ADVERTISEMENT

ആഗോളതലത്തില്‍ തീരദേശത്തെ പ്രളയം വരുന്ന 80 വര്‍ഷത്തിനകം അമ്പത് ശതമാനം കണ്ട് വര്‍ധിക്കുമെന്ന് പഠനം. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിക്കുന്നത് മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ദശലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന ദുരന്തം വിതക്കുക. ഏതാണ്ട് 10 ട്രില്യണ്‍ ഡോളറിന്റെ ( ഏതാണ്ട് 7,49,29,900 കോടി രൂപ) നഷ്ടമാണ് ഇതു മൂലമുണ്ടാവുക. യുകെയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. 

 

പതിറ്റാണ്ടുകള്‍ക്കകം ഏതാണ്ട് 96,500 ചതുരശ്ര മൈല്‍ പ്രദേത്ത് അധികമായി വലിയ തോതില്‍ പ്രളയമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇത് നിലവില്‍ പ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന പ്രദേശങ്ങളുടെ 48 ശതമാനം വരും. ഏതാണ്ട് 7.7 കോടി മനുഷ്യരെ ഈ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം ബാധിക്കും.

 

വടക്കു പടിഞ്ഞാറന്‍ യൂറോപ്പ്, തെക്കു-കിഴക്കന്‍ ഏഷ്യ, കിഴക്കന്‍ ഏഷ്യ, വടക്കുകിഴക്കന്‍ അമേരിക്ക വടക്കന്‍ ഓസ്‌ട്രേലിയ എന്നിവയെല്ലാമാണ് പ്രധാനമായും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വരിക. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ഈ പ്രദേശങ്ങളില്‍ പ്രളയം രൂക്ഷമാകുമെന്നാണ് പ്രവചനം.

 

coastal-ara

അന്തരീക്ഷ താപനില ഉയരുന്നതോടെ മഞ്ഞുരുകുന്നത് വേഗത്തിലാവുകയും സമുദ്ര നിരപ്പ് വര്‍ധിക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം കടല്‍ ക്ഷോഭങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുന്നതും വെള്ളപ്പൊക്കങ്ങളിലേക്ക് നയിക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മെല്‍ബണ്‍ സര്‍വകലാശാലയിലെ എബ്രു കിരേസി പറയുന്നു. കാലാവസ്ഥാ വ്യതിയാനം കുറച്ചു കൊണ്ടുവരാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും തീരമേഖലകളില്‍ സംരക്ഷണ ഭിത്തി കെട്ടുന്നത് അടക്കമുള്ള മുന്‍കരുതലുകളെടുക്കുകയും വേണം. ഈ പഠനഫലം സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

 

1979 മുതല്‍ 2014 വരെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായ കടല്‍ക്ഷോഭങ്ങളുടേയും സമുദ്ര നിരപ്പിലുണ്ടായ വര്‍ധനവിന്റേയും വിവരങ്ങളും ഇവക്ക് ഹരിതഗൃഹവാതങ്ങളുമായുള്ള ബന്ധവും പഠനത്തിന്റെ ഭാഗമായി ശേഖരിച്ചിരുന്നു. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ ഡേറ്റാമോഡല്‍ ഉപയോഗിച്ചാണ് 2100 വരെയുള്ള കടല്‍ക്ഷോഭങ്ങളേയും തീരദേശത്തെ പ്രളയ സാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നത്. ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള മേഖലകളിലെ ജനസംഖ്യ കൂടി കണക്കിലെടുത്താണ് എത്രത്തോളം പേരെ ഇത് നേരിട്ട് ബാധിക്കുമെന്ന നിഗമനത്തിലെത്തിയത്. 

 

ആഗോളതലത്തില്‍ തീരദേശങ്ങളിലുണ്ടാകുന്ന 68 ശതമാനം പ്രളയങ്ങള്‍ക്കും കാരണമാവുക ശക്തമായ തിരമാലകളും കൊടുങ്കാറ്റുകളുമായിരിക്കും. ബാക്കിയുള്ള 32 ശതമാനത്തിന്റെ കാരണക്കാര്‍ പ്രാദേശിക സമുദ്രജലനിരപ്പിലുണ്ടാകുന്ന വര്‍ധനവാണ്. തെക്കു കിഴക്കന്‍ ചൈന, ഓസ്‌ട്രേലിയയിലെ വടക്കന്‍ മേഖലകള്‍, ബംഗ്ലാദേശ്, അമേരിക്കയിലെ നോര്‍ത്ത് കരോലിന, വിര്‍ജിനിയ, മേരിലാന്റ് സംസ്ഥാനങ്ങള്‍ എന്നിവയാണ് കൂടുതല്‍ ദുരിതം അനുഭവിക്കുക. ഇന്ത്യയില്‍ പശ്ചിമബംഗാളിന്റേയും ഗുജറാത്തിന്റേയും തീരങ്ങളായിരിക്കും കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരികയെന്നും പഠനം പറയുന്നു.

 

2100 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ 4.1 ശതമാനം ജനങ്ങള്‍ക്കും ഇത്തരത്തില്‍ കടലാക്രമണത്തിനിരയാവേണ്ടി വരും. ആഗോളതലത്തില്‍ കടല്‍ക്ഷോഭവും തീരദേശത്തെ വെള്ളപ്പൊക്കവും മൂലമുണ്ടാകുന്ന അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിന്റെ മൂല്യം കണക്കാക്കിയാല്‍ അത് 14.2 ട്രില്യണ്‍ ഡോളര്‍ വരും. ഇത് ആഗോള ജിഡിപിയുടെ 20 ശതമാനമാണ്. സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Coastal flooding will rise by up to 50 per cent due to climate change over the next 80 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com