ADVERTISEMENT

ഏതാണ്ട് 2,600 വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്ന 'സൈബീരിയന്‍ തൂത്തന്‍ഖാമന്‍' എന്ന് അറിയപ്പെടുന്ന രാജാവിന്റേയും വെപ്പാട്ടിയുടേയും മുഖം പുനര്‍നിര്‍മിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ശാസ്ത്രലോകം. രാജാവിന്റെ ലഭ്യമായ പാതി തലയോട്ടിയില്‍ നിന്നും മാസങ്ങളെടുത്താണ് രൂപത്തെ പുനഃസൃഷ്ടിച്ചിരിക്കുന്നത്. ലേസര്‍ സ്‌കാനിംഗും ഫോട്ടോമെട്രിയും അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് 3ഡി മോഡലുകള്‍ നിര്‍മിച്ചെടുത്തിരിക്കുന്നത്. 

 

നേരത്തെ രാജാവിനൊപ്പമുണ്ടായിരുന്ന സ്ത്രീ രാജ്ഞിയാണെന്നാണ് ചരിത്രകാരന്മാര്‍ അടക്കം കരുതിയിരുന്നത്. എന്നാല്‍ മരണാനന്തര ജീവിതത്തില്‍ രാജാവിനെ അനുഗമിക്കാന്‍ നിര്‍ബന്ധപൂര്‍വ്വം അടക്കം ചെയ്ത പ്രിയ വെപ്പാട്ടിയാണിതെന്നാണ് സൈബീരിയന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. രാജാവിന്റെ തലയോട്ടി പൂര്‍ണമായും നിര്‍മിച്ചെടുക്കാനാണ് ഗവേഷകര്‍ക്ക് ഏറെ സമയം വേണ്ടിവന്നത്. പാതി തലയോട്ടിയുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. മുഖത്തെ ഭാഗമായിരുന്നു നിര്‍മിച്ചെടുക്കാന്‍ ബുദ്ധിമുട്ട്. ലഭ്യമായ പാതി ഉപയോഗിച്ച് ഭാക്കി ഭാഗത്തെ തലയോട്ടിയും കൂടി നിര്‍മിച്ചാണ് മുഖത്തിന്റെ രൂപം വികസിപ്പിച്ചെടുത്തത്.

 

സൈബീരിയയിലെ തുവയിലെ അര്‍സാന്‍ 2 എന്നറിയപ്പെടുന്ന കുന്നില്‍ നിന്നാണ് 1997ല്‍ 'സൈബീരിയന്‍ തൂത്തന്‍ഖാമന്റെ'യും കൂട്ടാളികളുടേയും ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 262 അടി വിസ്താരമുള്ള കുന്നിന്റെ ഒത്ത നടുവില്‍ രണ്ട് മരംകൊണ്ട് നിര്‍മിച്ച ശവപ്പെട്ടികളിലായിരുന്നു രാജാവിന്റേയും പ്രിയ വെപ്പാട്ടിയുടേയും ശരീരങ്ങള്‍ അടക്കം ചെയ്തിരുന്നത്. ഇവിടെനിന്നും സ്വര്‍ണവും രത്‌നങ്ങളും അടക്കമുള്ള ആഭരണ ശേഖരവും കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാക്കളെ ഭയന്നാകണം കുന്നിന്റെ നടുവിലായി തന്നെ പ്രധാന ശവക്കല്ലറകളും അമൂല്യ നിധിയും വെച്ചിരുന്നത്. 

 

രാജാവിനെ ധരിപ്പിച്ചിരുന്ന വസ്ത്രങ്ങളില്‍ ആയിരക്കണക്കിന് ചെറിയ സ്വര്‍ണ്ണ പുലിയുടെ രൂപങ്ങള്‍ പിടിപ്പിച്ചിരുന്നു. സ്ത്രീയുടെ ശവകുടീരത്തിലാകട്ടെ വൈഢൂര്യ കിടക്കകളായിരുന്നു ഉണ്ടായിരുന്നത്. സ്വര്‍ണ്ണത്തിന്റെ സൂചികളും അധികാരചിഹ്നങ്ങളും സ്വര്‍ണ്ണ വളകളും ആഭരണങ്ങള്‍ നിറച്ച സഞ്ചിയും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. രാജാവിന്റേയും വെപ്പാട്ടിയുടേയും കല്ലറക്കടുത്തു നിന്ന് മാത്രം ഏതാണ്ട് 20 കിലോഗ്രാം സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. 

 

ഇതേ കുന്നില്‍ നിന്നു തന്നെ അഞ്ച് കുഞ്ഞുങ്ങളുടേയും 33 മുതിര്‍ന്നവരുടേയും ശരീരാവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. സ്വര്‍ണ്ണ, വെങ്കല ആഭരണങ്ങള്‍ അണിയിച്ച 14 കുതിരകളും ഇവിടെ അടക്കം ചെയ്തിരുന്നു. ഇവരെയെല്ലാം രാജാവിനൊപ്പം അടക്കം ചെയ്തതാണെന്നാണ് കരുതപ്പെടുന്നത്.

 

English Summary: Faces of 'Siberian Tutankhamun' and his sacrificed concubine are reconstructed using their 2,600-year-old rotting skulls uncovered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com