ADVERTISEMENT

ബഹിരാകാശത്ത് ദിവസങ്ങള്‍ക്കകം റഷ്യ- ചൈന കൂട്ടിയിടി സംഭവിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലാവധി കഴിഞ്ഞ റഷ്യന്‍ സാറ്റലൈറ്റും ചൈനീസ് റോക്കറ്റിന്റെ ഭാഗവുമാണ് കൂട്ടിയിടിക്കാന്‍ പോകുന്നത്. അങ്ങനെയൊരു കൂട്ടിയിടി സംഭവിച്ചാലുണ്ടാകുന്ന ബഹിരാകാശ മാലിന്യങ്ങള്‍ നിരവധി സാറ്റലൈറ്റുകള്‍ക്ക് ഭീഷണിയാകുമെന്ന മുന്നറിയിപ്പുമുണ്ട്.

 

ബഹിരാകാശ മാലിന്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ലിയോ ലാബ്‌സ് ആണ് ഈ റഷ്യന്‍ ചൈനീസ് കൂട്ടിയിടിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച ഈ കൂട്ടിയിടി സംഭവിക്കാന്‍ 25 ശതമാനം സാധ്യതയുണ്ടെന്നാണ് ലിയോ ലാബ്‌സ് അറിയിച്ചിരിക്കുന്നത്. ബഹിരാകാശത്തെ കൂട്ടിയിടിയുടെ സാധ്യതകള്‍ അനുസരിച്ച് ഇത് വളരെ ഉയര്‍ന്ന നിരക്കാണ്. 

 

റഷ്യന്‍ സാറ്റലൈറ്റും ചൈനീസ് റോക്കറ്റ് ഭാഗവും ചേര്‍ന്നാല്‍ ഏതാണ്ട് 2,800 കിലോഗ്രാം ഭാരം വരുമെന്നത് പ്രശ്‌നത്തിന്റെ സങ്കാര്‍ണത വര്‍ധിപ്പിക്കുന്നു. ഈ കൂട്ടിയിടി സംഭവിച്ചാല്‍ സാറ്റലൈറ്റുകള്‍ക്കും മറ്റും നാശം സംഭവിപ്പിക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് ചെറുവസ്തുക്കളാകും ചിതറിതെറിക്കുക. 1989ല്‍ റഷ്യ വിക്ഷേപിച്ച നാവിഗഷന്‍ സാറ്റലൈറ്റാണ് ഒരു ഭാഗത്തുള്ളതെങ്കിൽ 2009ല്‍ വിക്ഷേപണത്തിന് ശേഷം ഭൂമിക്ക് ചുറ്റും കറങ്ങുന്ന ചൈനയുടെ ചാങ്‌സെങ് 4സി റോക്കറ്റാണ് മറുഭാഗത്തുള്ളത്. 

 

ബഹിരാകാശത്ത് മനുഷ്യ നിര്‍മിത വസ്തുക്കള്‍ സ്ഥിരമാലിന്യങ്ങളായി മാറുന്നതിന്റെ അപകടസാധ്യത നേരത്തെ തന്നെ ആശങ്കയയായി പല  കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഭൂമിക്ക് ചുറ്റും കറങ്ങുന്ന വസ്തുക്കളുടെ എണ്ണത്തില്‍ അടുത്ത വര്‍ഷങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ബഹിരാകാശ മാലിന്യങ്ങളുമായുള്ള കൂട്ടിയിടിക്കുള്ള സാധ്യതയും കൂടിയെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത് സാറ്റലൈറ്റുകളുടെ മാത്രമല്ല ഭാവി ബഹിരാകാശ സഞ്ചാരികളുടെ ജീവന് വരെ ഭീഷണിയാണ്. 

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ ലിങ്ക് പോലുള്ള ആയിരക്കണക്കിന് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്ന നിരവധി പദ്ധതികൾ സമീപഭാവിയില്‍ തന്നെ യാഥാര്‍ഥ്യമാകും. ഇതും ബഹിരാകാശത്തെ മനുഷ്യ നിര്‍മിത 'ട്രാഫിക് ജാം' വര്‍ധിപ്പിക്കുകയേയുള്ളൂ.

 

English Summary: Very high risk two large pieces of space junk will collide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com