ADVERTISEMENT

ശുക്രനില്‍ ഒരു പക്ഷേ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം കണ്ടേക്കാമെന്ന ടെലിസ്‌കോപിക് പരീക്ഷണ ഫലം ജ്യോതിശാസ്ത്രജ്ഞരെയും ഗവേഷകരെയും പെട്ടെന്ന് ഉത്തേജിതരാക്കയിരിക്കുകയാണ്. ഈ തെളിവുകള്‍ പരിഗണിച്ച്, ശുക്രനിലേക്കു തന്നെ അടുത്ത ദൗത്യം നടത്തിയാലോ എന്ന് അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതാദ്യമായല്ല ശുക്രനിലേക്ക് ദൗത്യങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ ഗ്രഹത്തിലേക്ക് ദൗത്യങ്ങള്‍ കൂടുതലായി അയച്ചിരിക്കുന്നത് റഷ്യയാണ്. 1961 മുതല്‍ പല പതിറ്റാണ്ടുകള്‍ നീളുന്ന റഷ്യന്‍ ദൗത്യങ്ങള്‍ ശുക്രനിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ശുക്രനില്‍ ശൂന്യാകാശവാഹനം ഇറക്കാന്‍ സാധിക്കുക എന്നു പറയുന്നതു പോലും ചെറിയൊരു നേട്ടമല്ല, അന്നും ഇന്നുമെന്നു പറയുന്നു. ശുക്രന്റെ ഉപരിതലത്തിലെ കൂടിയ മര്‍ദ്ദമാണ് പ്രശ്‌നം. ഇറങ്ങി മിനിറ്റുകള്‍ക്കുള്ളല്‍ റഷ്യയുടെ ബഹിരാകാശവാഹനം പൊട്ടിത്തെറിച്ചിട്ടുണ്ട്.

 

എന്നാല്‍, റഷ്യ 1967 ല്‍ അയച്ച വെനേറാ 4 (Venera 4) ആണ് വീനസിന്റെ അന്തരീക്ഷത്തിന്റെ പച്ച നിറം കാര്‍ബണ്‍ - ഡൈഓക്‌സൈഡ് ഹരിതഗൃഹ വാതകത്തില്‍ കുരുങ്ങിക്കിടക്കുന്നതാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് 1975ല്‍ അയച്ച വെനേറാ 9 ആണ് വീനിസന്റെ ഉപരിതലത്തിന്റെ ചിത്രങ്ങള്‍ ആദ്യമായി പകര്‍ത്തിയത്. ആ ചിത്രങ്ങളാണ് അതിന്റ വഷലിപ്തമായ അന്തരീക്ഷം വെളിവാക്കിയത്. തുടര്‍ന്നും റഷ്യ നിരവധി ദൗത്യങ്ങള്‍ നടത്തിയെങ്കിലും ശുക്ര പര്യവേഷണം 1985ല്‍ അവസാനിപ്പിക്കുകയായിരുന്നു. 

 

നാസയുടെ മാറിനര്‍ 2 1962ലും, പയനിയര്‍ ബഹിരാകാശവാഹനം 1978ലുമാണ് ശുക്രന്റെ അന്തരീക്ഷത്തെക്കുറിച്ചു പഠനം നടത്തിയത്. 1990ല്‍ അയച്ച മഗെല്ലന്‍ ബഹിരാകാശ വാഹനമാണ് ശുക്രന്റെ ഉപരിതലത്തില്‍ പ്രധാനമായും അഗ്നിപര്‍വ്വത ലാവയാണുള്ളത് എന്നു കണ്ടെത്തിയത്. 21-ാം നൂറ്റാണ്ടില്‍ യൂറോപ്പിന്റെ വീനസ് എക്‌സ്പ്രസും ജപ്പാന്റെ അകാറ്റ്‌സുകിയും വീനസിന്റെ അന്തരീക്ഷവും ഉപരിതലവും പഠിക്കാന്‍ ശ്രമിച്ചിരുന്നു.

 

ഭാവിയിലേക്ക് രണ്ടു ദൗത്യങ്ങളാണ് നാസ പരിഗണിക്കുന്നതത്രെ. ഡാവിഞ്ചി പ്ലസ്, വെറിറ്റാസ് എന്നിവയായിരിക്കും അവ. ഇന്ത്യയുടെ ശുക്രയാന്‍-1ഉം ശുക്രന്റെ രാസഘടനയെക്കുറിച്ചു പഠിക്കാനായി ആയയ്ക്കുമെന്നു കരുതുന്നു. എന്നാല്‍, ഗ്രഹത്തിലെ 'നരകതുല്യമായ' പരിസ്ഥിതി പരിഗണിച്ചാല്‍ ജീവന്റെ സാന്നിധ്യമുണ്ടോ എന്ന കാര്യം അറിയണമെങ്കില്‍ പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണം വേണ്ടിവന്നേക്കുമെന്നു പറയുന്നു.

സൂര്യനു മുന്നിലൂടെ നീങ്ങുന്ന ശുക്രൻ (ഇടതുഭാഗത്തായി കറുത്ത ഡോട്ടിൽ കാണുന്നത്). 2012 ജൂൺ ആറിന് ഫിലിപ്പീൻസിലെ മനിലയിലുള്ള കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽനിന്ന് എടുത്ത ചിത്രം. (Photo by TED ALJIBE / AFP)
സൂര്യനു മുന്നിലൂടെ നീങ്ങുന്ന ശുക്രൻ (ഇടതുഭാഗത്തായി കറുത്ത ഡോട്ടിൽ കാണുന്നത്). 2012 ജൂൺ ആറിന് ഫിലിപ്പീൻസിലെ മനിലയിലുള്ള കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽനിന്ന് എടുത്ത ചിത്രം. (Photo by TED ALJIBE / AFP)

 

∙ എന്താണ് പെട്ടെന്ന് ശുക്രനിലെ ജീവസാന്നിധ്യം വാര്‍ത്തയാകാന്‍ കാരണം?

 

പരുഷമായ അമ്ലസാന്നിധ്യമുള്ള മേഘങ്ങള്‍ ഉള്ളതും, ജീവന്റെ യാതൊരു സാധ്യതയും ഉണ്ടായേക്കില്ലെന്ന് ഇത്രയുംകാലം കരുതിവന്നതുമായ, ഭൂമിയുടെ അടുത്ത ഗ്രഹങ്ങളിലൊന്നായ ശുക്രനില്‍ ജീവന്റെ സാന്നിധ്യം കണ്ടേക്കാമെന്ന് ഒരു പറ്റം ശാസ്ത്രജ്ഞര്‍ അനുമാനത്തിലെത്തിച്ചേര്‍ന്നതാണ് ഇതിനു കാരണം. ശുക്രനില്‍ ഫോസ്ഫീന്‍ (phosphine) എന്നു വിളിക്കുന്ന വാതകത്തിന്റെ സാന്നിധ്യമാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ശുക്രനില്‍ മൈക്രോബുകളുടെ സാന്നിധ്യവും ഉണ്ടാകാമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്.

 

nasa-is-crowdsourcing-sensor-which-can-survive-venus

തങ്ങള്‍ ശരിക്കുള്ള ജീവന്റെ തുടിപ്പുകളൊന്നും ശുക്രനില്‍ കണ്ടെത്തിയില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. ഭൂമിയില്‍ ഫോസ്ഫീന്‍ സൃഷ്ടിക്കുന്നത് ഓക്സിജന്‍ കാര്യമായി ലഭിക്കാത്ത സ്ഥലങ്ങളില്‍ കഴിയേണ്ടിവുന്ന ബാക്ടീരിയയാണ്. ഗവേഷകരുടെ അന്തര്‍ദേശീയ സമൂഹം ശുക്രനില്‍ ആദ്യം ഫോസ്ഫീന്‍ കണ്ടെത്തിയത് ഹാവായിലുള്ള ജെയിംസ് ക്ലാര്‍ക് മാക്സ്വെല്‍ ടെലസ്‌കോപ് ഉപയോഗിച്ചാണ്. എന്നാല്‍, പിന്നീട് അവര്‍ ചിലെയിലുള്ള അറ്റകാമാ ലാര്‍ജ് മിലിമീറ്റര്‍/സബ്മിലിമീറ്റര്‍ അരെ (എഎല്‍എംഎ) റേഡിയോ ടെലിസ്‌കോപിലൂടെ നോക്കി ഇതു ശരിവയ്ക്കുകയായിരുന്നു. കണ്ടെത്തല്‍ തന്നെ വളരെ അദ്ഭുതപ്പെടുത്തി, അല്ല അതു തന്നെ ഞെട്ടിച്ചുകളഞ്ഞു എന്നാണ് കാര്‍ഡിഫ് യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞയായ ജെയിന്‍ ഗ്രീവ്സ് എഴുതിയത്. ഈ ഗവേഷണ പ്രബന്ധം പ്രസിദ്ധീകിരിച്ചിരിക്കുന്നത് നേച്വര്‍ അസ്ട്രോണമി ജേണല്‍ ആണ്.  

 

പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന കാര്യം എക്കാലത്തും ശാസ്ത്രജ്ഞരെ ജിജ്ഞാസുക്കളാക്കിയിരുന്നു. അവര്‍ അറിയാന്‍ ആഗ്രഹിക്കുന്ന ഏറ്റവും സുപ്രധാന ഉത്തരങ്ങളിലൊന്നാണത്. ടെലസ്‌കോപ്പുകളും ബഹിരാകാശ ദൗദ്യങ്ങളും ഉപയോഗിച്ച് പ്രപഞ്ചത്തില്‍ ജീവന്റെ കൈയ്യൊപ്പ് (biosignatures) അന്വേഷിച്ചുവരികയാണവര്‍. ഗ്രഹങ്ങളിലും അവയുടെ ചന്ദ്രന്മാരിലുമെല്ലാം ജൈവ സാന്നിധ്യം കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമിക്കുന്നു. നമ്മുടെ സൗരയുധത്തിനു വെളിയിലും ജീവന്‍ കണ്ടെത്താനാകുമോ എന്ന അന്വേഷണത്തിലാണ് ശാസ്ത്രജ്ഞര്‍.

 

നമുക്കു നിലവില്‍ ശുക്രനെക്കുറിച്ച് അറിയാവുന്ന കാര്യങ്ങള്‍ വച്ചു നോക്കിയാല്‍ ഫോസ്ഫീന്‍ കണ്ടെത്തിയതിന് നല്‍കാവുന്ന ഏറ്റവും വിശ്വാസകരമായ വിശദീകരണം അവിടെ ജീവന്റെ സാന്നിദ്യമുണ്ടായേക്കാമെന്നതാണ് എന്ന് മാസച്ചൂസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മോളിക്യൂലാര്‍ അസ്ട്രോഫിസിസിറ്റ് ആയ ക്ലാരാ സോസാ-സില്‍വ പറഞ്ഞു. പഠനത്തിന്റെ സഹ രചയിതാവു കൂടിയാണ് ക്ലാര. കണ്ടെത്തല്‍ വിചിത്രകല്‍പ്പനയായി തോന്നാമെങ്കിലും ജീവന്റെ സാന്നിധ്യത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ക്ലാര പറയുന്നത്. എന്നാല്‍, തങ്ങളുടെ കണ്ടെത്തലിന്റെ ഒരു വിശദീകരണമെന്ന നിലയില്‍ ജീവന്റെ സാന്നിധ്യമെന്നത് ഒരു അവസാന സാധ്യതയായി മാത്രമേ കാണാവൂ എന്നും അവര്‍ പറയുന്നു. കാരണം, തങ്ങള്‍ കണ്ടെത്തിയത് ഫോസ്ഫീനാണെങ്കില്‍, അതു ജീവന്റെ പ്രതിഫലനമാണെങ്കില്‍, നമ്മള്‍ ഒറ്റയ്ക്കല്ല എന്നതിന്റെ തെളിവാണത്. കൂടാതെ അന്യഗ്രഹങ്ങളില്‍ ജിവന്‍ എന്നത് സര്‍വ്വസാധാരണവും ആകാം. നമ്മുടെ ഗ്യാലക്സിയില്‍ മൊത്തത്തില്‍ തന്നെ ജീവന്‍ തുടിക്കുന്ന മറ്റു ഗ്രഹങ്ങളുണ്ടാകാമെന്നും ക്ലാര പറയുന്നു.

