sections
MORE

മനുഷ്യന്റെ കണ്ണിനുള്ളിൽ ക്യാമറകൾ, തലയോട്ടിയിൽ ചിപ്പ്, ഇത് ‘നാളത്തെ കണ്ണ്’, പ്രതീക്ഷയോടെ ഗവേഷകർ

bio-eye
SHARE

പത്തുവര്‍ഷം നീണ്ട ഗവേഷണത്തിനൊടുവില്‍ മനുഷ്യനില്‍ കൃത്രിമ കണ്ണ് പരീക്ഷിക്കാനൊരുങ്ങുകയാണ് മോനാഷ് സര്‍വകലാശാലയിലെ ഗവേഷകര്‍. നേരിട്ട് തലച്ചോറില്‍ സ്ഥാപിക്കുന്ന ചിപ്പുകള്‍ വഴി അന്ധത അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ജെന്നാറിസ് ബയോണിക് വിഷന്‍ സിസ്റ്റം എന്നാണ് ഈ കൃത്രിമ കണ്ണിന് പേരിട്ടിരിക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് പദ്ധതിക്ക് സമാനമാണിത്.

ക്യാമറയും ക്യാമറ പകര്‍ത്തുന്ന കാഴ്ചകളെ അയക്കുന്ന വയര്‍ലെസ് ട്രാന്‍സ്മിറ്ററും വിഷന്‍ പ്രോസസര്‍ യൂണിറ്റും 9x9 മില്ലിമീറ്റര്‍ വലുപ്പമുള്ള തലച്ചോറില്‍ സ്ഥാപിക്കുന്ന ചെറിയ ചിപ്പും അടങ്ങുന്നതാണ് ഈ കൃത്രിമ കണ്ണ്. ചെമ്മരിയാടുകളില്‍ ഈ പരീക്ഷണം വിജയിച്ചിരുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടതോടെ മനുഷ്യരിലേക്ക് കൂടി പരീക്ഷണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയയിലെ ഈ ഗവേഷകര്‍.

തലച്ചോറിനെ നേരിട്ട് കംപ്യൂട്ടറുമായി ബന്ധിപ്പിക്കുകയെന്ന അടിസ്ഥാന ആശയത്തിലൂന്നിയാണ് ഈ കൃത്രിമ കണ്ണും പ്രവര്‍ത്തിക്കുന്നത്. പന്നികളില്‍ വിജയകരമായി ചിപ്പുകള്‍ ഘടിപ്പിച്ചുകൊണ്ട് ഇലോണ്‍ മസ്‌കിന്റെ ന്യൂറാ ലിങ്കും പ്രഖ്യാപനം നടത്തിയിരുന്നു.

ഏതാണ്ട് പത്ത് വര്‍ഷത്തോളമായി മോനാഷ് സര്‍വകലാശാലയിലെ ഗവേഷകര്‍ കൃത്രിമ കണ്ണിന്റെ പിന്നിലാണ്. 2016ല്‍ ന്യൂറാലിങ്ക് സ്ഥാപിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുൻപ് ആരംഭിച്ച ഈ ഗവേഷണം മനുഷ്യരില്‍ പരീക്ഷിക്കുകയെന്ന അവസാനത്തെ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ക്യാമറകള്‍ വഴി കാണുന്ന ദൃശ്യങ്ങള്‍ നേരിട്ട് തലച്ചോറിലേക്ക് ചിപ്പുകള്‍ വഴിയെത്തിക്കുകയാണ് ആശയം. ഇതോടെ കണ്ണുകള്‍ക്കും അതുമായി ബന്ധപ്പെട്ടുള്ള തലച്ചോറിലേക്കുള്ള ഞരമ്പുകളുടേയും ക്ഷതങ്ങളും മറ്റു വൈകല്യങ്ങളുമൊന്നും കാഴ്ചക്ക് തടസമാകുന്നില്ല.

കഴിഞ്ഞ വര്‍ഷം ഗവേഷക സംഘത്തിന് ഒരു ദശലക്ഷം ഡോളറിന്റെ ഫണ്ട് ലഭിച്ചിരുന്നു. മനുഷ്യരിലെ പരീക്ഷണം വിജയിച്ചാല്‍ വിപുലമായി രീതിയിയില്‍ കൃത്രിമ കണ്ണുകളുടെ നിര്‍മാണം ആരംഭിക്കുമെന്ന് ഗവേഷകസംഘത്തിലെ ഡോ. ലൂയിസ് പറയുന്നു. മനുഷ്യന്റെ അവയവങ്ങളെ തലച്ചോറുമായി ബന്ധിപ്പിക്കാന്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുകയെന്ന ആശയത്തെ വൈദ്യശാസ്ത്രത്തില്‍ കൂടുതല്‍ വിപുലമായി ഉപയോഗിക്കാനാകുമെന്നും പ്രതീക്ഷയുണ്ട്. ശരീരം തളര്‍ന്നവര്‍ക്കും അല്‍ഷിമേഴ്‌സ് രോഗികള്‍ക്കും തുടങ്ങി അപസ്മാരത്തിനും വിഷാദരോഗത്തിനും അടിപ്പെട്ടവര്‍ക്കുവരെ പുതിയ പ്രതീക്ഷയാണ് ഈ സാങ്കേതികവിദ്യ. 

പത്ത് ചെമ്മരിയാടുകളിലാണ് കൃത്രിമ കണ്ണുകള്‍ പീക്ഷിച്ചത്. ഏതാണ്ട് ഒൻപത് മാസം 2700 മണിക്കൂറിലേറെ ഈ ചെമ്മരിയാടുകളില്‍ കൃത്രിമ കണ്ണുകള്‍ പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനും സാധിച്ചില്ല. ഇതോടെയാണ് പരീക്ഷണം മനുഷ്യരിലേക്ക് നീട്ടാന്‍ തീരുമാനമായത്.

English Summary: Scientists prepare human trials of 'bionic eye' which links directly to a chip in the brain and could cure blindness

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA