sections
MORE

കൊറോണ വാക്സിനുകൾ വിജയത്തിലേക്ക്, ഇനി നിര്‍ണായക ദിനങ്ങളെന്ന് വിദഗ്ധർ

vaccine
SHARE

കോവിഡ് 19 ആഗോളതലത്തില്‍ കൂടുതല്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗത്തിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ കൂടുതല്‍ നിര്‍ണായകമാവുകയാണ്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വാക്‌സിന്‍ നിര്‍മാണ പുരോഗതിയുടെ ശുഭവാര്‍ത്തകള്‍ വരുന്നുണ്ട്. എങ്കിലും അന്തിമഘട്ടത്തിലെ ഫലങ്ങളും തുടര്‍ പഠനങ്ങളുമാണ് പ്രതിരോധ കുത്തിവെപ്പുകളുടെ കാര്യത്തില്‍ നിര്‍ണായകമെന്ന് ഓര്‍മിപ്പിക്കുകയാണ് വിദഗ്ധര്‍.

ഓക്‌സ്‌ഫഡ് സര്‍വ്വകലാശാലയിലെ ഗവേഷകരും ബ്രിട്ടനിലെ അസ്ട്രാസെനേക്കയും ചേര്‍ന്ന് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ വിശദ വിവരങ്ങള്‍ ദ ലാന്‍സെറ്റ് ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ചൈനീസ് മരുന്നുനിര്‍മാണ കമ്പനി കാന്‍സിനോ ബയോളജിക്‌സ് ചൈനീസ് സേനയുമായി ചേര്‍ന്നുള്ള വാക്‌സിനും രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മനുഷ്യരില്‍ ഈ വാക്‌സിനുകള്‍ കോവിഡിനെതിരായ പ്രതിരോധം സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ദ ലാന്‍സെറ്റില്‍ തന്നെയാണ് ചൈനീസ് വാക്‌സിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. 

അമേരിക്കന്‍ കമ്പനിയായ ഫിസറും ജര്‍മന്‍ പങ്കാളി ബയോഎൻടെകും സംയുക്തമായി നിര്‍മിക്കുന്ന വാക്‌സിനും ആദ്യഘട്ടത്തില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഈ മൂന്ന് പ്രതിരോധ കുത്തിവെപ്പുകളുടെ പരീക്ഷങ്ങള്‍ക്കിടയിലും ചെറിയ ചില പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍ പെട്ടെങ്കിലും ഗുരുതരമായവ  ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണ്. 

ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ അടിയന്തര വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന്‍ തന്നെ വാക്‌സിന്‍ നിര്‍മാണ പുരോഗതി ശുഭവാര്‍ത്തയാണെന്ന് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. അതേസമയം, കോവിഡ് 19 വാക്‌സിന്‍ എന്ന ലക്ഷ്യത്തിലേക്ക് ഈ ഗവേഷക സംഘങ്ങള്‍ക്ക് ഇനിയുമേറെ ദൂരം പോകാനുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. 

വൈറസിനെതിരായ പ്രതിരോധ സംവിധാനം ഊര്‍ജ്ജിതമാക്കുന്ന വാക്‌സിനുകള്‍ ഉപയോഗിക്കുന്നതിലെ സുരക്ഷയും മരുന്നിന്റെ അളവും മറ്റു പാര്‍ശ്വഫലങ്ങളുമൊക്കെയാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കപ്പെടുക. വാക്‌സിന്‍ നിര്‍മാണത്തിലെ നിര്‍ണായകമായ മൂന്നാം ഘട്ടത്തിലാണ് പല ഗവേഷകസംഘങ്ങളും. സുരക്ഷക്കൊപ്പം രോഗത്തെ ചെറുക്കാന്‍ എത്രത്തോളം ഫലപ്രദമാണ് വാക്‌സിന്‍ എന്നതായിരിക്കും ഈ ഘട്ടത്തില്‍ പരിശോധിക്കപ്പെടുക. പല പ്രായങ്ങളിലും വിഭാഗങ്ങളിലുമുള്ള പതിനായിരക്കണക്കിന് മനുഷ്യരെ ഉള്‍പ്പെടുത്തിയാകും പരീക്ഷണങ്ങള്‍ നടക്കുക.

വൈറസിനെ പൂര്‍ണമായി ചെറുക്കാനായില്ലെങ്കില്‍ പോലും പല വാക്‌സിനുകളും ഗുണഫലങ്ങള്‍ നല്‍കാനിടയുണ്ട്. പ്രത്യേകിച്ച് രോഗത്തിന്റെ ഗുരുതരാവസ്ഥ കുറക്കുക, മറ്റുള്ളവരിലേക്ക് പകരുന്നത് തടയുക തുടങ്ങിയ ഗുണഫലങ്ങള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവര്‍ക്ക് ലഭിച്ചേക്കാമെന്നാണ് ഓസ്‌ട്രേലിയയിലെ ഇമ്യൂണോളജിസ്റ്റ് കെയ്‌ലി ക്വിന്‍ പറയുന്നത്. 

ഇതിനകം തന്നെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ച ഓക്‌സ്‌ഫഡിന്റെ അടക്കം വാക്‌സിനുകളുണ്ട്. അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ വാക്‌സിനും ഫിസറും ബയോഎൻടെകും ചേര്‍ന്ന് നിര്‍മിക്കുന്ന വാക്‌സിനും ഈ മാസം തന്നെ മൂന്നാം ഘട്ട പരീക്ഷണങ്ങളിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാക്‌സിനുകള്‍ എല്ലാ പ്രതിസന്ധികളേയും വിജയകരമായി മറികടന്നാല്‍ പോലും അവ പൊതുജനങ്ങളിലേക്ക് എത്തണമെങ്കില്‍ കുറഞ്ഞത് 2021 മധ്യം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. 

ചൈനീസ് കമ്പനിയായ കാന്‍സിനോയുടെ രണ്ടാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി പല പ്രായക്കാരായ 508 പേരില്‍ വാക്‌സിന്‍ നല്‍കിയിരുന്നു. ഇതില്‍ പ്രായം കൂടിയവരില്‍ കുറഞ്ഞ അളവിലാണ് കോവിഡിനെതിരായ പ്രതിരോധം പ്രവര്‍ത്തിക്കുന്നതെന്ന് ശ്രദ്ധയില്‍ പെട്ടിരുന്നു. നിശ്ചിത ഇടവേളയില്‍ ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കുന്നതുവഴി ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. നിലവിലുള്ള ചില വാക്‌സിനുകള്‍ പൂര്‍ണഫലം ചെയ്യണമെങ്കില്‍ ആറ് ബൂസ്റ്ററുകള്‍ വരെ എടുക്കണമെന്നുണ്ട്. അങ്ങനെ വരുമ്പോള്‍ വലിയൊരു വിഭാഗക്കാരില്‍ ആദ്യ ഡോസില്‍ തന്നെ കോവിഡിനെതിരായ വാക്‌സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്നത് ആശ്വാസകരമാണ്. എങ്കിലും മനുഷ്യരില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന കോവിഡ് വാക്‌സിന്‍ കണ്ടെത്താന്‍ ഇനിയും കുറഞ്ഞത് മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരുമെന്നാണ് ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നത്.

English Summary: What happens next, as coronavirus vaccine trials move to a new phase?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA