ADVERTISEMENT

കൊറോണവൈറസ് മൂലം വഴിമുട്ടിയ മേഖലകള്‍ നിരവധിയാണെങ്കിലും ടെലി മെഡിസിന്‍ പോലെ അപൂര്‍വം ചിലര്‍ക്ക് പുത്തന്‍ സാധ്യതകളാണ് തുറന്നിരിക്കുന്നത്. ഡോക്ടറെ നേരിട്ട് കണ്ട് ചികിത്സിക്കുന്നതിനേക്കാള്‍ വെര്‍ചുല്‍ ഡോക്ടര്‍മാരെ കാണാന്‍ കൂടുതല്‍ പേര്‍ തയാറായതിന്റെ ഒരു ഗുണഭോക്താവാണ് ഡോക്ടര്‍ ഓണ്‍ ഡിമാന്‍ഡ് എന്ന ടെലിമെഡിസിന്‍ കമ്പനി. 75 ദശലക്ഷം ഡോളറാണ് (ഏതാണ്ട് 563 കോടി രൂപ) കോവിഡ് കാലത്ത് ഡോക്ടര്‍ ഓണ്‍ ഡിമാന്‍ഡിലേക്ക് നിക്ഷേപമായി ഒഴുകിയെത്തിയിരിക്കുന്നത്. 

 

2012ല്‍ ഡോ. ഫില്‍ എന്ന പേരിലറിയപ്പെടുന്ന ഫില്‍ മക്‌ഗ്രോയാണ് ഡോക്ടര്‍ ഓണ്‍ ഡിമാൻഡ് സ്ഥാപിച്ചത്. തുടക്കത്തില്‍ വെബ് സൈറ്റും പിന്നീട് ആപ്ലിക്കേഷനുമൊക്കെയായിരുന്ന ഡോക്ടര്‍ ഓണ്‍ ഡിമാൻഡ് വൈകാതെ വെര്‍ചുല്‍ പൊതുജനാരോഗ്യകേന്ദ്രവും മാനസികാരോഗ്യ കേന്ദ്രവുമൊക്കെയായി മാറി. ഇപ്പോള്‍ ഏതാണ്ട് 700 ഡോക്ടര്‍മാര്‍ ഡോക്ടര്‍ ഓണ്‍ ഡിമാൻഡിന്റെ ഭാഗമായി ജോലിയെടുക്കുന്നുണ്ട്. ഏതാണ്ട് ആയിരം ഡോക്ടര്‍മാര്‍ ഈ ടെലിമെഡിസിന്‍ കമ്പനിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന ഡോ. ഫിലിന്റെ തുറന്നുപറച്ചില്‍ തന്നെ അവര്‍ക്ക് ലഭിച്ച സ്വീകാര്യതയുടെ തെളിവാണ്. അവസാനത്തെ 75 മില്യണ്‍ ഡോളര്‍ കൂടി വന്നതോടെ ഡോക്ടര്‍ ഓണ്‍ ഡിമാൻഡിന്റെ ആകെ നിക്ഷേപം 240 ദശലക്ഷം ഡോളറായി (ഏതാണ്ട് 1,800 കോടി രൂപ) വര്‍ധിക്കുകയും ചെയ്തു. 

 

ടെലിമെഡിസിന്‍ വര്‍ഷങ്ങളായി നിലവിലുണ്ടെങ്കിലും ഭൂരിഭാഗം പേരും ആദ്യ സാധ്യതയായി പരിഗണിച്ചിരുന്നില്ല. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ പലപ്പോഴും ഡോക്ടറെ നേരിട്ടു കാണുക അസാധ്യമോ രണ്ടാം പരിഗണനയോ ആയതോടെ ടെലിമെഡിസിന്‍ കുതിച്ചുയരുകയായിരുന്നു. ഡോക്ടര്‍ ഓണ്‍ ഡിമാൻഡിന് മാത്രം ഈ വര്‍ഷം രോഗികളുടെ എണ്ണത്തില്‍ 139 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ടെലിമെഡിസിന്‍ മേഖലയിലെ മറ്റു കമ്പനികള്‍ക്കും വലിയ മാറ്റമുണ്ടായിട്ടുണ്ട്. ആംവെല്‍ എന്ന ടെലിമെഡിസിന്‍ കമ്പനിക്ക് മെയ് മാസത്തില്‍ ലഭിച്ചത് 194 മില്യണ്‍ ഡോളറിന്റെ (ഏകദേശം 1,457 കോടി രൂപ) നിക്ഷേപമാണ്. മറ്റൊരു കമ്പനിയായ ടെല്‍ഡോകിന്റെ ഓഹരികള്‍ ഈവര്‍ഷം തുടക്കം മുതല്‍ കുത്തനെ മുകളിലേക്കാണ്. 

 

പല പരീക്ഷണങ്ങള്‍ കൊണ്ടും നേരത്തെ തന്നെ ഡോക്ടര്‍ ഓണ്‍ ഡിമാൻഡ് ശ്രദ്ധ നേടിയിരുന്നു. 2017ല്‍ ലാബ് പരിശോധനഫലങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്ന ആദ്യ ടെലിമെഡിസിന്‍ കമ്പനിയായി ഡോക്ടര്‍ ഓണ്‍ ഡിമാൻഡ് മാറി. രോഗികളുടെ ഇന്‍ഷുറന്‍സ് റീഇംബേഴ്‌സ്‌മെന്റ് വഴിയാണ് ഡോക്ടര്‍ ഓണ്‍ ഡിമാൻഡിന്റെ പ്രധാന വരുമാനം. ഇന്‍ഷുറന്‍സ് ഇല്ലാത്ത രോഗികള്‍ക്ക് നേരിട്ട് ഫീസ് നല്‍കേണ്ടി വരും. വാള്‍മാര്‍ട്ട്, ഹുമാന തുടങ്ങിയ പല കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ ചികിത്സാ ആവശ്യങ്ങള്‍ക്ക് ഡോക്ടര്‍ ഓണ്‍ ഡിമാൻഡുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. 

 

സാങ്കേതികവിദ്യ വികസിപ്പിക്കാനും മാനസികാരോഗ്യ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കാനുമാണ് ഡോക്ടര്‍ ഓണ്‍ ഡിമാൻഡിന്റെ തീരുമാനം. ആശങ്കയും വിഷാദവുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളുമായി തങ്ങളെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ കോവിഡാനന്തരം 85 ശതമാനത്തിന്റെ വര്‍ധനവാണുണ്ടാതെന്ന് കമ്പനി സിഇഒ ഹില്‍ ഫെര്‍ഗുസന്‍ പറയുന്നു. 'ആദ്യ ഏഴ് വര്‍ഷം ശരിയായ പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള പരിശീലനമായാണ് ഞങ്ങള്‍ ഇപ്പോള്‍ കാണുന്നത്. ഇപ്പോഴാണ് മുൻപത്തെക്കാളും ഞങ്ങള്‍ക്കായുള്ള ആവശ്യം കൂടിയിരിക്കുന്നതെന്നും ഫെര്‍ഗുസന്‍ കൂട്ടിച്ചേര്‍ത്തു.

 

English Summary: Doctor Demand Announces 75M Series Financing Led

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com