ADVERTISEMENT

2000 മുതൽ 2019 വരെയുള്ള 20 വർഷത്തിനിടയിൽ ഇന്ത്യയിൽ പാമ്പുകടിയേറ്റു മരണമടഞ്ഞത് 12 ലക്ഷം മനുഷ്യർ. അതായത് വർഷത്തിൽ ശരാശരി 58,000 ആളുകൾ. ഇതിൽ എഴുപതു ശതമാനവും സംഭവിച്ചിരിക്കുന്നത് ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് (തെലുങ്കാന ഉൾപ്പടെ), രാജസ്ഥാൻ, ഗുജറാത്ത് എന്നീ എട്ട് സംസ്ഥാനങ്ങളിലെ സമതല, ഗ്രാമീണ പ്രദേശങ്ങളിലാണ്. പകുതി മരണങ്ങളും സംഭവിച്ചിരിക്കുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ മഴക്കാലത്തുമാണ്. ലഭ്യമായ വിവരങ്ങളനുസരിച്ച് അണലികളുടെ (Russell's vipers) ദംശനമാണ് മരണകാരണമാകുന്നതിൽ ഏറ്റവും മുൻപിൽ. വെള്ളിക്കെട്ടനും മൂർഖനും തൊട്ടടുത്ത സ്ഥാനങ്ങളിൽ വരുന്നു. മരണ കാരണമാകാവുന്ന പാമ്പുകടിയേൽക്കാൻ ഏറ്റവും സാധ്യതയുള്ള ജനവിഭാഗങ്ങളെ തിരിച്ചറിയാൻ പ്രസ്തുത പഠനത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു ശരാശരി ഇന്ത്യക്കാരൻ 70 വയസിനു മുൻപ് പാമ്പുകടിയേറ്റു മരിക്കാനുള്ള സാധ്യത 250-ൽ ഒന്നാണെങ്കിൽ, ചില പ്രദേശങ്ങളിൽ ഇത് നൂറിൽ ഒന്നാണെന്ന് പഠനം വെളിപ്പെടുത്തുന്നു. കാനഡയിലെ ടൊറൊന്റോ സർവകലാശാലയിലെ സെന്റർ ഫോർ ഗ്ലോബൽ ഹെൽത്ത് റിസർച്ച് ( CGHR), ഇന്ത്യയിലെയും ബ്രിട്ടനിലെയും പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്നു നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ 2020 ജൂലൈ 7 ന്, eLife ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

പ്രധാനപ്പെട്ട മറ്റു വിവരങ്ങൾ

പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 97 ശതമാനവും ഗ്രാമീണമേഖലയിലാണ് സംഭവിക്കുന്നത്. മരണങ്ങളിൽ 59 ശതമാനം പുരുഷൻമാരിലും, 41 ശതമാനം സ്ത്രീകളിലുമാണ്. പാമ്പുകടിയേറ്റു മരിക്കുന്നവരിൽ പകുതിയും 30-69 വയസിനിടയിലുള്ളവരാണ്. നാലിലൊന്ന് മരണങ്ങൾ പതിനഞ്ചു വയസിൽ താഴെയുള്ള കുട്ടികളിലും. 15 നും 29 നും ഇടയിൽ മരണനിരക്ക് 25 ശതമാനമാണ്. വാർഷിക മരണ നിരക്കിൽ ഉത്തർപ്രദേശാണ് (8,700) മുൻപിൽ. ആന്ധ്ര പ്രദേശ് ( 5200), ബിഹാർ ( 4,500) എന്നിവർ തൊട്ടു പിറകിലുണ്ട്.

2011-ലെ പഠനത്തിന്റെ തുടർച്ച

ടൊറോന്റോ സർവകലാശാലയിലെ സെന്റർ ഫോർ ഗ്ലോബൽ ഹെൽത്ത് റിസേർച്ച് ( CGHR), 2011-ൽ ഇന്ത്യയിൽ നടത്തിയ മില്ല്യൺ ഡെത്ത് സ്റ്റഡിയിൽ ( MDS ) നിന്നു ലഭിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിലെ പാമ്പിൻ വിഷമേറ്റുള്ള മരണം പ്രതിവർഷം 46,000 എന്ന നിലയിലാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ദേശീയ തലത്തിൽ ആദ്യമായി പ്രാതിനിധ്യ സ്വഭാവത്തോടെ മരണകാരണങ്ങളേക്കുറിച്ചു MDS നടത്തിയ വിപുലമായ പഠനത്തിൽ നിന്നാണ് ഇത്രമാത്രം ആളുകൾ പാമ്പുകടിയേറ്റു മരിക്കുന്നുവെന്ന അതിശയകരവും ആശങ്കാജനകവുമായ വിവരം ലോകാരോഗ്യ സംഘടനയ്ക്ക് ലഭിക്കുന്നത്. അതേത്തുടർന്ന് പാമ്പുകടിയേൽക്കൽ എന്ന പ്രശ്നത്തെ അതീവ പ്രാധാന്യമുള്ള, എന്നാൽ അവഗണിക്കപ്പെടുന്ന ഉഷ്ണമേഖലാ രോഗങ്ങളുടെ (Neglected Tropical Disease- NTD) ഭാഗമായി കരുതിത്തുടങ്ങാൻ ലോകാരോഗ്യ സംഘടന (WHO) നിർബന്ധിക്കപ്പെടുന്നത്. മാത്രമല്ല ആഗോളതലത്തിൽ തന്നെ പാമ്പിൻ വിഷ ബാധയെ ഒരു സുപ്രധാന പൊതുജനാരോഗ്യ പ്രശ്നമായി കരുതിത്തുടങ്ങാനും ഈ റിപ്പോർട്ട് അന്ന് പ്രേരകമായിരുന്നു. പുതിയ തിരിച്ചറിവിന്റെ വെളിച്ചത്തിൽ, പാമ്പുകടി മൂലം വർഷംതോറും ലോകത്തിൽ 80,000 - 1,40,000 ആളുകൾ മരിക്കുന്നുവെന്ന പുതുക്കിയ കണക്കിലേക്കും WHO എത്തുകയുണ്ടായി. പാമ്പുകടി മൂലമുള്ള മരണത്തെ അതിജീവിച്ചിട്ടും അംഗഭംഗമുള്ളവരായും ശാരീരികശേഷി പൂർണമായി നഷ്ടപ്പെട്ടവരായും ജീവിക്കുന്നവർ മരണനിരക്കിന്റെ മൂന്നിരട്ടിയോളം വരുമെന്നും കണക്കാക്കുന്നു. ഒപ്പം പാമ്പുകടിയേറ്റ സംഭവത്തിന്റെ മാനസിക മുറിവുകളുണങ്ങാതെ സമ്മർദ്ദം പേറുന്നവരും നിരവധിയാണെന്നും ലോകം മനസ്സിലാക്കി. 2011-ലെ പഠനത്തിന്റെ ഫലങ്ങളിലേക്ക്, 11 വർഷങ്ങളിലെ MDS പഠനത്തിന്റെ ഫീൽഡ് തല വിവര ശേഖരം കൂടി ചേർത്തുവെച്ചതിന്റെ അവലോകന ഫലങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഇരകളാകുന്നത് ഗ്രാമീണകർഷകരും കുടുബാംഗങ്ങളും

ഗ്രാമീണ കർഷകരും അവരുടെ കുടുംബത്തിലെ അംഗങ്ങളുമാണ് പാമ്പുകടിയുടെ പ്രധാന ഇരകൾ. അവഗണിക്കപ്പെടുന്ന ഉഷ്ണമേഖലാ രോഗങ്ങളിൽ ( NTD) ഏറ്റവും അവഗണിക്കപ്പെട്ടിരുന്ന പ്രശ്നമായിരുന്നു പാമ്പുകടിയേൽക്കൽ എന്നത്. എന്നാൽ 2017- മുതൽ ചിത്രം മാറിത്തുടങ്ങി. പാമ്പുകടിയേറ്റുള്ള പ്രശ്നങ്ങൾക്ക് വലിയ മുൻഗണനയാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ നൽകിവരുന്നത്. 2030 വർഷത്തോടെ പാമ്പുകടിയേൽക്കാനുള്ള സാഹചര്യങ്ങൾ തടയാനും നിയന്ത്രിക്കാനും, അതുവഴി പാമ്പുകടിയേറ്റുള്ള മരണനിരക്കും അനുബന്ധ ശാരീരികവൈകല്യങ്ങളും പകുതിയായി കുറയ്ക്കാനുമുള്ള കർമപദ്ധതിയ്ക്ക് 2019 -ൽ ലോകാരോഗ്യ സംഘടന തുടക്കമിട്ടിരിക്കുന്നു.. ലോകത്തിലെ പാമ്പുകടിയേറ്റുള്ള മരണത്തിൽ പകുതിയും സംഭവിക്കുന്ന ഇന്ത്യയ്ക്ക് ഈ ലക്ഷ്യം ബാലികേറാമലയായിരിക്കും. പാമ്പുകടി മരണങ്ങളും വൈകല്യങ്ങളും ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, ന്യൂ ഗിനിയ തുടങ്ങിയ പ്രദേശങ്ങളിലെ അതിദരിദ്രമായ സമൂഹങ്ങളിലാണ് കൂടുതലെന്നതും ഓർക്കുക. വിഷപ്പാമ്പുകളുടെ കടിയേൽക്കുന്നത് അടിയന്തര വൈദ്യസഹായമാവശ്യമുള്ള സാഹചര്യമാണെന്നതിൽ സംശയമില്ല. എന്നാൽ, സാമൂഹിക ബോധവത്ക്കരണത്തിലൂടെ പാമ്പിന്റെ കടിയേൽക്കാനുള്ള സാധ്യതയും, കൃത്യ സമയത്ത് നൽകപ്പെടുന്ന ഫലപ്രദമായ ആന്റിവെനങ്ങൾ വഴി ( Antivenoms) മരണനിരക്കും അനന്തര പ്രശ്നങ്ങളും ഗണ്യമായി കുറയ്ക്കാനും കഴിയും.

സർക്കാർ കണക്കുകൾ

ഭാരത സർക്കാർ നൽകുന്ന ഔദ്യോഗിക കണക്കുകളനുസരിച്ച്, 2003 മുതൽ 2015 വരെയുള്ള കാലയളവിൽ സർക്കാർ ആശുപത്രികളിൽ പാമ്പുകടി മൂലം മരണമടഞ്ഞത് 15,500 പേർ മാത്രമാണ്. ഇതേ കാലയളവിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്ന് MDS ശേഖരിച്ച വിവരമനുസരിച്ച് ഇത് 154,000 ആയിരുന്നു. അതായത് പത്തിരട്ടിയോളം കൂടുതൽ. പാമ്പുകടിയേറ്റുണ്ടാകുന്ന മരണങ്ങളുടെ കുറഞ്ഞ റിപ്പോർട്ടിങ് നിരക്ക് പരിഹരിക്കാൻ പാമ്പുകടിയേൽക്കുന്ന കേസുകൾ 'Notifiable Disease' വിഭാഗത്തിൽ ഉൾപ്പെടുത്തി നിർബന്ധമായും നിയമപരമായും റിപ്പോർട്ട് ചെയ്യിക്കാനും വിവരശേഖരണം നടത്താനുമുള്ള സംവിധാനം ഉറപ്പാക്കണമെന്ന് പഠന റിപ്പോർട്ട് ആവശ്യപ്പെടുന്നു.

പാമ്പുകൾ ശത്രുക്കൾ മാത്രമല്ല

നാം ജീവിക്കുന്ന ആവാസവ്യവസ്ഥയിൽ പാമ്പുകൾക്കും സുപ്രധാനസ്ഥാനമുണ്ടെന്ന് വിദഗ്ധർ ഓർമപ്പെടുത്തുന്നു. മിത്തുകളിലും മതങ്ങളിലുമുള്ള സ്ഥാനങ്ങൾക്കപ്പുറം ഭക്ഷ്യ ശ്യംഖലയുടെ ഭാഗമായി എലികളുടെയും മറ്റും നിയന്ത്രണത്തിൽ പാമ്പുകൾ ഭാഗഭാക്കുകളാകുന്നുണ്ട്. സമതല പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും വർഷത്തിലൊരു സമയത്ത്, മഴക്കാല സീസണിൽ കൂടുതലായി കണ്ടുവരുന്ന പാമ്പു കടിയേറ്റുള്ള മരണനിരക്ക് കുറയ്ക്കാൻ കൃത്യമായ പദ്ധതിയുണ്ടെങ്കിൽ സാധിക്കുമെന്നാണ് വിദഗ്ദമതം. പാമ്പുകടിയേൽക്കാൻ സാധ്യത കൂടിയ സ്ഥലങ്ങളിൽ ജനങ്ങൾക്ക് കൃത്യമായ പ്രായോഗിക വിദ്യാഭ്യാസം നൽകണം. പാമ്പുകളിൽ നിന്നും സുരക്ഷ നൽകുന്ന വിള ശേഖരണ രീതികൾ, റബർ ബൂട്ടുകൾ കൈയ്യുറകൾ എന്നിവയുടെ ഉപയോഗം, റീച്ചാർജ് ചെയ്യാവുന്ന ടോർച്ച് അല്ലെങ്കിൽ മെബൈൽ ഫോൺ ഫ്ളാഷ് ലൈറ്റുകളുടെ ഉപയോഗം ഇവയൊക്കെ പാമ്പുകടിയേൽക്കാനുള്ള സാധ്യത കുറയ്ക്കും. കൊതുകു വലകളുടെ വ്യാപക വിതരണവും സഹായപ്രദമെന്ന് കണ്ടിട്ടുണ്ട്. വിഷമുള്ള പാമ്പിനങ്ങളേക്കുറിച്ചുള്ള മെച്ചപ്പെട്ട അറിവും, അവ കാണപ്പെടുന്ന സ്ഥലങ്ങളേക്കുറിച്ചുള്ള ബോധവും അവയുടെ ആവാസസ്ഥാനങ്ങളേക്കുറിച്ചുള്ള പരിജ്ഞാനവുമൊക്കെ സഹായകരമായതിനാൽ ഇക്കാര്യങ്ങളിലുള്ള വിവരശേഖരണവും വിതരണവും പ്രധാനമാകുന്നു. ഒപ്പം, പാമ്പുകടിയേറ്റാൽ മനുഷ്യനുണ്ടാകുന്ന പ്രശ്നങ്ങളേക്കുറിച്ചും അറിവുണ്ടാവണം. www.indiansnakes.org എന്ന വെബ് സൈറ്റിൽ നിന്ന് ഇത്തരം വിവരങ്ങളടങ്ങിയ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാവും.

വലിയ അളവിൽ ആന്റി വെനം ഉത്പാദിപ്പിക്കാനുള്ള സൗകര്യങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഏറ്റവും അനുയോജ്യമായ ആന്റിവെനങ്ങൾ വികസിപ്പിച്ചെടുക്കുകയാണ് പ്രധാനം. നിലവിലുള്ള ആന്റി വെനം ഫലപ്രദമല്ലാത്ത 12 ഓളം വിഷപാമ്പുകൾ, മരണം വിതച്ചു കൊണ്ട് ഇന്ത്യയിലുണ്ട് എന്ന തോർക്കുക. വിവരശേഖരണം ഫലപ്രദമാക്കിയും, പ്രതിരോധ നടപടികൾ അവലംബിച്ചും അനുയോജ്യമായ ആന്റിവെനം ചികിൽസയ്ക്കുപയോഗിച്ചും മാത്രമേ 2030'ൽ പാമ്പുകടിയേറ്റുള്ള മരണനിരക്ക് പകുതിയാക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് അടുത്തെത്താൻ നമുക്ക് കഴിയൂ.

eLife ലേഖനത്തിൻ്റെ പൂർണ്ണരൂപം വായിക്കാൻ .

English Summary: Trends in snakebite deaths in India from 2000 to 2019 in a nationally representative mortality study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com