sections
MORE

ലിഥിയം ബാറ്ററി; ചൈനയുടെ വെല്ലുവിളി നേരിടാൻ ഇന്ത്യ

Highlights
  • ലിഥിയം ഓക്സൈ‍ഡ് ഖനനത്തിന് അർജന്റീനയുമായി ഇന്ത്യ കരാറിലെത്തി
battery
SHARE

ആഗോളതാപനത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി വൈദ്യുത വാഹനങ്ങളുടെ ലോകത്തേക്ക് കുതിക്കാനൊരുങ്ങുകയാണ് ലോകരാജ്യങ്ങളെല്ലാം. കോവിഡ് പ്രതിസന്ധിക്കു ശേഷം ടെസ്‌ല പോലുള്ള വൈദ്യുതി വാഹന നിർമാതാക്കളുടെ ഓഹരി വില ഓരോ നിമിഷവും മുകളിലേക്കു കുതിക്കുകയും ഇലോൺ മസ്‌ക്കിനെ ലോകത്തെ ഏറ്റവും വലിയ സമ്പന്നനാക്കുകയും ചെയ്തത് അടുത്തയിടെയാണ്. നാളെയുടെ വാഹനം വൈദ്യുതിയിൽ ഓടുന്നതാണെന്ന് ഏതാണ്ടു ലോകം ഉറപ്പിച്ചുകഴിഞ്ഞു. അതു കൊണ്ടുതന്നെ ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ. വൈദ്യുതി വാഹനങ്ങളുടെ ജനപ്രീതി വർധിപ്പിച്ചതിലുള്ള പ്രധാന ഘടകം ലിഥിയം അയോൺ ബാറ്ററികളാണ്. ഭാരക്കുറവും എളുപ്പത്തിൽ റീചാർജ് ചെയ്യാമെന്നതും കൂടുതൽ കാലമുള്ള ഈടുനിൽപ്പും ഇവയെ വളരെ എളുപ്പം ജനപ്രിയമാക്കി.

∙ ലിഥിയം അഥവാ നാളത്തെ ഓയിൽ

നാളെയുടെ ഊർജ സ്രോതസ്സ് ബാറ്ററികളുടേതാണ്. കാർബൺ ബഹിർഗമനം പരമാവധി കുറച്ച് വൈദ്യുതി സൃഷ്ടിക്കാൻ ലോകം പഠിച്ചുകഴിഞ്ഞു. ഇനി ഈ വൈദ്യുതിയെ നമ്മുടെ ആവശ്യാനുസരണം ഉപയോഗപ്പെടുത്താൻ വേണ്ടത് ബാറ്ററികളാണ്. ലോകത്തെമ്പാടുമായി വിവിധ തരത്തിലുള്ള ബാറ്ററി നിർമാണവും ഗവേഷണവും പുരോഗമിക്കുന്നുണ്ട്. അവയിൽ ഇന്നു ഏറ്റവും കാര്യക്ഷമമായ ബാറ്ററികൾ ലിഥിയം അയോൺ ബാറ്ററികളാണ്. നമ്മുടെ മൊബൈൽ ഫോണുകളെയും ലാപ്‌ടോപ്പുകളെയും സ്മാർട് വാച്ചുകളുടെയെല്ലാം ഹൃദയം എന്നു പറയുന്നത് ലിഥിയം അയോൺ ബാറ്ററികളാണ്. ഇങ്ങനെ നോക്കുമ്പോൾ നാളെത്തെ ഓയിൽ എന്നോ ചിലപ്പോൾ അതിലും കൂടുതലോ സ്ഥാനം ലിഥിയത്തിനു ലോകം നൽകേണ്ടി വരും.

