ADVERTISEMENT

കൊറോണവൈറസ് പോലെ മനുഷ്യരെ മുഴുവന്‍ ബാധിച്ച മറ്റൊരു പ്രശ്‌നം മുൻപുണ്ടായിട്ടില്ല. ലോകം മുഴുവന്‍ ഇതുമായി പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്, നേരിട്ടും ഡിജിറ്റലായും. ഇതിനാല്‍ തന്നെ ഇതായിരിക്കാം ലോകം കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ മഹാമാരി. ഇത് ആരുടെ ജീവിതത്തെയും നേരിട്ടു ബാധിക്കാം. മാറിമറിയുന്ന കാര്യങ്ങള്‍ തത്സമയം അറിഞ്ഞുവച്ച് സ്വന്തം കാര്യങ്ങള്‍ സുരക്ഷിതമാക്കാനാണ് ഏവരുടെയും ശ്രമം. ഇത്തരമൊരു അനുഭവം ചരിത്രത്തിലുണ്ടായിരിക്കാന്‍ സാധ്യതയില്ല. കൊറോണ വൈറസിനെതിരെ വാക്‌സീന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു പോലും തങ്ങള്‍ നേരിടുന്ന സങ്കീര്‍ണതയുടെ വ്യാപ്തി ലോകത്തെ വേണ്ടവിധത്തില്‍ ധരിപ്പിക്കാനാകുന്നില്ല. എവിടെയെങ്കിലും ഒരു വാര്‍ത്ത കേള്‍ക്കുമ്പോഴേക്കും സ്വന്തം വ്യാഖ്യാനവുമായി എത്തുകയാണ് രാഷ്ട്രീയക്കരും മാധ്യമങ്ങളും മുതല്‍ വാട്‌സാപ് വൈദ്യന്മാര്‍ വരെ. ഇത് ചരിത്രത്തില്‍ മറ്റൊരു കാലഘട്ടത്തിലും സംഭവിച്ചിട്ടില്ലാത്ത രീതിയില്‍ വിവര വിസ്‌ഫോടനം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനെ വിവര അമിതഭാരമെന്നും വിശേഷിപ്പിക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോകാരോഗ്യ സംഘടന ഇതിനെ വിവരബാധ (infodemic) എന്നും വിശേഷിപ്പിച്ചിരുന്നു. ആവശ്യമില്ലാത്തത്ര വിവരങ്ങള്‍ പ്രചരിക്കുന്നു. ഇതില്‍ ചിലതു ശരിയും ചിലതു തെറ്റും. ഏതുവിശ്വസിക്കണം എന്നറിയാതെ വിഷമിക്കുകയാണ് ജനങ്ങള്‍. എന്തെങ്കിലും വിശ്വസിക്കണമെങ്കില്‍ വിദഗ്ധരെ ആശ്രയിക്കണം.

 

കൊറോണാവൈറസ് ബാധയെക്കുറിച്ചുള്ള പുതിയ വിവരമെല്ലാം അറിഞ്ഞുവയ്ക്കക്കുക എന്നത് വിഷമംപിടിച്ച കാര്യമാണ്. ഇതേ തുടര്‍ന്ന് ഇന്ന് പലരും പിന്തുടരുന്നത് ഒരു മാര്‍ഗമാണത്രെ - ഇന്നത്തെ ദിവസം കഴിച്ചുകൂട്ടുക. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം പറയുന്നത് കോവിഡ്-19നെക്കുറിച്ച് എല്ലാക്കാര്യങ്ങളും അറിഞ്ഞവച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് അഞ്ചു പ്രധാന പ്രശ്‌നങ്ങളാണ് നേരിടുന്നതെന്നാണ്.

 

∙ ആരോഗ്യം സംരക്ഷിക്കല്‍ അല്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കല്‍

∙ പരിധിയില്ലാത്ത ലോക്ഡൗണ്‍ അല്ലെങ്കില്‍ എന്നന്നേയ്ക്കുമായി തുറന്നിടണോ?

∙ രോഗലക്ഷണമുള്ളവര്‍ രോഗലക്ഷണമില്ലാത്തവര്‍

∙ തുളളികള്‍, സൂക്ഷ്മകണികകള്‍

∙ മാസ്‌ക് വേണം, മാസ്‌ക് വേണ്ട

 

ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ വ്യക്തമായ ഉത്തരങ്ങള്‍ തേടുന്നവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. എന്നാല്‍, ചില ലളിതമായ പരിഹാരമാര്‍ഗങ്ങളാണ് ഈ സമയത്ത് നല്ലതെന്നു ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതിലൂടെ നമ്മുടെ ചിന്താരീതിക്കുതന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താനായേക്കും. 'എനിക്കറിയില്ല' എന്നുള്ള ഉത്തരം ആര്‍ക്കും സംതൃപ്തി നല്‍കുന്നില്ല. എല്ലാവര്‍ക്കും വേണ്ടത് തീര്‍ച്ചയുള്ള ഉത്തരങ്ങളാണ്. എന്നാല്‍, ഈ രോഗത്തെക്കുറിച്ചുളള പല കാര്യങ്ങളിലും ഇപ്പോഴും ശാസ്ത്രം ഇരുട്ടില്‍ത്തപ്പുകയാണ്. 'വെട്ടൊന്ന് മുറി രണ്ട്' എന്ന രീതിയിലുള്ള ഉത്തരങ്ങള്‍ക്കു പകരം പല സാധ്യതകളുണ്ടെന്ന് അംഗീകരിക്കുക എന്നത് സ്വസ്ഥത പകരുമെന്നു പറയുന്നു. രോഗത്തെക്കുറിച്ചും നമ്മള്‍ പെട്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചും ഇനിയും നിരവധി കാര്യങ്ങള്‍ വെളിപ്പെടാനിരിക്കുന്നതേയുള്ളു. ഇതിനാല്‍ തുറന്ന മനസോടെ കാത്തിരിക്കുക എന്നതാണ് ഏറ്റവും ആരോഗ്യകരമായ അവസ്ഥയത്രെ. പച്ചയാഥാര്‍ഥ്യങ്ങള്‍ അറിയാനുള്ള ശ്രമം ഇപ്പോള്‍ വിലപ്പോവില്ല.

 

ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമില്ലെന്ന് അംഗീകരിക്കലാണ് കാലോചിതമായ കാര്യം. വേറെ വാചകത്തില്‍ പറഞ്ഞാല്‍ അനിശ്ചിതത്വത്തെ ആശ്ലേഷിക്കാന്‍ പഠിച്ചേ മതിയാകൂ എന്ന് ഗവേഷകര്‍ പറയുന്നത്. നമ്മുടെയടുത്തേക്ക് വളരെയധികം വിവരങ്ങളാണ് അതിവേഗം എത്തുന്നത്. പലതും പരസ്പരവിരുദ്ധവും. ഇത്തരമൊരു സാഹചര്യത്തെ മുൻപൊരിക്കലും മനുഷ്യര്‍ നേരിട്ടിട്ടുണ്ടാവില്ല. മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ നേരത്തെ മനസിലാകുകയും അവര്‍ ശരിയായ സുരക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. നമുക്കു ശരിയറിയാന്‍ പറ്റിയില്ലെങ്കിലോ എന്ന ഭീതിയാണ് മനുഷ്യരെ ഇത്ര പരിഭ്രാന്തരാക്കി വാട്‌സാപ് വൈദ്യര്‍ക്കു പിന്നാലെ പോലും ഓടാന്‍ പ്രേരിപ്പിക്കുന്നത്.

 

ലോകത്തു പടര്‍ന്ന മഹാവ്യാധികളില്‍ ഏറ്റവും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതും കോവിഡ്-19 ആണെന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ചില രാജ്യത്തലവന്മാര്‍ ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും ആരോഗ്യവിദഗ്ധരെയും അവിശ്വസിക്കാന്‍ ആവശ്യപ്പെടുന്ന പരിഹാസ്യമായ നാടകങ്ങള്‍ പോലും ആളുകള്‍ കാണുന്നു. രോഗം കൈകാര്യം ചെയ്യേണ്ടത് അതിനുവേണ്ടി വിദ്യാഭ്യാസം സിദ്ധിച്ചവരാണ്. പകരം മഹാമാരിക്കുമുന്നില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയക്കാരന്‍ ആളുകളിക്കാന്‍ ശ്രമിക്കുന്നത് കാര്യങ്ങളുടെ മൊത്തം താളംതെറ്റിക്കുന്നു. രാഷ്ട്രീയ ലാഭത്തിനായി വായില്‍തോന്നുന്നതു വിളിച്ചുകൂവുന്ന രാഷ്ട്രത്തലവന്മാര്‍വരെയുള്ള കാലഘട്ടത്തിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നു പോകുന്നത്. അതായത്, മഹാവ്യാധി അതു കൈകാര്യം ചെയ്യാനറിയാവുന്നവരുടെ കൈവിട്ടു പോകുന്നു.

 

സ്‌കൂള്‍ തുറക്കല്‍ മുതല്‍ മാസ്‌ക്‌ വയ്ക്കല്‍ വരെ നിരവധി പ്രസ്‌നങ്ങളില്‍ രാഷ്ട്രീയക്കാരും ആരോഗ്യ രംഗത്തെ വിദഗ്ധരും ഒരുമിച്ചിരുന്നു തീരുമാനമെടുക്കേണ്ട കാലമാണിത്. എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് പൊതുജനത്തിന് ഒരു വ്യക്തതയുമില്ല. സൂക്ഷ്മതലത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്കറിയില്ല. നിരവധി സാധ്യതകള്‍ നിലനില്‍ക്കുന്നു. എല്ലാം വെള്ളയും കറുപ്പുമായി കണാനുള്ള ശ്രമം, പച്ചപ്പരമാർഥമറിഞ്ഞിട്ടെ പിന്മാറൂ എന്ന പിടിവാശി വിലപ്പോകാത്ത കാലമാണിത്. താരതമ്യേന വിശ്വാസയോഗ്യമായി കണ്ടെത്തിയിരിക്കുന്ന സാമൂഹിക അകലം പാലിക്കല്‍, വാക്‌സീനുകളുടെ വരവ്, മാസ്‌ക് ധരിക്കല്‍ തുടങ്ങിയവ തത്കാലം അംഗീകരിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യാവുന്ന ഒരു കാര്യം.

 

English Summary: Very important instructions for the health of the societies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com