sections
MORE

ജീൻ എഡിറ്റിങ് രക്ഷകനാകുന്ന സമയം വരും, പക്ഷേ ഇനിയും കാത്തിരിക്കണം ക്ഷമയോടെ

gene-editing
SHARE

‘ഇതെന്റെ തലവര’ യെന്നു പറഞ്ഞു നാം മനസ്സിൽ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാറുള്ളതാണ് നമ്മുടെ പൈതൃകം അല്ലെങ്കിൽ പാരമ്പര്യം. മാറ്റിയെഴുതാനാവാത്ത വിധിയെന്ന അർഥത്തിലാണ് നാമിങ്ങനെ പറയാറുള്ളത്. എന്നാൽ മനുഷ്യന്റെ ജനിതകഘടനയുടെ (Human genome ) ശ്രേണിയെ പൂർണമായി വരച്ചെടുക്കാനുള്ള സാങ്കേതികവിദ്യയും അവ വിശകലനം ചെയ്യാനുള്ള അറിവും ഇന്നു ശാസ്ത്രം സ്വായത്തമാക്കിയിരിക്കുന്നു. മനുഷ്യൻ ഭ്രൂണാവസ്ഥയിലായിരിക്കുമ്പോൾ തന്നെ അവന്റെ ജനിതകചിത്രശ്രേണി പരിശോധിച്ച് ഗുണദോഷമേഖലകൾ കണ്ടെത്തി ജീനുകളിൽ അനുയോജ്യമായ തിരുത്തലുകൾ ( Gene editing) വരുത്താനുള്ള കഴിവും ശാസ്ത്രത്തിനിന്നുണ്ട്. ക്രിസ്പർ (CRISPR) എന്ന ജീൻ എഡിറ്റിങ് സാങ്കേതികവിദ്യയിലൂടെ ദോഷകരമായ ജീനുകളെ അല്ലെങ്കിൽ ജനിതകശ്രേണിയിലെ നിശ്ചിത ഭാഗങ്ങളെ ഭ്രൂണമായിരിക്കുന്ന സമയത്തു തന്നെ കോശങ്ങളുടെ ജനിതകത്തിൽ നിന്ന് നീക്കം ചെയ്യുന്നതിലൂടെ മാതാപിതാക്കളിലൂടെ കുഞ്ഞുങ്ങളിലെത്തുന്ന പല പാരമ്പര്യ രോഗങ്ങൾക്കും തടയിടാനാകുമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. എങ്കിലും മേൽപ്പറഞ്ഞ ജീൻ എഡിറ്റിങ് പ്രവൃത്തിരീതികളുടെ നൈതികത, സുരക്ഷിതത്വം, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച വിഷയങ്ങളിൽ ശാസ്ത്രലോകത്ത് കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്നു. ജീൻ എഡിറ്റിങ് സാങ്കേതികവിദ്യയെ ഇരുതലമൂർച്ചയുള്ള ഒരു വാളായാണ് പല ഗവേഷകരും വിശേഷിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഉന്നതശാസ്ത്രജ്ഞരടങ്ങിയ രാജ്യാന്തര കമ്മീഷൻ തങ്ങളുടെ പുതിയ ശുപാർശകൾ ലോകത്തിനു മുൻപിൽ സമർപ്പിച്ചിരിക്കുന്നു. ഗർഭപാത്രത്തിലേക്ക് നിവേശിപ്പിക്കാനിരിക്കുന്ന ഭ്രൂണത്തിൽ ജീൻ എഡിറ്റിങ് വിദ്യ നിലവിലുള്ള സ്ഥിതിയിൽ ഉപയോഗിക്കുന്നത് ആപൽക്കരമായിരിക്കുമെന്ന മുന്നറിയിപ്പാണ് അവർ നൽകിയിരിക്കുന്നത്

∙ വേണം രാജ്യാന്തര സഹകരണം

2018-ൽ ചൈനയിൽ നടന്ന ക്രിസ്പർ ജീൻ എഡിറ്റിങ് പ്രയോഗം വിവാദമായതിനു ശേഷമായിരുന്നു കമ്മീഷന്റെ രൂപീകരണം.

ദ യുഎസ് നാഷണൽ അക്കാഡമി ഓഫ് മെഡിസിൻ, ദ യുഎസ് നാഷണൽ അക്കാദമി ഓഫ് സയൻസസ്, യുകെ റോയൽ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ പത്തു രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ ഒത്തു ചേർന്നു രൂപം നൽകിയ സുപ്രധാനമായ ഈ റിപ്പോർട്ട് 2020 സെപ്റ്റംബർ 3-നാണ് പ്രകാശനം ചെയ്യപ്പെട്ടത്. ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യയുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് സമീപകാലത്തു പ്രസിദ്ധീകരിക്കപ്പെട്ട നിരവധിയായ റിപ്പോർട്ടുകൾ, പൂർണമായും സുരക്ഷിതമെന്നു തെളിയുന്നതുവരെ ജീൻ എഡിറ്റിങ്ങിന് ഗവേഷകർ തയ്യാറാകരുതെന്നു വാദിക്കുന്ന ലേഖനങ്ങൾ, ജനിതക തിരുത്തുകളുടെ സാമൂഹിക, നൈതിക വശങ്ങളേക്കുറിച്ചുള്ള പൊതുജനാഭിപ്രായങ്ങൾ എന്നിവയൊക്കെ കൂലങ്കഷമായി പരിഗണിച്ചാണ് കമ്മീഷൻ ശുപാർശകൾ രൂപപ്പെടുത്തിയിരിക്കുന്നത്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച വാർത്തയനുസരിച്ച് ജീൻ എഡിറ്റിങ് സാങ്കേതികവിദ്യ ക്ലിനിക്കൽ ഉപയോഗത്തിനായി ഇനിയും സജ്ജമായിട്ടില്ല എന്നാണ് ന്യൂയോർക്ക് സിറ്റി റോക്ക്ഫെല്ലർ സർവകലാശാല പ്രസിഡണ്ടും കമ്മീഷൻ സഹ ചെയർമാനുമായിരുന്ന റിച്ചാർഡ് ലിഫ്റ്റൺ അഭിപ്രായപ്പെട്ടിരിക്കുന്നത്. പൈതൃക ജീൻ എഡിറ്റിങ്ങിന്റെ നൈതിക ചിന്തകൾക്കപ്പുറം ശാസ്ത്രീയ, സാങ്കേതിക വശങ്ങളാണ് കമ്മീഷൻ പ്രധാനമായും പരിശോധിച്ചത്. ജീൻ എഡിറ്റിങ് സാങ്കേതിക മേഖലയിലുണ്ടാകുന്ന പുത്തൻ മാറ്റങ്ങളുടെ മൂല്യനിർണയം നടത്തി അവയുടെ ഉപയോഗവും സുരക്ഷിതത്വം സംബന്ധിച്ച് ദേശീയ ഉപദേശകസമിതികൾക്കും റെഗുലേറ്ററി അതോറിറ്റികൾക്കും ഉപദേശങ്ങൾ നൽകാനുമായി രാജ്യാന്തര തലത്തിൽ ഒരു കമ്മറ്റി രൂപീകരിക്കാനും കമ്മീഷൻ ശുപാർശ ചെയ്യുന്നു.

∙ ചൈനയിലെ ക്രിസ്പർ കുട്ടികൾ

2018 ലാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചു കൊണ്ട് ചൈനക്കാരനായ He Jiankui എന്ന ജൈവഭൗതിക ശാസ്ത്രജ്ഞൻ താൻ നടത്തിയ മനുഷ്യഭ്രൂണത്തിലെ ജീൻ എഡിറ്റിങ്ങിനെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞത്. ഗർഭപാത്രത്തിൽ ഉറപ്പിക്കപ്പെടുന്നതിനു മുൻപ് ഭ്രൂണങ്ങളിൽ നടത്തിയ തിരുത്തലുകൾ വഴി ജനിക്കാനിരിക്കുന്ന ആ കുട്ടികളെ എയ്ഡ്സ് ബാധയിൽ നിന്നും താൻ സംരക്ഷിക്കുകയായിരുന്നുവെന്ന് അയാൾ വാദിച്ചു. എന്തായാലും അദ്ദേഹത്തിന്റെ ഉദ്യമം ലോകമെമ്പാടുമുള്ള ഗവേഷകരാൽ വിമർശിക്കപ്പെടുകയും ഹീയും രണ്ടു സഹപ്രവർത്തകരും ജയിലിലടയ്ക്കപ്പെടുകയുമുണ്ടായി. അങ്ങനെ ചരിത്രത്തിലെ ആദ്യത്തെ ഭ്രൂണജനിതക എഡിറ്റിങ്ങിന് വിധേയരായ രണ്ടു കുട്ടികൾ ചൈനയിൽ ജനിച്ചു വീഴുകയും ചെയ്തു. പക്ഷേ അന്നു മുതൽ ഭ്രൂണതലത്തിലുള്ള ജീൻ എഡിറ്റിങ് വിഷയം ശാസ്ത്ര, വൈദ്യശാസ്ത്ര ലോകത്ത് ചൂടേറിയ വിഷയമാണ്.

gene-editing

∙ സുരക്ഷിതത്വം പ്രധാനം

ജനിതക എഡിറ്റിങ്ങിനുപയോഗിക്കുന്ന CRISPR -Cas 9 പോലെയുള്ള സാങ്കേതിക രീതികൾ കൃത്യതതയുടെ കാര്യത്തിൽ പിന്നിലല്ലെങ്കിലും, പലപ്പോഴും അനാവശ്യമായ മാറ്റങ്ങൾ അവ ജീനുകളിൽ വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരേ ഭ്രൂണത്തിന്റെ കോശങ്ങളിൽ പോലും പല വ്യാപ്തിയിലുള്ള ഫലങ്ങൾ അവ സൃഷ്ടിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള വൈഷമ്യങ്ങൾ തരണം ചെയ്യുന്നതിനായി ഗവേഷകർ വർഷങ്ങളോളം കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നാണ് കമ്മീഷന്റെ കണക്കുകൂട്ടൽ. ഒറ്റക്കോശങ്ങളിൽ നിന്ന് മനുഷ്യന്റെ പൂർണമായ ജനിതകഘടനയുടെ ശ്രേണി വേർതിരിച്ചെടുക്കാനുള്ള കൂടുതൽ മെച്ചപ്പെട്ട മാർഗങ്ങൾ ഗവേഷകർ കണ്ടെത്തിയെങ്കിൽ മാത്രമേ എഡിറ്റ് ചെയ്യപ്പെട്ട ഭ്രൂണങ്ങളിൽ വന്നിരിക്കാവുന്ന അനഭലക്ഷണീയമായ മാറ്റങ്ങൾ കൃത്യമായി പരിശോധിച്ചറിയാനാവുകയുള്ളൂ. പൊതുസമൂഹവുമായി നടത്തിയ സമഗ്രമായ ചർച്ചകൾക്കും വിശകലനങ്ങൾക്കും ശേഷം ഏതെങ്കിലും രാജ്യം പാരമ്പര്യ ജീൻ എഡിറ്റിങ് രീതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചാൽ അവർ ശ്രദ്ധിക്കേണ്ട പ്രാഥമിക കാര്യങ്ങളേക്കുറിച്ചും കമ്മീഷൻ മുന്നറിയിപ്പു നൽകുന്നു. ഒരു ജീനിന്റെ ഡിഎൻഎ വ്യതിയാനങ്ങൾ കൊണ്ടുണ്ടാകുന്ന ഗൗരവമായ പാരമ്പര്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി എഡിറ്റിങ് വിദ്യയുടെ ഉപയോഗം പരിമിതപ്പെടുത്തണം. പാരമ്പര്യരോഗങ്ങൾ പിടിപെടാൻ സാധ്യതയില്ലാത്ത ജൈവ ബന്ധത്തിലുള്ള മറ്റൊരു കുട്ടിയുണ്ടാക്കാനുള്ള വഴികളെല്ലാം അടയുന്ന സമയത്ത് അവസാന ആശ്രയമായിരിക്കണം ജീൻ എഡിറ്റിങ് വിദ്യയുടെ ഉപയോഗം.

∙ ദീർഘകാല പഠനങ്ങൾ ആവശ്യം

ജനിതക ഘടനയിലെ എഡിറ്റിങ് വഴി ജനിച്ചവരെയും അവരുടെ മക്കളെയും നിരീക്ഷണ പഠനങ്ങൾക്ക് വിധേയമാക്കണമെന്നും കമ്മീഷൻ പറയുന്നുണ്ട്. ജനിതക എഡിറ്റിങ്ങിനുപയോഗിച്ച സാങ്കേതിക രീതികൾ തലമുറകളുടെ മാനസിക ശാരീരിക ആരോഗ്യ തലങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നറിയാൻ ഇത്തരം പഠനം അനിവാര്യമാകുന്നു. ജനിതക ഘടനയുമായി ബന്ധപ്പെട്ട ഇത്തരം രീതികൾ ക്ലിനിക്കുകളിൽ ഉപയോഗിക്കുന്നതിനോടുള്ള പൊതുജന താത്പര്യവും പഠനവിധേയമാകണം. ജീൻ എഡിറ്റിങ് വിദ്യയുടെ ശാസ്ത്രീയ, സാങ്കേതിക മാനങ്ങളിൽ ശ്രദ്ധയൂന്നിയുള്ള പുതിയ റിപ്പോർട്ട് വളരെ അസാധാരണമെന്ന് നിരീക്ഷകർ പറയുന്നു. ജനിതക തിരുത്തലുകളുടെ നൈതികതയേക്കുറിച്ച് ആഴത്തിലൊരു വിചിന്തനം റിപ്പോർട്ടിലില്ല. ശാസ്ത്രീയതയും, സാങ്കേതികത്വവും പരിപൂർണതയിലെത്തിയതുകൊണ്ടു മാത്രം ജീൻ എഡിറ്റിങ് വിദ്യ മുന്നോട്ടു കൊണ്ടുപോകാമെന്ന പ്രതീതി സൃഷ്ടിക്കാൻ ധാർമികവശങ്ങൾ ചർച്ച ചെയ്യാതെ പോകുന്ന രീതി സഹായിക്കുമെന്ന അഭിപ്രായമുണ്ട്. എങ്കിലും ഭ്രൂണാവസ്ഥയിൽ അല്ലെങ്കിൽ മുളപൊട്ടുന്ന കോശാവസ്ഥകളിൽ നടത്തുന്ന പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടാവുന്ന ജനിതക എഡിറ്റിങ് രീതികൾ അത്യന്തം സങ്കീർണമായതിനാൽ ഓരോ ഭാഗവും ഇഴപിരിച്ചെടുത്തു നടത്തുന്ന ചർച്ചകൾ അനിവാര്യമാണെന്ന കാര്യം തർക്കമില്ലാത്തതാണ്. എന്നാൽ ജീൻ എഡിറ്റിങ്ങിന്റെ നൈതികവശങ്ങൾ പൂർണമായും മാറ്റിവയ്ക്കാൻ കമ്മീഷനും അസാധ്യമാണ്. എഡിറ്റിങ് വിദ്യയുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും സംബന്ധിച്ച ചോദ്യങ്ങൾ പോലും ധാർമികതയുടെ വിശാല കാൻവാസിൽ വരുന്നവ തന്നെയാണ്. എന്തായാലും 2020 അവസാനത്തോടെ ലോകാരോഗ്യ സംഘടന ജീൻ എഡിറ്റിങ്ങുമായി ബന്ധപ്പെട്ട് പുറത്തിറക്കാനിരിക്കുന്ന മറ്റൊരു റിപ്പോർട്ട് ജനിതക ഉപജാപങ്ങളുടെ ധാർമികതയും ഭരണ നിയന്ത്രണവശങ്ങളും ആഴത്തിൽ പഠിക്കുമെന്ന് പ്രതീക്ഷിക്കാം.

English Summary: The time will come when gene editing will be the savior, but we still have to wait patiently

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA