ADVERTISEMENT

പ്രതിദിനം രണ്ട് കപ്പ് ഓലോങ് ചായ കുടിക്കുന്നത് ഉറങ്ങുമ്പോള്‍ പോലും ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാന്‍ സഹായിക്കുമെന്ന് പഠനം. രാത്രിയില്‍ ദഹന പ്രക്രിയയെ വേഗത്തിലാക്കിയാണ് ഓലോങ് ചായ ഈ അദ്ഭുതം പ്രവര്‍ത്തിക്കുന്നതെന്നാണ് ഗവേഷകര്‍ തെളിയിച്ചിരിക്കുന്നത്. ജപ്പാനിലെ സുക്കുബ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 

 

തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യമുള്ള ഒരുകൂട്ടം വളണ്ടിയര്‍മാരിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ഒന്നുകില്‍ ഓലോങ് ചായയോ ശുദ്ധമായ കഫീനോ രണ്ടാഴ്ച തുടര്‍ച്ചയായി കുടിക്കാന്‍ നല്‍കുകയായിരുന്നു. ശേഷം ശരീരത്തില്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം മാറ്റങ്ങള്‍ക്കിടയാക്കി എന്ന് നിരീക്ഷിക്കുകയും ചെയ്തു.

 

ഓലോങ് ചായയും കഫീനും ഒരുപോലെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഓലോങ് ചായ ഉറങ്ങുമ്പോള്‍ പോലും തന്റെ പ്രവര്‍ത്തനം തുടര്‍ന്നുവെന്നതാണ് ഗവേഷകരെ ഞെട്ടിച്ചുകളഞ്ഞത്. ഓലോങ് ചായ നമ്മുടെ ദഹനപ്രക്രിയയെ വേഗത്തിലാക്കുന്നുവെന്നും ഹൃദയമിടിപ്പ് കൂട്ടുന്നുവെന്നുമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. കുംപെയ് ടൊകുയാമ പറയുന്നത്. ഏതെങ്കിലും ആഘോഷകാലത്ത് ഭക്ഷണത്തിലൂടെ അധിക കൊഴുപ്പ് ശരീരത്തിലെത്തിയാലും ദിവസം രണ്ട് ഓലോങ് ചായ കുടിച്ചാല്‍ ആ പ്രശ്‌നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു.

 

ഉറങ്ങുമ്പോള്‍ പോലും ശരീരത്തിലെ ദഹനം വേഗത്തില്‍ നടക്കുന്നുവെന്നത് ദഹനം ഒരിക്കലും നിലക്കാത്ത അവസ്ഥയിലേക്കാണ് പലപ്പോഴും എത്തിക്കുന്നത്. ഇത് ശരീരഭാരം കുറക്കാന്‍ സ്വാഭാവികമായും സഹായിക്കുന്നു. ഉറക്കം കുറക്കാന്‍ സഹായിക്കുന്നവയാണ് കഫീന്‍ അറിയപ്പെടുന്നത്. അങ്ങനെയാണ് പലപ്പോഴും കഫീന്‍ ശരീരഭാരം കുറക്കുന്നത്. അതേസമയം, ഓലോങ് ചായ കുടിച്ചവരുടെ ഉറക്കത്തിലും കാര്യമായ മാറ്റങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല.

 

സാധാരണ തേയില നിര്‍മിക്കുന്ന ചെടിയില്‍ നിന്ന് തന്നെയാണ് ഓലോങ് ചായയും എടുക്കുന്നത്. എന്നാല്‍ ഓലോങ് ചായക്ക് എടുക്കുന്ന തേയിലച്ചെടിയുടെ ഇല ഉണങ്ങി ചായക്കുള്ള പരുവമാവാന്‍ എടുക്കുന്ന ഓക്‌സിഡേഷന്റെ അളവും രാസപ്രവര്‍ത്തനവും വ്യത്യസ്തമായിരിക്കും. ഇതാണ് ഓലോങ് ചായക്ക് യോഗ്യമായ തേയിലയെ വേര്‍തിരിക്കുന്ന പ്രധാന ഘടകം. സാധാരണ ഗ്രീന്‍ ടീക്ക് ഉപയോഗിക്കുന്ന തേയില ചെറിയ രീതിയില്‍ ഓക്‌സിഡേഷന്‍ സംഭവിച്ചിട്ടുള്ളവയാണെങ്കില്‍ കട്ടന്‍ ചായക്ക് ഉപയോഗിക്കുന്ന ചായപ്പൊടിക്കുപയോഗിക്കുന്ന തേയില കൂടിയ അളവില്‍ ഓക്‌സിഡേഷന് വിധേയമായിട്ടുള്ളതായിരിക്കും. 

 

ഒരേസമയം ഗ്രീന്‍ ടീയുടേയും കട്ടന്‍ ചായയുടേയും സവിശേഷതകള്‍ ഒത്തിണങ്ങിയതാണ് ഓലോങ് ചായ. ഗ്രീന്‍ ടീയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഏറെ പ്രസിദ്ധമാണെങ്കിലും ഓലോങ് ചായയെക്കുറിച്ചുള്ള വിവരങ്ങള്‍ അത്ര പ്രസിദ്ധമല്ല. അതേസമയം, ചൈനീസ് മരുന്നുകളില്‍ ഇത് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നുണ്ട് താനും. ആഗോളതലത്തില്‍ ചായ ഉപയോഗിക്കുന്നവരില്‍ വെറും രണ്ട് ശതമാനം മാത്രമാണ് ഓലോങ് ചായ കുടിക്കുന്നത്.

 

നേരത്തെ നടത്തിയ പഠനങ്ങളില്‍ തന്നെ ഓലോങ് ചായ കുടിക്കുന്നവരില്‍ 3.4 ശതമാനം കൂടുതല്‍ കലോറി കത്തി പോകുന്നുണ്ടെന്ന് തെളിഞ്ഞിരുന്നു. മാത്രമല്ല ഓലോങ് ചായ കുടിക്കുന്ന മുതിര്‍ന്ന പൗരന്മാരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍ ബാധിക്കാനുള്ള സാധ്യത 64 ശതമാനം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. 61 ശതമാനം ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കുമെന്നും അര്‍ബുദത്തെ പോലും തടയുമെന്നും മുന്‍പ് നടന്ന പഠനം പറഞ്ഞിരുന്നു. 

അടുത്തകാലത്തായി ചായയുടെ ആരോഗ്യ ഗുണങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ വലിയ തോതില്‍ പുറത്തുവരുന്നുണ്ട്. എല്ലാത്തരം ചായയും ഹൃദയസംബന്ധമായ അസുഖങ്ങളേയും അര്‍ബുദത്തേയും മറവിരോഗത്തേയും അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നുവെന്നാണ് പഠനങ്ങള്‍ ഊന്നി പറയുന്നത്. ഓലോങ് ചായ കുടിച്ചാല്‍ എളുപ്പം തടി കുറക്കാമെന്ന പഠനം ന്യൂട്രിയന്റ്‌സ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Drinking two cups oolong tea day help body burn fat sleep study claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com