 

ഒരു ഫോസ്ഫറസ് ആറ്റത്തോട് മൂന്ന് ഹൈഡ്രജന്‍ ആറ്റങ്ങള്‍ ചേര്‍ന്നിരിക്കുന്നതാണ് ഫോസ്ഫീന്റെ ഘടന. ഇത് മനുഷ്യര്‍ക്ക് മാരക വിഷമാണ്. എന്നാല്‍, ശുക്രനില്‍ ഫോസ്ഫീന്‍ വരാനുള്ള മറ്റു ചില സാധ്യതകളും തങ്ങള്‍ പരിഗണിച്ചുവെന്നും ഗവേഷകര്‍ പറയുന്നു. അഗ്‌നിപര്‍വ്വത സംബന്ധിയായ (volcanism), ഉല്‍ക്കാശില, ഇടിമിന്നല്‍, പല തരം രാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണോ ഫോസ്ഫീന്‍ കണ്ടെത്തിയതിനു പിന്നിലെന്നും ആലോചിച്ചു. എന്നാല്‍, ഇവയ്ക്കുള്ള സാധ്യത ഇല്ലെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, തങ്ങള്‍ ഇതേക്കുറിച്ചുള്ള ഗവേഷണം നിർത്തുകയില്ലെന്നും ജീവനല്ലാതെ മറ്റെന്തു സാധ്യതയാണ് ഫോസ്ഫീന്റെ സാന്നിധ്യത്തില്‍ നിന്നു വായിച്ചെടുക്കേണ്ടതെന്ന് ആരായുകയാണെന്നും അവര്‍ പറഞ്ഞു. ശുക്രനാണ് ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം. സൂര്യന്റെയടുത്തു നിന്ന് രണ്ടാമതു നില്‍ക്കുന്നതും ശുക്രനാണ്. മൂന്നാമതാണ് ഭൂമി. ശുക്രനെ പൊതിഞ്ഞു നില്‍ക്കുന്നത് കട്ടിയുള്ള വിഷലിപ്തമായ അന്തരീക്ഷമാണ്. ഇവിടെ ചൂടും കെട്ടിക്കിടക്കുന്നു. ചൂട് 471 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഈ ചൂടില്‍ ഈയം പോലും ഉരുകും.

 

ജീവനുണ്ടെങ്കില്‍, എന്തു തരം ജീവനായിരിക്കാം ശുക്രന്റെ ഉപരിതലത്തിലുണ്ടാകുക എന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ല. മനുഷ്യര്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ലാത്ത തരത്തിലുള്ള എന്തെങ്കിലുമാകാം ഈ കൊടും ചൂടില്‍ പിടിച്ചു നില്‍ക്കുന്നത്. ശുക്രനില്‍ ജീവനുണ്ടെങ്കില്‍ അതിന്റ ബയോകെമിസ്ട്രി പോലും വ്യത്യസ്ഥമായിരിക്കും. എന്നാല്‍, വളരെക്കാലം മുൻപ് വീനസിന്റെ ഉപരിതലത്തില്‍ ജീവന്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ തുടര്‍ന്നുണ്ടായി ഗ്രീന്‍ഹൗസ് എഫക്ടിലൂടെ അതു പരിപൂര്‍ണമായി നശിച്ചുപോയതായിരിക്കാമെന്ന് അനുമാനിക്കുന്നവരും ഉണ്ട്.

 

