sections
MORE

ഭൂഖണ്ഡങ്ങൾ പിളർന്നു, സമുദ്രങ്ങള്‍ ഇല്ലാതായി, ചിലത് പിറന്നു... ഇത് അദ്ഭുതങ്ങളുടെ 40 സെക്കൻഡ്

earth-plates
Representative image
SHARE

പലകാലത്ത് പല രൂപം പ്രാപിക്കുന്ന പസിലുകള്‍ പോലെയാണ് ഭൂമിയിലെ കരഭാഗം. പിറന്നകാലം മുതല്‍ സമുദ്രത്തിന് മുകളില്‍ ഓരോ ഭൗമ പാളികളും ഒഴുകി നടക്കുകയാണ്. നമ്മുടെ നഖം വളരുന്ന വേഗത്തിലായതിനാല്‍ പെട്ടെന്ന് അവയുടെ നീക്കം മനസ്സിലാക്കാനാവില്ല. എന്നാല്‍ 100 കോടി വര്‍ഷത്തെ ഭൗമപാളികളുടെ ചലനം 40 സെക്കന്റിലാക്കിയാല്‍ അത് ത്രസിപ്പിക്കുന്ന കാഴ്ച്ചയാവുകയും ചെയ്യും.

ഭൗമ പാളികളുടെ ചലനത്തെ അത്രമേല്‍ ലളിതവും സുന്ദരവുമായി കാണിച്ചുതന്നിരിക്കുകയാണ് ഈ ചെറു വിഡിയോ. ഭൂമിയുടെ ഓരോ ഭാഗത്തുകൂടെയും ഇവയുടെ സഞ്ചാരം നമുക്ക് ഈ വിഡിയോയിലൂടെ എളുപ്പത്തില്‍ തിരിച്ചറിയാനാകും. ഈ ഭൗമ പാളികളുടെ സഞ്ചാരം കാലാവസ്ഥ, തിരമാലകള്‍, മൃഗങ്ങളുടെ സഞ്ചാരവും പരിണാമവും, അഗ്നിപര്‍വ്വതങ്ങളുടേയും പര്‍വതങ്ങളുടേയും പിറവി, ലോഹങ്ങളുടെ പിറവി തുടങ്ങി ഒട്ടനവധി പ്രതിഭാസങ്ങളെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. 

ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു വിഡിയോ നിര്‍മിച്ചിരിക്കുന്നതെന്നാണ് ഭൗമശാസ്ത്രജ്ഞനായ മൈക്കല്‍ ടെറ്റ്‌ലി പറയുന്നത്. മനുഷ്യന്റെ അളവുകോല്‍ പ്രകാരം ഒരു സെന്റിമീറ്ററാണ് ഈ ഭൗമപാളികള്‍ ചലിക്കുക. അതേസമയം, ഈ വിഡിയോ നോക്കിയാല്‍ ഓരോ ഭൗമപാളികളും ഭൂമിയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലേക്കും എത്തിയിട്ടുണ്ടെന്നും തിരിച്ചറിയാനാവും. ഇപ്പോള്‍ നമ്മള്‍ കാണുന്ന തണുത്തുറഞ്ഞ അന്റാര്‍ട്ടിക്ക ഒരുകാലത്ത് ഭൂമധ്യരേഖയോട് ചേര്‍ന്ന് കിടക്കുന്ന സുഖകരമായ കാലാവസ്ഥയുള്ള പ്രദേശമായിരുന്നു. 

മനുഷ്യന്റെ നഖങ്ങള്‍ വളരുന്ന വേഗത്തില്‍ ചലിക്കുന്ന ഈ ഭൗമ പാളികളുടെ ചലനം 40 സെക്കന്റിലേക്ക് ചുരുക്കിയപ്പോഴാണ് ഭൗമപാളികളുടെ നൃത്തം കാണാനായത്. ഭൂഖണ്ഡങ്ങള്‍ ഒന്നിക്കുന്നതും പിളരുന്നതും സമുദ്രങ്ങള്‍ ഇല്ലാതാവുന്നതും പിറക്കുന്നതുമെല്ലാം ഈ വിഡിയോയില്‍ കാണാനാകും. ഭൗമപാളികളുടെ ചലനത്തെ മനസിലാക്കുന്നത് ഭൂമിയുടേയും ജീവജാലങ്ങളുടേയും ഭാവിയെക്കുറിച്ച് പ്രവചിക്കാന്‍ ശാസ്ത്രലോകത്തെ സഹായിക്കും. 

earth

ഭൂതകാലത്തിലേക്ക് പോകും തോറും ഭൗമപാളികളുടെ ചലനം കൃത്യതയോടെ പ്രവചിക്കുക കൂടുതല്‍ ദുഷ്‌കരമാവും. പ്രത്യേകിച്ച് 520 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപുള്ള കാംബ്രിയന്‍ കാലഘട്ടം മുതല്‍ക്ക്. ആദ്യമായി ഈ ഭൗമപാളികള്‍ രൂപീകരിച്ചതിനെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം എര്‍ത്ത് സയന്‍സ് റിവ്യൂസിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Watch a Billion Years of Shifting Tectonic Plates in 40 Mesmerising Seconds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA