ADVERTISEMENT

സാങ്കേതികവിദ്യാ രംഗത്ത് താമസിയാതെ സംഭവിച്ചേക്കാവുന്ന രണ്ടു സുപ്രധാന കാര്യങ്ങളെക്കുറിച്ച് അറിയാം: ഒന്നാമതായി, എയര്‍ടെല്ലിന്റെ ഉടമയായ ഭാര്‍തി ലോകത്തെ ആദ്യ ലോ എര്‍ത് ഓര്‍ബിറ്റ് സാറ്റ്‌ലൈറ്റ് സമൂഹമായി അറിയപ്പെടുന്ന വണ്‍വെബിന്റെ ഉടമസ്ഥരില്‍ ഒരാളായിരിക്കുന്നു എന്നതാണ്. രണ്ടാമതായി ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ ഇനിയുള്ള കുതിപ്പിന് സ്വകാര്യ മേഖലയും പങ്കാളിയായേക്കാം എന്നതാണ്. രണ്ടിനും തമ്മില്‍ ബന്ധമുണ്ട്. വണ്‍വെബ് ഇന്ത്യയുടെ ഉള്‍മേഖലകളിലേക്കു പോലും ഇന്റര്‍നെറ്റ് എത്തിക്കുമ്പോള്‍, അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഇസ്രോ കൂട്ടു നിന്നേക്കാം.

 

ടെക്‌നോളജിയില്‍ സ്ഥിരമായി ഒന്നുമില്ല. പുരോഗമിച്ച സാങ്കേതികവിദ്യ നിരന്തരം ഉരുത്തിരിഞ്ഞുവരും. ഇന്റര്‍നെറ്റ് ഒന്നോ രണ്ടോ രീതിയില്‍ മാത്രമല്ല എത്തിച്ചുകൊടുക്കാനാകുക. എയര്‍ടെല്ലിന്റെ ഉടമയായ ഭാര്‍തി ഗ്രൂപ്പ് ഇപ്പോള്‍ ഉന്നംവയ്ക്കുന്നത് 2022ല്‍ സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൊണ്ടുവരാനാണ്. ഇതിന് വണ്‍വെബ് സാറ്റലൈറ്റ് കോണ്‍സ്റ്റലേഷന്റെയും ഇന്ത്യന്‍ സ്‌പെയ്‌സ് ഏജന്‍സിയായ ഇസ്രോയുടെയും സഹായമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. തങ്ങളുടെ സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് ഉദ്യമത്തിന് കുറഞ്ഞ ചെലവില്‍ രാജ്യമെമ്പാടും അക്‌സസ് ടെര്‍മിനലുകള്‍ സ്ഥാപിച്ചുകിട്ടാനാണ് ഇസ്രോയുടെ സഹായം ഭാര്‍തി തേടിയരിക്കുന്നതെന്ന് കമ്പനിയുടെ ചെയര്‍മാനായ സുനില്‍ ഭാര്‍തി മിത്തല്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ ബിസിനസുകാര്‍ ആഗോള തലത്തില്‍ പ്രാധാന്യമുള്ള ടെ്കനോളജി നിയന്ത്രിക്കുന്നവരില്‍ ഒരാളാകുന്ന കാഴ്ചയും ഇവിടെ കാണാം - വണ്‍വെബ് നിയന്ത്രിക്കുക ഭാര്‍തിയുടെ കീഴിലുളള കണ്‍സോര്‍ഷ്യമായിരിക്കും.

 

ലോകത്തെ ആദ്യത്തെ ലോ എര്‍ത് ഓര്‍ബിറ്റ് അഥവാ ലിയോ സാറ്റലൈറ്റ് സമൂഹമാണ് വണ്‍വെബ്. ഇതില്‍ 648 സാറ്റലൈറ്റുകളാണ് ഉണ്ടായിരിക്കുക. 1200 കിലോമീറ്റര്‍ ആള്‍ട്ടിട്യൂഡിലായിരിക്കും ഇവ കാണപ്പെടുകക. ലോകത്തിന്റെ ഓരോ ഇഞ്ചും ഇതിന്റെ പരിധിയിലായിരിക്കുമെന്ന് മിത്തല്‍ പറഞ്ഞു. വണ്‍വെബ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞ്, ഇസ്രോയുടെ സഹകരണത്തോടെ അടിസ്ഥാന സൗകര്യമൊരുക്കിക്കഴിഞ്ഞ് രാജ്യത്ത് ലാന്‍ഡിങ് അവകാശം ലഭിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാജ്യമെമ്പാടും ലാന്‍ഡിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ച ശേഷമായിരിക്കും വിതരണം തുടങ്ങുക. ഇന്ത്യയുടെ രണ്ടാമത്തെ വലിയ ടെലികോം സേവനദാതാവായ എയര്‍ടെല്ലിന്റെ ഉടമയായ ഭാര്‍തി വണ്‍വെബിന്റെ ഉടമസ്ഥത പങ്കുവയ്ക്കുന്നത് ബ്രിട്ടിഷ് സർക്കാരുമായാണ്. ജപ്പാന്റെ സോഫ്റ്റ്ബാങ്കിന്റെ ഉടമസ്ഥതയിലായിരുന്ന വണ്‍വെബ് പാപ്പരായി നിന്ന സമയത്താണ് ബ്രിട്ടിഷ് സർക്കാരും ഭാര്‍തിയും ചേര്‍ന്ന് അത് സ്വന്തമാക്കിയത്.

 

നേരത്തെ വണ്‍വെബ് അറിയപ്പെട്ടിരുന്നത് വേള്‍ഡ്‌വു (WorldVu) എന്നായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് ഒടുവിലാണ് തങ്ങള്‍ പാപ്പരായെന്ന് കമ്പനി പ്രഖ്യാപിക്കുന്നത്. കമ്പനി വിക്ഷേപിച്ച 68 സാറ്റ്‌ലൈറ്റുകള്‍ ഇപ്പോള്‍ ഭ്രമണപഥത്തിലുണ്ട്. മൊത്തം 74 സാറ്റലൈറ്റുകളാണ് പാപ്പരാകുന്നതിനു മുൻപ് കമ്പനി വിക്ഷേപിച്ചത്. ലണ്ടനാണ് ഇപ്പോള്‍ കമ്പനിയുടെ ആസ്ഥാനം. അവര്‍ക്ക് കാലിഫോര്‍ണിയ, ഫ്‌ളോറിഡ്, വെര്‍ജിനിയ, ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഓഫിസുകളുണ്ട്. വണ്‍വെബ് ട്രയല്‍ പ്രക്ഷേപണം തുടങ്ങുന്നത് അടുത്ത വര്‍ഷം ആദ്യം യൂറോപ്പിലായിരിക്കുമെന്ന് മിത്തല്‍ പറഞ്ഞു. ഇന്ത്യയില്‍ പലഭാഗങ്ങളിലേക്കും ഫൈബര്‍ കണക്ടിവിറ്റി, അഥവാ റേഡിയോ കണക്ടിവിറ്റി എത്തിക്കുക എന്നത് വെല്ലുവിളിയാണ്. രാജസ്ഥാന്‍ മരുഭൂമി, മധ്യപ്രദേശിലെ വനങ്ങള്‍, ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ തുടങ്ങിയവയൊക്കെ ഈ കൂട്ടത്തില്‍ പെടും. ഈ സ്ഥലങ്ങളിലടക്കം സാറ്റ്‌ലൈറ്റിലൂടെ ബ്രോഡ്ബന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കാന്‍ സാധിക്കുമെന്നും മിത്തല്‍ പറഞ്ഞു.

 

∙ ബഹിരാകാശ മേഖലയില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍

 

ഈ വര്‍ഷം ജൂണില്‍ കേന്ദ്ര സർക്കാർ ബഹിരാകാശ മേഖലയും സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തിരുന്നു. ഇനി സ്റ്റാര്‍ട്ട്-അപ് കമ്പനികള്‍ക്ക് സ്വന്തം സാറ്റലൈറ്റുകള്‍ നിര്‍മിക്കുകയും അവയെ സ്വന്തം നിലയക്ക് വിക്ഷേപിക്കുകയും ചെയ്യാം. ഇവയുടെ ഗുണം ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യാം. ഇസ്രോയുടെ സാറ്റലൈറ്റുകളും റോക്കറ്റുകളും പുതിയൊരു വിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യാ ലിമിറ്റഡ് അധവാ എന്‍എസ്‌ഐഎല്ലിലേക്ക് (NSIL) മാറ്റുകയും ചെയ്തു. സ്റ്റാര്‍ട്ട്-അപ്പുകളോടും സ്വകാര്യ മേഖലയോടും വേര്‍തിരിവു കാണിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ സ്‌പെയ്‌സ് പ്രമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ ( IN-SPACe) എന്നൊരു അധികാര കേന്ദ്രം തുടങ്ങുമെന്ന് അറിയിക്കുകയുമുണ്ടായി. ഇന്ത്യയുടെ പുതിയ ബഹിരാകാശ പ്രവര്‍ത്തന ബില്‍ (Space Activities Bill) അതിന്റെ അന്തിമ ഘട്ടത്തിലാണെന്നും, അത് അധികം താമസിയാതെ പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും ഇസ്രോയുടെ സയന്റിഫിക് സെക്രട്ടറി അറിയിച്ചു. ഇന്ത്യയുടെ ബഹിരാകാശ പ്രവര്‍ത്തന മേഖലയില്‍ സ്വകാര്യ മേഖലയ്ക്ക് വേണ്ട പ്രാധാന്യം ലഭിക്കണമെന്നു മിത്തലും ആവശ്യപ്പെട്ടു. എന്നാല്‍, ഇസ്രോയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം ഇസ്രോ മേധാവി കെ. ശിവന്‍ തള്ളിക്കളയുകയും ചെയ്തു.

 

English Summary: 648 satellites, 1200 km altitude, OneWeb LEO satellite constellation services by 2022: Sunil Mittal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com