sections
MORE

കൊറോണയെ നേരിടുന്നതിൽ ഇന്ത്യയുടെ സ്ഥാനം പാക്കിസ്ഥാനും പിന്നിൽ, വിദേശ റിപ്പോർട്ട് പറയുന്നതെന്ത്?

modi-vaccine
SHARE

കൊറോണവൈറസ് മഹാമാരിയെ നേരിടുന്നതിൽ ഇന്ത്യയുടേത് മോശം പ്രകടമാണെന്നും ഏറെ പിന്നിലാണെന്നും റിപ്പോർട്ട്. കോവിഡിനെ നേരിടുന്നതിൽ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതല്ലെന്ന് ഓസ്ട്രേലിയയിലെ ലോവി ഇൻസ്റ്റ്യൂട്ടിന്റെ കണക്കുകളിലാണ് പറയുന്നത്. കൊറോണ വൈറസ് പ്രകടന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 86 ആണ്. ന്യൂസീലൻഡ്, വിയറ്റ്നാം, തായ്‌വാൻ എന്നിവ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. 98 രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാൻ ഇന്ത്യയേക്കാൾ മുന്നിലാണെന്നും പറയുന്നുണ്ട്.

ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ലോവി ഇൻസ്റ്റിറ്റ്യൂട്ടാണ് സൂചിക പുറത്തുവിട്ടത്. സിഡ്‌നിയിൽ സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്ര രാജ്യാന്തര പോളിസി തിങ്ക് ടാങ്കാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട്. കോവിഡ് -19 പ്രതികരണത്തിൽ പൊതുവായി ലഭ്യമായതും താരതമ്യപ്പെടുത്താവുന്നതുമായ ഡേറ്റ സൂചികയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. പൊതുവായി ലഭ്യമായ ഡേറ്റയുടെ അഭാവം മൂലം ചൈനയെ പട്ടികയിൽ നിന്ന് ഒഴിവാക്കി.

പ്രദേശങ്ങൾ, രാഷ്ട്രീയ വ്യവസ്ഥകൾ, ജനസംഖ്യയുടെ വലുപ്പം, സാമ്പത്തിക വികസനം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങൾ മഹാമാരി കൈകാര്യം ചെയ്യുന്ന രീതിയിൽ നിലനിൽക്കുന്ന വ്യതിയാനങ്ങൾ നിർണയിക്കുന്നതിനാണ് ഇങ്ങനെ ചെയ്തത്.

ചില രാജ്യങ്ങൾ കൊറോണ വൈറസ് പ്രതിസന്ധിയെ മറ്റുള്ളവരേക്കാൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തു. പല രാജ്യങ്ങളുടെ കാര്യത്തിൽ സാമ്പത്തിക വികസനത്തിന്റെ നിലവാരവും രാഷ്ട്രീയ വ്യവസ്ഥകളിലെ വ്യത്യാസങ്ങളും കൊറോണ വൈറസ് പ്രതികരണത്തിൽ പ്രതീക്ഷിച്ചത്ര സ്വാധീനം ചെലുത്തിയില്ല.

സ്വേച്ഛാധിപത്യ സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങൾക്ക് പോലും കൊറോണ വൈറസിനെ അതിവേഗം പ്രതിരോധിക്കാൻ സാധിച്ചില്ല. പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിൽ ജനാധിപത്യ രാജ്യങ്ങൾക്ക് മറ്റ് സർക്കാരുകളേക്കാൾ നേരിയ തോതിൽ വിജയമുണ്ടെന്നും പഠനം കണ്ടെത്തി. കൂടാതെ, ജനസംഖ്യയുടെ വലുപ്പമനുസരിച്ച് ഒരു രാജ്യത്തിന്റെ പ്രകടനത്തിൽ വലിയ വ്യത്യാസം കാണാനായില്ല.

പത്ത് ദശലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ചെറിയ രാജ്യങ്ങൾ 2020 ൽ ഉടനീളം തങ്ങളേക്കാൾ ജനസംഖ്യയുള്ള രാജ്യങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ ഈ ലീഡ് പരിശോധിച്ച കാലയളവിന്റെ അവസാനത്തിൽ അൽപം കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

സ്ഥിരീകരിച്ച കേസുകൾ, സ്ഥിരീകരിച്ച മരണങ്ങൾ, ഒരു ദശലക്ഷം ആളുകളിൽ സ്ഥിരീകരിച്ച കേസുകൾ, ഒരു ദശലക്ഷം ആളുകൾക്കിടയിൽ സ്ഥിരീകരിച്ച മരണങ്ങൾ, ടെസ്റ്റുകളുടെ എണ്ണവും സ്ഥിരീകരിച്ച കേസുകളും, ആയിരം ആളുകളിൽ എത്ര പേരെ ടെസ്റ്റ് ചെയ്തു എന്നിവ കണക്കാക്കിയാണ് സൂചിക തയാറാക്കിയത്.

ഇത്തരത്തിൽ സൂചിക തയാറാക്കിയപ്പോൾ ന്യൂസീലാന്റാണ് ഏറ്റവും ഉയർന്ന സ്കോറായ 94.4 സ്വന്തമാക്കിയത്. വിയറ്റ്നാം 90.8, തായ്‌വാൻ 86.4, തായ്‌ലൻഡ് 84.2 എന്നിങ്ങനെയാണ് മറ്റു സ്കോറുകൾ. ഏറ്റവും കുറഞ്ഞ സ്കോർ ബ്രസീലിനാണ്– 4.3. മെക്സിക്കോ, കൊളംബിയ, ഇറാൻ, അമേരിക്ക എന്നിവരും പ്രകടനത്തിന്റെ കാര്യത്തിൽ ഏറ്റവും താഴെയുള്ള അഞ്ച് രാജ്യങ്ങളിൽ ഇടം നേടി. ഇന്ത്യക്ക് ലഭിച്ചത് 24.3 സ്കോർ ആണ്. 69-ാം സ്ഥാനത്തുള്ള പാക്കിസ്ഥാന് 36.9 സ്കോറുണ്ട്.

English Summary: India ranks 86 of 98 countries in Covid response index, New Zealand, Vietnam, Taiwan in top 3

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA