sections
MORE

മഹാമാരികളുടെ വരവ് മുൻകൂട്ടി പ്രവചിക്കുക സാധ്യമാണോ? വേണ്ടത് കൃത്യമായ പഠനങ്ങളും മുൻകരുതലുകളും

1200-Covid-Corona
SHARE

അമേരിക്കന്‍ ശാസ്ത്ര സാഹിത്യകാരനായ ഡേവിഡ് ക്വാമെന്‍ 2012-ല്‍ എഴുതിയ പുസ്തകമാണ് Spillover: Animal infections and the next human pandemic. Spillover എന്നതിന് മലയാളത്തില്‍ അതിരുകവിഞ്ഞൊഴുകുക എന്നാണർഥം. അതുവരെയുള്ള തന്റെ ശാസ്ത്ര നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് വരാന്‍പോകുന്ന ഒരു രോഗത്തേക്കുറിച്ച് ക്വാമെന്‍ പുസ്തകത്തിൽ അന്നേ സൂചിപ്പിച്ചിരുന്നു. മാത്രമല്ല അതൊരു വൈറസ് രോഗമാകുമെന്നും, ചൈനയായിരിക്കും ഉറവിടമെന്നുമുള്ള സൂചനകൾ പുസ്തകത്തിലുണ്ട്. എന്തായാലും ചൈനയിലെ ഹ്യൂബൈ പ്രവിശ്യയിലെ വുഹാന്‍ സിറ്റിയിലെ സീ ഫുഡ്, വെറ്റ് മാര്‍ക്കറ്റില്‍ നിന്ന് ഉദ്ഭവിച്ചതായി കരുതപ്പെടുന്ന കോവിഡ്-19 രോഗം ഇന്ന് ലോകമെമ്പാടും ദശലക്ഷക്കണക്കിനാളുകളെ ബാധിച്ചു കഴിഞ്ഞിരിക്കുന്നു.

∙ അതിരുകള്‍ മായുന്നതെങ്ങനെ ?

ജീവന്റെ ലക്ഷണങ്ങള്‍ കാണിക്കുവാനും, പെറ്റുപെരുകാനും വൈറസുകള്‍ക്ക് മറ്റു ജീവികളുടെ കോശങ്ങള്‍ വേണം. സാധാരണയായി വൈറസുകള്‍ക്ക് അവരുടെ സ്വന്തമായ ഒരു സ്വാഭാവിക ആതിഥേയജീവി (Natural host) ഉണ്ടായിരിക്കും. ഇത്തരം ജീവികളില്‍ ഇവ പെരുകുകയും അതിജീവനം നടത്തുകയും ചെയ്യും. കാലാകാലങ്ങളായുള്ള സഹവാസംകൊണ്ട് ആതിഥേയന് അധികം ബുദ്ധിമുട്ടുണ്ടാക്കാന്‍ വൈറസ് ശ്രമിക്കുകയില്ല. സവിശേഷമായ ശാരീരിക പ്രത്യേകതകള്‍ മൂലം അതിഥേയന്‍ സ്വയം സംരക്ഷിക്കുകയും ചെയ്യും. ഇപ്രകാരം പരസ്പരാശ്രിതരായി വൈറസിനെ ലക്ഷണങ്ങളില്ലാതെ കൊണ്ടുനടക്കുന്ന ജീവികള്‍ വൈറസിന്റെ സംഭരണികളായി അറിയപ്പെടുന്നു (reservoir host). ആവാസവ്യവസ്ഥകള്‍ക്കു കോട്ടംവന്നിട്ടില്ലാത്ത ജൈവവൈവിധ്യത്താൽ സമ്പന്നമായ ജൈവസ്ഥലങ്ങളിലാണ് ഇത്തരമൊരു സഹവാസം തലമുറകളായി നിലനിന്നു പോരുക. ഉദാഹരണത്തിന് സസ്തനികളില്‍ എണ്ണത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന വവ്വാലുകളിലും എലികളിലും (rodents) അറിഞ്ഞതും അറിയാത്തതുമായ ധാരാളം വൈറസുകള്‍ ഒളിഞ്ഞിരിപ്പുണ്ടായിരിക്കും. വവ്വാലുകളില്‍ മാത്രം മനുഷ്യനെ ബാധിച്ചേക്കാവുന്ന 61 വൈറസുകളുണ്ടത്രേ. പരിസ്ഥിതിയുടെ സംതുലനാവസ്ഥ തകര്‍ക്കുന്ന മനുഷ്യന്റെ ഇടപെടലുകളാണ് തലമുറതലമുറകളായി നിലനില്‍ക്കുന്ന ജൈവബന്ധങ്ങളെ ഇല്ലാതാക്കുന്നത്. വനസമ്പത്ത് നശിപ്പിക്കുമ്പോള്‍, വന്യജീവികളുടെ സ്വാഭാവിക വാസസ്ഥലങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ അവയെ കച്ചവടം നടത്തുകയും കൊന്നുതിന്നുകയും ചെയ്യുമ്പോള്‍ വൈറസുകള്‍ക്കും അവയുടെ വാസസ്ഥലം നഷ്ടമാകുന്നു. ചിരകാലമായി വളര്‍ന്നു പെരുകിയിരുന്ന ആതിഥേയരെ നഷ്ടമാകുമ്പോള്‍ വൈറസുകളുടെ മുന്‍പില്‍ രണ്ടുവഴികള്‍ ബാക്കിയാവുന്നു. ഒന്നാമത്തേത് കൂട്ടവംശനാശം അതല്ലെങ്കില്‍ പുതിയൊരു ആതിഥേയ ജീവിയെ കണ്ടെത്തുക. ഇന്ന് ലോകത്തില്‍ എണ്ണത്തിലും ആധിപത്യത്തിലും മുന്നില്‍ നില്‍ക്കുന്ന മനുഷ്യര്‍ വൈറസുകൾക്ക് പുതിയ ആതിഥേയനെന്ന നിലയിൽ നല്ലൊരു സ്വാഭാവിക തിരഞ്ഞെടുപ്പാകുന്നു. മനുഷ്യ ശരീരത്തില്‍ വളരാനും പെരുകാനുമുള്ള പുതിയ ചില മാറ്റങ്ങള്‍ വൈറസുകള്‍ നേടിയെടുക്കുന്നു. കൊറോണ പോലെ ആര്‍എന്‍എ (RNA) ജനിതകവസ്തുവായ വൈറസുകള്‍ക്ക് ഇത്തരം ജനിതക മാറ്റങ്ങള്‍ (Mutations) എളുപ്പമാണ്. അങ്ങനെ മനുഷ്യനില്‍ വൈറസുകള്‍ സ്ഥാനമുറപ്പിക്കുന്നതോടെ സാഹചര്യമനുസരിച്ച് ചെറുരോഗബാധ മുതല്‍ മഹാമാരി വരെ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ടാകുന്നു. ഇങ്ങനെ വൈറസ് ഒരു ആതിഥേയ ജീവിയില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുന്നതാണ് സ്പില്‍ഓവര്‍ (Spillover). ഇതു മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്കാകുമ്പോള്‍ സൂണോട്ടിക് സ്പില്‍ഓവര്‍ (Zoonotic Spillover) എന്ന് വിളിക്കപ്പെടുന്നു. ആഗോളവല്‍ക്കരണവും, പുത്തന്‍ സാങ്കേതിക വിദ്യകളും മനുഷ്യനു നല്‍കിയ പുത്തന്‍ സ്വഭാവ, ജീവിത രീതികള്‍, പുതുതായി ഉദയം ചെയ്ത രോഗങ്ങള്‍ (Emerging diseases) വ്യാപകമായി പകരുന്നതിനും കാരണമായി.

INDIA-WEATHER-ANIMAL-BATS

∙ ഭീഷണിയാകുന്ന പുത്തന്‍ രോഗങ്ങള്‍

മനുഷ്യനെ ബാധിക്കുന്ന പുത്തന്‍ സാംക്രമിക രോഗങ്ങളില്‍ ഏറ്റവും പ്രബലമായി വളര്‍ന്നുവരുന്ന ഭീഷണി വന്യജീവികളില്‍ നിന്നുടലെടുക്കുന്ന ജന്തുജന്യരോഗങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് ലോകമൃഗാരോഗ്യ സംഘടന നല്‍കുന്ന കണക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. നിലവില്‍ മനുഷ്യനെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളില്‍ (എബോള, എയ്ഡ്‌സ്, ഇന്‍ഫ്‌ളുവന്‍സ, കൊറോണ തുടങ്ങിയവ) 75 ശതമാനവും ജന്തുജന്യമാണ്. ഓരോ വര്‍ഷവും പുതുതായി കാണുന്ന മനുഷ്യനിലെ സാംക്രമിക രോഗങ്ങളില്‍ അഞ്ചില്‍ മൂന്നും മൃഗങ്ങളില്‍ നിന്നാണ് വരുന്നത്. ഏറ്റവും ഞെട്ടിപ്പിക്കുന്നത് ജൈവായുധങ്ങളായി ഉപയോഗിക്കപ്പെട്ടേക്കാമെന്നു കരുതുന്ന രോഗാണുക്കളില്‍ 80 ശതമാനവും മൃഗജന്യമാണ്. കോവിഡിന്റെ കണക്കുകള്‍ മാറ്റിനിര്‍ത്തിയാല്‍ 1981 മുതല്‍ 3 കോടിയിലധികം ജനങ്ങള്‍ ജന്തുജന്യ രോഗങ്ങളാല്‍ മരണമടഞ്ഞിട്ടുണ്ട്.

∙ കേരളം മഹാമാരികളുടെ പ്രഭവകേന്ദ്രമാകുമോ ?

'കേരളം മഹാമാരികളുടെ പ്രഭവകേന്ദ്രമായേക്കാം' എന്ന തലക്കെട്ടില്‍ ഒരു മലയാള ദിനപ്പത്രത്തില്‍ കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുൻപ് ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. എംജി സര്‍വ്വകലാശാല യിലെ ഒരു സംഘം ഗവേഷകര്‍ പ്രസിദ്ധീകരിച്ച അവലോകന പ്രബന്ധമായിരുന്നു വാർത്തയുടെ ഉള്ളടക്കത്തിന്റെ ആധാരം. സംസ്ഥാനത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന എച്ച് 1. എന്‍ 1, പക്ഷിപ്പനി തുടങ്ങിയ ഇന്‍ഫ്‌ളുവന്‍സ വൈറസുകളെക്കുറിച്ച് സമഗ്രപഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞിരിക്കുന്നു. വിസ്തൃത വനമേഖലയും ലക്ഷക്കണക്കിനു വളര്‍ത്തുപക്ഷിമൃഗങ്ങളുമുള്ള കേരളത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങള്‍ പടരാന്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടെന്നാണ് ഗവേഷണസംഘം ചൂണ്ടിക്കാട്ടിയത്. മേല്‍പ്പറഞ്ഞ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ അവലോകനം ചെയ്യേണ്ടതാവശ്യമാണ്.

h1n1

∙ വൈറസുകള്‍ വരുന്നതും പടരുന്നതും എങ്ങനെ ?

പരിസ്ഥിതിനാശം മൂലം ആവാസസ്ഥാനം നഷ്ടപ്പെടുന്ന വന്യജീവികളിലെ വൈറസുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ച് സ്വയം ജനിതകമാറ്റങ്ങള്‍ വരുത്തി പുതിയ ജീവിതത്തിന് അനുരൂപപ്പെടുന്നു. മനുഷ്യനില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഒരു ഇടക്കാല ജീവിയില്‍ വാസമുറപ്പിച്ചും വൈറസുകള്‍ക്ക് പരിണാമം സംഭവിക്കാം. പരിസ്ഥിതി നശീകരണം, കാലാവസ്ഥാമാറ്റം, മാറുന്ന കൃഷിരീതികള്‍, നഗരവല്‍ക്കരണം തുടങ്ങിയ നിരവധി മാനുഷിക പ്രവര്‍ത്തികള്‍ രോഗങ്ങള്‍ ഉടലെടുക്കാന്‍ സഹായിക്കും. ആഗോളവല്‍ക്കരണവും, കുടിയേറ്റവും രോഗവ്യാപനത്തെ സഹായിക്കും. വൈറസുകൾ മനുഷ്യരെ ആതിഥേയരായി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം അവന്റെ എണ്ണക്കൂടുതലാണ്. ഭാരതത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവല്‍ക്കരണം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജൈവവൈവിധ്യസമൃദ്ധമായ ഉഷ്ണമേഖലാ മഴക്കാടുകള്‍ സമ്പന്നമാക്കിയ പശ്ചിമഘട്ട മലനിരകള്‍ കേരളത്തിന്റെ കിഴക്കുഭാഗത്തുണ്ട്. നിപയുടെ കാര്യം തന്നെയെടുത്താല്‍ വവ്വാലുകള്‍ക്ക് താവളവും, ഭക്ഷണവും നല്‍കിയ കാടുകള്‍ക്ക് ചരമമണി മുഴങ്ങിയപ്പോള്‍ അവ നിലനില്‍പ്പിനായി ഗ്രാമങ്ങളില്‍ രാപാര്‍ക്കുകയും വീട്ടു മുറ്റത്തെ വൃക്ഷങ്ങളില്‍ അഭയം തേടുകയും ചെയ്തു. കൊറോണ വൈറസിനേക്കാള്‍ മൂന്നിരട്ടി ജനിതക പരിവര്‍ത്തനശേഷിയുള്ള ഇന്‍ഫ്‌ളുവന്‍സ വൈറസ് മൂലമുള്ള രോഗങ്ങള്‍ ഇപ്പോള്‍ ഇടയ്ക്കിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പഠനവിധേയമാക്കേണ്ടതാണ്. വയനാട്ടില്‍ കുരങ്ങുപനി പ്രത്യക്ഷപ്പെട്ടതുതന്നെ കാടും, നാടും തമ്മിലുള്ള അതിര്‍ത്തികള്‍ ഇല്ലാതാകുന്നതിന് ഉദാഹരണമാണ്. വന്യജീവികളെ നിയമവിരുദ്ധമായി പിടിക്കുന്നതും, കള്ളക്കടത്തു നടത്തുന്നതും അപകടകരമാണ്. വന്യമൃഗങ്ങളെ കൊല്ലുന്നതും തിന്നുന്നതുമൊക്കെ വൈറസുകളെ ഒളിവില്‍നിന്നും പുറത്തുവിടാന്‍ കാരണമാകും. എവിടെയൊക്കെ ജൈവവൈവിധ്യവും പരിസ്ഥിതിയുടെ സംതുലനാവസ്ഥയും തകര്‍ക്കപ്പെടുന്നുവോ അവിടെയൊക്കെ അനാഥരാകുന്ന വന്യജീവികളും വൈറസുകളുമുണ്ടാകാം. അതിജീവനത്തിനായി വളര്‍ത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും വൈറസുകള്‍ എത്താന്‍ സാധ്യതയും കൂടാം. എന്നിരുന്നാലും ഒരു കാര്യം കൂടി ഓര്‍ത്തിരിക്കണം. Spillover എന്നത് അപ്പോഴും അപൂര്‍വ്വമായ പ്രതിഭാസമായി കണക്കാക്കപ്പെടുന്നു. കാരണം ഒരുപാട് പ്രതിബന്ധങ്ങള്‍ മറികടന്ന് മാത്രമേ വൈറസിന് പുതിയൊരു ആതിഥേയനിലെത്താനാവൂ എന്ന് പഠനങ്ങള്‍ പറയുന്നു.