ലിഥിയം അയോൺ ബാറ്ററി നിർമാണത്തിൽ അമേരിക്ക, ജപ്പാൻ തുടങ്ങിയ വികസിത രാജ്യങ്ങൾ വളരെ മുൻപു തന്നെ ഏർപ്പെടുന്നുണ്ടെങ്കിലും അതിന് ഇന്നു നേതൃസ്ഥാനം വഹിക്കുന്നത് ചൈനയാണ്. ലോകത്തെ ലിഥിയം നിക്ഷേപത്തിൽ തുലോം കുറവാണ് ചൈനയിലുള്ളതെങ്കിലും കുറഞ്ഞ ചെലവിൽ ബാറ്ററികൾ ഉൽപാദിപ്പിക്കാനുള്ള ചൈനയുടെ കഴിവാണ് അവരെ മുൻപന്തിയിലെത്തിച്ചത്. ലോകത്തിലെ ലിഥിയം അയോൺ ബാറ്ററി ഉൽപാദനത്തിന്റെ 85% ചൈനയുടെ കൈകളിലാണ്. കുറഞ്ഞ വിലയിൽ ചൈനയിൽ നിന്നു ആവശ്യമുള്ള ലിഥിയം അയോൺ ബാറ്ററികൾ യഥേഷ്ടം ലഭിച്ചിരുന്നതിനാൽ മറ്റുരാജ്യങ്ങൾ ഈ മേഖലയിൽ കാര്യമായ മുന്നേറ്റത്തിനു ശ്രമിച്ചിരുന്നില്ല എന്നതായിരുന്നു സത്യം.

ലിഥിയം അയോൺ ബാറ്ററി നിർമാണ രംഗത്ത് സ്വന്തം വിലാസം സൃഷ്ടിക്കാനുള്ള ശ്രമം ഇന്ത്യ തുടങ്ങിയിട്ടു മൂന്നുനാലു വർഷമായി. വൈദ്യുത വാഹന നയം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ ബാറ്ററി നിർമാണ ശ്രമങ്ങൾ ഊർജിതമായത്. മൂന്നു ഘട്ടമായിട്ടുള്ള പദ്ധതിയിലൂടെ 2030തോടെ സ്വന്തമായി ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററികൾ നിർമിക്കാനാണ് ഇന്ത്യയുടെ പദ്ധതി. എന്നാൽ ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയോടെ കാര്യങ്ങൾ അതിവേഗം മാറിമറിയുകയാണ്. ലിഥിയം അയോൺ ബാറ്ററി നിർമാണ രംഗത്ത് സ്വയംപര്യപ്തരാവാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ വേഗം കൂട്ടിയിരിക്കുകയാണ്. അതിർത്തിയിലും വ്യാപാരരംഗത്തും ചൈനയുമായുള്ള ഏറ്റുമുട്ടലാണ് ഈ ശ്രമങ്ങൾക്കു വേഗം കൂട്ടാൻ ഇന്ത്യയെ പ്രേരിപ്പിച്ച ഘടകം.

∙ ചൈനയുടെ വെല്ലുവിളി

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ റെയർ എർത്ത് മൂലകങ്ങൾ ഖനനം ചെയ്ത് എടുക്കുന്നത് ചൈനയാണ്. ആരോഗ്യമേഖല മുതൽ ബഹിരാകാശത്തും യുദ്ധോപകരണങ്ങളിലും എല്ലാം ഉപയോഗിക്കുന്ന റെയർ എർത്ത് മൂലകങ്ങൾക്ക് ഇന്നു പ്രാധാന്യമേറെയാണ്. ഇതു നേരത്തേ തിരിച്ചറിഞ്ഞ ചൈന ഈ മേഖലയിൽ ഏറ്റവും വലിയ ശക്തിയായി മാറി. റെയർ എർത്ത് മൂലകങ്ങളുടെ വ്യാപാര നിയന്ത്രണത്തിലൂടെ പല രാജ്യങ്ങളെയും നിയന്ത്രണത്തിലാക്കാം എന്നു ചൈന കരുതി. 2010ൽ ജപ്പാനിലേക്കുള്ള റെയർ എർത്ത് ലോഹ കയറ്റുമതിയിൽ ചൈന കുറവ് വരുത്തിയിരുന്നു. സെൻകാകു ബോട്ട് അപകടത്തെ തുടർന്നു ജപ്പാനുമായുണ്ടായ നയതന്ത്ര ഏറ്റുമുട്ടലിനെ തുടർന്നാണ് ചൈന അവിടേക്കുള്ള റെയർ എർത്ത് കയറ്റുമതി നിർത്തലാക്കിയത്. പിന്നീട് 2019ൽ അമേരിക്കയുമായി വ്യാപാരയുദ്ധം കൊടുമ്പിരികൊണ്ടിരുന്ന നാളുകളിൽ അമേരിക്കയിലേക്കുള്ള റെയർ എർത്ത് ലോഹങ്ങളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചിരുന്നു. പക്ഷേ ഇലക്ട്രോണിക്‌സ് ഉൽപന്ന നിർമാണത്തിൽ കൂടുതൽ ശ്രദ്ധിക്കാത്തതിനാൽ അമേരിക്കയെ ഈ നിയന്ത്രണം കാര്യമായി ബാധിച്ചില്ല.

എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ രാജ്യാന്തര ഒറ്റപ്പെടലിനെ തുടർന്നു ചൈന 2020 ഒക്ടോബറിൽ തങ്ങളുടെ റെയർ എർത്ത് ലോഹങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി. അപൂർവ ലോഹങ്ങളുടെ ക്ഷാമത്തിനും ലിഥിയം അയോൺ ബാറ്ററികളുടെ ലഭ്യതയ്ക്കും ഇതു വൻ തിരിച്ചടിയാണു വരുത്തിയത്. ലോകത്ത് തങ്ങളെ ഒറ്റപ്പെടുത്തിയ രാജ്യാന്തര സമൂഹത്തിനു നേർക്കുള്ള ചൈനയുടെ സർജിക്കൽ സ്ട്രൈക്കായി പോലും ഇതിനെ ലോകം വിലയിരുത്തുകയുണ്ടായി.

മൊബൈൽ ഫോൺ നിർമാണം, വൈദ്യുതി വാഹന നിർമാണം തുടങ്ങിയ മേഖലയിൽ ചൈനയെ കടത്തിവെട്ടാൻ ശ്രമിച്ചുകൊണ്ടിരുന്ന ഇന്ത്യയെ ലക്ഷ്യമിട്ടാണു പ്രധാനമായും ചൈന റെയർ എർത്ത് കയറ്റുമതി നിയന്ത്രിച്ചത്. കോവിഡിനെ തുടർന്നു ചൈനയിൽ നിന്നു പലായനം ചെയ്യുന്ന വിദേശ ഇലക്ട്രോണിക്സ് കമ്പനികളെ ഇന്ത്യയിലേക്ക് ആകർ‌ഷിക്കാൻ ‘മെയ്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ’ പദ്ധതികളിലൂടെ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ തടയിടാനാണ് റെയർ എർത്ത് കയറ്റുമതിയിൽ ചൈന നിയന്ത്രണം കൊണ്ടുവന്നത്. ഇതു നമ്മുടെ ഭരണാധികാരികൾ തിരിച്ചറിഞ്ഞതോടെ ഇതിനു ബദൽ മാർഗം കണ്ടെത്താനുള്ള നീക്കങ്ങളും സജീവമായി.

battery-

∙ ലോകത്തെ പ്രധാന നിക്ഷേപം

റെയർ എർത്ത് മൂലകങ്ങളിൽപെടുന്നത് അല്ലെങ്കിലും ലിഥിയത്തിന്റെ ലഭ്യത ഭൂമിയിൽ താരതമ്യേന കുറവാണ്.

ശുദ്ധമായ രീതിയിൽ ഇതു പ്രകൃതിയിൽ കാണപ്പെടില്ല. ജലാംശം, നൈട്രജൻ അല്ലെങ്കിൽ ഓക്‌സിജൻ എന്നിവയുമായി പ്രതിപ്രവർത്തിച്ചു ഓക്‌സൈഡ് അല്ലെങ്കിൽ നൈട്രേറ്റ് രീതിയിലാണ് ലിഥിയം ഭൂമിയിൽ കാണപ്പെടുന്നത്. ഇവയെ ശുദ്ധീകരിച്ചാണ് ബാറ്ററി നിർമാണത്തിനു ഉപയോഗപ്പെടുത്തുന്നത്. ലിഥിയം അയിർ നിക്ഷേപത്തെ കുറിച്ചുള്ള പഠനങ്ങൾ ലോകമെങ്ങും പുരോഗമിക്കുന്നതേയുള്ളുവെന്നു പറയാം. എങ്കിലും ഇന്നുവരെ കണ്ടെത്തിയിട്ടുള്ള ലിഥിയം നിക്ഷേപത്തിൽ ലോകത്ത് ബൊളീവിയയ്ക്കാണ് ഒന്നാം സ്ഥാനം. 21 മില്യൺ ടൺ ലിഥിയം നിക്ഷേപമാണ് ബൊളീവിയയിലുള്ളത്.