തങ്ങള്‍ കണ്ടെത്തിയത് മൈക്രോ ഓര്‍ഗനിസങ്ങളാണെങ്കില്‍ അവയ്ക്ക് ജീവിച്ചുപോകാനായി സൂര്യപ്രകാശവും വെളളവും ചില ദ്രാവക കണികളും ലഭ്യമായിരിക്കണമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. എന്നാല്‍, അമ്ലത്തില്‍ നിന്ന് അവയെ സംരക്ഷിച്ചു നിർത്തുന്നത് മനുഷ്യര്‍ക്ക് പരിചിതമല്ലാത്ത എന്തെങ്കിലും കവചങ്ങളാകാമെന്നും അവര്‍ അനുമാനിക്കുന്നു. ഭൂമിയിലെ പ്രാണവായുവില്ലാതെ ജീവിക്കാന്‍ കഴിയുന്ന (anaerobic) പരിസ്ഥിതിയിലുള്ള മൈക്രോ ഓര്‍ഗനിസങ്ങളാണ് ഫോസ്ഫീന്‍ ഉത്പാദിപ്പിക്കുന്നത്. ഇവ ഓക്സിജനെ ആശ്രയിച്ചല്ല നിലനില്‍ക്കുന്നത്. ചില വ്യവസായ പ്രദേശങ്ങളിലും ഫോസ്ഫീന്‍ കാണാം. ഭൂമിയിലെ ബാക്ട്രീരിയ ഖനിജങ്ങളില്‍ നിന്ന് ഫോസ്ഫെയ്റ്റ് എടുക്കുന്നു. അല്ലെങ്കില്‍ ബയോമെറ്റീരിയലില്‍ നിന്ന്. അതിനൊപ്പം ഹൈഡ്രജന്‍ ചേര്‍ക്കുന്നു.

 

തങ്ങളുടെ കണ്ടെത്തലിനെ വിശദീകരിക്കാന്‍ തങ്ങള്‍ക്കാകും വിധം ശ്രമിച്ചുവെന്ന് ഗവേഷകര്‍ പറയുന്നു. തങ്ങള്‍ക്ക് ഇപ്പോള്‍ ലഭ്യമായ വിവരം വച്ചും, ശുക്രനെക്കുറിച്ചു ലഭ്യമായ അറിവുവച്ചും നല്‍കാവുന്ന ഏറ്റവും നല്ല വിശദീകരണമാണിതെന്നും അവര്‍ പറയുന്നു. എന്നാല്‍, അത് ജീവന്റെ സാന്നിധ്യമാകണമെന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു പക്ഷേ മനുഷ്യര്‍ക്കു പരിചിതമല്ലാത്ത എന്തൊ പ്രക്രീയയായിരിക്കാം ഫോസ്ഫീനെ ഉണ്ടാക്കുന്നതെന്നും അവര്‍ പറയുന്നു. ശുക്രനെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ കൂടുതല്‍ പഠനത്തിന് വിധേയമാക്കിയാല്‍ മാത്രമെ ശരിയായ വിശദീകരണം നല്‍കാന്‍ സാധ്യമാകൂ എന്നും അവര്‍ അറിയിച്ചു. ശുക്രനിലേത് ഫോസ്ഫീന് അനുകൂല സാഹചര്യമായിരിക്കില്ല. അതിന്റെ പ്രതലവും അന്തരീക്ഷവും ഓക്സിജന്‍ മിശ്രിതത്താല്‍ സമ്പുഷ്ടമാണ്. സൃഷ്ടിക്കപ്പെടുന്ന ഫോസ്ഫീനെ രാസപ്രക്രീയിയലൂടെ ഇല്ലാതാക്കപ്പെടേണ്ടതാണ്. എന്നാല്‍, ശുക്രന്റെ സാഹചര്യത്തിനു നശിപ്പിച്ചു കളയാന്‍ സാധിക്കാത്ത അത്ര വേഗത്തില്‍ എന്തോ ഒന്ന് ഫോസ്ഫീന്‍ സൃഷ്ടിക്കുന്നുവെന്നും പഠനത്തിന്റെ രചയിതാക്കളിലൊരാളായ അനിറ്റാ റിച്ചഡ്സ് പറയുന്നു. നേരത്തെ റോബോട്ട് ദൗത്യങ്ങളെ മനുഷ്യര്‍ ശുക്രനിലേക്ക് അയച്ചിരുന്നു. എന്നാല്‍, പുതിയൊരു ദൗത്യത്തിലൂടെ നമ്മുടെ അടുത്ത ഗ്രഹത്തില്‍ ജീവനുണ്ടോ എന്ന് കണ്ടെത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭാഗ്യവശാല്‍, ശുക്രന്‍ നമ്മുടെ അയല്‍വാസിയാണ്. അതിനാല്‍ നമുക്കു നേരിട്ടു ചെന്നു പരിശോധിക്കാമെന്നും ഗവേഷകര്‍ പറയുന്നു.

 

English Summary: NASA Considers Venus Mission After Scientists Find Potential Life Sign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com