ഇരിട്ടി കീഴ്പ്പള്ളി - കാക്കയങ്ങാട് റോഡരികിൽ ഭക്ഷണം തേടിയെത്തിയ വാനരക്കൂട്ടം.

∙ ജന്തുജന്യരോഗങ്ങളുടെ വരവ് പ്രവചിക്കാനാവുമോ?

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും, തിരിച്ചും സ്വാഭാവികമായി പകരുന്ന അസുഖങ്ങളാണ് ജന്തുജന്യ രോഗങ്ങൾ ( Zoonoses). മനുഷ്യന്റെയും വന്യജീവികളുടെയും സ്വാഭാവിക വാസസ്ഥലങ്ങളെ വേർതിരിക്കുന്ന അതിർത്തിവര നേർത്തു വരുന്നതാണ് പലപ്പോഴും മഹാമാരികൾക്ക് വളം വെയ്ക്കുന്ന അവസ്ഥയുണ്ടാക്കുന്നത്. ലോകമെമ്പാടുമുള്ള മനുഷ്യരിൽ പടർന്നു പിടിക്കുന്ന ഒരു ജന്തുജന്യ രോഗമുണ്ടാകാൻ തത്വത്തിലെങ്കിലും വളരെ വിരളമായ സാധ്യതയാണ് ചിലരെങ്കിലും കൽപിച്ചിരുന്നത്. കാരണം അസാധാരണവും സവിശേഷവുമായ നിരവധി സംഭവ വികാസങ്ങൾ ഇത്തരമൊരു രോഗബാധയ്ക്കു മുൻപ് സംഭവിക്കേണ്ടതുണ്ട്. പാരിസ്ഥിതികമായി തികച്ചും വ്യത്യസ്തമായ സ്ഥാനങ്ങളിൽ അധിവസിക്കുന്ന രണ്ടു ജീവജാതികൾ തമ്മിൽ ആദ്യം പരസ്പര സമ്പർക്കമുണ്ടാകണം. തന്റെ സ്വാഭാവിക സംഭരണിയായ ആതിഥേയ ജീവിയിൽ നിന്ന് പുറത്തു വരുന്ന വൈറസിന് മനുഷ്യനിൽ കയറിപ്പറ്റാനും പെരുകാനും അതിജീവിക്കാനും കഴിയുന്ന പരിണാമങ്ങൾ ഉണ്ടാകണം. ഇങ്ങനെ ഒരു പാട് വിഷമസന്ധികൾ കടന്നാൽ മാത്രമേ വിജയകരമായ ഒരു രോഗബാധയ്ക്ക് സാധ്യതയുള്ളൂ. എന്നിട്ടും കഴിഞ്ഞ അൻപതു വർഷത്തെ ചരിത്രം പരിശോധിച്ചാൽ ജന്തു ജന്യരോഗങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ വ്യത്യസ്തമായ തീവ്രതകളിൽ പൊട്ടിപ്പുറപ്പെട്ടിള്ളതായി കാണാം. ഒടുവിൽ ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ്- 19 ന്റെ രൂപത്തിൽ അതു ആഗോളമാരിയെന്ന യാഥാർഥ്യമായി. ലോകമെമ്പാടുമുള്ള ഗവേഷകർ ഇത്തരം രോഗബാധകൾ മുൻകുട്ടി കണ്ടെത്തി പ്രതിരോധം തീർക്കാനുള്ള വഴികൾ മുൻപേ തന്നെ അവലംബിച്ചു തുടങ്ങിയിരുന്നു. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ, വൺ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയുടെ പേരാണ് THE PREDICT. രണ്ടായിരത്തി അഞ്ഞൂറോളം ഗവേഷകർ, സർക്കാരുദ്യോഗസ്ഥർ, ഡോക്ടർമാർ, വെറ്ററിനറി ഡോക്ടർമാർ, ലബോറട്ടറി സാങ്കേതികവിദഗ്ധർ റിസോർഴ്സ് മാനേജർമാർ, വന്യജീവിവേട്ടക്കാർ, വിദ്യാർഥികൾ തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ അടങ്ങിയ ഒരു വ്യത്യസ്ത ഗവേഷണ സേനയാണ് ദ പ്രഡിക്ട്. മുപ്പതു രാജ്യങ്ങളിലായി വ്യാപിച്ചു പ്രവർത്തിക്കുന്ന പദ്ധതിയാണിത്. മനുഷ്യരിലേക്ക് രോഗം പകർത്താൻ കഴിയുന്ന രോഗാണുക്കളുടെ സംഭരണികളായി പ്രവർത്തിക്കുന്ന നിരവധിയായ നട്ടെല്ലുള്ള ജീവിവർഗങ്ങളുടെ ടിഷ്യൂ സാംപിളുകൾ പദ്ധതിയുടെ ഭാഗമായി ശേഖരിച്ചു വരുന്നു. തുടർച്ചയായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഭാവി രോഗബാധകളേക്കുറിച്ച് പ്രവചിക്കാൻ ശ്രമിക്കുന്നത്. പ്രധാനമായും വന്യജീവികളിൽ കാണപ്പെടുന്ന വൈറസുകൾ അല്ലെങ്കിൽ മറ്റു രോഗാണക്കളെ കണ്ടെത്താനാണ് ഇവരുടെ പരിശ്രമം. ആൾക്കുരങ്ങുകൾ, വവ്വാലുകൾ, റോഡന്റുകൾ, വേട്ടയാടി ഭക്ഷണത്തിനുപയോഗിക്കപ്പെടുന്ന ജന്തുക്കൾ തുടങ്ങി അൻപതിനായിരത്തിലധികം വന്യജീവികളെ ഇവർ പരിശോധന നടത്തുകയുണ്ടായി എന്ന് കണക്കുകൾ പറയുന്നു. 2017 വർഷം വരെയുള്ള കണക്കിൽ മനുഷ്യരിൽ രോഗബാധയുണ്ടാക്കാൻ കഴിവുള്ള എണ്ണൂറോളം പുത്തൻ വൈറസുകളെ അവർ കണ്ടെത്തിയിരുന്നു. ഇതിൽ പകുതിയും വവ്വാലിൽ നിന്നായിരുന്നു. ബാക്കിയുള്ളവയെ ആൾക്കുരങ്ങുകൾ, മൂഷികവർഗത്തിൽപ്പെട്ട ജീവികൾ, അണ്ണാൻമാർ എന്നിവയിൽ നിന്നും കണ്ടെത്തി. വനസമ്പത്തിൽ മുൻപിൽ നിൽക്കുന്ന ദക്ഷിണ അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ വന്യജീവികൾ രോഗകാരികളാൽ സമ്പന്നമാണെന്നു കണ്ടെത്താനും അവർക്ക് കഴിഞ്ഞു. അതു പോലെ വന, വന്യജീവി സമ്പന്നമായ സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായ വന്യജീവികളെ പലവിധ ആവശ്യങ്ങൾക്കായി വേട്ടയാടി പിടിക്കുന്നതും, കച്ചവടം നടത്താൻ കടത്തിക്കൊണ്ടു പോകുന്നതും നിയന്ത്രിക്കാത്തിടത്തോളം മഹാമാരികൾ അരികത്തു തന്നെയുണ്ടാവുമെന്ന് പല ഗവേഷകരും മുന്നറിയിപ്പും നൽകിയിരുന്നു. ചൈന ഉൾപ്പെടെയുള്ള തെക്കു കിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ ഇത്തരം വന്യജീവികൾക്ക് ഭക്ഷണമായും ഔഷധമായും വലിയ ഡിമാന്റുണ്ട്. തെക്കൻ ചൈനയിലെ വെറ്റ് അനിമൽ മാർക്കറ്റുകൾ രോഗങ്ങളുടെ പ്രഭവ സ്ഥാനമാകുമെന്ന് അതിനാൽ തന്നെ മുൻ കൂട്ടി പറഞ്ഞവരുണ്ടായിരുന്നു. മനുഷ്യരും, വളർത്തു വന്യമൃഗങ്ങളും അവയുടെ പരിസ്ഥിതിയും ഉൾപ്പെടുന്ന വിശാലമായ ജൈവ മണ്ഡലത്തിൽ നിന്ന് എപ്പോൾ, എന്ന്, എങ്ങനെ ഒരു മഹാമാരിയുണ്ടാകുമെന്ന് കൃത്യമായി പ്രവചിക്കുക എളുപ്പമല്ല എന്നത് നിശ്ചയമാണ്. എങ്കിലും ഒരോ രാജ്യങ്ങളും, സംസ്ഥാനങ്ങളും അവയുടെ പ്രാദേശിക പരിസ്ഥിതിയിൽ നടത്തുന്ന ശാസ്ത്രീയ പഠനങ്ങൾ വഴി രോഗാണുക്കളെയും അവയുടെ സംഭരണ കേന്ദ്രമായി പ്രവർത്തിക്കുന്ന മൃഗങ്ങളെയും തിരിച്ചറിയാനും അതിദ്രുതം പ്രതിവിധികൾ കൈക്കൊള്ളാനും കഴിയും. രാജ്യാന്തര തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളേക്കാൾ രോഗസാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന കൂട്ടായ പ്രാദേശിക പഠനങ്ങളാണ് ഫലപ്രദം. മനുഷ്യമൃഗ വൈദ്യശാസ്ത്രം, വന വന്യ ജീവി ശാസ്ത്രം, പരിസ്ഥിതി, പരിണാമ ജൈവശാസ്ത്രം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളുടെ ഏകോപനമാണ് ഇത്തരമൊരു ഒരുക്കത്തിന് ഏറെ ആവശ്യം.

∙ ഒരുക്കം അനിവാര്യം

തയാറായിരിക്കുക എന്നതാണ് ഏതൊരു ആരോഗ്യപ്രതിസന്ധിയേയും നേരിടാനുള്ള ശക്തമായ മാര്‍ഗം. ഇതിനായി ശാസ്ത്രീയ പഠനങ്ങള്‍ ആവശ്യമാണ്. ഏതുതരം വൈറസുകള്‍ അല്ലെങ്കില്‍ രോഗബാധകളാണ് ഭീഷണിയുയര്‍ത്തുന്നതെന്ന നിരന്തര നിരീക്ഷണം ആവശ്യമാണ്. മനുഷ്യ ആരോഗ്യം, മൃഗങ്ങളുടെ ആരോഗ്യം ഇവ ചേര്‍ത്തു വെച്ചുള്ള വണ്‍ ഹെല്‍ത്ത് സമീപനമാണ് ഇന്ന് വേണ്ടത്. രാജ്യത്തെ വെറ്ററിനറി സര്‍വീസിനെ വന്യജീവികളുമായി ബന്ധപ്പെട്ട രോഗബാധ, രോഗസംക്രമണം, നരീക്ഷണം, പ്രതിരോധം എന്നിവയ്ക്കായി ഒരുക്കണം. ഇന്ന് വെറ്ററിനറി കോളേജുകളില്‍ വളര്‍ത്തു മൃഗങ്ങളുടെ ചികിത്സയ്ക്കും, രോഗങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം വന്യജീവികളുമായി ബന്ധപ്പെട്ട പഠനത്തിനും നല്‍കണം. ഇതിനായി ശാസ്ത്രപഠനത്തിനുള്ള ധനസാഹയവും, അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു.

English Summary: Is it possible to predict the coming of epidemics?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA