sections
MORE

ആ കുട്ടികളെ അരുംകൊല ചെയ്തതിനു പിന്നിൽ ക്രൂരനായ ഭരണാധികാരി തന്നെ, തെളിവുകളുമായി ഗവേഷകർ

princes
SHARE

ബ്രിട്ടിഷ് രാജവംശത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായി വിശേഷിപ്പിക്കപ്പെടുന്നയാളാണ് റിച്ചാര്‍ഡ് മൂന്നാമന്‍. വില്യം ഷേക്‌സ്പിയര്‍ തന്റെ നാടകത്തില്‍ വിശേഷിപ്പിച്ചതുപോലുള്ള അതിക്രൂരനായ ഭരണാധികാരി തന്നെയായിരുന്നു റിച്ചാര്‍ഡ് മൂന്നാമനെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അധികാരത്തിന് വേണ്ടി എഡ്വേഡ് നാലാമന്‍ രാജാവിന്റെ ഒൻപതും പന്ത്രണ്ടും വയസുമാത്രമുണ്ടായിരുന്ന മക്കളെ തടവിലാക്കി വധിച്ചുകളഞ്ഞതാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം. 

ഹണ്ടേഴ്‌സ്ഫീല്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ. ടിം ത്രോണ്‍ടനാണ് 1483ല്‍ നടന്ന പ്രിന്‍സസ് ഇന്‍ ദ ടവര്‍ എന്ന പേരില്‍ കുപ്രസിദ്ധമായ ഈ സംഭവത്തിന് പിന്നില്‍ റിച്ചാര്‍ഡ് മൂന്നാമനാണെന്ന് പഠനങ്ങള്‍ക്കൊടുവില്‍ സ്ഥാപിക്കുന്നത്. 16ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സര്‍ തോമസ് മോറിന്റെ ദ ഹിസ്റ്ററി ഓഫ് റിച്ചാര്‍ഡ് മൂന്നാമന്‍ എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് വിശദമായി പറയുന്നുണ്ട്. മൈല്‍സ് ഫോറസ്റ്റ്, ജോണ്‍ ഡിങ്ടണ്‍ എന്നിവരാണ് റിച്ചാര്‍ഡ് മൂന്നാമന്റെ ഉത്തരവ് പ്രകാരം ഒൻപതും പന്ത്രണ്ടും വയസ് മാത്രം പ്രായമുണ്ടായിരുന്ന രാജകുമാരന്മാരെ വധിച്ചുകളഞ്ഞതെന്നാണ് ഈ പുസ്തകം പറയുന്നത്.

കൊലപാതകികളില്‍ ഒരാളായ മൈല്‍സ് ഫോറസ്റ്റിന്റെ രണ്ട് മക്കള്‍ പിന്നീട് ഹെന്റി എട്ടാമന്‍ രാജാവിന്റെ സേവകരായിരുന്നു. ഹെന്റി എട്ടാമന്‍ രാജാവിന്റെ സ്വകാര്യ സഭയിലെ അംഗമായിരുന്നു സര്‍ തോമസ് മോര്‍. കുപ്രസിദ്ധമായ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ തോമസ് മോറിന് അഞ്ച് വയസ് മാത്രമായിരുന്നു പ്രായമെന്നതാണ് ഈ പുസ്തകത്തിന്റെ വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദങ്ങളിലൊന്ന്. എന്നാല്‍ മൈല്‍സ് ഫോറസ്റ്റിന്റെ മക്കളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തോമസ് മോര്‍ ഈ പുസ്തകം രചിച്ചതെന്നാണ് പ്രൊഫ. ത്രോണ്‍ടന്‍ വിശദീകരിക്കുന്നത്. 

വില്യം ഷേക്‌സ്പിയറിന്റെ നാടകത്തില്‍ റിച്ചാര്‍ഡ് മൂന്നാമനെ ക്രൂരനായാണ് അവതരിപ്പിക്കുന്നത്. 2015ല്‍ ലെയ്‌സെസ്റ്റര്‍ കത്തീഡ്രലിലെ കാര്‍ പാര്‍ക്കിങ് കേന്ദ്രത്തില്‍ നടത്തിയ ഉത്ഖനനത്തില്‍ പുരാവസ്തു ഗവേഷകര്‍ റിച്ചാര്‍ഡ് മൂന്നാമന്റെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. നട്ടെല്ലിന് വളവുള്ള വ്യക്തിയായിരുന്നു റിച്ചാര്‍ട്ട് മൂന്നാമനെന്നതിന്റെ തെളിവായി ഇത് മാറുകയും ചെയ്തു. മരണസമയത്ത് പത്തോളം പരിക്കുകള്‍ റിച്ചാര്‍ഡ് മൂന്നാമന് ഏറ്റിരുന്നു. ഇതില്‍ രണ്ടെണ്ണം തലക്കേറ്റ ക്ഷതമായിരുന്നു. ഹാല്‍ബേഡ് എന്ന് വിളിക്കുന്ന നീളന്‍ കോടാലികൊണ്ടാണ് ഈ വെട്ടേറ്റതെന്നാണ് കണക്കാക്കുന്നത്. 

വെറും രണ്ട് വര്‍ഷം മാത്രമായിരുന്നു റിച്ചാര്‍ഡ് മൂന്നാമന്‍ അധികാരത്തിലുണ്ടായിരുന്നത്. 1485 ഓഗസ്റ്റിലുണ്ടായ ബോസ്‌വര്‍ത്ത് ഫീല്‍ഡ് യുദ്ധത്തില്‍ ഹെന്റി ടുഡോര്‍ റിച്ചാര്‍ഡ് മൂന്നാമനെ തോല്‍പ്പിക്കുകയും വധിക്കുകയുമായിരുന്നു. പിന്നീട് ഷേക്‌സ്പിയറിന്റെ ചരിത്ര നാടകമായ റിച്ചാര്‍ഡ് മൂന്നാമനിലൂടെയാണ് അദ്ദേഹത്തിന്റെ കുപ്രസിദ്ധി വ്യാപിച്ചത്.

English Summary: Has the mystery of 'the Princes in the Tower' finally been solved?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA