ADVERTISEMENT

ചന്ദ്രോപരിതല പര്യവേഷണത്തിൽ ചരിത്രം കുറിച്ചു ചൈന ചൊവ്വയിലേക്കും സ്വയം നിയന്ത്രിക്കുന്ന പേടകം വിക്ഷേപിച്ചിരിക്കുന്നു. ചൊവ്വയിൽ ഇറങ്ങി ഗവേഷണം നടത്താൻ ലക്ഷ്യമിട്ടുള്ളതാണ് ചൈനയുടെ പുതിയ ബഹിരാകാശ ദൗത്യം. വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഹൈനാൻ ദ്വീപിന്റെ വെൻ‌ചാങ് സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം നടന്നത്. ചൈനീസ് ബഹിരാകാശ ഏജൻസിയാണ് ടിയാൻവെൻ -1 ബഹിരാകാശ പേടകം ചൊവ്വയിലേക്ക് വിജയകരമായി വിക്ഷേപിച്ചത്. 

ഈ വിക്ഷേപണം ബഹിരാകാശ ചരിത്രത്തിൽ തീർച്ചയായും വലിയ കാര്യം തന്നയാണ്. കാരണം ഇത് യുഎസിനും റഷ്യയ്ക്കും ശേഷം ചൊവ്വയിലേക്ക് റോവർ അയയ്ക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈനയെ മാറ്റുന്നു. ടിയാൻ‌വെൻ‌-1 ലാൻ‌ഡർ‌ / റോവറിനൊപ്പം ഒരു ഓർ‌ബിറ്ററും‌ ഉൾ‌ക്കൊള്ളുന്നു.

കവി ക്യൂ യുവാന്റെ ചൈനീസ് കവിതയുടെ പേരിലാണ് ഈ ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്. അതിന്റെ അർഥം ‘സ്വർഗത്തിലേക്കുള്ള ചോദ്യങ്ങൾ’ എന്നാണ്. ചൊവ്വയെ പര്യവേക്ഷണം ചെയ്യാനുള്ള ചൈനയുടെ ആദ്യ ശ്രമമല്ല ഇത്. 2011 ൽ റഷ്യൻ ഫോബോസ്-ഗ്രന്റ് മിഷനിൽ യിൻ‌ഹുവോ -1 എന്ന് വിളിക്കുന്ന ഒരു ഓര്‍ബിറ്റർ അയച്ചിരുന്നു. എന്നാൽ വിക്ഷേപണം പരാജയപ്പെട്ടു. അത് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പോലും പുറത്തെത്തിയില്ല.

സ്വന്തമായി നിർമിച്ച ലോംഗ് മാർച്ച് 5 റോക്കറ്റ് ഉപയോഗിച്ചുള്ള ഇപ്പോഴത്തെ ദൗത്യം കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. ടിയാൻവെൻ -1 ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയെ ഭ്രമണം ചെയ്യാനും റോവറിനെ ഇറക്കാനും ഓർബിറ്ററുമായി നിരീക്ഷണങ്ങൾ ഏകോപിപ്പിക്കാനും പോകുന്നു എന്നാണ് ചൈനീസ് ബഹിരാകാശ ടീം അംഗങ്ങൾ പറഞ്ഞത്. ഈ രീതിയിൽ ഗ്രഹ ദൗത്യങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. വിജയിക്കുകയാണെങ്കിൽ, ഇത് ഒരു പ്രധാന സാങ്കേതിക മുന്നേറ്റത്തെ സൂചിപ്പിക്കും.

അടുത്ത വർഷം 2021 ഫെബ്രുവരിയിൽ ടിയാൻവെൻ -1 ചൊവ്വയുടെ ഉപരിതലത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കുറച്ച് മാസത്തേക്ക് ഗ്രഹത്തെ പരിക്രമണം ചെയ്യുകയും തുടർന്ന് ഉട്ടോപ്യ പ്ലാനിറ്റിയ പ്രദേശത്ത് എവിടെയെങ്കിലും ഇറങ്ങുകയും ചെയ്യും. ചൊവ്വാ ഗ്രഹത്തിന്റെ വടക്കൻ അർദ്ധഗോളത്തിലെ ഒരു വലിയ പരന്ന പ്രദേശമാണിത്. 1976 ൽ നാസയുടെ വൈക്കിംഗ് 2 ലാൻഡർ ലാൻഡിംഗ് നടത്തിയ അതേ സ്ഥലം കൂടിയായിരുന്നു ഇത്.

 

ചൈനയുടെ റോവർ ഏകദേശം 90 ചൊവ്വാ ദിവസങ്ങൾ ചെലവഴിക്കും. ചുറ്റുപാടുകളിൽ നിന്നുള്ള വിവരങ്ങൾ പകർത്തുകയും ചൊവ്വയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ മനുഷ്യരാശിയെ സഹായിക്കുകയും ചെയ്യും. മൾട്ടിസ്പെക്ട്രൽ ക്യാമറ, ടെറൈൻ ക്യാമറ, മാർസ് റോവർ സബ്സർഫേസ് എക്സ്പ്ലോറേഷൻ റഡാർ, മാർസ് സർഫേസ് കോമ്പോസിഷൻ ഡിറ്റക്ടർ, മാർസ് മാഗ്നെറ്റിക് ഫീൽഡ് ഡിറ്റക്ടർ, മാർസ് മെറ്റീരിയോളജി മോണിറ്റർ എന്നിവയുൾപ്പെടെ ആറ് ശാസ്ത്ര ഉപകരണങ്ങൾ ഇത് വഹിക്കുന്നു.

 

English Summary: World Applauds China On Successful Launch Of Tianwen-1 Spacecraft To Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com