17 മില്യൺ ടൺ നിക്ഷേപവുമായി അർജന്റീന ആണ് രണ്ടാമത്. 9 മില്യൺ ടണ്ണുമായി ചിലെയും ആദ്യ സ്ഥാനങ്ങളിലുണ്ട്. ലിഥിയം ട്രയാങ്കിൾ എന്നു വിളിക്കുന്ന ഈ മൂന്നു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലായാണ് ലോകത്ത് ഇന്നുവരെ കണ്ടെത്തിയിട്ടുള്ള ലിഥിയം ഓക്‌സൈഡിന്റെ 50 ശതമാനവും സ്ഥിതി ചെയ്യുന്നത്. അമേരിക്കയിൽ 6.8 മില്യൺ ടണ്ണും ഓസ്‌ട്രേലിയയിൽ 6.3 മില്യൺ ടണ്ണും ചൈനയിൽ 4.5 മില്യൺ ടൺ ലിഥിയവും ഉണ്ടെന്നാണ് കണക്കുകൾ.

∙ ഇന്ത്യയുടെ മുന്നേറ്റം

നിലവിൽ ഇന്ത്യയിൽ തെളിയിക്കപ്പെട്ടിട്ടുള്ള ലിഥിയം ഓക്‌സൈഡിന്റെ അളവ് മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ തുച്ഛമാണ്. ആറ്റമിക് മിനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മാരാഗാല, അല്ലാപട്ടണ തുടങ്ങിയ മേഖലയിൽ ലിഥിയം ഓക്‌സൈഡിന്റെ നിക്ഷേപം കണ്ടെത്തി ഖനനം തുടങ്ങിയിട്ടുണ്ട്. 1600 മുതൽ 14,100 ടൺ ലിഥിയം ഓക്‌സൈഡ് ഈ മേഖലയിൽ ഉണ്ടെന്നാണ് അനുമാനം.

രാജസ്ഥാൻ, ഗുജറാത്തിലെ കച്ച് മേഖല, ഛത്തീസ്ഗഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ലിഥിയം ഓക്‌സൈഡിന്റെ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. ബിഹാർ, ആന്ധ്രാപ്രദേശ്, ഹിമാലയൻ പർവത മേഖല തുടങ്ങിയവിടങ്ങളിലും റെയർ എർത്ത് മൂലകങ്ങളുടെ നിക്ഷേപത്തിന്റെ സാധ്യത വിലയിരുത്തുന്നുണ്ട്. നിലവിൽ മേൽ മണ്ണ് ഖനനം ചെയ്താണ് ഇവിടെ നിന്നു ലിഥിയം വേർതിരിക്കുന്നതെങ്കിലും കൂടുതൽ ആഴങ്ങളിലേക്കും പാറകൾ പൊട്ടിച്ചു വേർത്തിരിച്ചും ലിഥിയം വേർതിരിച്ചെടുക്കാനുള്ള സാധ്യതകളും ആറ്റമിക് മിനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ തുടക്കമിട്ടിട്ടുണ്ട്. പര്യവേഷണം കൂടുതൽ പുരോഗമിക്കുമ്പോൾ ലിഥിയം നിക്ഷേപത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്കു സ്ഥാനം മെച്ചപ്പെടുത്താനും കൂടുതൽ മികച്ച സാങ്കേതിക വിദ്യകളുപയോഗിച്ചു കുറഞ്ഞ ചെലവിൽ ലിഥിയം വേർത്തിരിച്ചെടുക്കാനാകുമെന്നുമാണ് പ്രതീക്ഷ.

∙ വർധിച്ച ആവശ്യം

2016ൽ 165 കോടി ലിഥിയം അയോൺ ബാറ്ററികൾ ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്തു എന്നാണ് കണക്കുകൾ. 3.5 മില്യൺ ഡോളറിന്റെ വ്യാപാരമാണ് ലിഥിയം അയോൺ ബാറ്ററികൾ ഇറക്കുമതി ചെയ്യാനായി ഇന്ത്യ ഇക്കാലയളവിൽ ചെലവഴിച്ചത്. 2017ൽ ഇന്ത്യ 38.4 മില്യൺ ഡോളറിന്റെ ലിഥിയം അയോൺ ബാറ്ററികളാണ് ഇറക്കുമതി ചെയ്തതെങ്കിൽ 2019ൽ 1.2 ബില്യൺ ഡോളറിന്റെ ബാറ്ററികളാണ് ഇറക്കുമതി ചെയ്തത്. കുതിച്ചുയർന്ന ലിഥിയം ആവശ്യം നമ്മുടെ ഇറക്കുമതി ചെലവുകളെ വളരെ പെട്ടെന്നാണ് കൂട്ടിയത്. ഇതേ തുടർ‌ന്നു തദ്ദേശീയമായി ലിഥിയം ഉൽപാദനം ആരംഭിക്കേണ്ട സാഹചര്യത്തിലേക്കു ഇന്ത്യ എത്തി. കൂടാതെ റെയർ എർത്ത് മൂലകങ്ങൾക്ക് ചൈന കയറ്റുമതി വിലക്ക് പ്രഖ്യാപിച്ചത് ഈ നടപടികൾക്കു വേഗം വർധിപ്പിച്ചു. ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്റോ (ഐഎസ്ആർഒ) ലിഥിയം ബാറ്ററി നിർമാണത്തിൽ കൈവരിച്ച സാങ്കേതിക മുന്നേറ്റം 10 ഇന്ത്യൻ കമ്പനികൾക്ക് ഒരു കോടി രൂപ ഈടാക്കി കൈമാറിയിരുന്നു. എന്നാൽ ഈ ടെക്നോളജി ഉപയോഗിച്ചു മികച്ച ഗുണമേൻമയുള്ള ഇലക്ട്രിക് വാഹന ബാറ്ററികൾ നിർമിക്കാനും ലിഥിയം യഥേഷ്ടം ലഭിക്കണം.

battery

∙ വിദേശ ഖനനത്തിന് ഇന്ത്യയും

ഇലക്‌ട്രോണിക്‌സ് മേഖലയിൽ ചൈനയെ കടത്തിവെട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയിക്കണമെങ്കിൽ ബാറ്ററി നിർമാണത്തിലും റെയർ എർത്ത് മൂലകങ്ങളുടെ വേർത്തിരിച്ചെടുക്കലിലും സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അത്യാവശ്യമാണ്.

ഇതു മുൻനിർത്തി റെയർ എർത്ത് മൂലകങ്ങളുടെ ഖനനത്തിനായി അർജന്റീനയുമായി ഇന്ത്യ കരാറൊപ്പിട്ടു കഴിഞ്ഞു. ഇതുപ്രകാരം അർജന്റീനയിലെയും ഇന്ത്യയിലെയും പൊതുമേഖല കമ്പനികളുടെ സംയുക്ത സംരംഭത്തിലൂടെ ലിഥിയം, കൊബാൾട്ട് തുടങ്ങിയവ ഖനനം ചെയ്യാനാണു പദ്ധതി. നാൽകോ, ഹിന്ദുസ്ഥാൻ കോപ്പർ, മിനറൽ എക്‌സ്പ്ലോറേഷൻ ലിമിറ്റഡ് എന്നീ ഇന്ത്യൻ കമ്പനികൾ സംയുക്തമായി രൂപീകരിച്ച കാനേഷ് വിദേശ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് അർജന്റീനയിലെ പൊതുമേഖലാ കമ്പനിയായ ജെഇഎംഎസ്ഇയുമായി ചേർന്ന് ഖനനം നടത്തുക. ഇതോടെ ലിഥിയം ഓക്‌സൈഡ് വേർത്തിരിച്ചു ഇവിടെയെത്തിച്ചു സംസ്‌കരിച്ചു കുറഞ്ഞ ചെലവിൽ ലിഥിയം അയോൺ ബാറ്ററികൾ നിർമിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. കൂടാതെ ബൊളീവിയയുമായും ഖനനത്തിൽ ഏർപ്പെടാനുള്ള കരാർ അവസാനഘട്ടത്തിലാണ്. ലിഥിയം അയോൺ ബാറ്ററി രംഗത്ത് ഇന്ത്യ നടത്തിയേക്കാവുന്ന കുതിപ്പു വിലയിരുത്തിയാണ് ടെസ്‌ല അടുത്തയിടെ ബെംഗളൂരു കേന്ദ്രീകരിച്ചു ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചതെന്നും വിലയിരുത്തലുണ്ട്.

∙ ലിഥിയം ശുദ്ധീകരണ ശാലകൾ

നിലവിൽ ഇന്ത്യയിൽ ലിഥിയം ശുദ്ധീകരണ ശാലകൾ ഒന്നും നിലവിലില്ല. ഇന്ത്യൻ ഓയിൽ കോപറേഷന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ 1 ജിഗാവാട്‌സ് ശേഷിയുള്ള ലിഥിയം അയോൺ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. കൂടാതെ കൊറിയൻ കമ്പനിയായ എൽജിയും ഇന്ത്യയിൽ ലിഥിയം അയോൺ പ്രോജക്ട് നടപ്പാക്കാനൊരുങ്ങുകയാണ്. സുസുക്കി മോട്ടോർ കോപറേഷൻ, തോഷിബ കോപറേഷന്‍, ഡെൻസോ കോർപറേഷൻ എന്നിവ ഗുജറാത്തിൽ ലിഥിയം അയോൺ ബാറ്ററികൾ നിർമിക്കാനായി നിക്ഷേപം നടത്തിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഭെൽ സ്വകാര്യ കമ്പനികളുമായി ചേർന്നു 30 ജിഗാവാട്സ് ശേഷിവരെയുള്ള ശുദ്ധീകരണ ശാല നിർമിക്കാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യയിലെ ഇലക്ട്രിക് കാർ രംഗത്ത് വിജയക്കൊടി നാട്ടിക്കൊണ്ടിരിക്കുന്ന ടാറ്റാ മോട്ടോഴ്‌സ് ലിഥിയം അയോൺ ബാറ്ററി ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടാറ്റാ കെമിക്കലിന്റെ നേതൃത്വത്തിൽ 2025നുള്ളിൽ 800 കോടി രൂപ ഈ മേഖലയിൽ ചെലവഴിക്കാനാണ് ടാറ്റായുടെ തീരുമാനം.

battery

∙ ബദൽ ടെക്‌നോളജി

നിലവിൽ മനുഷ്യരാശി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ലിഥിയം അയോൺ ബാറ്ററികളെയാണെങ്കിലും ഇതിനൊരു മാറ്റം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. കാരണം ബാറ്ററി ഗവേഷണ മേഖലയിൽ നടക്കുന്ന വ്യത്യസ്തമായ പരീക്ഷണങ്ങൾ അത്രയേറെയാണ്. ലിഥിയം അയോണിനു പകരം, ഗ്രാഫൈറ്റ് ബാറ്ററി, അലുമിനിയം അയോൺ ബാറ്ററി, എയർ ബാറ്ററി, ലിക്വിഡ് ബാറ്ററി തുടങ്ങി ഭാഗികമായി വിജയിച്ചതോ വിജയപ്രതീക്ഷയുള്ളതോ ആയ ഒട്ടേറെ പരീക്ഷണങ്ങളാണ് അതിവേഗം പുരോഗമിക്കുന്നത്. ഭാവിയിൽ ചെലവ് വളരെ കുറഞ്ഞ, കൂടുതൽ ശേഷിയുള്ള ബാറ്ററികൾ കണ്ടുപിടിക്കപ്പെട്ടേയ്ക്കാം. അതുവരെ ലോകത്തിന്റെ മുന്നിലെ വഴി ലിഥിയം അയോൺ ബാറ്ററികളാണ്. അതുകൊണ്ടു പെട്രോഡോളറിൽ നിന്നു ലിഥിയംഡോളറിലേക്ക് ലോക സമ്പദ്‌വ്യവസ്ഥ അതിവേഗം മാറുമെന്ന് മിച്ച രാഷ്ട്രതന്ത്രജ്ഞരും കരുതുന്നു. അങ്ങനെയെങ്കിൽ ലിഥിയം ട്രയാങ്കിളിലുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ പ്രാധാന്യം ഇനിയുള്ള വർഷങ്ങളിൽ വളരെയധികം വലുതായിരിക്കും.

English Summary: India makes moves to tackle Chinese dominance in Lithium market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA