ADVERTISEMENT

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ നിര്‍ണായക സ്ഥാപനങ്ങളിലൊന്നായ ഫുഡ് അന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ലെ ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. അവരാണ് കോവിഡ്-19 വാക്‌സീന്‍ ടെസ്റ്റുകള്‍ മന്ദഗതിയിലാക്കുന്നത് എന്നാണ് പ്രസിഡന്റ് ആരോപിക്കുന്നത്. എന്നാല്‍, ട്രംപ് തന്റെ ആരോപണത്തിനു വേണ്ട തെളിവുകളൊന്നും നിരത്താതെ ഉണ്ടയില്ലാ വെടിവച്ചിരിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പറയുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കാനിരിക്കുകയാണ്. ഇതിനു മുൻപെ വാക്സീൻ പുറത്തിറക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്.

 

തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ട്രംപ് കൊറോണാവൈറസിനെതിരെ വാക്‌സീന്‍ നേരത്തെ എത്തുമെന്ന് പ്രസ്താവിച്ചിരുന്നു. ഇത് നടന്നേക്കില്ല എന്നതായിരിക്കാം എഫ്ഡിഎയ്ക്ക് എതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്. ട്വിറ്ററിലൂടെയാണ് ട്രംപ് തന്റെ രോഷം പ്രകടിപ്പിച്ചത്. എഫ്ഡിഎയില്‍ ഇരിക്കുന്ന ഡീപ് സ്റ്റേറ്റോ, അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ആണ് മരുന്നു കമ്പനികള്‍ക്ക് തങ്ങളുടെ ക്ലിനിക്കല്‍ ട്രയലുകള്‍ വേഗത്തിലാക്കാന്‍ പ്രതിബന്ധമായിരിക്കുന്നത് എന്നാണ് അദ്ദേഹം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. നേരത്തെ തന്നെ അമേരിക്കയില്‍ ഡീപ് സ്റ്റേറ്റ്സിന്റെ വിളയാട്ടം നടക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

 

റഷ്യയേയും മറ്റും പോലെ ട്രംപും ഒരു വാക്‌സീനെങ്കിലും തെരഞ്ഞെടുപ്പിന് മുൻപ് അംഗീകാരം നല്‍കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ഇത്തരം ഒരു സാഹചര്യത്തില്‍ വേണ്ട ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാക്കി, അവ സുരക്ഷിതവും, ഫലപ്രദവുമാണെന്നു കണ്ടെത്തിയ ശേഷം മാത്രമെ അംഗീകരിക്കാനാകൂ എന്നാണ് ചില എഫ്ഡിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ( ഇതിനാലാണ്, ചില പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വാക്‌സീന്‍ ഇറക്കുന്നതു വരെ കാത്തിരിക്കണമെന്ന് പല വിദഗ്ധരും പറയുന്നത്.) സുരക്ഷിതമാണ് എന്നുറപ്പുവരുത്താതെ ഒരു പ്രഖ്യാപനം നടത്തിയാല്‍ താന്‍ രാജിവയ്ക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍, അവര്‍ നവംബര്‍ 3 കഴിഞ്ഞിട്ട് തീരുമാനമെടുക്കാനാണ് സാധ്യത. അതിവേഗം വാക്‌സീന്‍ കൊണ്ടുവന്ന് ജീവന്‍ രക്ഷിക്കണമെന്നാണ് ട്രംപ് പറയുന്നത്. എഫ്ഡിഎയില്‍ ദീര്‍ഘകാലമായി ജോലി ചെയ്യുന്നവരുണ്ട്. ഇത്തരക്കാര്‍ തന്റെ താത്പര്യങ്ങള്‍ക്ക് എതിരു നില്‍ക്കുന്നു എന്നതാണ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്. സെന്റര്‍ ഫോര്‍ ബയളോജിക്‌സ് ഇവലൂഷന്‍ ആന്‍ഡ് റിസേര്‍ച് മേധാവി പീറ്റര്‍ മാര്‍ക്‌സ് വേണ്ടത്ര പരീക്ഷണം നടത്താതെ ആരെങ്കിലും പറയുന്നതു കേട്ടു വാക്‌സീന് അംഗീകാരം നല്‍കിയാല്‍ താന്‍ രാജിവയ്ക്കുമെന്ന് അറിയിച്ചിരുന്നു. ട്രംപിന്റെ പ്രസ്താവന എഫ്ഡിഎയെ സമ്മര്‍ദ്ദത്തിലാഴ്ത്തുമെന്നാണ് കരുതുന്നത്.

