ADVERTISEMENT

കൊറോണവൈറസ് വ്യാപിച്ചതോടെ കോണ്ടാക്ട് ട്രെയ്‌സിങ് ആപ്പുകള്‍, ഭീഷണിയും, ആര്‍പ്പും, ബഹളവുമെല്ലാമായി സർക്കാരുകള്‍ മുതല്‍ സ്വകാര്യ കമ്പനികള്‍ വരെ ഇറക്കി. ഇന്ത്യയുടെ ആപ്പായ ആരോഗ്യസേതു, ആദ്യം സർക്കാർ-സ്വകാര്യ മേഖലകളിലുള്ള ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഇന്‍സ്‌റ്റാള്‍ ചെയ്‌തേ പറ്റൂ എന്ന ഉത്തരവിറക്കിടെങ്കിലും പിന്നീടത് ഇഷ്ടമുണ്ടെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മിതിയെന്നാക്കി. ആദ്യ കാലത്ത് ഉത്തരേന്ത്യയില്‍ ആരോഗ്യസേതു ഇല്ലാതെ പുറത്തിറങ്ങിയവരുടെ ഫോണ്‍ പിടിച്ചു വാങ്ങി പൊലീസുകാര്‍ തന്നെ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത സംഭവങ്ങള്‍ വരെയുണ്ടായെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിലര്‍ക്ക് ചൂരല്‍ പ്രയോഗവും കിട്ടിയത്രെ. ഇത് ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ല. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ കോണ്ടാക്ട് ട്രെയ്‌സിങ് ആപ്പുകള്‍ ആവേശപൂര്‍വ്വം അവതരിപ്പിക്കുകയും പിന്നീട് അവയിലുള്ള താത്പര്യം നഷ്ടപ്പെടുന്നതായുമാണ് കാണുന്നത്. എന്നാല്‍, അതിനു വിപരീതമായി ജര്‍മനിയും അയര്‍ലൻഡും മാത്രം തങ്ങളുടെ ആപ്പുകള്‍ വിജയകരമായിരുന്നുവെന്ന അവകാശവാദം ഉന്നയിക്കുന്നുണ്ടു താനും.

 

ഇത്തരം ആപ്പുകളെക്കുറിച്ചുള്ള രണ്ടു പ്രധാന കാര്യങ്ങള്‍ തന്നെ അവയെക്കുറിച്ച് അമിതാവേശം കാണിക്കേണ്ട കാര്യമില്ലെന്നു പറയുന്നു എന്നാണ് ചിലര്‍ അവകാശപ്പെടുന്നത്- ഒന്നാമതായി ജനസംഖ്യയുടെ പകുതി പേരെങ്കിലും ആപ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമെ അതിനെ ഗൗരവത്തിലെടുക്കേണ്ടതായുള്ളു എന്നതാണ് പ്രധാനം. രണ്ടാമതായി ബ്ലൂടൂത്ത് സാങ്കേതികവിദ്യയെയാണ് ആപ് ആശ്രയിക്കുന്നത്. ബ്ലൂടൂത്താകട്ടെ ഇത്തരം ഒരു കടമ നിറവേറ്റാനുള്ള പക്വത ഇനിയും കൈവരിക്കാത്ത സാങ്കേതികവിദ്യയാണെന്നും പറയുന്നു. അപ്പോള്‍ ലോകത്തെവിടെയെങ്കിലും കോണ്ടാക്ട് ട്രെയ്‌സിങ് ആപ്പുകള്‍ അവയെ ഏല്‍പ്പിച്ചിരിക്കുന്ന ചുമതല ശരിക്കു നിറവേറ്റുന്നുണ്ടോ? ഒരാള്‍ക്കു വൈറസ് ബാധ ഏറ്റിരിക്കാനുള്ള സാധ്യതയുണ്ടെന്ന് അയാളെ അറിയിക്കുക എന്നതാണ് കോണ്ടാക്ട് ട്രെയ്‌സിങ് ആപ്പിന്റെ പ്രധാന കടമ.

