sections
MORE

കൊറോണ വൈറസിന് പിന്നിൽ ചൈനീസ് ലാബോ? വിദഗ്ധ ടീമിനെ ചൈന തടഞ്ഞെന്ന് ലോകാരോഗ്യ സംഘടന

wuhan-lab
SHARE

കൊേറാണ വൈറസിന് പിന്നിൽ ചൈനീസ് ലബാനോ എന്ന് അന്വേഷിക്കാൻ പുറപ്പെട്ട ശാസ്ത്രജ്ഞരെ ചൈന തടഞ്ഞെന്ന് റിപ്പോർട്ട്. വിദഗ്ധ സംഘത്തിന് ചൈനയിൽ പ്രവേശിക്കാൻ അനുമതി നൽകാത്തതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തുവന്നിട്ടുണ്ട്. കൊറോണ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. എന്നാൽ, ശാസ്ത്രജ്ഞർക്ക് ചൈന അനുമതി നൽകാതെ വൈകിപ്പിക്കുകയാണ്. ഇത് നിരാശാജനകമാണ്. ചൈനീസ് അധികൃതരുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ പ്രഥമദൗത്യം ഇതാണെന്ന് അറിയിക്കുകയും ചെയ്തതായി േലാകാരോഗ്യ സംഘടനാ തലവൻ ട്രെഡോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

കൊറോണ വൈറസ് മഹാമാരിയുടെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനാ വിദഗ്ധ സംഘം ജനുവരിയിൽ ചൈനയിലെത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അന്വേഷണത്തിന്റെ വ്യാപ്തിയും സുതാര്യതയും സംബന്ധിച്ച് യുഎസിൽ നിന്നുള്ള വിമർശനങ്ങൾക്കിടയിലാണ് ഇത്തരമൊരു നീക്കം നടന്നിരുന്നത്. കോവിഡ് -19 ന് കാരണമാകുന്ന സാർസ്-കോവ് -2 വൈറസ് എങ്ങനെ, എവിടെ, എപ്പോൾ മനുഷ്യരെ ആദ്യം ബാധിക്കാൻ തുടങ്ങി എന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അടുത്ത മഹാമാരി ഒഴിവാക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനമെന്നും ഗവേഷകർ വ്യക്തമാക്കിയിരുന്നു.

സെൻട്രൽ വുഹാനിൽ ആദ്യമായി കോവിഡ്–19 കേസുകൾ കണ്ടെത്തിയിട്ട് ഒരു വർഷത്തിലേറെയായി. ഇതിനു ശേഷമാണ് ലോകാരോഗ്യ സംഘടന വിളിച്ചുചേർത്ത സ്പെഷ്യലിസ്റ്റുകളുടെ സംഘം ജനുവരിയിൽ ചൈനയിലെത്താൻ നീക്കം നടത്തിയത്. എന്നാൽ, തെളിവുകളെല്ലാം ചൈനീസ് സര്‍ക്കാർ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു.

വൈറസിന്റെ ഉദ്ഭവം വ്യക്തമല്ലെന്നും അത് ചൈനയ്ക്ക് പുറത്തുനിന്നുള്ളതാകാമെന്നുമാണ് ബെയ്ജിങ് വാദിക്കുന്നത്. വൈറസ് മനുഷ്യനിർമിതമോ ലാബിൽ നിന്ന് ചോർന്നതോ ആയിരിക്കാമെന്ന് സൂചിപ്പിക്കുന്ന കോൺസ്പിറസി തിയറികൾ നേരത്തെ തന്നെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും വിശ്വസിക്കുന്നത് കോവിഡ്–19 ന് പിന്നിൽ ചൈന തന്നെയാണ് എന്നാണ്.

ഇപ്പോഴത്തെ അന്വേഷണം ഒരു രാജ്യത്തെ കുറ്റവാളിയായി കണ്ടെത്തുന്നതിന് അല്ലെന്നും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നതിന് വേണ്ടിയാണെന്നും ജർമനിയിലെ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോളജിസ്റ്റും ടീമിലെ വിദഗ്ധരിൽ ഒരാളുമായ ഫാബിയൻ ലീൻഡെർട്സ് പറഞ്ഞിരുന്നു.

ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കൊറോണവൈറസിന് പിന്നിൽ ചൈന തന്നെയാണെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചൈനീസ് വൈറോളജിസ്റ്റ് ലി-മെങ് യാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മനുഷ്യനിർമിത കോവിഡ്–19 വുഹാനിലെ ലാബിൽ നിന്നാണ് പുറത്തുവന്നതെന്നും ഇക്കാര്യം ചൈനീസ് സർക്കാരിന് കൃത്യമായി അറിയാമെന്നുമാണ് അവർ പറയുന്നത്. അതേസമയം, ഇക്കാര്യം ഒളിച്ചുവെക്കുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്കും പങ്കുണ്ടെന്നും അവർ ആരോപിച്ചിരുന്നു.

വൈറസിന്റെ തുടക്ക കേന്ദ്രമായി കണക്കാക്കപ്പെടുന്ന വുഹാൻ വെറ്റ് മാർക്കറ്റ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നുള്ള ഒരു പുകമറ മാത്രമാണെന്നാണ് യാൻ പറഞ്ഞത്. ചൈനയിലെ ലാബിൽ നിന്ന് ഇത് എന്തിനാണ് വന്നതെന്ന് ജനങ്ങളോട് പറയാൻ ഞാൻ തെളിവുകൾ കാണിക്കും. എന്തുകൊണ്ടാണ് അവർ ഇത് നിർമിച്ചതെന്ന് വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞിരുന്നു.

English Summary: WHO "Very Disappointed" China Hasn't Granted Entry To Covid Experts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA