ADVERTISEMENT

സൂര്യനില്‍ നിന്നുള്ള അസാധാരണ തിളക്കവും ഊര്‍ജ്ജ പ്രവാഹവും ടൈറ്റാനിക്ക് മുങ്ങിയതിന്റെ കാരണമായിട്ടുണ്ടാവാമെന്ന് പഠനം. സൂര്യനില്‍ നിന്നുള്ള അസാധാരണ ഊര്‍ജ്ജ പ്രവാഹം ടൈറ്റാനിക്കിലെ വടക്കുനോക്കിയന്ത്രത്തിന്റെ ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും ഇതുമൂലമുണ്ടായ ദിശാവ്യതിയാനമാണ് മഞ്ഞുമലയില്‍ ഇടിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഗവേഷകയായ മില സിന്‍കോവയാണ് ഇത്തരമൊരു നിഗമനം മുന്നോട്ടുവെച്ചിരിക്കുന്നത്.

 

ടൈറ്റാനിക് മുങ്ങിയ 1912 ഏപ്രില്‍ 15ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സഞ്ചരിച്ച നാവികരുടേയും മുങ്ങിയ ടൈറ്റാനിക്കില്‍ നിന്നും രക്ഷപ്പെട്ടവരുടേയും മൊഴികളും സിന്‍കോവ തന്റെ പഠനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ടൈറ്റാനിക് മുങ്ങിയ ദിവസം ആകാശത്ത് ധ്രുവദീപ്തി കണ്ടിരുന്നുവെന്നാണ് ഇവരില്‍ പലരും പറഞ്ഞിട്ടുള്ളത്. വെതര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

 

സൂര്യനില്‍ നിന്നുള്ള അസാധാരണ ഊര്‍ജ്ജ പ്രവാഹങ്ങള്‍ ഭൂമിയിലെ ടെലഗ്രാഫുകളുടേയും മറ്റും പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ടൈറ്റാനിക്ക് ദുരന്തത്തിന് മുൻപെ തെളിഞ്ഞിരുന്നു. 1859ല്‍ ഉണ്ടായ 'കാരിംങ്ടണ്‍ സംഭവം' ഇതിനുദാഹരണമാണ്. അന്ന് ടെലഗ്രാഫ് വയറുകളില്‍ നിന്നും തീപ്പൊരിയുണ്ടായതായും പല ടെലഗ്രാഫ് ഓപറേറ്റര്‍മാര്‍ക്കും വൈദ്യുതാഘാതം ഏറ്റതായും രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന് മാത്രമല്ല ടൈറ്റാനിക്കില്‍ നിന്നുള്ള അപകട സന്ദേശം പല സമീപത്തെ കപ്പലുകളിലും എത്താതിരുന്നതിന് പിന്നിലും ഈ സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹമാണെന്നും കരുതപ്പെടുന്നു.

 

സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹത്തെ തുടര്‍ന്ന് വടക്കുനോക്കിയന്ത്രത്തില്‍ ഒരു ഡിഗ്രിയുടെ മാറ്റമുണ്ടായാല്‍ പോലും അതിന്റെ ഫലം വളരെ വലുതാകുമെന്നാണ് മില സിന്‍കോവ ഓര്‍മിപ്പിക്കുന്നത്. ടൈറ്റാനിക് അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ലോറന്‍സ് ബോസ്‌ലി അപകടത്തിന് ശേഷം ലൈഫ് ബോട്ടിലിരിക്കേ ആകാശത്തിന്റെ ഒരു കോണില്‍ പ്രകാശം കണ്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് കരുതിയത് പ്രഭാതരശ്മികളാണ് അതെന്നായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. 

 

ടൈറ്റാനിക്ക് അപകടത്തില്‍ പെട്ടപ്പോള്‍ രക്ഷക്കെത്തിയ ആര്‍എംഎസ് കാര്‍പാത്തിയ എന്ന കപ്പലിലെ സെക്കൻഡ് ഓഫിസറായ ജെയിംസ് ബിസെറ്റും ഇതേ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ടൈറ്റാനിക് മഞ്ഞുമലയില്‍ ഇടിക്കുന്നതിന് ഒരു മണിക്കൂര്‍ മുൻപാണ് ജെയിംസ് ഇങ്ങനെ കുറിച്ചത്. 'ശാന്തമായ കാലാവസ്ഥ, സമുദ്രം നിശ്ചലമായി കിടക്കുന്നു. ഒരു ചെറുകാറ്റുപോലുമില്ല. തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങള്‍ തിളങ്ങുന്നുണ്ട്. ചന്ദ്രനെ കാണാനില്ല. എന്നാല്‍ ഉത്തരധ്രുവപ്രദേശത്തു നിന്നും ധ്രുവദീപ്തി തെളിഞ്ഞു കാണാം. ചന്ദ്രനില്‍ നിന്നുള്ള പ്രകാശം ഭൂമിയിലേക്ക് പ്രവഹിക്കും പോലെ'. ടൈറ്റാനിക്കിലെ 20 ലൈഫ്‌ബോട്ടുകളിലുണ്ടായിരുന്ന 705 പേരെ കാര്‍പ്പാത്തിയ കപ്പലാണ് രക്ഷിച്ചത്.

 

അന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ആഢംബര കപ്പലായിരുന്ന ടൈറ്റാനിക് തന്റെ കന്നി യാത്രയിലാണ് മുങ്ങിയത്. ഒരിക്കലും മുങ്ങില്ലെന്ന വിശേഷണത്തിലായിരുന്നു ടൈറ്റാനിക് അവതരിപ്പിക്കപ്പെട്ടത്. 1912 ഏപ്രില്‍ 10ന് സൗത്താംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ടൈറ്റാനിക് ഏപ്രില്‍ 15ന് പ്രാദേശിക സമയം അര്‍ധരാത്രി 11.30ഓടെ മഞ്ഞുമലയില്‍ ഇടിക്കുകയായിരുന്നു.

 

മഞ്ഞുമലയില്‍ ഇടിച്ചതിന് പിന്നാലെ ടൈറ്റാനിക്കിലേക്ക് വെള്ളം കയറി തുടങ്ങി. കപ്പലില്‍ നിന്നും പുറത്തേക്ക് അടിച്ച് കളയാവുന്നതിനേക്കാളും പതിനഞ്ച് ഇരട്ടി വേഗത്തിലായിരുന്നു ടൈറ്റാനിക്കിലേക്ക് വെള്ളം ഇരച്ചുകയറിയത്. രണ്ടര മണിക്കൂറിനു ശേഷം മുങ്ങാത്ത കപ്പലെന്നു വിശേഷിപ്പിക്കപ്പെട്ട ടൈറ്റാനിക് രണ്ടായി പിളര്‍ന്ന് അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു. ടൈറ്റാനിക് ദുരന്തത്തില്‍ 1500ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.

 

English Summary: Solar flare may have contributed to the sinking of the Titanic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com