 

arogya-setu-app-covid

കഴിഞ്ഞ മാസം ബ്രിട്ടിഷ് സർക്കാർ, ഇംഗ്ലണ്ടിനു വേണ്ടിയുള്ള തങ്ങളുടെ കേന്ദ്രീകൃത കോണ്ടാക്ട് ട്രെയ്‌സിങ് ആപ് ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചു. പകരം ആപ്പിളും-ഗൂഗിളും ചേര്‍ന്ന് അവതരിപ്പിച്ച സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ആപ് മതിയെന്നു വയ്ക്കുകയാണെന്നാണ് സർക്കാർ പറഞ്ഞത്. കേന്ദ്രീകൃത ആപ്പിനെതിരെ സ്വകാര്യതയ്ക്കു വേണ്ടി വാദിക്കുന്നവര്‍ രംഗത്തു വന്നിരുന്നു. സർക്കാരുകളുടെ ആപ്പും ആപ്പിളിന്റെയും ഗൂഗിളിന്റെയും ടൂള്‍കിറ്റും തമ്മില്‍ ഒരു വലിയ വ്യത്യാസമുണ്ട്. ടുള്‍കിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ആപ് ഉപയോക്താക്കളുടെ സ്മാര്‍ട് ഫോണില്‍ തന്നെയാണ് പ്രോസസിങ് നടത്തുന്നത്. സർക്കാരിന്റേതാകട്ടെ കേന്ദ്രീകൃത കംപ്യൂട്ടറിലേക്ക് ഡേറ്റ കൊണ്ടുപോകുന്നു. ഇതിനാല്‍ ടൂള്‍കിറ്റാണ് താരതമ്യേന സുരക്ഷിതം എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ആപ്പിളും ഗൂഗിളും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ ടൂള്‍കിറ്റ് ഫോണുകളിലും മറ്റും ലഭ്യമാക്കിയതു പോലും വിവാദമായിരുന്നു. ഇരു കമ്പനികളും തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ആപ് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗവണ്‍മെന്റിനെ സമീപിച്ചെങ്കിലും അക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് മനസിലാകുന്നത്.

 

ബ്രിട്ടൻ പറയുന്നത് പുതിയ ആപ് കൊണ്ടുവരുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് തിടുക്കമൊന്നുമില്ലെന്നാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ പറഞ്ഞത് ഉദ്ദിഷ്ടകാര്യം നിറവേറ്റുന്ന ഒരു കോണ്ടാക്ട് ട്രെയ്‌സിങ് ആപ്പുപോലും ലോകത്ത് ഒരിടത്തുമില്ലെന്നാണ്. തങ്ങളുടെ ആപ് വിജയമാണെന്നു പറയുന്ന ജര്‍മനിയുടെ കൊറോണാ മുന്നറയിപ്പ് ആപ് (Corona-Warn-App) ജൂണിലാണ് അവതരിപ്പിച്ചത്. അത് 1.6 കോടി പേര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു എന്നത് ഒരു നേട്ടമായി ഉയര്‍ത്തിക്കാട്ടുകയുണ്ടായി. എന്നാല്‍, ജര്‍മനിയുടെ ജനസംഖ്യ 8.3 കോടിയാണ് എന്നാണ് ഇതിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. ഈ ആപ് കൊണ്ടു ഗുണം കിട്ടണമെങ്കില്‍ പകുതി പേരെങ്കിലും അത് ഇന്‍സ്റ്റാള്‍ ചെയ്തരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തങ്ങളുടെ ആപ്പിലൂടെ 500 രോഗികള്‍ക്ക് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പു നല്‍കാനായി എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ശരിക്കും എത്രപേര്‍ക്ക് തങ്ങളുടെ ആപ് ഗുണകരമായി എന്ന കാര്യം അറിയില്ലെന്നും ജര്‍മനി പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഈ സോഫ്റ്റ്‌വെയര്‍ അതിന്റെ പ്രധാന ചുമതല നിര്‍വഹിക്കുന്നുണ്ടെന്നു പോലും ഇനിയും ഉറപ്പാക്കാനായിട്ടില്ലെന്നാണ് ഒരു വാദം.

 

ആപ് ശരിക്കു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയണമെങ്കില്‍, അത് നെഗറ്റീവ് ആയവരെയും പോസിറ്റീവ് ആയവരെയും കൃത്യമായി തന്നെ തിരിച്ചറിയണം. അല്ലാതെ ചുമ്മാ എന്തെങ്കിലും മുന്നറിയിപ്പു നല്‍കിയാല്‍ പോരെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടൊപ്പം തന്നെ ഓര്‍മവയ്‌ക്കേണ്ട കാര്യമാണ് രണ്ടാളുകള്‍ തമ്മിലുള്ള അകലം നിര്‍ണയിക്കാനുള്ള ബ്ലൂടൂത്തിന്റെ ശേഷിക്കുറവ്. ജര്‍മനി പറയുന്നത് അതേക്കുറിച്ച് തങ്ങള്‍ക്കും അറിയില്ലെന്നാണ്. സ്വിറ്റ്‌സര്‍ലൻഡിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി- ആപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനവുന്നില്ല. അയര്‍ലൻഡ് ആണ് ആപ് ശരിക്കു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട മറ്റൊരു രാജ്യം. എന്നാല്‍, അവര്‍ പിന്നീട് തങ്ങള്‍ക്കും ഇത് പൂര്‍ണമായി ഉറപ്പാക്കാനായിട്ടില്ലെന്നു തിരുത്തി പറയുകയായിരുന്നു.

 

∙ കോണ്ടാക്ട് ട്രെയ്‌സിങ് ആപ്പുകള്‍ക്ക് ലോകമെങ്ങും പ്രശ്‌നങ്ങള്‍ മാത്രം

 

ജപ്പാന്റെ കോണ്ടാക്ട് ട്രെയ്‌സിങ് ആപ്പിന്റെ പേരാണ് കൊകോവ. ഇത് ആകെ 77 ലക്ഷം പേരാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ജപ്പാന്റെ ജനസംഖ്യ 12.6 കോടിയാണ്. കൊകോവയില്‍ വന്ന ബഗ് കാരണം പലര്‍ക്കും റജിസ്റ്റര്‍ ചെയ്യാനായിട്ടില്ല. ഇതുവരെ ആപ്പില്‍ റജിസ്റ്റര്‍ ചെയ്ത പോസിറ്റീവ് കേസുകള്‍ വെറും 27 എണ്ണം മാത്രമാണത്രെ.

 

ഇറ്റലിയുടെ ആപ്പായ ഇമ്മുണി (Immuni) 42 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തു. രാജ്യത്തെ ജനസംഖ്യ 6 കോടിയാണ്. രോഗം നിയന്ത്രണ വിധേയമായി എന്ന തോന്നലാണ് കൂടുതല്‍ പേര്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കാനുള്ള കാരണമെന്നും, രോഗം വീണ്ടും വ്യാപിച്ചാല്‍ കൂടുതല്‍ പേര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമെന്നും അധികാരികള്‍ പറയുന്നു.

 

ഓസ്‌ട്രേലിയയുടെ കോണ്ടാക്ട് ട്രെയ്‌സിങ് ആപ് കാര്യമായി ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഈ ആപ് നിർമിക്കാനായി ഓസ്‌ട്രേലിയ ഏകദേശം 7 കോടി ഓസ്‌ട്രേലിയന്‍ ഡോളര്‍ ചെലവിട്ടു എന്നും കൂടെ ഓര്‍ക്കുമ്പോഴാണ് കാര്യങ്ങളുടെ കിടപ്പു മനസിലാകുന്നത്.

 

ഫ്രാന്‍സിന്റെ സ്‌റ്റോപ്‌കോവിഡ് ആപ് സ്വകാര്യതയെ മാനിക്കുന്ന രീതിയില്‍ പരിഷ്‌കരിക്കണമെന്ന്, രാജ്യത്തെ ഡേറ്റാ സംരക്ഷകര്‍ സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആപ് ആകട്ടെ ഏകദേശം 23 ലക്ഷം പേരാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

 

English Summary: The great coronavirus-tracing apps mystery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com