹെറന്‍ബര്‍ഗിന്റെ ഇരട്ട നഗരവും സൃഷ്ടിച്ചുകഴിഞ്ഞു. അതിനു ശേഷം ഗവേഷകര്‍ നഗരവാസികളോട് ഒരു ആപ് ഉപയോഗിച്ച് തങ്ങളുടെ വികാരങ്ങള്‍ റെക്കോഡു ചെയ്യാന്‍ ആവശ്യപ്പെട്ടു. നഗരത്തിലെ പൊതു സ്ഥലങ്ങളിലൂടെ യാത്രചെയ്യുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ അവര്‍ക്കായി. വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നടത്തിയ ഈ പരീക്ഷണത്തില്‍ 1000 നഗരവാസികള്‍ പങ്കെടുത്തു. തങ്ങള്‍ നഗരിത്തിന്റെ ഒരു പ്രത്യേക പ്രദേശത്ത് മനസ്സുഖം അനുഭവിച്ചോ എന്നൊക്കെ രേഖപ്പെടുത്താം. അമിത ട്രാഫിക് ഉള്ള ഇടങ്ങള്‍, വേണ്ടത്ര തെരുവ് വിളക്കുകളില്ലാത്ത നിരത്തുകള്‍ തുടങ്ങിയവയെ എല്ലാം കുറിച്ചുള്ള നഗരവാസികളുടെ പ്രതികരണങ്ങള്‍ കണക്കിലെടുത്ത് നഗരത്തില്‍ ആര്‍ക്കിടെക്ടുകള്‍ക്കും പ്ലാനര്‍മാര്‍ക്കും ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താനാകും. 

നിലവില്‍ നഗരത്തിനു മാറ്റങ്ങള്‍ വരുത്താനുള്ള പ്ലാനുകള്‍ തയാറാക്കുമ്പോള്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍, ഇതുകൂടെ അറിയുമ്പോഴാണ് പ്ലാനിങ് പൂര്‍ണമാകുന്നത്. പുതിയ കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള കൂടുതല്‍ ജനാധിപത്യപരമായ നീക്കമാണിതെന്നും പറയുന്നു. സ്ത്രീകള്‍, പ്രായമായവര്‍, കുടിയേറ്റക്കാര്‍, അംഗവൈകല്യമുള്ളവര്‍ തുടങ്ങിയവരുടെയൊക്കെ പ്രതികരണങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചുവെന്ന് ഗവേഷകര്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം ബാധിക്കാനിടയുള്ള നഗരങ്ങള്‍, പരിസ്ഥിതി ലോല മേഖലകള്‍ തുടങ്ങിയവയ്ക്ക് വളരെ ഉപകാരപ്രദമായിരിക്കും ഡിജിറ്റല്‍ ഇരട്ട നഗരം എന്ന സങ്കല്‍പ്പമെന്ന് ഗവേഷകര്‍ പറയുന്നു. ഇവിടങ്ങളില്‍ സംഭവിക്കാവുന്ന മാറ്റങ്ങള്‍ വെര്‍ച്വലായി നിർമിച്ചുനോക്കി, പ്രകൃതിദുരന്തം സംഭവിക്കുന്നതിനു മുന്‍പ് തന്നെ കണ്ടറിഞ്ഞ് വേണ്ട നടപടികള്‍ സ്വീകരിക്കികാമെന്നതാണ് ഇതിന്റെ ഗുണം. തങ്ങള്‍ ഇതുവരെ ചെയ്തു വച്ചതു കൂടാതെ മഹാവ്യാധി പടര്‍ന്നാല്‍ എന്തു ചെയ്യാമെന്നതു കൂടെ വെര്‍ച്വല്‍ നഗരങ്ങളിലേക്ക് ഉള്‍ക്കൊള്ളിക്കുകയാണ് ഗവേഷകര്‍. കുടിയേറ്റക്കാരുടെപ്രശ്‌നങ്ങള്‍, മധ്യവര്‍ഗവും, കാശുകാരും നഗരത്തിനു വരുത്തിയിരിക്കുന്ന കേടുപാടുകള്‍ തീര്‍ക്കുക തുടങ്ങിയവയും ഉള്‍ക്കൊള്ളിക്കും. വെര്‍ച്വല്‍ ഇരട്ട നഗരം എന്ന സങ്കല്‍പ്പം നിരവധി പുതിയ സങ്കല്‍പ്പങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ഗവേഷകര്‍ കരുതുന്നു.

English Summary: What are digital twin cities? How is this concept going to revolutionize life?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA