ADVERTISEMENT

ഒരു ഡോസ് വാക്‌സിന്‍ മതിയാകുമെന്നാണ് ആദ്യം ചിന്തിച്ചിരുന്നതെങ്കിലും രണ്ടു ഡോസെങ്കിലും വേണ്ടിവരുമെന്നാണ് ഇതുവരെയുള്ള വാക്‌സിന്‍ വികസനത്തിന്റെ പുരോഗതി പരിശോധിച്ചാല്‍ മനസിലാകുന്നതെന്ന് മൈക്രോസോഫ്റ്റ് കമ്പനിയുടെ മുന്‍ മേധാവിയും ശതകോടീശ്വരനുമായ ബില്‍ ഗെയ്റ്റ്‌സ് പറഞ്ഞു. ഗൂഢാലോചനാ വാദക്കാര്‍ പറയുന്നതുപോലെ കൊറോണാവൈറസിനുള്ള വാക്‌സിനിലൂടെ ഗെയ്റ്റ്‌സ് ഫൗണ്ടേഷന്‍ മൈക്രോചിപ്പുകള്‍ ആളുകളിലേക്ക് കുത്തിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

∙ അമേരിക്കയിലെ വൈറസ് വ്യാപനത്തിനു പിന്നില്‍ പിടിപ്പുകേട്

 

കൊറോണാവൈറസ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്ന് അമേരിക്കയാണ് എന്നത് അവരെ വല്ലാതെ നാണംകെടുത്തുന്ന കാര്യമാണെന്നും ബിൽഗേറ്റ്സിന് അഭിപ്രായമുണ്ട്. അത് അമേരിക്കയെക്കുറിച്ചുള്ള വിരൂപമായ ഒരു ചിത്രമാണ് ലോകത്തിനു കാണിച്ചുകൊടുക്കുന്നത്. ഏതു രീതിയില്‍ നോക്കിയാലും മഹാവ്യാധി ശക്തമായി ബാധിച്ച രാജ്യങ്ങളിലൊന്നായി അമേരിക്ക തീര്‍ന്നിരിക്കുകയാണെന്ന് സിബിഎസിനു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. കൊറോണാവൈറസിനെതിരെ ആളുകള്‍ മാസ്‌ക് ധരിക്കുന്നതാണ് നല്ലത് എന്ന വാദത്തെ രാഷ്ട്രീയവല്‍ക്കരിച്ചാതാകാം അമേരിക്കയ്ക്ക് ഏറ്റ തിരിച്ചടികളിലൊന്ന് എന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്. അമേരിക്കയുടെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഥവാ സിഡിസിയെ ട്രംപ് ഭരണകൂടം നിയന്ത്രിച്ച രീതിയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്.

 

തുടക്കത്തില്‍ ആളുകള്‍ക്ക് വൈറസിനെ ശരിക്കും മനസിലായിരുന്നില്ല. എന്നാല്‍, ധാരാളം നൂതന രീതികള്‍ താമസിയാതെ അവതരിപ്പിക്കപ്പെടും. അടുത്ത വര്‍ഷം ആദ്യത്തോടെ അമേരിക്കയിലെ സാഹചര്യം വരുതിയില്‍ കൊണ്ടുവരാനാകുമെന്ന് ഗെയ്റ്റ്‌സ് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിലത് വിജയകരമായി ഈ സാഹചര്യത്തെ കൈകാര്യം ചെയ്‌തെങ്കില്‍ അവിടുത്തേ നേതൃത്വം വ്യക്തമായ രീതിയില്‍ തങ്ങളുട സന്ദേശം ജനങ്ങളിലെത്തിച്ചതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളും അധ്യാപകരും തിരിച്ച് സ്‌കൂളിലെത്തുന്നത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമണ്. പക്ഷേ, അതിനു മുൻപ് അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തണമെന്നും ഗെയ്റ്റ്‌സ് പറഞ്ഞു.

 

തുടക്കത്തില്‍ ടെസ്റ്റുകള്‍ നടത്തുന്ന കാര്യത്തിലും അമേരിക്ക ഗുരുതരമായ വീഴ്ച വരുത്തി. വരുമാനം കുറഞ്ഞവര്‍ക്കിടയില്‍ ടെസ്റ്റുകള്‍ ആവശ്യത്തിനു നടത്തിയില്ല. മാസ്‌കുകള്‍ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചുള്ള വീണ്ടുവിചാരം ഉണ്ടായത് വൈകിയാണ്. മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ചുള്ള നിബന്ധന ഏറ്റവും മോശമായി നിന്ന രാജ്യങ്ങളിലൊന്ന് അമേരിക്കയാണ്. അമേരിക്കയ്ക്ക് അതിന്റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കുന്ന ഒരു നേതൃത്വം ഉണ്ടായിരുന്നില്ല. പല കാര്യങ്ങളിലും നമ്മള്‍ പശ്ചാത്തപിക്കുന്നു. എന്നാല്‍, നിരവധി നൂതന രീതികള്‍ താമസിയാതെ എത്തുമെന്നും ഗെയ്റ്റ്‌സ് പറയുന്നു. പല നയങ്ങളും തെറ്റായിരുന്നു. ഉദാഹരണത്തിന് ബാറുകള്‍ തുറന്നത്.  യൂറോപ്പിലൊക്കെ നാടകീയമായ രീതിയില്‍ രോഗം കുറഞ്ഞു. അത് അവരുടെ നേതൃത്വത്തിന്റെ ഗുണമാണ്. ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ അവര്‍ക്കായി. ടിവിയിലെത്തി തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ ശാസ്ത്രജ്ഞരെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രോത്സാഹിപ്പിച്ചു. അല്ലാതെ അവരെ നിരോധിക്കുകയല്ല ചെയ്തത്.

 

∙ സ്‌കൂള്‍ പഠനം

 

ഭാഗ്യവശാല്‍ കൊറോണാവൈറസ് വരുന്ന ചെറുപ്പക്കാരുടെ എണ്ണം വളരെ കുറവാണ്. കുട്ടികളും അധ്യാപകരും സ്‌കൂളുകളിലെത്തിയാല്‍ അവര്‍ തിരിച്ചു വീടുകളിലെത്തുമ്പോള്‍ രോഗം മുതിര്‍ന്നവര്‍ക്കു നല്‍കാനുള്ള സാധ്യത നിലനില്‍ക്കുന്നു. എന്നാല്‍ 2021ല്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാകുമെന്നും അദ്ദേഹം പറയുന്നു. തന്റെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ ആവശ്യത്തിനു ജാഗ്രത പുലര്‍ത്തിയാണ് അവ തുറക്കുന്നതെങ്കില്‍ അവരെ പഠിക്കാന്‍ വിടുമെന്നും ഗെയ്റ്റ്‌സ് പറഞ്ഞു.

 

∙ ഒറ്റ ഡോസ് മതിയാവില്ല

 

ആര്‍ക്കാണ് ആദ്യം വാക്‌സിന്‍ ലഭിക്കേണ്ടത് എന്ന ചോദ്യത്തിന് അമേരിക്കയ്ക്ക് എന്ന ഉത്തരമാണ് ഗെയ്റ്റ്‌സ് നല്‍കിയത്. കാരണം രാജ്യത്തെ ഫാക്ടറികള്‍ക്കെല്ലാം ഫണ്ടിങ് നല്‍കുന്നത് അമേരിക്കയാണ്. എന്നാല്‍, മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഗെയ്റ്റ്‌സ് ഫൗണ്ടേഷന്‍ അടക്കമുള്ള സംഘടനകള്‍ തങ്ങളാലാകാവുന്ന കാര്യങ്ങള്‍ ചെയ്‌തേക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെയുള്ള വാക്‌സിന്‍ വികസനത്തിന്റെ പുരോഗതി വച്ചു പറഞ്ഞാല്‍ ഒരു ഡോസ് വാക്‌സിന്‍ മതിയാവില്ല. അതു മതിയാകുമെന്നായിരുന്നു തുടക്കത്തില്‍ ചിന്തിച്ചിരുന്നത്. രണ്ടു ഡോസു മതിയാകുമായിരിക്കും. എന്നാല്‍, മുതിര്‍ന്നവര്‍ക്ക് കൂടുതല്‍ വേണ്ടിവരാമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി പരീക്ഷണങ്ങള്‍ നടത്തിയാലെ ഇക്കാര്യം തീര്‍ച്ചപ്പെടുത്താനായേക്കൂ. വാക്‌സിനുകള്‍ക്കെതിരെ നടക്കുന്ന ദുഷ്പ്രചരണം ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വസൂരി, പോളിയോ തുടങ്ങിയ രോഗങ്ങളെ വരുതിക്കു നിർത്തിയ കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു.

 

∙ ഗെയ്റ്റ്‌സ് വാക്‌സിനിലൂടെ ചിപ്പ് വയ്ക്കുമെന്ന് 44 ശതമാനം റിപ്പബ്ലിക്കന്‍ അനുഭാവികള്‍

 

ഗെയ്റ്റ്‌സ് ഫൗണ്ടേഷന്‍ വാക്‌സിനിലൂടെ മൈക്രോചിപ് വയ്ക്കുമോ എന്ന ചോദ്യത്തിന് വാക്‌സിനുകളും ട്രാക്കിങും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് ഗെയ്റ്റ്‌സ് പറഞ്ഞത്. ഇതൊക്കെ എവിടുന്നു വരുന്നുവെന്നു തനിക്കു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 44 ശതമാനം പേര്‍ കൊറോണാവൈറസിനുള്ള വാക്‌സിനിലൂടെ ഗെയ്റ്റ്‌സ് ഫൗണ്ടേഷന്‍ ആളുകളില്‍ മൈക്രോചിപ് വയ്ക്കാന്‍ ശ്രമിക്കുന്നതായി വിശ്വസിക്കുന്നുവെന്നു കണ്ടെത്തിയിരുന്നു. തങ്ങള്‍ അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനിത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ഗെയ്റ്റ്‌സ് പറഞ്ഞു. ആളുകള്‍ക്ക് യാഥാര്‍ഥ്യം മനസിലാകുമ്പോള്‍ ഇത്തരിത്തിലുള്ള ഗൂഢാലോചനാ വാദങ്ങള്‍ വഴിമാറിപ്പോകുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.

 

English Summary: Two dose vaccine may be needed; no chips in vaccine: Gates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com