ADVERTISEMENT

ഈജിപ്തിലെ ഏറ്റവും പഴക്കമേറിയ സോസര്‍ പിരമിഡിന് സമീപത്തായി കെട്ടിപ്പൊക്കിയ കൂറ്റന്‍ പന്തലിലാണ് പുതുതായി കണ്ടെത്തിയ നൂറിലേറെ മമ്മികളേയും നാല്‍പതോളം മുഖംമൂടികളും പ്രതിമകളും ആദ്യമായി ലോകത്തിന് മുൻപാകെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വര്‍ണാഭമായ രീതിയില്‍ അലങ്കരിച്ച കാര്യമായ കേടുപാടുകളില്ലാത്ത ഈ മമ്മികള്‍ക്ക് ഏതാണ്ട് 2500 വര്‍ഷത്തെ പഴക്കമാണുള്ളത്. 2020ലെ ഏറ്റവും വലിയ പുരാവസ്തു കണ്ടെത്തലെന്നാണ് ഈ മമ്മികളെ ഈജിപ്ഷ്യന്‍ പുരാവസ്തു മന്ത്രാലയം വിശേഷിപ്പിക്കുന്നത്. 

 

ഏതാണ്ട് മൂന്നുവര്‍ഷം നീണ്ട ദൗത്യത്തിനൊടുവിലാണ് ഈജിപ്ഷ്യന്‍ അധികൃതര്‍ ഈ അമൂല്യ മമ്മി ശേഖരത്തെ പരസ്യമാക്കിയിരിക്കുന്നത്. ഈജിപ്ഷ്യന്‍ സമൂഹത്തില്‍ ഉന്നത സ്ഥാനത്തുണ്ടായിരുന്നവരുടെ മമ്മികളാണ് ഇവയെന്നാണ് സുപ്രീം കൗണ്‍സില്‍ ഓഫ് ആന്റിക്വിറ്റീസ് ജനറല്‍ ഡയറക്ടര്‍ മുസ്തഫ വാസിരി പറഞ്ഞു. മനോഹരമായി നിറങ്ങളും സ്വര്‍ണവും പൂശിയതുമായവയാണ് കണ്ടെത്തിയ മമ്മികളില്‍ പലതും.

 

കണ്ടെടുത്ത മമ്മികളില്‍ വിശദമായ സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയപ്പോഴാണ് ഗവേഷകസംഘം കൂടുതല്‍ ഞെട്ടിയത്. 2500 വര്‍ഷത്തിനു ശേഷവും കൂട്ടത്തില്‍ ഒരു മമ്മിയിലെ പല്ലുകള്‍ക്ക് യാതൊരു ക്ഷതവും ഏറ്റിരുന്നില്ല. 40-45 വയസ് പ്രായം കണക്കാക്കുന്ന ഒരു പുരുഷന്റെ ഭൗതികാവശിഷ്ടമാണ് ഈ മമ്മിയില്‍ അടക്കം ചെയ്തിരിക്കുന്നത്. ഈ മമ്മിയിലെ ശരീരം കൈകള്‍ നെഞ്ചോട് ചേര്‍ത്ത് കെട്ടിയ നിലയിലാണുള്ളത്. അന്നത്തെ ഈജിപ്ഷ്യന്‍ സമൂഹത്തിലെ അധികാരത്തേയും രാജകീയതയേയും കാണിക്കുന്ന നിലയാണിത്. എങ്കിലും ഈ മമ്മിയിലുള്ളത് രാജാവല്ലെന്നും ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിക്കുന്നു.

 

ഈജിപ്തിലെ നാല് മ്യൂസിയങ്ങള്‍ക്കാണ് കണ്ടെത്തിയ മമ്മികളെ അധികൃതര്‍ വിതരണം ചെയ്യുന്നത്. ഇതിലൊന്ന് അടുത്തവര്‍ഷം തുടങ്ങാനിരിക്കുന്ന ന്യൂ ഗ്രാന്റ് ഈജിപ്ഷ്യന്‍ മ്യൂസിയമാണ്. മമ്മിയോട് അനുബന്ധിച്ച് നാല്‍പതോളം കരകൗശല വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. മുഖംമൂടികളും ചെറു പ്രതിമകളുമൊക്കെയാണ് ഇവ. ഇതില്‍ ഭൂരിഭാഗവും സ്വര്‍ണം പൂശിയ നിലയിലാണുള്ളത്. കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ഈജിപ്ഷ്യന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ഈജിപ്ഷ്യന്‍ പൗരാണിക നഗരമായ മെംഫിസിന്റെ ഭാഗമായ പ്രദേശങ്ങളിലാണ് ഈ കണ്ടെടുക്കലുകള്‍ നടന്നിട്ടുള്ളത്. 1970കളില്‍ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രദേശമാണിത്. പ്രസിദ്ധമായ ഗിസയിലെ പിരമിഡ് അടക്കമുള്ളതും ഇവിടെ തന്നെ. കഴിഞ്ഞ വര്‍ഷം ഇതേ പ്രദേശത്തു നിന്നും നൂറുകണക്കിന് മമ്മികളാക്കിയ മൃഗങ്ങളേയും പക്ഷികളേയും മുതലകളേയും രണ്ട് സിംഹത്തിന്റെ കുട്ടികളേയും ലഭിച്ചിരുന്നു. 

 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മമ്മികള്‍ അടക്കമുള്ള പുരാവസ്തുക്കളുടെ കണ്ടെത്തലുകള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ വര്‍ധിച്ച പ്രാധാന്യത്തോടെയാണ് ഈജിപ്ത് അവതരിപ്പിക്കുന്നത്. 2011ല്‍ ഹോസ്‌നി മുബാറക്കിനെ അട്ടിമറിച്ച 'അറബ് വസന്ത'ത്തിന് ശേഷം ക്ഷീണത്തിലായ രാജ്യത്തിന്റെ വിനോദസഞ്ചാരമേഖലക്ക് ഉണര്‍വേകുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഈ വര്‍ഷം കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയും ഈജിപ്ഷ്യന്‍ വിനോദസഞ്ചാരമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

 

English Summary: Ancient Egyptian Necropolis Yields More Than 100 Sealed Coffins From 2,500 Years Ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com