ADVERTISEMENT

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ചെങ്കിലും മണ്ണടിയാതെ സൂക്ഷിച്ചിരിക്കുന്ന മമ്മികളില്‍ പുതിയ പഠനത്തിലാണ് കെയ്‌റോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍. രണ്ടായിരവും നാലായിരവും വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്ന മമ്മികളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാനായി ലേസറിന്റേയും എക്‌സ്‌റേകളുടേയും സഹായമാണ് തേടിയിരിക്കുന്നത്. 

 

കാലിഫോര്‍ണിയയിലെ ബേര്‍ക്‌ലേ ലാബിലാണ് അത്യാധുനിക ലേസറുകള്‍ വഴി മമ്മികളുടെ പൂര്‍വ്വകാല ജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ആ ശ്രമത്തില്‍ വലിയൊരു പങ്ക് അവര്‍ മുന്നേറുകയും ചെയ്തിട്ടുണ്ട്. മമ്മികളില്‍ നിന്നും ശേഖരിച്ച എല്ലുകളുടേയും മറ്റും സാംപിളുകളില്‍ ലേസര്‍ വെളിച്ചം അടിച്ചാണ് പരിശോധന.

 

വിലപ്പെട്ട വിവരങ്ങള്‍ ഒരുപാട് നമ്മുടെ എല്ലുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പഠനത്തില്‍ പങ്കെടുത്ത കെയ്‌റോ സര്‍വ്വകലാശാലയിലെ മുഹമ്മദ് കാസിം സാക്ഷ്യപ്പെടുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപുള്ള ഈജിപ്ഷ്യരുടെ ഭക്ഷണം, ആരോഗ്യം, ദൈനം ദിന ചര്യകള്‍ തുടങ്ങിയ പലതിലേക്കും ഈ പരീക്ഷണം വെളിച്ചം വീശുന്നുണ്ട്.

 

മമ്മികളുടെ ശേഖരിച്ച സാംപിളുകളിലൂടെ പ്രത്യേകതരം ലേസര്‍ കടത്തിവിടുകയാണ് ചെയ്യുന്നത്. അലൂമിനിയം, ഈയം തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യം ഗവേഷകര്‍ ഈ മാര്‍ഗത്തിലൂടെ കണ്ടെത്തി. പൗരാണിക ഈജിപ്തുകാര്‍ അലൂമിനിയം ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, കലക്കുവെള്ളം ശുദ്ധീകരിക്കുന്നതിനായി പൊട്ടാസ്യം അലും ഇവര്‍ ഉപയോഗിച്ചിരുന്നു. ഇതുവഴിയാണ് ഈജിപ്തുകാരുടെ ശരീരത്തില്‍ അലൂമിനിയത്തിന്റെ സാന്നിധ്യം കണ്ടെത്താനായതെന്നാണ് കരുതപ്പെടുന്നത്. 

 

മനുഷ്യന്റെ അസ്ഥികളിലും പേശികളിലുമൊക്കെ കാണപ്പെടുന്ന പ്രോട്ടീനായ കൊളാജെന്‍ മമ്മികളുടെ എല്ലില്‍ എത്രത്തോളമുണ്ടെന്നും ഇവര്‍ കണക്കാക്കി. ആധുനിക മനുഷ്യരുടെ ശരീരത്തിലെ കൊളാജെനുമായി താരതമ്യം ചെയ്യുകയായിരുന്നു ലക്ഷ്യം. ആധുനിക മനുഷ്യരിലെ എല്ലുകളിലെ കൊളാജെനുകളേക്കാള്‍ മികച്ച കൊളാജന്‍ സാന്നിധ്യമാണ് ഈ മമ്മികളില്‍ നിന്നും കണ്ടെടുത്തെന്ന് ബെര്‍ക്‌ലിയിലെ ഗവേഷകനായ എറിക് ഷായ്ബിള്‍ പറയുന്നു. 

 

കെയ്‌റോ സര്‍വകലാശാലയിലെ ഗവേഷകര്‍ നാല് വ്യത്യസ്ത ഈജിപ്ത് രാജവംശങ്ങളിലെ മമ്മികളില്‍ നിന്നുള്ള സാംപിളുകള്‍ ഗവേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്. മമ്മികള്‍ കണ്ടെത്തിയ പ്രദേശത്തെ മണ്ണും പരിശോധിച്ചിരുന്നു. എല്ലുകളിലെ വിവിധ വസ്തുക്കളുടെ സാന്നിധ്യം മമ്മികളിലെ മനുഷ്യരുടെ ആരോഗ്യം, ഭക്ഷണം, നിത്യ ജീവിതം എന്നിവയുമായി ബന്ധമുള്ളതാണോ അതോ മണ്ണില്‍ സ്വാഭാവികമായി ഉള്ളതാണോ എന്ന് തെളിയിക്കാന്‍ മണ്ണ് പരിശോധന സഹായിക്കും. മമ്മികളുടെ മരണത്തിന്റ മാത്രമല്ല ജീവിച്ചിരുന്ന കാലത്തേയും വിവരങ്ങള്‍ ശേഖരിക്കുന്ന പഠനം ആവേശകരമായിരുന്നുവെന്നാണ് ശാസ്ത്രസംഘത്തില്‍ അംഗമായിരുന്ന ഡോ. എറിക് ഷായ്ബിള്‍ പറയുന്നത്.

English Summary: Shining a light on the secrets of ancient Egyptian mummies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com