 

∙ ട്രംപ് ഫലപ്രദമല്ലാത്ത വാക്‌സീന് അംഗീകരം നല്‍കിയേക്കുമോ എന്നും ഭീതി

 

അമേരിക്കയിലെ ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും നിയമ നിര്‍മാതാക്കളും ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തില്‍, ഫലപ്രാപ്തി ഉറപ്പാക്കാത്ത വാക്‌സീന് എഫിഡിഎ അംഗീകാരം നല്‍കുമോ എന്ന ഭീതിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ ഗുണകരമല്ലെങ്കില്‍ പോലും തെരഞ്ഞെടുപ്പിനു മുൻപ് വാക്‌സീന് അംഗീകാരം നല്‍കിയേക്കാമെന്നാണ് അവര്‍ ഭയപ്പെടുന്നത്. അതേസമയം, തന്റെ മേല്‍ ഇതുവരെ യാതൊരു രാഷ്ട്രീയ സമ്മര്‍ദ്ദവും ഇല്ലെന്നും എഫ്ഡിഎ ശാസ്ത്രം അംഗീകരിച്ച രീതികള്‍ മാത്രമേ അനുവര്‍ത്തിക്കുമെന്നു കരുതുന്നതായും മാര്‍ക്‌സ് പറഞ്ഞു. അല്ലെങ്കില്‍ താന്‍ രാജിവയ്ക്കാന്‍ നര്‍ബന്ധിതനാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.  

 

∙ എന്താണ് ഡീപ് സ്റ്റേറ്റ്?

 

സത്യമോ മിഥ്യയൊ എന്ന് അറിയാത്ത ഒരു സങ്കല്‍പ്പമാണ് ഡീപ് സ്റ്റേറ്റ് എന്നത്. പക്ഷേ, ഈ സങ്കല്‍പ്പം അറിഞ്ഞുവയ്‌ക്കേണ്ടത് കാലത്തിന്റെ ആവശ്യവുമാണ്. ഗൂഢാലോചനാ വാദക്കാരാണ് ഇത്തരം ഒന്ന് ഉണ്ടെന്നു പറഞ്ഞുകൊണ്ടു നടക്കുന്നത്. അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നിയന്ത്രിക്കുന്നത് ഇവരാണെന്നാണ് ആരോപണം. ബിസിസുകാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഈ നിഴല്‍ സർക്കാരാണ് ഭരണം നടത്തുന്നതെന്നാണ് ഗൂഢാലോചനാ വാദക്കാര്‍ പറയുന്നത്. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍, നാസ, ടെക്നോളജി ഭീമന്മാരായ ഗൂഗിള്‍, ഫെയ്‌സ്ബുക്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ പലരെയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, എഫ്ഡിഎ മേധാവി ആന്റണി ഫൗച്ചി തുടങ്ങിയവരുടെ പേരുകളും അവര്‍ എടുത്തു പറയുന്നു.

 

ചില ഗൂഢാലോചനാ വാദക്കാര്‍ പറയുന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഡീപ് സ്റ്റേറ്റിനൊപ്പം ആണെന്നാണ്. കൊറോണ വൈറസ് ഇവര്‍ ചേര്‍ന്ന് ഉണ്ടാക്കിവിട്ടതാണെന്നാണ് പ്ലാന്‍ഡെമിക് എന്ന ഡോക്യുമെന്ററി നിര്‍മിച്ചവര്‍ വാദിക്കുന്നത്. അമേരിക്കയില്‍ നിര്‍മിച്ച് ചൈനയിലെ വുഹാന്‍ ലാബു വഴി പുറത്തുവിട്ടു എന്നാണ് അവര്‍ ആരോപിക്കുന്നത്. പ്ലാന്‍ഡെമിക് 2 ല്‍ ബില്‍ ഗേറ്റ്സ് ഇന്ത്യയില്‍ നടത്തിയ പരാക്രമങ്ങളെക്കുറിച്ചും വിശദമായി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ഇതിന്റെ പല ലിങ്കുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ചിലര്‍ പറയുന്നത് രാജ്യ സങ്കല്‍പ്പത്തിനു തന്നെ ഉപരിയായാണ് ഡീപ് സ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നതെന്നാണ്. പല രാജ്യങ്ങളെക്കാളും കാശുകാരായ വ്യക്തികളുടെയും കമ്പനികളുടെയും ഉയര്‍ച്ച പഴയ മൂല്യസങ്കല്‍പ്പങ്ങള്‍ വച്ച് അളക്കാനാവില്ലെന്നും കാണാം. നിഴല്‍ സർക്കാരുകള്‍ ഏതെല്ലാം രാജ്യത്തുണ്ടാകും എന്നതും ഉത്തരമില്ലാത്ത ചോദ്യമാണ്. ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കുന്ന രീതി പല രാജ്യങ്ങളിലും നേരത്തെയുള്ളതാണ്. എന്നാല്‍, മുതാലാളിമാരും ചില കമ്പനികളും ഏജന്‍സികളുമൊത്ത് സർക്കാരുകളെ നോക്കു കുത്തികളാക്കി ഭരണം കൈയ്യാളുന്നു എന്ന ആശയത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. അമേരിക്കയില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ് ഡീപ് സ്റ്റേറ്റിനെക്കുറിച്ച് പറഞ്ഞുകൊണ്ടു നടക്കുന്നത്.

 

എന്നാല്‍, ട്രംപിന്റെ ആരോപണങ്ങള്‍ പല ഫാക്ട് ചെക്കിങ് വെബ്‌സൈറ്റുകളും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത് അടിസ്ഥാനരഹിതമാണെന്നാണ് അവര്‍ പറയുന്നത്. എഫ്ഡിഎയെ ആരും നിയന്ത്രിക്കിന്നില്ലെന്നാണ് അവരുടെ കണ്ടെത്തല്‍.

 

English Summary: Finally Trump lashes out against Deep State

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com