ADVERTISEMENT

കഴിഞ്ഞ മാസം മുതല്‍ തന്നെ ലാ നിനാക്ക് അനുയോജ്യമായ സാഹചര്യങ്ങളാണ് പസഫിക് സമുദ്രത്തിലുള്ളതെന്ന് അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍. ലാ നിനായെ തുടര്‍ന്നുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ അമേരിക്കയില്‍ ആരംഭിക്കാന്‍ പോവുകയാണെന്നാണ് എന്‍ഒഎഎ നല്‍കുന്ന മുന്നറിയിപ്പ്. ഇതോടെ അമേരിക്കയുടെ കാലാവസ്ഥാ പേടിസ്വപ്‌നമായ ചുഴലിക്കാറ്റുകള്‍ ഇക്കുറി കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലാ നിനാക്ക് അനുയോജ്യമായ രീതിയില്‍ പസിഫിക്ക് സമുദ്രത്തിലെ ഉപരിതല ഊഷ്മാവ് 26.6 ഡിഗ്രി ഫാരന്‍ഹീറ്റായി മാറിയിരുന്നു. മൂന്ന് മുതല്‍ ഏഴ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ പസിഫിക് സമുദ്രത്തില്‍ കാണപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസമാണ് ലാ നിനാ. ഈ പ്രതിഭാസം മൂലം അതിശക്തമായ കാറ്റുകളുണ്ടാവുകയും അത് സാധാരണയിലും കൂടുതല്‍ കടലിനെ തണുപ്പിക്കുകയും ചെയ്യും. താരതമ്യേന ചെറുതെന്ന് തോന്നുന്ന ഈ മാറ്റം മൂലം ലോകമാകെ കാലാവസ്ഥ തകിടം മറിയാറുണ്ട്.

 

പലയിടങ്ങളിലും അതിശക്തമായ മഴയും താപനില താഴുന്നതും ചുഴലിക്കാറ്റുമൊക്കെ ലാ നിനാ കൊണ്ടുവരുന്നു. സമുദ്രജലത്തിന് ചൂടേറുമ്പോഴാണ് മഴമേഘങ്ങള്‍ സാധാരണ ഉണ്ടാവാറ്. പശ്ചിമ പസഫിക് സമുദ്രത്തിലേക്ക് ലാ നിനാ ചൂടുകൂടിയ സമുദ്രജലത്തെ വര്‍ധിച്ച തോതില്‍ എത്തിക്കുന്നു. ഇതിനര്‍ഥം ഇന്തൊനീഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്കയിലെ തെക്കന്‍ പ്രദേശം എന്നിവയിലെല്ലാം മഴയുടെ അളവ് സാധാരണയിലും കൂടുമെന്നാണ്. ലാ നിനായുടെ പ്രഖ്യാപനം ആഗോളതലത്തില്‍ കാലാവസ്ഥാ മാറ്റങ്ങള്‍ക്കിടയാക്കുമെന്ന് ഉറപ്പ്.

 

ഇപ്പോഴത്തെ ലാ നിനായെ തുടര്‍ന്ന് അമേരിക്കയിലെ തെക്കന്‍ പ്രദേശങ്ങള്‍ കൂടുതല്‍ വരളാനും വടക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. 2021 തുടക്കം വരെ ലാ നിനാ തുടരാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ അമേരിക്ക നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. 

 

അമേരിക്കയിലെ മൂന്നിലൊന്ന് പ്രദേശങ്ങളും വരള്‍ച്ചയുടെ പിടിയിലായെന്ന് കഴിഞ്ഞ മാസം തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉട്ടാ, കൊളറാഡോ, നെവാഡ, ന്യൂ മെക്‌സിക്കോ തുടങ്ങിയ സംസ്ഥാനങ്ങളിലെ 93 ശതമാനത്തിലധികം പ്രദേശങ്ങളും വരള്‍ച്ചയുടെ പിടിയിലാണ്. മധ്യഅമേരിക്കയിലും ദക്ഷിണ കാലിഫോര്‍ണിയയിലും വേനല്‍ രൂക്ഷമാണ്. കലിഫോര്‍ണിയയില്‍ ഓഗസ്റ്റ് മുതല്‍ പടര്‍ന്നു പിടിച്ച കാട്ടുതീ 25 ലക്ഷം ഏക്കര്‍ പ്രദേശത്തേക്ക് വ്യാപിച്ചത് കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി. ലാ നിനായുടെ വരവോടെ കലിഫോര്‍ണിയയിലെ വരള്‍ച്ച കൂടുമെന്നും കാട്ടുതീ കൂടുതല്‍ വ്യാപകമായേക്കുമെന്നും ആശങ്കയുണ്ട്. 

 

ഫ്‌ളോറിഡ അടക്കമുള്ള അമേരിക്കയുടെ തീരങ്ങളില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ള പുതിയ ചുഴലിക്കാറ്റുകള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലും ലാ നിനായെ തുടര്‍ന്ന് ഉടലെടുക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം ലൂസിയാനയില്‍ ആഞ്ഞിച്ച ലോറ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 240 കിലോമീറ്ററിലും കൂടുതലായിരുന്നു. ലാ നിനായുടെ വരവ് കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ അമേരിക്കന്‍ തീരങ്ങള്‍ കൂടുതല്‍ ചുഴലിക്കാറ്റുകളെ വരും ദിവസങ്ങളില്‍ നേരിടേണ്ടി വരുമെന്ന് തന്നെയാണ് അര്‍ഥമാക്കുന്നത്.

 

English Summary: La Niña is here! NOAA spots conditions of the weather phenomenon in the Pacific Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com